പരീക്ഷാക്കാലമല്ലേ, വായിച്ചത് തലയില്‍ കയറുന്നില്ലേ? വഴിയുണ്ട്, സമ്മര്‍ദം കുറയ്ക്കാനും


By ഡോ. ഹരി എസ്. ചന്ദ്രന്‍ | drhari2002@gmail.com   

7 min read
Read later
Print
Share

പഠനം അനായാസമാക്കാനും സമ്മര്‍ദം കുറയ്ക്കാനും നന്നായി പരീക്ഷ എഴുതാനും ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും 

Representational Image | Photo: canva.com

മാര്‍ച്ച് മാസം വിദ്യാര്‍ഥികളെ സംബന്ധിച്ച് പരീക്ഷാച്ചൂടിന്റെ കാലമാണ്. പത്തിലും പന്ത്രണ്ടിലും പഠിക്കുന്നവര്‍ക്ക് അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പ് ഇവിടെത്തുടങ്ങുകയായി. പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളുമെല്ലാം പരീക്ഷാക്കാലത്ത് പഠനസമ്മര്‍ദം നേരിടുന്നുണ്ട്. പുസ്തകം നിവര്‍ത്തിവെച്ച് കണ്ണുനട്ടിരുന്നാല്‍ പരീക്ഷയില്‍ മികവ് തെളിയിക്കാനാവില്ല. ചിട്ടയായ തയ്യാറെടുപ്പും ഓര്‍മ്മശക്തിയുമാണ് അവിടെ രക്ഷകരാവുക. പരീക്ഷയെഴുത്ത് ഒരു കലയാണെന്ന് പറയുന്നപോലെ നന്നായി പഠിക്കാന്‍ അറിയുക എന്നതും ഒരു കലയാണ്. പഠനം അനായാസമാക്കാനും സമ്മര്‍ദം കുറയ്ക്കാനും നന്നായി പരീക്ഷ എഴുതാനും ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും

1. പഠിക്കാന്‍ പഠിക്കാം

പരീക്ഷയില്‍ ഉന്നതവിജയം നേടുക എന്നതാണല്ലോ ഏതൊരു വിദ്യാര്‍ഥിയുടേയും പ്രാഥമിക ലക്ഷ്യം. വായിച്ചതുകൊണ്ടു മാത്രം പഠിച്ചുവെന്നു പറയാനാവില്ല. ആരോഗ്യകരമായ ശീലങ്ങള്‍ സ്വായത്തമാക്കുന്നതിലൂടെ കുറച്ചു സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ കഴിയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ അത്ര കടുപ്പമേറിയ കടമ്പയാകില്ല. പഠനവും പരീക്ഷയും ആയാസരഹിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദേശങ്ങളിതാ

പഠനമുറി തിരഞ്ഞെടുക്കുമ്പോള്‍: പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥി കാറ്റും വെളിച്ചവും ധാരാളമുള്ള, ഒഴിഞ്ഞ ഒരിടം വേണം തെരഞ്ഞെടുക്കാന്‍. എന്നു കരുതി നന്നേ വിജനമായ ഇടങ്ങളോ മുറിയോ തെരഞ്ഞെടുക്കാനും പാടില്ല. വിജനമായ, തീര്‍ത്തും നിശബ്ദമായ ഇടങ്ങളിലിരുന്ന് പഠിക്കുമ്പോള്‍ പുറമെനിന്നുള്ള യാതൊരു ശല്യവും അലട്ടില്ലെന്നത് ശരിതന്നെ. പക്ഷേ, പഠനത്തിനിടെ പലവിധ ചിന്തകളും മനോരാജ്യങ്ങളും കടന്നുവരാന്‍ സാധ്യത ഏറെയാണ്. അതിനാല്‍, മറ്റുള്ളവര്‍ക്ക് കണ്ണെത്തുന്ന ഇടങ്ങളില്‍ ഇരുന്ന് പഠിക്കുന്നതാണ് നല്ലത്.

വെളിച്ചത്തിനനുസരിച്ച് ക്രമീകരിക്കാം: അരണ്ട വെളിച്ചത്തിലുള്ള വായന കണ്ണുകളെ പെട്ടെന്ന് തളർത്തും. ഇത് പഠനത്തില്‍ മടുപ്പ് വരാനോ ഉറക്കം വരാനോ കാരണമാകും. ട്യൂബ് ലൈറ്റോ എല്‍.ഇ.ഡി. ബള്‍ബോ വേണം ഉപയോഗിക്കാന്‍. പ്രകാശം നേരിട്ട് മുഖത്തേടിച്ചാല്‍ കണ്ണ് പുളിക്കുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും. പിറകില്‍നിന്നോ വശങ്ങളില്‍നിന്നോ പ്രകാശം പുസ്തകത്തിലേക്ക് വീഴത്തക്കവണ്ണം വേണം പഠനമേശ ക്രമീകരിക്കാന്‍.

ഇരിത്തവും ശ്രദ്ധിക്കണം: കിടക്കയിലോ സോഫയിലോ കിടന്നുള്ള പഠനം വേണ്ടേ വേണ്ട. കസേരയില്‍ നിവര്‍ന്നിരുന്നു വേണം പഠിക്കാന്‍. പഠന സാമഗ്രികളല്ലാതെ ശ്രദ്ധ തെറ്റുന്ന മറ്റൊന്നും മേശയുടെ മേല്‍ വെയ്ക്കരുത്. ശ്രദ്ധയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, ആശംസാ കാര്‍ഡുകള്‍, മുഖം നോക്കുന്ന കണ്ണാടി, മേക്കപ്പ് സാധനങ്ങള്‍, നെയില്‍ കട്ടര്‍ എന്നിവയൊന്നും പഠനമേശക്കരികില്‍ വേണ്ട. ആവശ്യമുള്ള പഠന സാമഗ്രികള്‍, കുടിക്കാനുള്ള വെള്ളം തുടങ്ങിയവ മേശക്കരികില്‍ കരുതിവെക്കണം. ഓരോ 'കാരണം' ഉണ്ടാക്കി ഇടയ്ക്കിടെ എഴുന്നേറ്റ് പോകുന്നത് ശ്രദ്ധ മുറിയാന്‍ ഇടയാക്കും.

നന്നായി പഠിക്കാന്‍ ചില ടിപ്‌സ്

  1. ഇടയ്ക്കിടെ ശ്രദ്ധ പതറിപ്പോകുന്നവര്‍ തെല്ലുറക്കെ വായിക്കുന്നതില്‍ തെറ്റില്ല.
  2. പ്രയാസമേറിയ ഭാഗങ്ങള്‍ പഠിച്ച ശേഷം, മറ്റൊരാള്‍ക്ക് ഈ ഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നതായി സങ്കല്പിച്ച് ഹൃദിസ്ഥമാക്കണം.
  3. പ്രധാന ഭാഗങ്ങള്‍ വായിക്കുമ്പോള്‍, പുസ്തകത്തില്‍ അടിവര ഇടുന്നതിനു പകരം ഒരു നോട്ടു ബുക്കില്‍ പോയന്റുകള്‍ കുറിച്ച് വയ്ക്കുക.
  4. ഓരോ ദിവസവും പഠനം തുടങ്ങുന്നതിനു മുമ്പായി തലേദിവസം വായിച്ച പാഠങ്ങള്‍ ഓര്‍മിക്കാന്‍ ശ്രമിക്കുകയും വിട്ടുപോവുന്ന ഭാഗങ്ങള്‍ പുസ്തകം നോക്കി വീണ്ടും പഠിക്കുകയും വേണം. വായിച്ചിട്ട് തലയില്‍ കയറുന്നില്ലെങ്കില്‍ പിന്നെ വഴി ഒന്നേയുള്ളു... എഴുതി പഠിക്കുക.
2 . വായിച്ചത് തലയില്‍ കയറുന്നില്ലേ?

മസ്തിഷ്‌കം ഒരു സൂപ്പർ കംപ്യൂട്ടറാണ്. മനുഷ്യശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളാണ് ആ കംപ്യൂട്ടറിലേക്കുള്ള ഇന്‍പുട്ട്. ഇന്ദ്രിയങ്ങളിലൂടെ ഉള്ളിലെത്തുന്ന പല കോടി വിവരങ്ങളില്‍ ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുത്ത് പരസ്പരം കോര്‍ത്തിണക്കി, ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുക എന്ന പ്രക്രിയയാണ് മസ്തിഷ്‌കത്തില്‍ നടക്കുന്നത്.

മേല്‍പ്പറഞ്ഞ മൂന്ന് ഘടകങ്ങളില്‍ ഏതിനെ ബാധിക്കുന്ന തകരാറും പുറത്തുവരുന്നത് ഓര്‍മക്കുറവിന്റെ രൂപത്തിലാണ്. വേണ്ടവണ്ണം കാര്യങ്ങള്‍ സ്വീകരിക്കാതിരിക്കുക, സ്വീകരിച്ചവ പാകപ്പെടുത്തി സൂക്ഷിക്കാതിരിക്കുക, ആവശ്യപ്പെടുമ്പോള്‍ വിവരങ്ങള്‍ പുറത്തേക്കു തരാതിരിക്കുക, ഇവയെല്ലാം പൊതുവായിപ്പറഞ്ഞാല്‍ മറവി തന്നെ. മസ്തിഷ്‌കത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള തകരാറുകള്‍ വിദഗ്ദ്ധ പരിശോധനയിലൂടെ കണ്ടുപിടിക്കാനാവും. എന്നാല്‍, ഭൂരിഭാഗം കുട്ടികളും പരാതിപ്പെടുന്ന മറവിയുടെ യഥാര്‍ഥ കാരണം നിരീക്ഷണത്തിലും പഠനത്തിലും വരുത്തുന്ന പാകപ്പിഴകളാണ്.

വായിച്ചാല്‍ തലയില്‍ കയറുകയില്ല, പഠിച്ചത് ഓര്‍മ വരുന്നില്ല എന്നൊക്കെയുള്ള പരാതികളുമായി ധാരാളം പേര്‍ മനഃശാസ്ത്രജ്ഞനെ സമീപിക്കാറുണ്ട്. ഇവരില്‍ ഏറെപ്പേരും ഏതാനം മിനിറ്റ് പോലും ശ്രദ്ധയോടെ അടങ്ങിയിരുന്നു പഠിക്കാന്‍ മടിയുള്ളവരാണ്. ഏതു കാര്യവും ഓര്‍മയില്‍ നില്‍ക്കാന്‍ ആദ്യം വേണ്ടത് ശ്രദ്ധയും താത്പര്യവുമാണ്. വിഷയത്തിന്റെ ആകര്‍ഷണീയത ശ്രദ്ധയെയും പഠനത്തെയും ഏറെ സ്വാധീനിക്കുന്നു. വിഷാദരോഗം ഉള്ളയാളോ ദിവാസ്വപ്നക്കാരനോ ആണെങ്കില്‍, പഠിക്കാനായി ഒരിടത്തിരിക്കുമ്പോഴും മനസ്സ് അകലെ കറങ്ങി നടക്കുകയായിരിക്കും. ഒടുവില്‍ മറവിയെ പഴി പറയുന്നു.!

ഓര്‍മക്കുറവില്‍നിന്ന് മോചനം നേടാന്‍ ആദ്യം വേണ്ടത് മറവിയെ പഴിചാരുന്ന സ്വഭാവം ഉപേക്ഷിക്കുക എന്നതാണ്. ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അടുത്ത പടി. ഓര്‍ത്തിരിക്കാന്‍ പ്രയാസം നേരിടുന്ന വാക്കുകളും ആശയങ്ങളും ആവര്‍ത്തിച്ചുള്ള ഉപയോഗത്തിലൂടെ ഹൃദിസ്ഥമാക്കുകയാണ് ഒരു വഴി. ഉദാഹരണമായി പുതിയ വാക്കുകളും ശൈലികളും സംഭാഷണത്തില്‍ പ്രയോഗിക്കുക. ഒരാളുടെ പേര് ഓര്‍ത്തിരിക്കാന്‍ പ്രയാസമുള്ളപക്ഷം, അയാളെ പലതവണ പേര് വിളിച്ചു സംസാരിക്കുക. ഓര്‍ത്തിരിക്കാന്‍ ദുഷ്‌കരമായ ഒരു ഫോര്‍മുലയെപ്പറ്റി കൂട്ടുകാരോട് ചര്‍ച്ചചെയ്യുന്നതും നന്നായിരിക്കും.

വായിക്കുന്ന പാഠഭാഗത്തിലെ പ്രധാന പോയിന്റുകള്‍ കുറിച്ചുവച്ച് ഔട്ട്‌ലൈന്‍ ഉണ്ടാക്കുകയും പിന്നീടതിന്റെ സഹായത്തോടെ പാഠഭാഗം മുഴുവന്‍ ഓര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യായാമം ശീലിക്കുക. ഓരോ ദിവസവും പഠനം തുടങ്ങുന്നതിനുമുമ്പ്, തലേദിവസത്തെ പാഠഭാഗം ഓര്‍ത്തെടുക്കുകയും, വിട്ടുപോയവ ഒരിക്കല്‍ക്കൂടി വായിക്കുകയും ചെയ്യുന്നത് ഫലപ്രദമാണ്. ചില ഭാഗങ്ങള്‍ ഒട്ടും ഓര്‍മയില്‍ നില്‍ക്കുന്നില്ലന്ന് തോന്നുന്നുവെങ്കിൽ, രസകരമായ നേരമ്പോക്കുകളുമായി അവയെ ബന്ധിപ്പിക്കുന്നതിലൂടെ ഓര്‍മിക്കാന്‍ ശമിക്കാം.

പ്രധാന പോയിന്റുകള്‍ ഓര്‍ത്തിരിക്കാനായി, അവയെ കൂട്ടിയിണക്കുന്ന ചില ഫോര്‍മുലകള്‍ സ്വയം സൃഷ്ടിക്കുന്നതാണ് ഇനിയൊരു മാര്‍ഗം. ഫോര്‍മുലകള്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം, പിന്നീടതൊരിക്കലും മറക്കുകയില്ല! എന്നാല്‍ ഒരു കൈ നോക്കാം അല്ലെ?

3. പരീക്ഷപ്പനിക്ക് സ്വയം ചികിത്സയാണ് വേണ്ടത്

പുതിയ സാഹചര്യങ്ങളെ നേരിടേണ്ടണ്ടി വരുമ്പോള്‍, എന്തെങ്കിലും ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടിവരുമ്പോഴൊക്കെ ചിലര്‍ വിയര്‍ക്കുകയും നേരിയതോതില്‍ വിറയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഇവര്‍ വെപ്രാളക്കാരാണെന്ന് ചിലര്‍ പറയും. ഉത്കണ്ഠയാണ് ഇവരുടെ പ്രശ്‌നം. എന്താണ് ഉത്കണ്ഠ? അനന്തര ഫലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള ഭീതിദമായ ചിന്തയാണ് ഉത്കണ്ഠ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഉത്കണ്ഠയകറ്റാന്‍ മാര്‍ഗമുണ്ട് : ഓരോരുത്തര്‍ക്കും താങ്ങാനാവുന്ന പരിധിക്ക് മുകളിലാവുമ്പോഴാണ് ഇത് വ്യക്തിയെ അസ്വസ്ഥനാക്കുന്നത്. കളികളും കായികവിനോദങ്ങളും കലകളുമൊക്കെ ഉത്കണ്ഠയും പിരിമുറുക്കവും അകറ്റാന്‍ പര്യാപ്തങ്ങളാണ്. എന്നാല്‍, രോഗത്തിന്റെ അവസ്ഥയിലുള്ള ഉത്കണ്ഠ ഇതുകൊണ്ട് മാറണമെന്നില്ല. വ്യക്തി സ്വന്തം അനുഭവങ്ങളില്‍നിന്ന് പഠിച്ചെടുക്കുന്ന അനാരോഗ്യകരമായ സ്വഭാവമാണ് ഉത്കണ്ഠ. ഇതിന്റെ വിപരീതാവസ്ഥയാണ് പ്രശാന്തി അഥവാ റിലാക്‌സേഷന്‍. പ്രശാന്തി ശീലിക്കുന്നതോടെ ഉല്‍ക്കണ്ഠ പമ്പകടക്കും. ഇത് സ്വയം ശീലമാക്കാവുന്നതേയുള്ളൂ.

കൂടുതല്‍ ഉത്കണ്ഠയും പിരിമുറുക്കവും അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ധ്യാനവും യോഗയും റിലാക്‌സേഷന് മികച്ച മാര്‍ഗങ്ങളാണ്. മനഃശാസ്ത്രജ്ഞര്‍ സാധാരണയായി ഉപദേശിക്കാറുള്ള റിലാക്‌സേഷന്‍ മാര്‍ഗങ്ങളും പ്രയോജനപ്രദമാണ്. ഇതൊന്നുമല്ലെങ്കില്‍ സ്വസ്ഥമായി ഒരിടത്തിരുന്ന് ഇരുപതുമിനിട്ടോളം ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചാലും മതി. ഒന്നു രണ്ടാഴ്ചത്തെ പരിശീലനത്തിലൂടെ പ്രശാന്തി ശീലമാക്കാം.

പിരിമുറുക്കം ഉണ്ടായേക്കാവുന്ന രംഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ എഴുതിവെക്കുക. ഏറ്റവും കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കുന്ന രംഗം ഏറ്റവും ഒടുവില്‍ - ഉദാഹരണമായി പരീക്ഷയെ ഭയക്കുന്ന വിദ്യാര്‍ഥി എഴുതിയേക്കാവുന്ന ലിസ്റ്റ് താഴെക്കൊടുക്കുന്നു:

(1) സ്‌കൂള്‍ തുറക്കുന്ന ദിവസം (ഉത്കണ്ഠ ഏറ്റവും കുറവ്)
(2) പരീക്ഷയെപ്പറ്റി അധ്യാപകന്‍ പറയുന്നു
(3) ടൈംടേബിള്‍ കിട്ടുന്നു
(4) പരീക്ഷാ ദിവസം രാവിലെ ഉണരുന്നു
(5) പരീക്ഷയ്ക്കുപോകാന്‍ തയ്യാറെടുക്കുന്നു
(6) പരീക്ഷ തുടങ്ങുന്നു. (ഏറ്റവും കൂടുതല്‍ ഉല്‍ക്കണ്ഠ).

സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് പ്രശാന്തി കൈവരിക്കുക. ഒന്നു മുതല്‍ ആറുവരെയുള്ള രംഗങ്ങള്‍ എല്ലാ വിശദാംശങ്ങളോടും കൂടി മനസ്സില്‍ കൊണ്ടുവരിക. രണ്ടാമത്തെ രംഗത്ത് എത്തുമ്പോള്‍ ഉത്കണ്ഠ ഉയരുന്നപക്ഷം, ആ രംഗം വിഭാവനം ചെയ്യുന്നതു നിര്‍ത്തി, പ്രശാന്തി കൈവരിക്കുക. വീണ്ടും ആദ്യരംഗം മുതല്‍ വിഭാവനംചെയ്തു തുടങ്ങുക. ഇങ്ങനെ ഏതാനും ആഴ്ചകളില്‍ ഒടുവിലത്തെ രംഗവും ഉത്കണ്ഠ കൂടാതെ വിഭാവനം ചെയ്യാനാവും.

ഇങ്ങനെ ഒരു മാസം തുടര്‍ന്നാല്‍ ഭാവനയില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും പ്രശ്‌നങ്ങളെ നെഞ്ചിടിപ്പും വിറയലും കൂടാതെ നേരിടാനാവും. പരീക്ഷാപ്പനി അനുഭവപ്പെടുന്നവര്‍ക്ക് ഈരീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

4 പരീക്ഷ പടികടന്നു വരുമ്പോള്‍

പരീക്ഷ തൊട്ടടുത്തെത്തിയ ശേഷമുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നേരത്തെ പഠിച്ചുറപ്പിച്ച ഭാഗങ്ങള്‍ പരീക്ഷയില്‍ പ്രയോഗിക്കുന്നതിനാണ് പരിശീലനസമയത്ത് ഊന്നല്‍ നല്‍കേണ്ടത്. ഉദാ: ഫിസിക്‌സ് ലെ ഒരു പ്രോബ്ലം എത്രനേരം കൊണ്ട് ചെയ്തു പൂര്‍ത്തിയാക്കാന്‍ കഴിയും, അല്ലെങ്കില്‍ ചരിത്രത്തിലെ ഉപന്യാസം എഴുതാനെടുക്കുന്ന സമയമെത്ര തുടങ്ങിയവ. ചോദ്യങ്ങള്‍ ഏതൊക്കെ ആംഗിളുകളില്‍ നിന്നും വന്നേക്കാം? അവശ്യം എഴുതേണ്ട പോയിന്റുകള്‍, ഒരേ പാഠഭാഗം തന്നെ രണ്ടു മാര്‍ക്കിനും, അഞ്ചു മാര്‍ക്കിനും പത്തുമാര്‍ക്കിനും ചോദിച്ചാല്‍ എങ്ങനെ എഴുതാം തുടങ്ങിയ കാര്യങ്ങളും ഈ ഘട്ടത്തില്‍ പരിശീലിക്കണം.

പരീക്ഷക്കാലത്ത് ഉറക്കമിളയ്ക്കല്‍ വേണ്ട: പരീക്ഷയുടെ നാളുകളില്‍ ദീര്‍ഘനേരമുള്ള പഠനം നന്നല്ല. ഉറക്കത്തിനും, പിരിമുറുക്കം കുറയ്ക്കാനും ധാരാളം സമയം കണ്ടെത്തണം. പഠിച്ച കാര്യങ്ങള്‍ തലച്ചോറിനുള്ളില്‍ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്നതും, പുതുതായി ശേഖരിച്ച വിവരങ്ങള്‍ മുമ്പുള്ളവയുമായി ബന്ധിപ്പിക്കുന്ന ലിങ്കുകള്‍ രൂപപ്പെടുന്നതും ഉറക്കത്തിലും വിശ്രമാവസ്ഥയിലുമാണ്. ഈ ലിങ്കുകള്‍ വഴിയാണ് പിന്നീട് ആവശ്യാനുസരണം കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത്. പരീക്ഷാത്തലേന്ന് ഉറക്കം ഒഴിയുന്നത് നന്നല്ല.

ഭക്ഷണക്രമത്തിലും വേണം ശ്രദ്ധ: ഭക്ഷണക്രമത്തിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. മനസ്സിന് പിരിമുറുക്കമുള്ള വേളകളില്‍ ദഹനവ്യൂഹത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനാല്‍, കട്ടി കൂടുതലുള്ള ആഹാരങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. കൂട്ടത്തില്‍ ദീര്‍ഘനേരം ഇരുന്നുള്ള വായന കൂടിയാവുമ്പോള്‍ സ്ഥിതി വഷളായേക്കാം. ധാരാളംവെള്ളം കുടിക്കുകയും, പഴവര്‍ഗങ്ങളും സസ്യാഹാരവും വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുമാകും ഈ സമയത്ത് നല്ലത്. ഹോട്ടല്‍ഭക്ഷണം ഒഴിവാക്കാം.

പിരിമുറുക്കവും അനാവശ്യയാത്രകളും വേണ്ട; രോഗം വിളിച്ചുവരുത്തും : ആവശ്യമില്ലാത്ത യാത്രകളും, രോഗികളെ സന്ദശിക്കുന്നതും പരീക്ഷക്കാലത്ത് ഒഴിവാക്കണം. നേരിയ രോഗബാധപോലും മനസ്സിന്റെ പിരിമുറുക്കം കൂടാന്‍ കാരണമാവും. രോഗത്തിന് ചികിത്സ തേടേണ്ടിവന്നാല്‍, പരീക്ഷയെപ്പറ്റി ഡോക്ടറോട് പറയാന്‍ മറക്കരുത്. ഉറക്കം വരുന്ന തരത്തിലുള്ള മരുന്നുകള്‍ ഒഴിവാക്കാനാണിത്. പരീക്ഷാ നാളുകളില്‍ ഉണ്ടാവുന്ന പിരിമുറുക്കം സ്വാഭാവികമാണെന്ന് മനസിലാക്കുക. ചെറിയ അളവിലുള്ള സ്‌ട്രെസ് പരീക്ഷയിലെ പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചേക്കും. അതോര്‍ത്തു കൂടുതല്‍ പിരിമുറുക്കം വരുത്തേണ്ടതില്ല.

പരീക്ഷത്തലേന്ന് പുതിയത് പഠിക്കണ്ട: സങ്കീര്‍ണമായ പാഠഭാഗം പുതുതായി പഠിക്കാന്‍ പറ്റിയ സമയമല്ല പരീക്ഷാത്തലേന്ന്! അത്തരം ഉദ്യമങ്ങള്‍ കഴിവതും ഒഴിവാക്കണം. പഠിച്ചകാര്യങ്ങള്‍ മനസ്സില്‍ പാകപ്പെടുത്തി വക്കാനുള്ള നേരമാണിത്. പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകാനുള്ള വസ്തുക്കള്‍ തലേദിവസം തന്നെ ഒരുക്കിവെയ്ക്കുക. ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉറങ്ങാനും മറക്കരുത്.

5 പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കാന്‍

പാഠഭാഗത്തിലുള്ള അവഗാഹം കൊണ്ടുമാത്രം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുനേടാന്‍ പ്രയാസമാണ്. എഴുതുന്നതിലെ ചിട്ടയും ശീലങ്ങളും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു. പരീക്ഷയ്ക്കുമുമ്പ് കൃത്യമായ ട്രയല്‍ ആവശ്യമാണ്. മോഡല്‍ പരീക്ഷ ഈ ഉദ്ദേശ്യത്തിലാണ് നടത്തപ്പെടുന്നത്.

മോക്ക് ടെസ്റ്റുകള്‍ സഹായിക്കും: മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ അതിന്റെ കാരണം അധ്യാപകരുടെ സഹായത്തോടെ വിശകലനം ചെയ്യുകയും, സഹപാഠികളുമായി ചര്‍ച്ച നടത്തുകയും വേണം. ഒരുപക്ഷെ നിങ്ങള്‍ ചോദ്യം വായിച്ചു മനസ്സിലാക്കിയതിലെ അപാകതയാവാം കാരണം. മുന്‍കൊല്ലങ്ങളിലെ ചോദ്യ പേപ്പറുകള്‍ക്ക് ഉത്തരമെഴുതി ശീലിക്കുന്നത് പരീക്ഷാ എഴുത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള പഠനം വേണ്ട: പരീക്ഷക്ക് തൊട്ടുമുമ്പ് പുസ്തകം ഒരിക്കല്‍ക്കൂടി വായിക്കുന്നവരെ കാണാറുണ്ട്. പലപ്പോഴും ഇത് ഗുണത്തേക്കാളേറേ ദോഷമാണ് ചെയ്യുക. വായിക്കുന്ന ഭാഗങ്ങള്‍ അവ്യക്തമായി തോന്നുകയും പിരിമുറുക്കം വര്‍ധിക്കുകയും ചെയ്യുന്നു. മനസ്സ് പരമാവധി ശാന്തമാക്കി വെക്കേണ്ട നേരമാണിത്. പരീക്ഷാഹാളിലേക്കു കയറുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി നോക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍, റിവിഷന്‍ സമയത്തു തയ്യാറാക്കിയ ചെറിയ കുറിപ്പുകള്‍ വേണം വായിക്കാന്‍. ഈ കുറിപ്പുകള്‍ ഹാളിനു പുറത്തു വെക്കാന്‍ മറക്കരുത്.

ശ്രദ്ധിക്കണം, പരീക്ഷാ പാറ്റേണും സമയവും: ചോദ്യ പേപ്പര്‍ കിട്ടുന്നതിന് മുമ്പ് തന്നെ, ചോദ്യത്തിന്റെ സ്‌കീമുകള്‍ അറിഞ്ഞിരിക്കുമല്ലോ. (ഉദാ. ഒന്ന് മുതല്‍ പത്തു വരെയുള്ള ചോദ്യങ്ങക്കു ഒരു മാര്‍ക്ക് എന്നിങ്ങനെ.) പരീക്ഷയെഴുതുന്നതില്‍ നിര്‍ബന്ധമായും ടൈം ടേബിള്‍ ഉണ്ടായിരിക്കണം. ആ ധാരണയോടെ വേണം ചോദ്യം കൈപ്പറ്റാന്‍. നേരത്തെ തയ്യാറാക്കി മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന ടൈം ടേബിള്‍ പ്രകാരം എഴുതി തുടങ്ങാം.

നൂറു മാര്‍ക്കിന്റെ പരീക്ഷ രണ്ടു മണിക്കൂര്‍ കൊണ്ട് എഴുത്തുകയാണെന്നു സങ്കല്പിക്കുക. അര മണിക്കൂറില്‍ മുപ്പതു മാര്‍ക്കിന് ഉത്തരമെഴുതുന്ന വേഗത്തില്‍ വേണം മുന്നോട്ടു പോകാന്‍. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അറുപതു മാര്‍ക്ക് കടന്നു എന്നുറപ്പു വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ആ ചോദ്യം പാതിവഴിയില്‍ ഉപേക്ഷിച്ചശേഷം, അടുത്ത മണിക്കൂറിലേക്ക് ഷെഡ്യൂള്‍ ചെയ്ത ചോദ്യങ്ങളിലേക്ക് പോവുക. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍, പരീക്ഷ തീരാന്‍ ഇരുപത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ നൂറു മാര്‍ക്കിനും എഴുതിയിട്ടുണ്ടാവും. ബാക്കിയുള്ള സമയത്തു തിരികെ വന്ന്, പാതിയില്‍ നിര്‍ത്തിയത് പൂര്‍ത്തിയാക്കാനുമാവും.

ഓരോ ചോദ്യത്തിനും സമയം നിശ്ചയിക്കാം: ഓരോ ഉത്തരവും പരമാവധി കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ട്, നന്നായി അറിയാവുന്നവ എഴുതാന്‍ സമയം തികയാതെ ഉപേക്ഷിക്കേണ്ടി വരുന്നവരുണ്ട്. അതിനാല്‍ ഒരു ചോദ്യത്തിന്മേലും കൂടുതല്‍ സമയം ചെലവഴിക്കരുത്. എവിടെത്തുടങ്ങണം? ചെറിയ ചോദ്യങ്ങളില്‍ ആദ്യം കൈവക്കുക. അവ കഴിയുന്നതോടെ പാഠഭാഗം മുഴുവന്‍ ഓര്‍മ്മയില്‍ എത്തും. പിന്നീട് വലിയ ചോദ്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് എഴുതി തീര്‍ക്കാനും കഴിയും.

പരീക്ഷ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യം ഒന്നുമല്ല! ശാസ്ത്രീയമായി പഠിക്കുക, ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുക.

(ചെങ്ങന്നൂര്‍ ഡോ.കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മനഃശാസ്ത്ര വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റാണ് ലേഖകന്‍)

Content Highlights: how to reduce stress among students

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IPL 2023 Tushar Deshpande becomes first Impact Player

1 min

ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്റ്റ് പ്ലെയര്‍; ചരിത്രമെഴുതി തുഷാര്‍ ദേശ്പാണ്ഡെ

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented