നീറ്റ് യു.ജി. 2021 പ്രവേശനങ്ങള്‍ക്ക് തയ്യാറെടുക്കാം


ഡോ. എസ്. രാജൂകൃഷ്ണന്‍

പ്രതീകാത്മക ചിത്രം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. ഫലം താമസിയാതെ പ്രഖ്യാപിക്കും. പ്രസിദ്ധീകരിച്ച താത്കാലിക ഉത്തരസൂചികപ്രകാരം, പരീക്ഷയില്‍ ലഭിക്കാവുന്ന ഏകദേശ മാര്‍ക്ക്/സ്‌കോര്‍ വിദ്യാര്‍ഥികള്‍ ഇതിനകം കണക്കുകൂട്ടിയിട്ടുണ്ടാകും. റാങ്ക് വരുന്നതോടെ മാര്‍ക്കിന് പ്രസക്തിയില്ലാതാവും. പ്രവേശനങ്ങള്‍ എല്ലാംതന്നെ റാങ്ക് അടിസ്ഥാനമാക്കിയാണ്.

• നീറ്റ് റാങ്ക്

രാജ്യത്തെ മെഡിക്കല്‍/ഡെന്റല്‍ കോഴ്‌സുകളിലെയും ആയുഷ് കോഴ്‌സുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാപരീക്ഷ എന്ന നിലയില്‍ പരീക്ഷയിലെ റാങ്കിനു വളരെയധികം പ്രാധാന്യമുണ്ട്. ദേശീയതലത്തില്‍ മൂന്നു പ്രവേശന പ്രക്രിയകളാണ് നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കി നടത്തുന്നത്.

• അലോട്ട്‌മെന്റുകള്‍

ഒന്ന് എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിലേക്ക് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്‌മെന്റ് ആണ്. രണ്ടാമത്തേത് ബി.എ.എം.എസ്./ബി.എച്ച്.എം.എസ്./ബി.എസ്.എം.എസ്./ബി.യു.എം.എസ്. കോഴ്‌സുകളിലേക്ക് ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അലോട്ട്‌മെന്റ്. ഇവ കൂടാതെ ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നികത്തുന്നതും നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ്.

• എം.സി.സി. കൗണ്‍സലിങ്

സാധാരണഗതിയില്‍ ഇവയില്‍ ആദ്യം തുടങ്ങുക എം.സി.സി. കൗണ്‍സലിങ്ങായിരിക്കും. www.mcc.nic.in അപ്ലോഡുചെയ്യുന്ന കൗണ്‍സലിങ് ഷെഡ്യൂള്‍ പ്രകാരം ഇതു നടത്തും. എം.സി.സി. കൗണ്‍സലിങ്ങിന്റെ പരിധിയില്‍വരുന്ന നീറ്റ് യോഗ്യത നേടിയവര്‍ക്ക് പൊതുവേ പങ്കെടുക്കാവുന്ന അലോട്ട്‌മെന്റുകള്‍:

• ഗവ. കോളേജുകളിലെ എം.ബി.ബി.എസ്./ബി.ഡി.എസ്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍

• ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്-എല്ലാ കേന്ദ്രങ്ങളും) മുഴുവന്‍ സീറ്റുകള്‍

• ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍- പുതുച്ചേരി, കാരൈക്കല്‍ കേന്ദ്രങ്ങള്‍) അഖിലേന്ത്യാ സീറ്റുകള്‍

• സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെ [അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ (ഡെന്റല്‍)] നിശ്ചിത സീറ്റുകള്‍

•ഡീംഡ് യൂണിവേഴ്‌സിറ്റികളിലെ മുഴുവന്‍ സീറ്റുകള്‍

• ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, പുണെ (രജിസ്‌ട്രേഷന്‍ ഭാഗം മാത്രം)

•എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോളേജുകളിലെ ഇന്‍ഷ്വേര്‍ഡ് പേഴ്‌സണ്‍സ് (ഐ.പി.) ക്വാട്ട സീറ്റുകളിലേക്ക് അതിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

•ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാമിന്റെ പ്രവേശന കൗണ്‍സലിങ്ങും എം.സി.സി. നടത്തിയേക്കും.

എം.സി.സി.യുടെ നീറ്റ് യു.ജി. 2021 കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേകം അപേക്ഷയൊന്നും നല്‍കേണ്ടതില്ല. എന്നാല്‍, എം.സി.സി. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത് കാറ്റഗറി അനുസരിച്ചുള്ള തിരികെലഭിക്കാത്ത രജിസ്‌ട്രേഷന്‍ ഫീസും തിരികെ കിട്ടാവുന്ന സെക്യൂരിറ്റി നിക്ഷേപവും അടച്ചുമാത്രമേ ചോയ്‌സ് ഫില്ലിങ് നടത്താന്‍ കഴിയൂ. കൗണ്‍സലിങ് പദ്ധതി, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ തുടങ്ങിയവ www.mcc.nic.in -ല്‍ അപ്ലോഡ് ചെയ്യും.

• ആയുഷ് കൗണ്‍സലിങ്

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന അലോട്ട്‌മെന്റ് aaccc.gov.in വഴിയാകും. ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്. പ്രോഗ്രാമുകളിലെ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകള്‍, ദേശീയ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലേക്കുള്ള അലോട്ട്‌മെന്റുകള്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെടും. ഇതിനും പ്രത്യേകം അപേക്ഷ നല്‍ക്കേണ്ടതില്ല. എന്നാല്‍, വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത്, ഫീസടച്ച് പങ്കെടുക്കാം. ഈ കോഴ്‌സുകളിലെ സ്വകാര്യ സ്ഥാപനങ്ങളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ നികത്തുന്നത് ബന്ധപ്പെട്ട സംസ്ഥാനത്തെ കൗണ്‍സലിങ് ഏജന്‍സിയായിരിക്കും (കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍)

• സംസ്ഥാന കൗണ്‍സലിങ്ങുകള്‍

ഓരോ സംസ്ഥാനത്തെയും മെഡിക്കല്‍/ അനുബന്ധ പ്രോഗ്രാമുകളിലെ സീറ്റുകള്‍ നികത്തുന്നത് അതതു സംസ്ഥാനത്തെ പ്രവേശന ഏജന്‍സിയാണ്. സംസ്ഥാന ഏജന്‍സികളുടെ പട്ടിക നീറ്റ് 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ അനുബന്ധം IV-ല്‍ (പേജ് 62) നല്‍കിയിട്ടുണ്ട്. പൊതുവേ അതതു സംസ്ഥാനത്തെ നേറ്റിവിറ്റി വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവര്‍ക്കാണ് ആ സംസ്ഥാനത്തെ ഗവണ്‍മെന്റ് സീറ്റുകളിലെ പ്രവേശന അര്‍ഹത. മറ്റു സംസ്ഥാനക്കാര്‍ക്ക് പൊതുവേ മാനേജ്മെന്റ്/എന്‍.ആര്‍.ഐ. സീറ്റുകളിലേക്കാകും അര്‍ഹത. ഇതിലേക്ക് നീറ്റ് യു.ജി. ഫലത്തിനുശേഷം ബന്ധപ്പെട്ട ഏജന്‍സികളുടെ വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കണം.

തമിഴ്നാട്ടില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് സെലക്ഷന്‍ കമ്മിറ്റി, കര്‍ണാടകയില്‍ കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റി (കെ.ഇ.എ.), ആന്ധ്രാപ്രദേശില്‍ ഡോ. എന്‍.ടി.ആര്‍. യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, തെലങ്കാനയില്‍ കാലോജി നാരായണറാവു യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, പുതുച്ചേരിയില്‍ സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ കമ്മിറ്റി (സെന്‍ടാക്) തുടങ്ങിയവയാണ് സംസ്ഥാനതല അലോട്ട്‌മെന്റുകള്‍ നടത്തുന്നത്.

റാങ്ക് അപ്ലോഡിങ്/കണ്‍ഫര്‍മേഷന്‍

കീം 2021 വിജ്ഞാപനങ്ങള്‍പ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ നല്‍കിയവര്‍ നീറ്റ് ഫലം www.cee.kerala.gov.in വഴി അപ്ലോഡിങ്/കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതുണ്ട്. അതിനുള്ള സമയപരിധി, നടപടിക്രമം തുടങ്ങിയവ കമ്മിഷണര്‍ പ്രസിദ്ധപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിലാകും മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. അപ് ലോഡിങ്/കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ റാങ്കിങ്ങിന് പരിഗണിക്കില്ല. റാങ്ക് പട്ടികകള്‍ വന്നശേഷം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങും.

• കേരളത്തിലെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനം

കേരളത്തില്‍ മെഡിക്കല്‍/ഡെന്റല്‍/ആയുഷ് കോഴ്സുകള്‍ക്കുപുറമേ, മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനവും നീറ്റ് യു.ജി. അടിസ്ഥാനമാക്കിയാണ്. ബാധകമായ പ്രോഗ്രാമുകള്‍:

മെഡിക്കല്‍: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. ഇവയിലെ പ്രവേശനത്തിന് നീറ്റ് യു.ജി. 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരമുള്ള യോഗ്യത വേണം.

മെഡിക്കല്‍ അനുബന്ധം: ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്സി. കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്സി. ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. ബയോടെക്‌നോളജി. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. 2021-ല്‍ 720-ല്‍ 20 മാര്‍ക്ക് നേടുന്നവരെ (പട്ടികവിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥ ഇല്ല) പരിഗണിക്കും.

• വെറ്ററിനറി കൗണ്‍സില്‍ അലോട്ട്മെന്റ്

രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ.) നികത്തുന്നത് നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാകും. നീറ്റ് ഫലം വന്നശേഷം ഇതിന്റെ വിജ്ഞാപനം വെറ്ററിനറി കൗണ്‍സില്‍ പുറപ്പെടുവിക്കും.

നീറ്റ് യോഗ്യത നേടി www.vcicounseling.nic.in -ല്‍ രജിസ്റ്റര്‍ചെയ്ത്, നിശ്ചിത ഫീസടച്ച് പ്രക്രിയയില്‍ പങ്കെടുക്കാം. പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

Content Highlights: Neet Exam, How to prepare, Education, Career

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented