Representational Image: Photo: canva.com
ഫിന്നിഷ് വിദ്യാഭ്യാസ രീതി കേരളത്തില്‍ പകര്‍ത്തുന്നു എന്നതാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഓരോ സമൂഹത്തിന്റെയും സാംസ്‌കാരിക, സാമ്പത്തിക, ആദര്‍ശ പരമായ ചുറ്റുപാടുകള്‍ വിഭിന്നമാണ്. അതുകൊണ്ട് തന്നെ ഒരു സ്ഥലത്തു വിജയിച്ച രീതികള്‍ അതുപോലെ പകര്‍ത്തി മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നത് തികച്ചും ശ്രദ്ധയോടെ തികഞ്ഞ മുന്നൊരുക്കങ്ങളോടെ മാത്രം ചെയ്യേണ്ടുന്ന ഒന്നാണ് .
ഫിന്നിഷ് വിദ്യാഭ്യാസ രീതിയുടെ കാതലായ ആശയം ഒരു വിദ്യാര്‍ത്ഥിയുടെ സമഗ്ര വികസനമാണ് (ഹോളിസ്റ്റിക് അപ്പ്രോച്ച്). കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള സംസ്‌കാരവും വിദ്യാഭ്യാസ രീതിയും ഒന്നിച്ചു പോകുന്നു, അല്ലെങ്കില്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് വേണ്ടതായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്നതാണ്. കാലഹരണപ്പെട്ട കാണാപ്പാഠം പഠിക്കല്‍ ഇല്ല, പകരം പ്രായോഗികതയ്ക്കു ഊന്നല്‍ നല്‍കിയ പാഠ്യ പദ്ധതികള്‍ ആണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്നു തോന്നാമെങ്കിലും, സാമൂഹ്യമായും സാമ്പത്തികമായും വലിയ അന്തരം നില നില്‍ക്കുന്ന, ഇന്ത്യ പോലെയുള്ള മൂന്നാം ലോക രാജ്യത്ത്, ഭൂരിഭാഗം ജനങ്ങള്‍ക്കും നല്ല ജീവിതത്തിലേക്കുള്ള ഏക വഴി അക്കാദമിക മികവ് മാത്രമാകുമ്പോള്‍ നടപ്പിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഈ കാതലായ വിഷയം തന്നെയാണ്.
ആളോഹരി വരുമാനത്തില്‍ വളരെ മുന്നിലുള്ള, വര്‍ഗസമൂഹ (ക്ലാസ് സൊസൈറ്റി) വേര്‍തിരിവുകള്‍ തീരെയില്ലാത്ത ഒരു രാജ്യത്ത് ആരും ആരെയും തോല്‍പ്പിച്ച് മുന്നേറാനുള്ള വ്യഗ്രത കുറവായിരിക്കും. എല്ലാ കുട്ടികളെയും ഒരുപോലെ കാണുന്ന, എല്ലാ ജോലികളും ബഹുമാനിക്കപ്പെടുന്ന, അര്‍ഹിക്കുന്ന വേതനം ലഭിക്കുന്ന സമൂഹത്തില്‍, പ്രധാനമന്ത്രിയുടെയും, തൂപ്പുകാരന്റെയും മക്കള്‍ ഒന്നിച്ചിരുന്നു പഠിക്കുന്ന ക്ലാസ് മുറികളില്‍ അടുത്തിരിക്കുന്നയാളെ തോല്‍പ്പിച്ച് മുന്നേറുക എന്നതിലുപരി, സ്വയം പര്യാപ്തമായി ജീവിക്കാന്‍ എങ്ങിനെ ഒരാളെ പ്രാപ്തരാക്കും എന്ന് മാത്രം ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ രീതി മതിയാകും.
കേരളത്തില്‍ ഫിന്നിഷ് വിദ്യാഭ്യാസ രീതി നടപ്പിലാക്കണമെങ്കില്‍ പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയോ, എയ്ഡഡ്, പ്രൈവറ്റ് മേഖലകളില്‍ സ്റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടലില്‍ കൂടി, ഒരേ നിലവാരത്തിലും, രീതിയിലും ഉള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയോ ചെയ്യേണ്ടതായിട്ടുണ്ട്.
അല്ലാത്ത പക്ഷം ഫിന്നിഷ് വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് എന്ന് പറയാവുന്ന ഈ വിഷയം നടപ്പില്‍ വരുത്തുക സാധ്യമാണെന്ന് തോന്നുന്നില്ല. അതല്ല, കുറച്ചു സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട്, ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വിടവുകള്‍ വലുതാക്കാന്‍ മാത്രമേ ഉപകരിക്കൂ.
Also Read
.png?$p=0b321be&&q=0.8)
കുട്ടികള്‍ ഭാവി പൗരന്മാര്‍
സാര്‍വത്രിക സൗജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസമാണ് ഫിന്‍ലന്‍ഡിലെ പ്രഖ്യാപിത നയം. ഒരു കുട്ടി ജനിക്കുന്നതിനു മുന്‍പേ തുടങ്ങുന്നു സ്റ്റേറ്റിന്റെ പിന്തുണ. ഇതിനോടകം ലോക പ്രശസ്തി നേടിക്കഴിഞ്ഞ 'ഫിന്നിഷ് ബോക്‌സ്' മുതല്‍, കൃത്യമായ ഗര്‍ഭ ശിശു പരിപാലനവും, കുട്ടി ജനിച്ചു കഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും എടുക്കാന്‍ കഴിയുന്ന തരത്തിലുള്ള അവധികള്‍ തുടങ്ങി നിര്‍ബന്ധിത വാക്സിനേഷന്‍ വരെ അതിലുള്‍പ്പെടും. അച്ഛനും അമ്മയ്ക്കും കുട്ടിയുടെ മേലുള്ള താല്പര്യങ്ങള്‍ക്കുപരിയാണ് സ്റ്റേറ്റ് അതിന്റെ ഭാവി പൗരനെ പരിഗണിക്കുന്നത്. ഈ പരിഗണന സ്‌കൂളില്‍ പോകാനുള്ള പ്രായമാകുമ്പോള്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിലും സ്വാഭാവികമായി പ്രതിഫലിക്കുന്നു. ഒരു കുട്ടിയുടെയും വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പഠിത്തത്തിനെ ബാധിക്കാന്‍ പാടില്ല എന്നത് കൊണ്ടാണ് എല്ലാ കുട്ടികള്‍ക്കും സൗജന്യ ഉച്ച ഭക്ഷണം നല്‍കുന്നത്. വിശന്നിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയില്ല എന്ന പ്രാഥമിക തിരിച്ചറിവ് തന്നെയാണ് ഇതിനു പിന്നില്‍. വ്യക്തിഗത വരുമാനമനുസരിച്ചു ക്രമപ്പെടുത്തിയിരിക്കുന്ന നികുതിവ്യവസ്ഥയാണ് ഈ പദ്ധതികളെയെല്ലാം താങ്ങി നിര്‍ത്തുന്ന നെടുംതൂണ്‍.
കുട്ടികളായിരിക്കുന്ന കുട്ടികള്‍
ഫിന്നിഷ് പഠന രീതിയില്‍ കുട്ടികളെ കുട്ടികളായിരിക്കാന്‍ അനുവദിക്കുക എന്നത് വളരെ പ്രധാനമായി കാണുന്നു. ചെറിയ വയസ്സിലെ തന്നെ വിദ്യാഭ്യാസം തുടങ്ങുന്നില്ല എന്നതാണ് പ്രധാന നയം. ഏഴു വയസാകുമ്പോളാണ് ഒരു കുട്ടി ഒന്നാം തരത്തില്‍ പഠിച്ചു തുടങ്ങുന്നത്. നേരത്തെ പഠിച്ചത് കൊണ്ട് കൂടുതല്‍ പഠിക്കാന്‍ സാധിക്കുകയോ, കൂടുതല്‍ കാര്യക്ഷമമായി പഠിക്കാന്‍ കഴിയുകയോ ചെയ്യുന്നില്ല എന്നും ഓരോ കുട്ടിയും അവരുടെ സന്നദ്ധത (റെഡിനെസ്) അനുസരിച്ചാണ് പഠിക്കുന്നത് എന്നുമാണ് കരുതുന്നത്. അമിത ഭാരം താങ്ങേണ്ട അവസ്ഥ കുട്ടികള്‍ക്ക് വരുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. മൂന്നു വയസ്സോ അതിനു മുന്‍പോ എഴുത്തും വായനയും തുടങ്ങുന്ന നമ്മുടെ രീതികളെക്കാള്‍ കുട്ടികളെ കളിക്കാനും, മണ്ണ് വാരാനും, പ്രകൃതിയിലേക്കിറങ്ങാനും, മഞ്ഞോ വെയിലോ മഴയോ എന്തായാലും, അതിനനുസരിച്ചുള്ള വേഷവിധാനങ്ങളോടെ ആസ്വദിക്കാനും ഫിന്നിഷ് വിദ്യാഭ്യാസം അനുവദിക്കുന്നു. ലോകത്തെവിടെയും പകര്‍ത്താന്‍ കഴിയുന്ന നല്ലൊരു മാതൃകയാണ് ഇത്.
അഞ്ചോ ആറോ വയസ്സില്‍ കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ വിഭ്യാഭ്യാസം തുടങ്ങുന്നു. നിരന്തരം പരീക്ഷണത്തിന് വിധേയമാക്കി കൊണ്ടിരിക്കുന്ന മേഖലയാണിത്. അഞ്ചു വയസ്സില്‍ തുടങ്ങി ഏഴ് വരെ നീളുന്ന രണ്ടു വര്‍ഷ പ്രീസ്‌കൂളും, ആറു വയസ്സില്‍ തുടങ്ങി ഏഴില്‍ അവസാനിക്കുന്ന ഒരു വര്‍ഷ പ്രീസ്‌കൂളും ഉണ്ട്. കുട്ടികളെ പ്രധാനമായി സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുക, ഇന്റര്‍ -പേര്‍സണല്‍ സ്‌കില്‍സ് വളര്‍ത്തുക, സ്‌കൂളില്‍ പോകുമ്പോള്‍ വൈകാരികമായും, സാമൂഹ്യമായും സമതുലിതാവസ്ഥ (ബാലന്‍സ്) കൈ വരിക്കാന്‍ പ്രാപ്തരാക്കുക എന്നതൊക്കെയാണ് ഊന്നല്‍ കൊടുക്കുന്നത്.
തണുപ്പില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അടുക്കടുക്കായി സ്വയം വസ്ത്രം ധരിക്കാന്‍ പ്രാപ്തി നേടുന്നത് മുതല്‍, ആശയ വിനിമയം വ്യക്തമായും സുഗമമായതും നടത്തുന്നത്, എതിര്‍പ്പുള്ള കാര്യങ്ങള്‍ പറയുമ്പോളും എതിര്‍ ഭാഗത്തുള്ള ആളുടെ വികാരങ്ങളെ മാനിച്ചു കൊണ്ട് സംസാരിക്കാന്‍ പഠിക്കുക തുടങ്ങി ജീവിത കഴിവുകള്‍ (ലൈഫ് സ്‌കില്‍സ്), പ്രകൃതിയും ചുറ്റുപാടുകളെയും നിരീക്ഷിക്കാനും അതില്‍ നിന്നും വിഞ്ജാനപ്രദമായ കാര്യങ്ങള്‍ കാണാനും ചര്‍ച്ച ചെയ്യാനുമുള്ള പരിശീലനം, സുരക്ഷയും പരിസ്ഥിതി സംരക്ഷണവും, ശരീരത്തില്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാല്‍ എങ്ങിനെ പ്രതികരിക്കണം, ഗുഡ് ടച്ച് ആന്‍ഡ് ബാഡ് ടച്ച്, സമ്മതം (കോണ്‍സെന്റ്) തുടങ്ങി ലൈംഗിക വിദ്യഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ വരെ കുട്ടികള്‍ക്ക് മടുപ്പുളവാക്കാതെ രസകരമായ രീതിയില്‍ പരിചയപ്പെടുത്തുന്നു. ഏറ്റവും പ്രധാനപ്പെട്ടത് ഒരാളും ഒറ്റയ്ക്കല്ല ഇതൊന്നും ചെയ്യുന്നത് എന്നതാണ് പകരം ഗ്രൂപ്പ് ആയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ്. രണ്ട് തരത്തിലുള്ള പരിശീലനം കുട്ടികള്‍ക്കു ഇതിലൂടെ ലഭിക്കുന്നു, ഒന്ന് സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതോടൊപ്പം തന്നെ, മറ്റുള്ളവരുടെ അഭിപ്രായത്തെയും കഴിവുകളെയും മാനിക്കാനും, അംഗീകരിക്കാനും, മറ്റൊന്ന് ആശയ വിനിമയ കഴിവുകള്‍ വളര്‍ത്താനും ഉപകരിക്കുന്നു.
.png?$p=4bfab17&&q=0.8)
യൂണിഫോമില്ലാത്ത സ്‌കൂളുകള്‍ : മിഥ്യയും യാഥാര്‍ഥ്യവും
വളരെ കൊട്ടിഘോഷിക്കപ്പെട്ടു കേരളവുമായി താരതമ്യം ചെയ്യപ്പെട്ട വിഷയമാണ് ഫിന്നിഷ് സ്‌കൂളുകളിലെ യൂണിഫോമിന്റെ അഭാവം. ഇവിടെ നമ്മള്‍ മനസിലാക്കേണ്ട പ്രധാന വസ്തുത എന്തെന്നാല്‍ ആര്‍ട്ടികിനടുത്തുള്ള, കൊല്ലത്തില്‍ ആറു മാസത്തില്‍ കൂടുതല്‍ ശൈത്യമുള്ള, അതില്‍ തന്നെ പൂജ്യത്തിനു താഴെ ഊഷ്മാവ് പോകുന്ന, മഞ്ഞു പെയ്യുന്നത് സര്‍വസാധാരണമായ ഈ രാജ്യത്തു , ആശ്വാസകരമായ, സുരക്ഷിതമായ വസ്ത്രം ധരിക്കുക എന്നതാണ് നയം. മറ്റുള്ളവരുടെ കാര്യത്തില്‍ തീരെ ഇടപെടാത്ത, വേഷത്തിന്റെ പേരില്‍ അപഹസിക്കാത്ത നാടുകളില്‍ കുട്ടികള്‍ക്ക് അവരുടെ ആശ്വാസം മാത്രം നോക്കി വേഷം ധരിച്ചു സുഖമായി സ്‌കൂളില്‍ പോകാം. എന്നാല്‍ പണക്കാരനും പാവപെട്ടവനെയും സമ്പത്തും വസ്ത്രവും നോക്കി വിലയിരുത്തുന്ന, അതിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരുന്ന കേരള സമൂഹത്തില്‍ യൂണിഫോം എന്നത് സ്‌കൂളികളിലെങ്കിലും സമത്വം ഉറപ്പു വരുത്താന്‍ ഒരു പരിധി വരെ സഹായിക്കുന്നു എന്ന് പറയാതെ വയ്യ. വരും വരായ്കകള്‍ വിലയിരുത്താതെ പകര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് ഈ യൂണിഫോം രീതികളും.

അപ്രധാനമായ അളവുകോലുകള്‍
മത്സരങ്ങളും താരതമ്യങ്ങളും പ്രോത്സാഹിപ്പിക്കാത്ത, അമിത അഭിലാഷം (അംബിഷന്‍) അത്യാഗ്രഹമെന്നു തന്നെ പലപ്പോഴും കരുതുന്ന സമൂഹമായത് കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിങ് കൂടാനുള്ള പരിശ്രമങ്ങള്‍ പൊതുവെ കുറവാണ്. അതുകൊണ്ട് മറ്റു വികസിത രാജ്യങ്ങളിലെ എലൈറ്റ് സര്‍വകലാശാലകളുമായി തട്ടിച്ചു നോക്കിയാല്‍ റാങ്കിങ്ങില്‍ വളരെ പിന്നിലല്ലെങ്കിലും ആദ്യത്തെ സ്ഥാനങ്ങളില്‍ ഫിന്‍ലന്‍ഡില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പിസ റാങ്കിങ് പോലെയുള്ള അളവുകോലുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ എന്ത്കൊണ്ട് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ് പോലുള്ളവയില്‍ ഫിന്നിഷ് സര്‍വ്വകലാശാലകള്‍ വളരെ മുന്നിലെത്തുന്നില്ല എന്നതിന് ഒരുത്തരമേയുള്ളു. ഇവിടെത്തെ ഫോക്കസ് വിഭിന്നമാണ്.
മാറുന്ന ലോകത്തിനു അനുസൃതമായി ജീവിക്കാന്‍ എങ്ങിനെ കുട്ടികളെ പ്രാപ്തരാക്കും എന്നുമാത്രം മുന്‍ നിര്‍ത്തിയാണ് കരിക്കുലം പ്ലാനിംഗ് എല്ലാം നടക്കുക, അല്ലാതെ അന്തര്‍ദേശീയ സൂചികകളില്‍ എങ്ങിനെ മുന്നിലെത്താന്‍ എന്ന് നോക്കിയല്ല എന്ന് സാരം. പിസാ റാങ്കിങ് പോലെയുള്ള രാജ്യാന്തര പഠനങ്ങളില്‍ മുന്നിലെത്തിയതോടെയാണ് ഫിന്നിഷ് വിദ്യാഭ്യാസം ലോക ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയതെങ്കിലും ഏറ്റവും ഒടുവില്‍ ലഭ്യമായ 2018-ലെ ലിസ്റ്റില്‍ ഫിന്‍ലന്‍ഡ് പത്താമതാണ്. വര്‍ഷാവര്‍ഷം അന്തര്‍ദേശീയ അളവുകോലുകളില്‍ മുന്നിലെത്താന്‍ ഷാഡോ ടീച്ചിങ് (പരീക്ഷകള്‍ക്ക് വേണ്ടി പ്രത്യേകം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന രീതി) പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ചൈനയാണ് ഒന്നാമത്.
വിദ്യാഭ്യാസത്തില്‍ കഴിയുന്നത്ര ഗവേഷണത്തിന് മുന്‍തൂക്കം കൊടുക്കുന്നു, സ്വതന്ത്രമായി ചിന്തിക്കുന്നതിനും, ഒരേ ചോദ്യത്തെ എങ്ങിനെ പല രീതിയില്‍ സമീപിക്കാം എന്നതും, അവനവന്റെ സര്‍ഗാത്മകത എങ്ങിനെ പരിപോഷിപ്പിക്കാം എന്നതുമൊക്കെയാണ് കേന്ദ്രീകൃത ലക്ഷ്യങ്ങള്‍. ഓരോരുത്തരും അവരുടെ രീതിയില്‍ ഉത്തരങ്ങളിലേയ്ക് എത്തിച്ചേരുമ്പോള്‍ പലപ്പോഴും പഠനം എന്നതൊരു ഓപ്പണ്‍ എഡ്ജ്ഡ് റിസര്‍ച്ച് പ്രൊജക്റ്റ് പോലെയാണ്. കൂടുതല്‍ വിവരങ്ങള്‍ തേടി പോകാനും അവനവന്റെ വിജ്ഞാനദാഹം ശമിപ്പിക്കാനും എല്ലാവര്ക്കും അവസരമുണ്ടാകുന്നു. ഈ അവസരം ഓരോ കുട്ടിയും എത്ര പ്രയോജനപ്പെടുത്തും എന്നത് വ്യക്തിഗതമായ തെരഞ്ഞെടുപ്പ് മാത്രമാകുന്നു. അല്ലാതെ ഒരു അധ്യാപകന്‍ നിശ്ചയിക്കുന്ന അതിരുകള്‍ക്കുള്ളിലൂടെ മാത്രം നടക്കേണ്ടുന്ന അവസ്ഥ വിദ്യാര്‍ത്ഥിയ്ക്കു ഉണ്ടാകുന്നില്ല.
.jpg?$p=c8e5126&&q=0.8)
തുല്യത ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസം
എല്ലാവര്‍ക്കും പ്രാപ്യമായ തുല്യ അവസരങ്ങള്‍ ഉറപ്പു വരുത്തുന്ന രീതിയിലുള്ള വിദ്യാഭ്യാസ പദ്ധതികള്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അഭിമാനമായി കാണുന്ന സമൂഹം. മാന്യമായ വേതനവും ബഹുമാനവും കിട്ടുന്ന, ഡോക്ടറേറ്റ് പോലുള്ള ഉന്നത ബിരുദങ്ങളുള്ള അധ്യാപകര്‍ ഇതെല്ലം ചേര്‍ന്നതാണ് ഫിന്നിഷ് മാതൃക. അധ്യാപകര്‍ക്ക് തങ്ങള്‍ പഠിപ്പിക്കേണ്ട പാഠ്യ ഭാഗങ്ങള്‍, പഠിപ്പിക്കുന്ന രീതി, ഇവയൊക്കെ തീരുമാനിക്കാന്‍ വളരെയധികം സ്വാതന്ത്യ്രമുണ്ട്. പലപ്പോഴും ഒരേ ക്ലാസ് ടീച്ചര്‍ തന്നെ തുടര്‍ച്ചയായ അഞ്ചോ ആരോ വര്ഷം ഒരു ക്ലാസ്സില്‍ തുടര്‍ന്നും ഉണ്ടാകും. അപ്പോള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ഒരു കുട്ടിയെ അത്രേ ടീച്ചര്‍ തന്നെ വര്ഷങ്ങളാലയി പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ വ്യക്തിത്വ പ്രത്യേകതകള്‍ കൂടികണക്കിലെടുത്തു കൊണ്ടുള്ള രീതില്‍ പാഠ്യ പദ്ധതികള്‍ ക്രമീകരിക്കാന്‍ അവസരം കിട്ടുന്നു. ഇത് പഠന ഭാരം വളരെയധികം ലഘൂകരിക്കാനും സഹായിക്കുന്നു. പരീക്ഷകള്‍ എപ്പോഴും എത്ര ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കി എന്നതിലേക്ക് മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് അതനുസരിച്ചു വേണ്ട വിധത്തില്‍ പഠന മാതൃകകള്‍ തയ്യാറാക്കാനും കഴിയുന്നു.
കുട്ടികളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പഠന രീതികള്‍
വിശ്വസ്തത ഫിനിഷ് സമൂഹത്തിന്റെ മുഖമുദ്രയാണ്. കുട്ടികളെയും ചെറുതിലെ വിശ്വസിയ്ക്കാന്‍ തുടങ്ങുന്നു, ഒരു കാര്യം തനിയെ ചെയ്യാന്‍ പഠിപ്പിച്ചു കഴിഞ്ഞാല്‍, അതവര്‍ അനുവര്‍ത്തിക്കുമെന്നു വിശ്വസിക്കുകയും, ആ പ്രതീക്ഷയ്ക്കൊത്തു കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ ക്രമേണ സജ്ജരായിത്തീരുകയും ചെയ്യുന്നു. അതി ശൈത്യമുള്ള ദിവസങ്ങളില്‍ പല അടുക്കുകളായി വേഷവിധാനംചെയ്തു, രണ്ടു മൂന്നു കയ്യുറകളും കാലുറകളും ഒന്നിന് മേലെ ഒന്നായി അണിഞ്ഞു തൊപ്പിയും ഷാളും കോട്ടുമണിഞ്ഞു മഞ്ഞില്‍ കളിക്കുന്ന കുട്ടികള്‍ സ്ഥിരം കാഴ്ചയാണ്. സ്‌കൂളിലേക്കെത്തുമ്പോള്‍ വ്യക്തിഗതമായ ശ്രദ്ധ എല്ലാ കുട്ടികളിലേക്കുമെതിക്കാന്‍ ഒന്നോ രണ്ടോ അധ്യാപകര്‍ക്ക് കഴിയണമെന്നില്ല എന്നത് കൊണ്ട് തന്നെ പ്രീസ്‌കൂള്‍ ആകുംമ്പോഴേക്കും തനിയെ ഇതെല്ലാം ചെയ്യാന്‍ അവര്‍ പഠിച്ചിരിക്കും. തങ്ങള്‍ ജീവിത വിജയത്തിന് വേണ്ട പ്രധാന പാഠങ്ങളായ സ്വയം പര്യാപ്തതയും ഉത്തരവാദിത്വ ബോധവും ആര്ജിക്കുകയാണെന്നു പ്രത്യക്ഷത്തില്‍ മനസിലാക്കാതെ തന്നെ അതിന്റെ ബാലപാഠങ്ങള്‍ കുട്ടികളിലേക്കെത്തുന്നു. ഭക്ഷണം കഴിക്കുന്നത് മുതല്‍ ദൈനം ദിന കാര്യങ്ങള്‍ക്കു വരെ സ്പൂണ്‍ ഫീഡിങ് ചെയ്തു വളര്‍ത്തിയെടുക്കുന്ന തലമുറയല്ല എന്ന് സാരം.

ക്ലാസ് മുറികളില്‍ അവസാനിക്കാത്ത ആശയങ്ങള്‍
വളരെ കൂടുതല്‍ വനമേഖല ഉണ്ടെന്ന്അഭിമാനിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. പ്രകൃതിയെയും മരങ്ങളെയും ഭൂമിയെയും സംരക്ഷിക്കുക എന്നത്, വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ആഴത്തില്‍ എത്തിക്കാന്‍ പാകത്തിലുള്ള പാഠ്യപദ്ധതികളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം, കാലാവസ്ഥ വ്യതിയാനം ഇവയെകുറിച്ചൊക്കെ ഗവേഷണ നിരീക്ഷണങ്ങളിലൂടെയും ഗ്രൂപ്പ് ആക്ടിവിറ്റികളിലൂടെയും പഠിപ്പിക്കുന്നു. ഗ്രെറ്റ ത്യുന്‍ബെയുടെ സമരത്തെക്കുറിച്ചൊക്കെ ഗാഢമായി ചര്‍ച്ചകള്‍ നടന്നു ഇവിടെയുള്ള സ്‌കൂളുകളില്‍. എന്നാല്‍ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത ക്ലാസ് മുറികള്‍ക്ക് പുറത്തും പഠിച്ചതൊക്കെ പ്രയോഗിക്കാന്‍, അല്ലെങ്കില്‍ അനുവര്‍ത്തിക്കാന്‍ കഴിയുന്ന സമൂഹത്തിലാണ് ഫിന്‍ലന്‍ഡിലെ കുട്ടികള്‍ ജീവിക്കുന്നത് എന്നതിലാണ്. മാലിന്യ ശേഖരണവും സംസ്‌കരണവും വളരെ ഗൗരവമായി കാണുന്ന, കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവയുടെ ഉപയോഗത്തിലൊക്കെ കടുത്ത നിയന്ത്രണങ്ങളുള്ള, സുസ്ഥിര വികസനം എന്നത് പ്രയോഗത്തില്‍ വരുത്തുന്ന രാജ്യമായതു കൊണ്ട് പഠിക്കുന്നതും, അനുവര്‍ത്തിക്കുന്നതും തമ്മില്‍ അന്തരമില്ല. എന്നാല്‍ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചു പഠിച്ചു കഴിഞ്ഞു പുറത്തിറങ്ങി വ്യക്തമായ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ ഇല്ലാത്ത സമൂഹത്തെയുമാണ് അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കില്‍ പഠനത്തിന് തന്നെ പ്രസക്തിയില്ലല്ലോ. ഇത്തരം വിദ്യാഭ്യാസ രീതികള്‍ അവലംബിക്കുമ്പോള്‍ നിറയെ മാലിന്യങ്ങള്‍ നിറഞ്ഞ നിരത്തുകളും, രാസ മാലിന്യങ്ങളും വഹിച്ചൊഴുകുന്ന പുഴകളും ക്ലാസ് മുറികള്‍ക്ക് പുറത്തെ വൈരുധ്യങ്ങളായി മാറാതിരിക്കേണ്ടതിനുള്ള പ്രവര്‍ത്തനങ്ങളും സമാന്തരമായി നടക്കേണ്ടതുണ്ട്
സാങ്കേതിക വിദ്യയുടെ വ്യാപ്തിയും ലഭ്യതയും
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അഥവാ വിവര സാംകേതിക വിനിമയ മാർഗ്ഗങ്ങൾ വളരെ വികസിച്ച രാജ്യമാണ് ഫിന്‍ലന്‍ഡ്. ഒന്നാം ക്ലാസ്സു മുതല്‍ തന്നെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരിചയപ്പെടാനും പഠനത്തിനായി ഉപയോഗിക്കാനും അവസരമുണ്ട്. ഏറ്റവും പുതിയ ഏതു സാങ്കേതിക വിദ്യയേയും മുന്‍വിധികള്‍ കൂടാതെ സ്വീകരിക്കാനുള്ള മനോഭാവമാണ് ഇതിന്റെ കാരണം. കോറോണക്കാലത്തു ലോകമെമ്പാടും സംഭവിച്ച ഡിജിറ്റല്‍ പഠന വിപ്ലവത്തില്‍ ഫിന്‍ലന്‍ഡും മുന്നിട്ടു തന്നെ നില്കുന്നു. സ്‌കൂളിലും സര്‍വകലാശാല തലത്തിലും സാധ്യമായ എല്ലാ സാങ്കേതിക വിദ്യയും അവലംബിച്ചാണ് വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. മുന്‍പ് സൂചിപ്പിച്ചതു പോലെ, ഡിജിറ്റല്‍ ഡിവൈഡ് വളരെ കുറഞ്ഞ രാജ്യമായതു കൊണ്ട് ഫിന്‌ലാന്ഡില് വളരെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്ന ഈ വസ്തുത, കാര്യക്ഷമവും എല്ലാവര്ക്കും പ്രാപ്തവുമായ ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രൂക്ച്ചര്‍ ഉണ്ടാക്കാതെ അവലംബിക്കുക ബുദ്ധിമുട്ടായിരിക്കും.അടിസ്ഥാന മേഖലയെ ശക്തിപെടുത്തിയിട്ടു മാത്രമേ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ.
മാതൃഭാഷയുടെ പ്രാധാന്യം വിദ്യാഭ്യാസത്തില്‍
കേള്‍ക്കുമ്പോള്‍ വളരെ ആദര്‍ശപരമെന്നു തോന്നുന്ന ഫിന്‍ലന്‍ഡില്‍ വളരെ വിജയകരമെന്ന് പ്രകീര്‍ത്തിക്കപ്പെടുന്നതാണ് പൂര്‍ണമായും മാതൃഭാഷയില്‍ തന്നെ എത്ര ഉയര്‍ന്ന ബിരുദം വരെയും പഠിക്കാനുള്ള സൗകര്യം. ചെറിയ ക്ലാസ്സു മുതല്‍ ഡോക്ടറേറ്റ് ഡിഗ്രി വരെ ഫിന്നിഷ് ഭാഷയില്‍ പഠിക്കാന്‍ ഇവിടെ സാധ്യമാണ്. പ്രത്യേകമായി പറഞ്ഞാല്‍ മെഡിക്കല്‍ ബിരുദവും അതിനോടനുബന്ധിച്ചുള്ള പഠനവും മുഴുവന്‍ ഫിനിഷിലോ, മറ്റൊരു ഔദ്യോഗിക ഭാഷയായ സ്വീഡിഷിലോ മാത്രമേയുള്ളൂ. ഇനി മറ്റു ഭാഷകളാണ് മാതൃഭാഷയെങ്കില്‍, ഒരു നിശ്ചിത എണ്ണം കുട്ടികള്‍ ഉണ്ടെങ്കില്‍ സ്വന്തം മാതൃഭാഷ ഒരു അധിക ഭാഷയായി പഠിക്കാനുള്ള സൗകര്യവും ഫിന്‍ലന്‍ഡിലുണ്ട്. ഫിന്‍ലന്‍ഡിന്റ പ്രത്യേക സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളില്‍ മാതൃഭാഷയിലുള്ള ഉന്നത പഠനം വിജയകരമായി മുന്നോട്ടു പോകുന്നുവെങ്കിലും ശക്തമായ ആഭ്യന്തര തൊഴില്‍ വിപണി നിലവിലില്ലാത്ത കേരളം പോലെയുള്ള സ്ഥലങ്ങളില്‍ പ്രയോഗികതയ്ക്കു ഊന്നല്‍ നല്‍കി മാത്രമേ ഭാഷയുടെ അടിസ്ഥാനത്തിലുള്ള പാഠ്യ പദ്ധതി നവീകരണങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളൂ.
.jpg?$p=daee72f&&q=0.8)
തിരിച്ചറിയപ്പെടാതെ പോകുന്ന പ്രതിഭകള്‍
ഫിന്നിഷ് വിദ്യഭ്യാസം അതിന്റെ എല്ലാ മേന്മകളോടെയും തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ വിമര്‍ശനത്തിനും പാത്രമാകുന്നുണ്ട്. അഭിലാഷം (അംബീഷന്‍) എന്നതിന് തീരെ പ്രാധാന്യം കൊടുക്കാത്ത സമൂഹത്തില്‍, അസാധാരണമായ കഴിവുകളുള്ളവരെ (ഗിഫ്റ്റഡ് ചില്‍ഡ്രന്‍) കണ്ടെത്തി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനുതകുന്ന രീതിയില്‍ വികസിപ്പിക്കാന്‍ കാര്യമായിട്ടൊന്നും പാഠ്യ പദ്ധതികളില്‍ ഉള്‍കൊള്ളിച്ചിട്ടില്ല എന്നതാണത്. മറ്റു രാജ്യങ്ങളില്‍ ഏറ്റവും കഴിവുള്ളവരെ കണ്ടെത്തി പ്രത്യേകപരിശീലനം കൊടുക്കുന്ന പദ്ധതികളോ, മത്സര പരീക്ഷകളോ ഇവിടെ തീരെയില്ല എന്ന് തന്നെ പറയാം. വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള നിലവാരത്തിനെ ഇത് ബാധിക്കുന്നില്ലെങ്കിലും, തങ്ങള്‍ക്കു വെല്ലു വിളിയുയര്‍ത്തുന്ന ചോദ്യങ്ങളോ, പ്രൊജെക്ടുകളോ ചെയ്യാന്‍ പറ്റാതെ, പഠനം തന്നെ മടുത്തു പോകാന്‍ സാധ്യതയുള്ള ഒരു ചെറിയ ശതമാനം കുട്ടികളെങ്കിലും, സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ ഡ്രോപ്പ് ഔട്ട് ആകുന്ന സാഹചര്യങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഉണ്ടാകുന്നുണ്ട് എന്നത് പറയാതിരിക്കാന്‍ പറ്റില്ല. എന്നാല്‍ ഈ രീതിയുടെ (അപ്പ്രോച്ച്) ഗുണഫലമാണ് ഏകരൂപ സ്വഭാവമുള്ള ഫിന്നിഷ് സമൂഹം.
ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് പഠിക്കാനും നടപ്പില്‍ വരുത്താനും പറ്റുന്ന തരത്തിലുള്ള ഏറെകാര്യങ്ങള്‍ ഉള്‍കൊള്ളുന്ന പാഠ്യ രീതി തന്നെയാണ് ഫിന്‍ലന്‍ഡിലേത്. എന്നാല്‍ ആഴത്തിലുള്ള പഠനവും, പരിശീലനം ലഭിച്ച അധ്യാപകരും കേവലം കാണാപ്പാഠം പഠിക്കുന്നതില്‍ നിന്ന് മാറി കാര്യങ്ങള്‍ ചെയ്തു പഠിക്കുന്ന, ഉത്തരവാദിത്വത്തോടെ ടീം ആക്ടിവിറ്റീസ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ സമഗ്രമായ അഴിച്ചുപണിയിലേയ്ക്ക് പോയാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ .
(ഫിന്ലാന്ഡിലെ ഓളു സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി ഓഫ് സയന്‍സില്‍ അധ്യാപനം, ഗവേഷണം, മെന്ററിങ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് ലേഖിക. കല്‍പാക്കം ഇന്ദിര ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസേര്‍ച്ചില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
Content Highlights: How Finnish education possible in Kerala and why?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..