ഉന്നതപഠന സ്ഥാപനങ്ങളിലെ ഇന്റഗ്രേറ്റഡ് കോഴ്സുകളും പ്രവേശന യോഗ്യതയും


ഗോപകുമാര്‍ കാരക്കോണം

അഭിരുചിക്കിണങ്ങിയ പഠന മേഖല തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ വാതില്‍ തുറന്നിരിക്കുന്ന പ്രധാനപ്പെട്ട ചില ഉന്നത പഠന സ്ഥാപനങ്ങളെക്കുറിച്ച് അറിയാം

പ്ലസ്ടു/ ബിരുദ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കായി ഇന്ന് ബിരുദ/ ബിരുദാനന്തര തലത്തില്‍ നിരവധി സാധ്യതകളാണ് മുന്നിലുള്ളത്. ദേശീയ തലത്തില്‍ വിവിധ കേന്ദ്രസര്‍വകലാശാലകളിലും ഉന്നതപഠന കേന്ദ്രങ്ങളിലുമുള്ള അവസരങ്ങള്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ കൃത്യമായി അറിയാറില്ലെന്നതാണ് വാസ്തവം. സ്വന്തം അഭിരുചിക്കിണങ്ങിയ പഠന മേഖല തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ വാതില്‍ തുറന്നിരിക്കുന്ന പ്രധാനപ്പെട്ട ചില ഉന്നത പഠന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

*ഹൈദരാബാദ് സര്‍വകലാശാല: ഇന്റഗ്രേറ്റഡ്-എം.എസ്‌സി. മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്‌സ്, കെമിക്കല്‍ സയന്‍സസ്, സിസ്റ്റംസ് ബയോളജി, ഓപ്‌ടോമെട്രി ആന്‍ഡ് വിഷന്‍ സയന്‍സസ്, ഹെല്‍ത്ത് സൈക്കോളജി, എര്‍ത്ത് സയന്‍സ്, അപ്ലൈഡ് ജിയോളജി, എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ്.

എം.എ.ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്. യോഗ്യത: അക്കാദമിക് മികവോടെ ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു. ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷയിലൂടെയാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് http://acad.uohyd.ac.in കാണുക.

* സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാട്, തിരുവരൂര്‍: ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകള്‍ (5 വര്‍ഷം)-വിഷയങ്ങള്‍- കെമിസ്ട്രി, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇന്റഗ്രേറ്റഡ് എം.എ.-ഇക്കണോമിക്‌സ്, ഇന്റഗ്രേറ്റഡ് ബി.എസ്സി. ബി.എഡ്.-മാത്തമാറ്റിക്‌സ്. കൂടുതല്‍ വിവരങ്ങള്‍ www.cutn.ac.in സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിലൂടെ (CUCET) യാണ് പ്രവേശനം.

* ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്, ജാദവ്പുര്‍, കൊല്‍ക്കത്ത (കല്പിത സര്‍വകലാശാല): കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമാണിത്. കോഴ്‌സ്-ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്‌സ്-മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സയന്‍സ് (5 വര്‍ഷം) വിഷയങ്ങള്‍-ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോളജി. യോഗ്യത: ശാസ്ത്രവിഷയങ്ങളോടെ പ്ലസ്ടുപരീക്ഷ 60% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ (സംവരണവിഭാഗങ്ങള്‍ക്ക് 55% മതി) വിജയിച്ചിരിക്കണം. സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 60 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iacs.res.in കാണുക.

പോണ്ടിച്ചേരി സര്‍വകലാശാല: എം.എ./എം.എസ്‌സി. (പ്ലസ്ടുകാര്‍ക്കായുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍)-അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷയിലൂടെയാണ് അഡ്മിഷന്‍. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് പ്രവേശനപ്പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pondiuni.edu.in സന്ദര്‍ശിക്കാം.

* ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്): കാമ്പസുകള്‍ പിലാനി, ഹൈദരാബാദ്, ഗോവ, ദുബായ് എന്നിവിടങ്ങളിലാണ്. ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്. ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ്. ഡിസിപ്ലിനുകളിലാണ് പഠനാവസരം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബിറ്റ്‌സ് അഡ്മിഷന്‍ ടെസ്റ്റിലൂടെയാണ് (ബിറ്റ്‌സാറ്റ്) പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www.bitsadmission.com-ല്‍ ബന്ധപ്പെടാം.

* ഡോ. ബി.ആര്‍.അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ബെംഗളൂരു: പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. (ഇക്കണോമിക്‌സ്) ഫുള്‍ടൈം റെസിഡെന്‍ഷ്യല്‍ കോഴ്‌സാണിത്. മൂന്നുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദം നേടി ആവശ്യമെങ്കില്‍ പുറത്തുപോകാം. രണ്ടുവര്‍ഷത്തെ പഠനംകൂടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.എസ്സി. ബിരുദം സമ്മാനിക്കും.
പ്രവേശനയോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 65% (SC/ST വിദ്യാര്‍ഥികള്‍ക്ക് 60% മതി) മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.base.ac.in സന്ദര്‍ശിക്കുക. പ്രവേശനം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് (CUCET).

* ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബിറ്റ്) മെശ്ര, റാഞ്ചി: പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി.-കെമിസ്ട്രി, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്, ഫിസിക്‌സ്, ഫുഡ് ടെക്‌നോളജി-ആറ് സെമസ്റ്ററുകള്‍ പിന്നിടുമ്പോള്‍ പരീക്ഷകളെല്ലാം വിജയിക്കുന്നവര്‍ക്ക് ബി.എസ്സി. ബിരുദം ലഭിക്കും. തുടര്‍ന്ന് എം.എസ്സി. പഠനം പൂര്‍ത്തിയാക്കാം. പ്രവേശനത്തിന് ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന് മുന്‍തൂക്കം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bitmesra.ac.in കാണുക.

ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം

ഇന്ദോറിലും രോഹ്തക്കിലും ഉള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐ.ഐ.എമ്മുകളില്‍) സമര്‍ഥരായ പ്ലസ്ടുവിദ്യാര്‍ഥികള്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമില്‍ (ഐ.പി.എം.) ഉപരിപഠനം നടത്തും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. SC/ST/PWD വിഷയങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക് മതി.
ദേശീയതലത്തില്‍ നടത്തുന്ന ഐ.പി.എം. അഭിരുചിപരീക്ഷ (IPMAT), വ്യക്തിഗത അഭിരുചി/റിട്ടണ്‍ എബിലിറ്റി ടെസ്റ്റ് (WAT) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
പഠിച്ചിറങ്ങുന്നവര്‍ക്ക് ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (മാനേജ്‌മെന്റ് ഫൗണ്ടേഷന്‍), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) എന്നിങ്ങനെ ഇരട്ടബിരുദങ്ങള്‍ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimidr.ac.in, www.iimrohtak.ac.in സന്ദര്‍ശിക്കുക.

ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി കോഴ്‌സ്

ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടി (എക്‌സിക്യുട്ടീവ്) കോഴ്‌സ് പഠിക്കാന്‍ പ്ലസ്ടുകാര്‍ക്കും അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ICSI) നവിമുംബൈയിലുള്ള സെന്റര്‍ ഫോര്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (CCGRT) സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഈ ഫുള്‍ടൈം കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 1 മുതല്‍ 20 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://icsi.edu/ccgrt/home-ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ.

പ്രവേശന യോഗ്യത: സീനിയര്‍ സെക്കന്‍ഡറി/ പ്ലസ്ടു തത്തുല്യ പരീക്ഷ പാസായിരിക്കണം. കമ്പനി സെക്രട്ടറി എക്‌സിക്യുട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (CSEET) പാസാകണം. എന്നാല്‍ CA/CMA/CS ഫൗണ്ടേഷന്‍ കോഴ്‌സ് പാസായിട്ടുള്ളവര്‍ CSEET യോഗ്യത നേടേണ്ടതില്ല.
മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഓഗസ്റ്റ് 25-ന് ഗ്രൂപ്പ്ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍. ഓഗസ്റ്റ് 30-ന് ഫലപ്രഖ്യാപനമുണ്ടാവും. സെപ്റ്റംബര്‍ 5-നകം ഫീസ് അടച്ച് അഡ്മിഷന്‍ നേടാം. സെപ്റ്റംബര്‍ 10-ന് ക്ലാസ് തുടങ്ങും.

ഒരുവര്‍ഷമാണ് പഠനകാലയളവ്. സീറ്റുകള്‍ 50. കോഴ്‌സ് ഫീസ് രണ്ടുലക്ഷംരൂപ. രണ്ട് ഗഡുക്കളായി അടയ്ക്കാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icsi.edu/ccgrt സന്ദര്‍ശിക്കുക.

ദേശീയ നിയമസര്‍വകലാശാലകളില്‍ സംയോജിത നിയമ പഠനം

നിയമരംഗത്ത് മികച്ച കരിയറിന് വഴിയൊരുക്കുന്ന നിലവാരമുള്ള പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകളാണ് ദേശീയ നിയമസര്‍വകലാശാലകളിലുള്ളത്. 22 നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകളില്‍ BA LLB, BA/BSc LLB, BBA LLB, B.Com LLB, BSW LLB (Hons) എന്നിവ ഉള്‍പ്പെടുന്ന ഈ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിലൂടെയാണ് (ക്ലാറ്റ്) പ്രവേശനം.

യുക്തിചിന്ത, വാക്ചാതുരി, ആശയവിനിമയശേഷി, സംവാദനക്ഷമത, അപഗ്രഥനപാടവം എന്നിവയൊക്കെയുള്ള ചെറുപ്പക്കാര്‍ക്കാണ് നിയമപഠനം ഏറെ അനുയോജ്യം. അഭിഭാഷകന്റെ കുപ്പായം അണിയുന്നതിനും ന്യായാധിപനാകാനുമൊക്കെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നിയമബിരുദം വേണം.

'ക്ലാറ്റ് യുജി' അഭിമുഖീകരിക്കുന്നതിന് 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ളസ്ടു/തത്തുല്യ പരീക്ഷ പാസായിരുന്നാല്‍മതി. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 40% മാര്‍ക്ക് മതി. പ്രായപരിധിയില്ല.
ഒബ്‌ജെക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ക്ലാറ്റ് യുജിയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, കറന്റ് അഫെയേഴ്‌സ് ആന്‍ഡ് ജനറല്‍ നോളജ്, ലീഗല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് മേഖലകളിലായി 150 ചോദ്യങ്ങളുണ്ടാവും.

ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതം. ഉത്തരം തെറ്റാണെങ്കില്‍ കാല്‍ മാര്‍ക്ക് (0.25) വീതം കുറയും. ടെസ്റ്റിന് പരമാവധി രണ്ടുമണിക്കൂര്‍ സമയം അനുവദിക്കും. കേരളം ഉള്‍പ്പെടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ചാവും പരീക്ഷ നടത്തുക.

പഠനാവസരമൊരുക്കുന്ന ദേശീയ നിയമസര്‍വകലാശാലകളും നിയമബിരുദ കോഴ്‌സില്‍ ലഭ്യമായ സീറ്റുകളും ചുവടെ-

* നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂഡല്‍ഹി), കൊച്ചി (www.nuals.ac.in)-60 സീറ്റ്.
* നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, ബെംഗളൂരു (www.nls.ac.in)-80 സീറ്റ്
* നല്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ, ഹൈദരാബാദ് (www.nalser.ac.in)-108 സീറ്റ്
* നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി, ഭോപ്പാല്‍ (www.nliu.ac.in)-122 സീറ്റ്
* വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസ്, കൊല്‍ക്കത്ത (www.nujs.edu)
- നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ജോധ്പുര്‍ (www.nlujodhpur.ac.in)-115 സീറ്റ്
* ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, റായ്പുര്‍ (www.hnlu.ac.in)-160 സീറ്റ്
* ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍ (www.gnlu.ac.in)-180 സീറ്റ്
* ഡോ. റാംമനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ലഖ്‌നൗ (www.rmlulu-ac.in)
* രാജീവ്ഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ, പഞ്ചാബ് (www.rgnul.ac.in)-180 സീറ്റ്
* ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, പട്‌ന (www.cnlu.ac.in)-140 സീറ്റ്
* നാണല്‍ ലോ യൂണിവേഴ്‌സിറ്റി, ഒഡിഷ (www.nlyo.ac.in)-180 സീറ്റ്
* നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോ, റാഞ്ചി (www.nusrlranchi.in)
* നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ആന്‍ഡ് ജുഡീഷ്യല്‍ അക്കാദമി, അസം (www.nluassam.ac.in)
* ദാമോദരം സംജീവയ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, വിശാഖപട്ടണം (www.dnslu.ac.in)
* മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, മുംബൈ (www.mnlumumbai.edu.in)
* മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, നാഗ്പുര്‍ (www.nlynagpur.ac.in)
മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഔറംഗാബാദ് (www.mnlu.ac.in)
* ഹിമാചല്‍പ്രദേശ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഷിംല (ww.hpnlu.ac.in)
* ധമശാസ്ത്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ജബല്‍പുര്‍ (www.mpdnlu.ac.in)
* ഡോ. ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, റായ്, സോനിപത്ത്, ഹരിയാന (www.dbranlu.ac.in)
* തമിഴ്‌നാട് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, തിരുച്ചിറപ്പള്ളി (www.tnnlu.ac.in)

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഡല്‍ഹി

നാഷണല്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹിയിലും BA LLB(Hons) കോഴ്‌സില്‍ പ്രവേശനമുണ്ട്. ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് സെലക്ഷന്‍. കേരളത്തില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്.
പഠനകാലാവധി 5 വര്‍ഷം. സീറ്റുകള്‍ 120. യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. 50% സീറ്റുകള്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nludelhi.ac.in സന്ദര്‍ശിക്കുക.

ടീച്ചര്‍ എഡ്യുക്കേഷന്‍

എന്‍.സി.ഇ.ആര്‍.ടി.യുടെ കീഴിലുള്ള മൈസൂരു, അജ്മീര്‍, ഭോപാല്‍, ഭുവനേശ്വര്‍, ഷില്ലോങ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിലും (ആര്‍.ഐ.ഇ.), CIET ന്യൂഡല്‍ഹിയിലും, PSSCIVE ഭോപാലിലും ഇനി പറയുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമുകളില്‍ പ്ലസ്ടുകാര്‍ക്ക് പ്രവേശനമുണ്ട്. ബി.എസ്സി. ബി.എഡ്., നാലുവര്‍ഷം; എം.എസ്സി. എഡ്, ആറുവര്‍ഷം. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണിത്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ബയോളജി/ ബയോടെക്‌നോളജി വിഷയങ്ങളോടെ പ്ളസ്ടു/ തത്തുല്യ പരീക്ഷ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
ബി.എ.ബി.എഡ്, നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം യോഗ്യത- സയന്‍സ്/ കൊമേഴ്‌സ്/ ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. SC/ST/PWD വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5% മാര്‍ക്കിളവ് ലഭിക്കും.
ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. വിശദവിവരങ്ങള്‍ http://cee.ncert.gov.in/ല്‍ ലഭിക്കും.

ബിരുദം കഴിഞ്ഞുള്ള ഇന്റഗ്രേറ്റഡ് പി.ജി.- പിഎച്ച്.ഡി. പഠനം

അക്കാദമിക് മികവോടെ ബിരുദമെടുക്കുന്നവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പി.ജി- പിഎച്ച്.ഡി. പ്രോഗ്രാമുകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് ധാരാളം അവസരങ്ങളുണ്ട്. CSIR-UGC-NET/JRF, GATE മുതലായവയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഗവേഷണപഠനത്തിന് ഫെല്ലോഷിപ്പ്/ സ്‌കോളര്‍ഷിപ്പും ലഭിക്കും. BE/B.Tech/ BPharma/ MBBS മുതലായ യോഗ്യത (55% മാര്‍ക്കില്‍ കുറയരുത്) ഉള്ളവര്‍ക്ക് ടെസ്റ്റുകളില്‍ പങ്കെടുക്കാം.

ഇന്റഗ്രേറ്റഡ് പി.ജി- പിഎച്ച്.ഡി. പ്രോഗ്രാമുകളില്‍ പഠനാവസരം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ ചുവടെ-

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍: ശാസ്ത്ര-സാങ്കേതിക ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും മികച്ച സ്ഥാപനം. ഇവിടെ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമില്‍ ലഭ്യമായ ഡിസിപ്ലിനുകള്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കന്‍ സയന്‍സസ് എന്നിവയാണ്. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ്ക്ലാസ് ബാച്ചിലേഴ്‌സ് ഡിഗ്രിയും 'JAM/JEST' യോഗ്യതയുമുള്ളവര്‍ക്കാണ് പ്രവേശനം. അഭിമുഖം നടത്തിയാണ് സെലക്ഷന്‍. പഠിച്ചിറങ്ങുന്നവര്‍ക്ക് ശാസ്ത്രജ്ഞനായും റിസര്‍ച്ച് ഓഫീസറായും ഫാക്കല്‍റ്റിയായുമൊക്കെ ജോലി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍: www.iisc.ac.in/admissions

* ഐസറുകളില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.: തിരുവനന്തപുരം, ഭോപാല്‍ ഉള്‍പ്പെടെയുള്ള ഐസറുകളില്‍ പഠനാവസരമുണ്ട്.
തിരുവനന്തപുരം ഐസറില്‍ ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസിലും ഭോപാല്‍ ഐസറില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലുമാണ് കോഴ്‌സുള്ളത്. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ 16.0 CGPAയില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ഐ.ടി. ജാം യോഗ്യതയും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iisertvm.ac.in, www.iiserb.ac.in വെബ്‌പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കുക.

* നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍): ഇന്റഗ്രേറ്റഡ് എം.എസ്സി.-പിഎച്ച്.ഡി. പ്രോഗ്രാം ടെസ്റ്റ്/ വ്യക്തിഗത അഭിമുഖം വഴിയാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.niser.ac.in കാണുക.

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സ് (കോറമംഗ്ല, ബെംഗളൂരു), ഇന്റഗ്രേറ്റഡ് എം.ടെക് പിഎച്ച്.ഡി. (ടെക്). കൊല്‍ക്കത്ത വാഴ്‌സിറ്റിയുടെ അപ്ലൈഡ് ഓപ്ട്രിക്സ് ആന്‍ഡ് ഫോട്ടോണിക്സ് വകുപ്പുമായി സഹകരിച്ചാണ് അസ്‌ട്രോണമിക്കല്‍ ഇന്‍സ്ട്രുമെന്റേഷനില്‍ പ്രോഗ്രാം നടത്തുന്നത്. രണ്ടുവര്‍ഷത്തെ എം.ടെക് പഠനം പൂര്‍ത്തിയാക്കി പിഎച്ച്.ഡി. (ടെക്)യ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
യോഗ്യത: അക്കാദമിക് മികവോടെയുള്ള ബി.ഇ./ബി.ടെക് ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ എം.എസ്സി. ഫിസിക്സ്/ ഇലക്ട്രോണിക് സയന്‍സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്/ അപ്ലൈഡ് ഫിസിക്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiap.res.in സന്ദര്‍ശിക്കുക.

* ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ജക്കൂര്‍, ബെംഗളൂരു: പിഎച്ച്.ഡി./ എം.എസ്. എന്‍ജിനീയറിങ്/ എം.എസ്. റിസര്‍ച്ച് (സയന്‍സ്).

യോഗ്യത: എം.എസ്‌സി./ ബി.ഇ./ ബി.ടെക്/ എം.ഇ./ എം.ടെക്/ MBBS/ MD 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള GATE/ JEST/ GPAT/ UGC-CSIR NET/ JRF/ ICMR/ DBT/ INSPIRE- JRF സ്‌കോര്‍/ യോഗ്യത നേടിയിരിക്കണം. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഇന്‍ മെറ്റീരിയല്‍സ് സയന്‍സ്. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്സി., ജാം യോഗ്യത നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.incasr.ac.in/admitല്‍ ലഭിക്കും.

* ഐ.ഐ.ടി. മദ്രാസ്: ഡയറക്ട് പിഎച്ച്.ഡി./എം.എസ്. (റിസര്‍ച്ച്) പ്രോഗ്രാം. വിവരങ്ങള്‍ക്ക് https://research.iitm.ac.in.
* ഐ.ഐ.ടി. ബോംബെ: ഡ്യുവല്‍ ഡിഗ്രി എം.ടെക് + പിഎച്ച്.ഡി. പ്രോഗ്രാം. വിവരങ്ങള്‍ക്ക്: www.iitb.ac.in
* റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഫരീദാബാദ്: ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. (എം.എസ്‌സി.- പിഎച്ച്.ഡി.), ബയോടെക്‌നോളജിയിലാണ് ഗവേഷണപഠനാവസരം. സീറ്റുകള്‍ 20. യോഗ്യത: സയന്‍സ്/ എന്‍ജിനീയറിങ്/മെഡിസിനില്‍ മൊത്തം 60% മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദം. SC/ST/OBC-NCL/PWD വിഭാഗങ്ങള്‍ക്ക് 55% മാര്‍ക്ക് മതി. JGEEBILS യോഗ്യത നേടിയവരാകണം. വിവരങ്ങള്‍ക്ക് www.rcb.res.in

ഐ.ഐ.എസ്‌സി.യില്‍ ബി.എസ്. റിസര്‍ച്ച്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്‌സി.) ബെംഗളൂരു ശാസ്ത്രവിഷയങ്ങളില്‍ സമര്‍ഥരായ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി 4 വര്‍ഷത്തെ ബി.എസ്. (ബാച്ചിലര്‍ ഓഫ് സയന്‍സ്) റിസര്‍ച്ച് പ്രോഗ്രാം നടത്തുന്നുണ്ട്. ഗവേഷണ പ്രാമുഖ്യമുള്ള ഇന്റര്‍ ഡിസിപ്ലിനറി ശാസ്ത്രവിഷയങ്ങളടങ്ങിയ ഈ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഞ്ചാംവര്‍ഷം എം.എസ്സി. പ്രോഗ്രാമില്‍ തുടര്‍പഠനത്തിന് അവസരമുണ്ട്. അക്കാദമിക്, ഇന്‍ഡസ്ട്രി മേഖലയിലും മറ്റും മികച്ച കരിയറിന് വഴിയൊരുക്കുന്ന പാഠ്യപദ്ധതിയാണിത്. ശാസ്ത്രജ്ഞരാകന്‍ ഏറെ അനുയോജ്യം.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളായി പഠിച്ച് മൊത്തം 60% മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി.
KVPY-SA/SB/SX, JEE Main/ Advanced, NEET-UG യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iisc.ac.in/ug സന്ദര്‍ശിക്കുക.

നൈസറിലും 'UM-DAE CEBS'ലും ഇന്റഗ്രേറ്റഡ് എം.എസ്‌സി.

ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) മുംബൈയിലെ വാഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസും (UM, DAE, CEBS) പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്‌സ് നടത്തുന്നുണ്ട്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിലാണ് പഠനാവസരം. നാഷണല്‍ സ്‌ക്രീനിങ് ടെസ്റ്റിലൂടെയാണ് (നെസ്റ്റ്) പ്രവേശനം. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം ടെസ്റ്റ് സെന്ററുകളാണ്.
യോഗ്യത: ശാസ്ത്രവിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 60% (SC/ST/PWDകാര്‍ക്ക് 55%) മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.

നൈസറില്‍ 200 സീറ്റുകളും UM/DAE/CEBSല്‍ 57 സീറ്റുകളുമുണ്ട്. കേന്ദ്ര ആണവോര്‍ജവകുപ്പിന് കീഴിലാണ് നൈസര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nestexam.in, www.nisor.ac.in വെബ്‌പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കാം. UM-DAE-CEBS വിവരശേഖരണത്തിന് www.cbs.ac.in-ല്‍ ബന്ധപ്പെടാം. പഠിച്ചിറങ്ങുന്നവര്‍ക്ക് അക്കാദമിക്, ഗവേഷണ മേഖലകളില്‍ തൊഴിലവസരം.