കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ കമ്യൂണിറ്റി കോളേജുകള്‍ | അമേരിക്കന്‍ പഠനസാധ്യതകളറിയാം


പ്രസന്നകുമാര്‍ അടുത്തില'ഉന്നതപഠനത്തിന് അമേരിക്കയിലേക്ക് പോകുന്നതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ കോളേജ് പ്രവേശനത്തിന് അമേരിക്ക ലക്ഷ്യം വെക്കുന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും'

Educational Guidance

Representational Image | Photo: canva.com

ഴിവില്ലാത്തതല്ല, അവസരങ്ങളും സാധ്യതകളും സമയത്ത് അറിയാതെ പോകുന്നതാണ് വിദേശവിദ്യാഭ്യാസത്തിൽ നാം നേരിടുന്ന പ്രധാന തടസ്സം. ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ കോളേജ് പ്രവേശനത്തിന് അമേരിക്ക ലക്ഷ്യം വെക്കുന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. പ്ലസ് ടു പഠനശേഷം മെഡിക്കല്‍-പാരാമെഡിക്കല്‍-എന്‍ജിനീയറിങ് മേഖലകളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്കയിൽ അവസരങ്ങൾ നിരവധിയാണ്. വിദേശവിദ്യാഭ്യാസ സാധ്യതകള്‍ അന്വേഷിക്കുമ്പോഴും ഒട്ടൊരു ഭയത്തോടെയാണ് പലരും അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ നോക്കിക്കാണുന്നത്. അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക, ജോലി ലഭിക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല എന്നതും സാമ്പത്തികച്ചെലവുമാണ് ഭയത്തിന് പിന്നില്‍. എന്നാല്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ സങ്കീര്‍ണതകള്‍ മറികടക്കാവുന്നതേയുള്ളൂ.

82,000 സ്റ്റുഡന്റ് വിസയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി യു.എസ്.മിഷന്‍ ഇന്ത്യ ഈ വര്‍ഷം അനുവദിച്ചത്. സ്റ്റുഡന്‍സ് വിസകളിലെ റെക്കോര്‍ഡ് വര്‍ധനയാണിത്അമേരിക്കയില്‍ പഠിക്കാം

New York Times-ല്‍ വന്ന ഒരു വാര്‍ത്തയില്‍ തുടങ്ങാം! വളരെ നന്നായി പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ന്യൂഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി. അവള്‍ പോകണമെന്നൊരുപാട് ആഗ്രഹിച്ച ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല. അതേസമയം പ്രമുഖ അമേരിക്കന്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെ ആ പെണ്‍കുട്ടി പ്രവേശനം നേടി. ഒരിടത്തു മാത്രമല്ല, പല കോളജുകളും അവളെ സ്വാഗതം ചെയ്തു! ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരത്തിനനുസരിച്ച് അമേരിക്കയില്‍ പ്രവേശനം ലഭിക്കില്ലെന്ന പൊതുധാരണയാണ് ഈ വാര്‍ത്ത തിരുത്തുന്നത്.

അമേരിക്കയിലെ പല വമ്പന്‍ കമ്പനികളുടെ തലപ്പത്ത് ഇന്ന് ഇന്ത്യക്കാരാണ്. അവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യന്‍ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിച്ച് ഉപരിപഠനാര്‍ത്ഥവും ജോലിസംബന്ധമായും ഇവിടെയെത്തിയവരുമാണ്. തൊഴിലിന് മാത്രമല്ല വിദ്യാഭ്യാസത്തിനും അമേരിക്ക സാധ്യത തുറന്നിടുകയാണ്.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കായി Join Whatsapp group

ഉന്നതപഠനത്തിന് വേണം SAT- സ്‌കോര്‍

Grade 12 ന് ശേഷമുള്ള പഠനത്തിന് SAT (Scholastic Assessment Test) സ്‌കോര്‍ പ്രധാനമാണ്. SAT-ല്‍ Language , Mathematics എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. SAT -സ്‌കോര്‍ 1600ലാണ് കണക്കാക്കുക. ഇംഗ്ലീഷിന് 800-ഉം മാത്തമാറ്റിക്‌സിന് 800-ഉം ആണ് മാര്‍ക്ക്. Collegeboard.org- ല്‍ SAT-ന്റെ എല്ലാ വിവരങ്ങളും ശേഖരിക്കാം. തയ്യാറെടുപ്പിന് വേണ്ട മെറ്റീരിയലുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കോളേജ് പ്രവേശന സമയത്ത് SAT -സ്‌കോര്‍ പ്രധാനമാണ്. മാത്തമാറ്റിക്‌സിന് കഴിയുന്നതും ഫുള്‍ മാര്‍ക്കോ അതിനോടടുത്തോ വേണം ലക്ഷ്യം വെക്കാന്‍. ഇംഗ്ലീഷിലുള്ള കഴിവ് തെളിയിക്കാന്‍ TOEFL (Test of English as a Foreign Language) പരീക്ഷ പാസ്സാകണം. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള പരിശീലനം ഇത് നേടിയെടുക്കാന്‍ ധാരാളം മതിയാകും. ചെറുപ്പം മുതലേ ഇംഗ്ലീഷ് വായനാശീലമുള്ളവര്‍ക്ക് ഇത് അത്ര വലിയ കടമ്പയല്ല.

മികച്ച കോളേജുകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

പ്രവേശനം നേടാനുള്ള കാഠിന്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ കലാശാലകളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ഇവയില്‍ തന്നെ പ്രൈവറ്റ്, പബ്ലിക്, സെമി പ്രൈവറ്റ് എന്നീ ഘടകങ്ങളുമുണ്ട്.

  • കമ്യൂണിറ്റി കോളജുകളാണ് പ്രവേശനം താരതമ്യേന എളുപ്പമായ ഒരു വിഭാഗം. അമേരിക്കയിലെ കമ്യൂണിറ്റി കോളജുകളുടെ സാദ്ധ്യതകള്‍ ഇന്ത്യയിലധികമാരും മനസ്സിലാക്കി കഴിഞ്ഞിട്ടില്ല. കമ്യൂണിറ്റി കോളജുകളില്‍ രണ്ടു വര്‍ഷത്തെ അസോസിയേറ്റ് ഡിഗ്രിയാണ്. പിന്നെ പലവിധ തൊഴിലധിഷ്ടിത കോഴ്സുകളും.
  • നാലുവര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി നല്‍കുന്ന പ്രമുഖ കോളജുകളാണ് അടുത്തത്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ന്യൂജേഴ്സിയിലെ Rutgers University , ന്യൂയോര്‍ക്കിലെ NYU എന്നിവ ഇതിനുദാഹരണങ്ങളാണ്.
  • ഏറ്റവും ഗ്ലാമറസായി കണക്കാക്കപ്പെടുകയും പ്രവേശനം കിട്ടാന്‍ കഠിനവുമായ എട്ടു കോളജുകളുടെ കൂട്ടമാണ് Ivy League. പ്രിന്‍സ്റ്റണ്‍, കൊളംബിയ, ഹാര്‍വാര്‍ഡ്, ഡാര്‍ട്മിത്ത്, ബ്രൗണ്‍, യേല്‍, യൂ പെന്‍, കോര്‍ണല്‍ എന്നിവയെല്ലാം Ivy League-ല്‍ ഉള്‍പ്പെടും. ന്യൂയോര്‍ക്കിന്റെ ചുറ്റുവട്ടത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതെല്ലാം പ്രൈവറ്റ് ആണ്. വിദ്യാര്‍ഥികളുടെ എണ്ണം, അധ്യാപക-വിദ്യാര്‍ഥി അനുപാതം, മികച്ച പഠനാന്തരീക്ഷം, പഠന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഈ സ്ഥാപനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
  • പഠന-ഗവേഷണങ്ങളില്‍ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് മിഷിഗന്‍ (University of Michigan ( u mich )), ബെര്‍ക്ക്ലീ യൂണിവേഴ്സിറ്റി (Berkeley University) എന്നിവയടങ്ങുന്ന പബ്ലിക് Ivy League കോളജുകള്‍ എന്ന മറ്റൊരു വിഭാഗമുണ്ട്
പഠനത്തിന് പുറമെ പാഠ്യേതരമികവുകള്‍ കൂടി കണക്കിലെടുത്താണ് ഇവിടെയെല്ലാം പ്രവേശനം. സാമൂഹികപ്രവര്‍ത്തനം, ആതുരസേവനം, കലാ-സാഹിത്യ-സാംസ്‌കാരികത്തികവ്, എന്തിനോടെങ്കിലുമുള്ള അഭിവാഞ്ച (passion) എല്ലാം പരിഗണിക്കപ്പെടും.

ഇവയെല്ലാം തെളിയിക്കാനുതകുന്ന രേഖകള്‍ കൈയിലുണ്ടാവണമെന്ന് മാത്രം. പ്രവേശനം ലഭിക്കാന്‍ കടുത്ത മത്സരമുണ്ടെങ്കിലും ഓരോ രാജ്യക്കാര്‍ക്കുമായി പ്രത്യേകം നീക്കിവെയ്ക്കുന്ന ഇന്റര്‍നാഷണല്‍ ക്വാട്ടയിലൂടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ന്യൂയോര്‍ക്കിന്റെ ചുറ്റുവട്ടത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

പ്രവേശനം നേടിക്കഴിഞ്ഞാല്‍ സാമ്പത്തികമായും മറ്റും അത് സഫലമാക്കാനുള്ള വഴി നിങ്ങളെ തെരഞ്ഞെടുക്കുന്ന സര്‍വകലാശാല തന്നെ പറഞ്ഞുതരും. വിദ്യാഭ്യാസത്തിനു വേണ്ടുന്ന ലോണ്‍, സ്‌കോളര്‍ഷിപ്പുകള്‍, അമേരിക്കന്‍ ഗവര്‍ണ്‍മെന്റും കോളജുകള്‍ അവരുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനു നീക്കിവെക്കുന്ന ഫണ്ടുകള്‍, പിന്നെ പഠിക്കുമ്പോള്‍ തന്നെ കാമ്പസിലും പുറത്തും കഴിയുന്ന ജോലികള്‍ ചെയ്ത് പണമുണ്ടാക്കാനുള്ള വഴികള്‍ ഇതെല്ലാം ഇവിടെ റെഡിയാണ്. ഇംഗ്ലീഷ് ഭാഷയെ വശത്താക്കുക എന്നതാണ് ഇതിലെ പ്രധാനകടമ്പ. ഓണ്‍ലൈന്‍ പഠനകാലത്ത് സ്പോക്കണ്‍ ഇംഗ്ലീഷ് സ്വായത്തമാക്കുക അത്ര വലിയ 'ടാസ്‌ക്' അല്ലല്ലോ.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനമികവിനനുസരിച്ച് തെരഞ്ഞെടുക്കാം

അമേരിക്കയിലെ മുഖ്യമായ കോളജുകളില്‍ പ്രവേശനം കിട്ടാന്‍ തക്ക അത്ര 'എക്‌സലന്‍സി' (academics and extracurricular activities ) നിങ്ങള്‍ക്കില്ലെന്ന് കരുതൂ, നിങ്ങള്‍ക്ക് അമേരിക്കയില്‍ വന്ന് പഠിക്കണമെന്നുമുണ്ട്. അവിടെയാണ് കമ്യൂണിറ്റി കോളേജുകളുടെ പ്രസക്തി. പല കമ്യൂണിറ്റി കോളജുകള്‍ക്കും രണ്ട് വര്‍ഷം വരുന്ന ഡിഗ്രി കോഴ്‌സുകളുണ്ട് ( 2 year asosciate degree). ഇവര്‍ക്ക് മുഖ്യ കോളജുകളുമായി ട്രാന്‍സ്ഫര്‍ ഉടമ്പടിയുമുണ്ട്. രണ്ടു വര്‍ഷത്തെ കോഴ്‌സ് കമ്യൂണിറ്റി കോളേജുകളില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷം മുഖ്യ കോളജുകളിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പിന്നീടുള്ള രണ്ടുവര്‍ഷം അവിടെ പഠിച്ച് നാല് വര്‍ഷത്തെ അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി കരസ്ഥമാക്കാം.

കമ്യൂണിറ്റി കോളേജുകള്‍

ആയിരത്തോളം വരുന്ന പബ്ലിക് കമ്യൂണിറ്റി കോളേജുകളും അഞ്ഞൂറോളം പ്രൈവറ്റ് കമ്യൂണിറ്റി കോളേജുകളും അമേരിക്കയിലുണ്ട്. അസോസിയേറ്റഡ് ഡിഗ്രികളാണ് ഇവിടെ നല്‍കുകയെന്ന് നേരത്തേ പറഞ്ഞല്ലോ. തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് മിക്കവയും. പ്രമുഖ കോളജുകളെ അപേക്ഷിച്ച് ഇവിടെ പഠിക്കാനുള്ള ചെലവ് നാലിലൊന്നേ വരൂ. പക്ഷെ, ഉയര്‍ന്ന ജോലികളിലേക്ക് ജോലികള്‍ക്കും അസോസിയേറ്റ് ഡിഗ്രി പോര. അതുകൊണ്ട് ഭൂരിഭാഗം പേരും ജോലിക്കിടയിലോ അല്ലാതെയോ കമ്യൂണിറ്റി കോളേജിലെ പഠന ശേഷം അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി കരസ്ഥമാക്കാറുണ്ട്. ചുരുക്കി പറഞ്ഞാല്‍ അമേരിക്കയില്‍ സാമ്പത്തിക, അക്കാദമിക, അക്കാദമികേതര കാര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അത്താണിയാണ് കമ്യൂണിറ്റി കോളേജുകള്‍. വിദേശവിദ്യാര്‍ഥികള്‍ക്ക് താതരമ്യേന എളുപ്പം പ്രവേശനം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനവും കമ്യൂണിറ്റി കോളേജാണ്

മുഖ്യ കോളജുകളിലെ പ്രവേശനത്തിന് പ്രധാനമായ SAT -പോലുള്ള സ്റ്റാന്‍ഡേഡൈസ്ഡ് ടെസ്റ്റ് സ്‌കോര്‍, ഇംഗ്ലീഷ് പരിജ്ഞാനമളക്കുന്ന TOEFL, സ്‌കൂള്‍ പഠനകാലത്തെ മാര്‍ക്ക് എന്നിവ കമ്യൂണിറ്റി കോളജില്‍ നിന്ന് മുഖ്യകോളേജുകളിലേക്ക് മാറുമ്പോള്‍ പ്രശ്‌നമായി മാറുന്നില്ല.

നമ്മുടെ നാട്ടിലെ കുട്ടികളെ അക്കാദമിക മികവ്, അക്കാദമികേതരമികവ് എന്നിവയുടെ കാര്യത്തില്‍ നാല് ഭാഗങ്ങളായി തിരിച്ചു നോക്കാം:
1.ഏറ്റവും മികച്ചത്- Excellent
2. മികച്ചത്- Best
3. ശരാശരി- Average
4. ശരിക്കും താഴെ- Below

ഇപ്പോള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് നിങ്ങളെങ്കില്‍ ഇതിലെവിടെയാണ് സ്വന്തം സ്ഥാനമെന്ന് സ്വയം വിലയിരുത്തുക. കിട്ടുന്ന ഉത്തരം എക്‌സലന്റ് എന്നാണെങ്കില്‍ Ivy League -ഉം മറ്റ് ടോപ്പ് കോളേജുകളും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ബെസ്റ്റ് എന്നാണ് ഉത്തരമെങ്കില്‍ കമ്യൂണിറ്റി കോളേജുകള്‍ തെരഞ്ഞെടുക്കാം. അമേരിക്കയിലെ സ്‌കൂള്‍ സിസ്റ്റം അടിസ്ഥാനമായി പറയട്ടെ, നിങ്ങള്‍ 9,10 ക്ലാസുകളിലാണ് പക്ഷെ ആവേറേജ്, ബിലോ ആവറേജ് വിഭാഗത്തിലാണെന്ന് കരുതുക. ആദ്യ രണ്ട് വിഭാഗത്തിലേക്കെത്താന്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ധാരാളം. അധ്വാനിക്കണമെന്ന് മാത്രം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങുകയും പ്ലസ്ടു ക്ലാസുകളില്‍ മുന്നേറുകയും ചെയ്ത സ്‌കൂള്‍ റെക്കോര്‍ഡാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനസാധ്യത കൂടുതലാണ് . കോളജ് അപേക്ഷയുടെ ഒരു മുഖ്യ ഭാഗമാണ് Essay യും അധ്യാപകരുടെയും മറ്റുള്ളവരുടെയും റെക്കമെന്റേഷന്‍ ലെറ്ററും. കോളജിനെ നിങ്ങളുടെ സാഹചര്യങ്ങള്‍ നൂറു ശതമാനം സത്യസന്ധതയോടെ മാത്രം അറിയിക്കുക. നിങ്ങള്‍ക്ക് പ്രത്യേക പരിഗണന കിട്ടും

യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്ക്‌ലി

കാലിഫോര്‍ണിയയിലെ പ്രമുഖ പബ്ലിക് യൂണിവേഴ്‌സിറ്റിയാണ് യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്ക്‌ലി , ഇന്റര്‍നാഷനല്‍ ക്വാട്ടാ പ്രവേശനം ലഭിക്കുന്നവരില്‍ വലിയൊരുഭാഗം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. ഇതില്‍ പ്ലസ് ടു കഴിഞ്ഞ് undergraduate studies ന് വരുന്നവരും ഡിഗ്രിപഠനം കഴിഞ്ഞ് graduate studies (Masters Coursse) ന് വരുന്നവരുമുണ്ട്. മറ്റെല്ലാ കോളജുകളും പോലെ യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്ക്‌ലിയും ഓരോ സീസണിലും ട്രാന്‍സ്ഫര്‍ സ്റ്റുഡന്‍സിനെ സ്വീകരിക്കുക പതിവാണ്. 2021-2022 വര്‍ഷം ആകെ അപേക്ഷകരുടെ എണ്ണം 112,846 ആണ്. ഇതില്‍ 16,299 പേര്‍ക്ക് പ്രവേശനം ലഭിച്ചു. 22,175 പേര്‍ ട്രാന്‍സ്ഫര്‍ അപേക്ഷയാണ് സമര്‍പ്പിച്ചത്. അതില്‍ 4,825 പേര്‍ക്ക് പ്രവേശനം ലഭിച്ചു.

വര്‍ഷം രണ്ട് തവണ പ്രവേശനം

അമേരിക്കന്‍ കോളജുകളില്‍ പ്രവേശനം നടക്കുന്നത് ഓരോ വര്‍ഷവും രണ്ട് തവണയാണ് (Spring , and Fall). ഫാള്‍ സീസൺ സെപ്റ്റംബറില്‍ തുടങ്ങി നവംബറിലവസാനിക്കുന്നു. സ്‌ക്കൂളുകളും കോളജുകളും വേനലവധി കഴിഞ്ഞ് സെപ്റ്റംബര്‍ അല്ലെങ്കില്‍ ഓഗസ്റ്റ് ഒടുവിലാണ് തുറക്കുന്നത്. ഫാള്‍ സീസണിലാണ് ബഹുഭൂരിപക്ഷം കുട്ടികളും കോളേജ് തുടങ്ങുന്നത്. ക്രെഡിറ്റ് ബേസിലാണ് കോഴ്‌സുകള്‍. ചില കുട്ടികള്‍ പഠനത്തിന്റെ ഭാഗമായോ അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ക്കോ ഒരു സെമസ്റ്റര്‍ മുഴുവന്‍ ക്ലാസില്‍ വരാതെയുമിരിക്കാം. മറ്റ് പല ജോലികളിലേര്‍പ്പെടുകയോ ലോകം ചുറ്റാനിറങ്ങുകയോ ഒക്കെയാകും ലക്ഷ്യം. യാത്രയ്ക്കും മറ്റ് ഉദ്യമങ്ങള്‍ക്കും എല്ലാ കോളജിനും കുട്ടികള്‍ക്ക് വേണ്ടി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍ കൈയ്യില്‍ നിന്ന് പണം ചിലവാക്കേണ്ടതില്ല.

ഓഗസ്റ്റ് 1 നാണ് CommonApp എന്ന online portal അപേക്ഷകര്‍ക്കുപയോഗിക്കാന്‍ തയ്യാറാവുന്നത്. ഇതില്‍ അക്കൗണ്ട് തുടങ്ങണം. അതിന് ഫീസില്ല. പക്ഷെ ഈ പോര്‍ട്ടലില്‍ നിന്ന് ഓരോ കോളജിലേക്കും അപേക്ഷയയക്കാന്‍ കോളജുകള്‍ ഫീസ് ചാര്‍ജ് ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍കുന്നവര്‍ക്ക് ഫീസിളവുണ്ട്.

അപേക്ഷകള്‍ പലതരമുണ്ട്. ED അഥവാ Early Decision ആണ് ഒന്ന്. പിന്നെ EA (Early Action). Regular Decision ആണ് സാധാരണഗതിയിലുള്ള അപേക്ഷാ രീതി. അതിനും പുറമെ Rolling Admission എന്ന വേറൊരു പ്രക്രിയയും. Rolling Admission ചെയ്യുന്ന കോളജുകള്‍ അപേക്ഷ കിട്ടുന്നതിനനുസരിച്ച് പരിഗണിക്കുകയും Final Decision day യായ മാര്‍ച്ച് ആകാന്‍ കാത്തു നില്ക്കാതെ തീരുമാനം നിങ്ങളെ അറിയിക്കുകയും ചെയ്യും

ഏതെങ്കിലും കോളജിനോട് പ്രത്യേകം ഇഷ്ടം വരികയും അവിടെ ചേരാന്‍ തീരുമാനിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്കുള്ളതാണ് 'എര്‍ളി ഡിസിഷന്‍'-ED.

അപേക്ഷകരുടെ എണ്ണം ഇവിടെ താരതമ്യേന കുറവായതിനാല്‍ പ്രവേശന സാധ്യത കൂടുതലാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഒരു കോളജിനോട് നിങ്ങള്‍ ''എനിക്ക് പ്രവേശനം തരുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചേരും, വേറൊരിടത്തും പോകില്ല'' എന്ന് പറയുകയാണ് ED യിലൂടെ. ഇന്ത്യയടക്കം അമ്പതോളം രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്.

പഠനച്ചെലവ്

കോളജ് പഠനച്ചെലവ് അമേരിക്കയിലെ ഏറ്റവും വലിയ ചെലവുകളിലൊന്നാണ്. കുട്ടികള്‍ പഠിക്കുന്നതിനിടയിലും കഴിയുന്നത്ര ജോലികള്‍ ചെയ്യുന്നു. സ്‌കോളര്‍ഷിപ്പുകളും മറ്റ് ഇളവുകളും കിട്ടുന്നില്ലെങ്കില്‍ പേരുകേട്ട കോളജുകളിലെല്ലാം ട്യൂഷന്‍ ഫീസ് മാത്രം വരും. ഒരു വര്‍ഷം 50,000 ഡോളറിനും മീതെ. താമസം, ഭക്ഷണം, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയ്ക്കായി മാസം 1500-2000 ഡോളര്‍ വരും. അതായത് നാലുവര്‍ഷത്തെ അണ്ടര്‍ഗ്രാജ്വേറ്റ് പഠനത്തിന്റെ ചിലവ് അങ്ങിനെ നോക്കിയാല്‍ 300.000 ഡോളറിന്റെ ചുറ്റുവട്ടത്ത് വരുമെന്ന് ചുരുക്കം. അതേസമയം കമ്യൂണിറ്റി കോളേജുകളില്‍ ഫീസ് താരതമ്യേന കുറവാണ്. യു.എസ് എംബസിയില്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ പഠനച്ചെലവിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്.
College തരുന്ന സ്‌കോളര്‍ഷിപ്പ്/ ഗ്രാന്റ്, ബാങ്ക് ലോണ്‍, രക്ഷിതാക്കളില്‍ നിന്നോ മറ്റു വഴികളില്‍ നിന്നോ പഠിക്കാനുള്ള ഫീസ് താമസം മറ്റു ചിലവുകളുടെ ആകെത്തുക - എവിടെനിന്നാണിതു വരുന്നതെന്ന് രേഖാമൂലം അറിയിക്കണം. ഇത് കൃത്യവും വ്യക്തവുമായിരിക്കണം. കോളേജ് പ്രവേശനം നേടിയിട്ടും വിസ നിരസിക്കപ്പെട്ട പല സംഭവങ്ങളിലും മുഖ്യകാരണം ഇതാണ്.

പഠനത്തിലെ 'അമേരിക്കന്‍ രീതി

അമേരിക്കയില്‍ വന്നു പഠിക്കാനാഗ്രഹിക്കുന്നവര്‍ അമേരിക്കയിലേയും ഇന്ത്യയിലേയും വിദ്യഭ്യാസരീതികളിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് സഹായകരമായിരിക്കും. ഒരച്ഛന്റെയും മകന്റെയും ഉദാഹരണം പറയാം

ഇന്ത്യയില്‍ നന്നായി പഠിച്ചു വളര്‍ന്ന അച്ഛന്‍, വിഷയത്തില്‍ ഡോക്ടറേറ്റുണ്ട്. ഇവിടെ നാലാം ക്ലാസിലുള്ള മകന്‍ ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും അച്ഛന് ശരിക്ക് ഉത്തരം പറയാന്‍ പറ്റുന്നില്ല. അച്ഛന് അറിവില്ലാഞ്ഞിട്ടല്ല. പക്ഷെ അച്ഛന്‍ പഠിപ്പില്‍ സഹായിക്കാനിരിക്കുമ്പോള്‍ മകന്റെ സ്ഥിരം പല്ലവിയാണ് 'അങ്ങിനെയല്ല എന്റെ ടീച്ചര്‍ പറഞ്ഞു തന്നത്'. പഠനരീതിയിലുള്ള വ്യത്യാസം ചെറിയ ക്ലാസുമുതലേ പ്രകടമാണെന്ന് സാരം.

ഏതു വിഷയമായാലും ഇവിടെ ക്ലാസ് റൂമില്‍ ഒതുങ്ങുന്നതല്ല പഠനം. ഒരു വിഷയം പഠിച്ചാല്‍ അതുമായി ബന്ധപ്പെട്ട് സൂര്യനു കീഴെയുള്ള ഏതു കാര്യവും പരീക്ഷയില്‍ പ്രതീക്ഷിക്കാം. പരീക്ഷയില്‍ വരാവുന്ന ചോദ്യങ്ങള്‍ക്ക് പരിമിതികളില്ല.

സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഇവിടെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്.

  • 1-5 - എലിമെന്ററി
  • 6-8 - മിഡില്‍ സ്‌കൂള്‍
  • 9-12 -ഹൈസ്‌കൂള്‍, അത് (9th grade - Freshman year, 10th grade- Sophomore year, 11th grade - Junior year, and 12th grade- Senior year എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്)
ഉന്നത വിദ്യാഭ്യാസം അമേരിക്കയില്‍? വേണം പ്ലാനിങ്

അമേരിക്കയില്‍ പഠിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ കോളേജുകളുടെ വൈബ്സൈറ്റില്‍ പോയി ഇഷ്ടവിഷയം പഠിപ്പിക്കുന്ന കോളേജുകളുടെ ലിസ്റ്റ് ഉണ്ടാക്കണം. course , pre requisite എന്നിവയെക്കുറിച്ചു മനസ്സിലാക്കണം. ആ കോഴ്‌സുകളില്‍ മുന്‍വര്‍ഷം പ്രവേശനം കിട്ടിയത് എത്രപേര്‍ക്ക്, അവരുടെ സ്‌കോര്‍ , GPA, standardized test scores എന്നിവ അറിഞ്ഞു വെയ്ക്കുക. നിങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്ത് നന്നായി പരിശീലിക്കാം. രണ്ട് വര്‍ഷം മുന്‍പെങ്കിലും തയ്യാറെടുപ്പ് തുടങ്ങിയാല്‍ അത്രയും നല്ലത്.

യു.എസ് വിസകള്‍ പലവിധം

യു.എസ് വിസാ സിസ്റ്റം നിയന്ത്രിക്കുന്നത് INS അഥവാ Immigration and Naturalization Service ആണ്. പഠനത്തിന് പ്രത്യേക വിസയുണ്ട്. പ്രവേശനം തരുന്ന കോളജാണ് INS അവര്‍ക്കനുവദിച്ച ക്വാട്ട (Quota) വഴി നിങ്ങള്‍ക്ക് സ്റ്റുഡന്റ് വിസ ശരിയാക്കിതരുന്നത്. പഠനകാലത്തേക്ക് മാത്രമാണ് ഈവിസ. ഉടനെ ജോലി ശരിയാവുന്നില്ലെങ്കില്‍,പഠനം കഴിഞ്ഞാല്‍ തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ജോലി ചെയ്യാന്‍ അമേരിക്കന്‍ വിസ കിട്ടണമെങ്കില്‍ ആദ്യം വേണ്ടത് ഒരു സ്‌പോണ്‍സര്‍ ആണ്. പഠനശേഷം നിങ്ങള്‍ക്ക് ജോലിവാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് INS-ല്‍ നിന്ന് വിസ നേടിത്തരുന്നത്.

ചെറിയ കാലയളവിലേക്കുള്ള ബിസിനസ് വിസിറ്റ് (Short term business visit) ആണെങ്കില്‍ അതിന് വേണ്ടത് B1 എന്ന ബിസിനസ് വിസയാണ്. കുറച്ചുകാലം ഇവിടെ ജോലിചെയ്യണമെങ്കില്‍ H1- അല്ലെങ്കില്‍ L1- വിസകളാണ് വേണ്ടത്. Permanent Residency അഥവാ Green Card കിട്ടണമെങ്കില്‍ ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ കഴിവുകളുള്ള ഒരാള്‍ അമേരിക്കയില്‍ സുലഭമല്ലെന്ന് കാണിച്ച് നിങ്ങള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനം/തൊഴിലുടമ Department of Labour- ന് അപേക്ഷ സമര്‍പ്പിക്കുന്ന പ്രക്രിയയാണ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍. ഇത് അനുവദിക്കപ്പെട്ടു കഴിഞ്ഞാല്‍ തന്നെ പല കാറ്റഗറിയുമുണ്ട്.

ഇതുവരെ സമര്‍പ്പിക്കപ്പെട്ട Pending അപേക്ഷകരെ പരിഗണിച്ചുള്ള Priority Date നിലവിലുണ്ട്. ഉദാഹരണത്തിന് ഒരു കാറ്റഗറിയിലെ Priority Date 2014 ആയിരുന്നു. കോവിഡ് മഹാമാരി കാരണം അതിപ്പോള്‍ 2012 ആയിമാറി. ഇതിന്റെയര്‍ത്ഥം നിങ്ങള്‍ ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ കിട്ടിയശേഷം ഇന്ന് Green Card-ന് അപേക്ഷിച്ചാല്‍ നിങ്ങളുടെ മുന്നില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ അപേക്ഷകര്‍ പരിഗണിക്കപ്പെടാനിരിക്കുന്നു എന്നതാണ്. Green card കിട്ടുന്നത് കാലതാമസമെടുക്കുന്ന പ്രക്രിയയായി മാറിയിട്ടുണ്ട് എന്നു ചുരുക്കം. 90-കളില്‍ എനിക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാനെടുത്തത് വെറും മൂന്നു വര്‍ഷമായിരുന്നു

(32 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനും ന്യൂയോര്‍ക്കിലെ Memorial Sloan Kettering Cancer Center-ന്റെ ക്ലൗഡ് ടെക്‌നോളജി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയുമാണ് ലേഖകന്‍)

Content Highlights: how to get admission in an American university?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented