പ്രതീകാത്മക ചിത്രം | Photo: canva.com
രാസപ്രവര്‍ത്തനങ്ങള്‍ രസതന്ത്ര ലബോറട്ടറിയില്‍ മാത്രമല്ല നടക്കുന്നത്, ജീവജാലങ്ങളിലെല്ലാം കോടിക്കണക്കിന് രാസപ്രവര്‍ത്തനങ്ങളാണ് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്. വളരുന്നതും ഭക്ഷണം ദഹിക്കുന്നതും ശ്വസനവും എല്ലാം ഇവയില്‍ ചിലതുമാത്രം. നാം ഇവയൊന്നും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
വായുശ്വസനവും അവായുശ്വസനവും
കാര്‍ബണ്‍ഡയോക്‌സൈഡും ജലവും കൂടിച്ചേര്‍ന്ന് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സസ്യങ്ങള്‍ നിര്‍മിക്കുന്ന അന്നജമാണ് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ ആഹാരം. ഈ രാസപ്രവര്‍ത്തനമാണ് പ്രകാശസംശ്ലേഷണമെന്ന് കൂട്ടുകാര്‍ക്കറിയാം. ജീവികള്‍ ഈ അന്നജത്തില്‍നിന്നാണ് അവയ്ക്കാവശ്യമായ ഊര്‍ജം നിര്‍മിക്കുന്നത്. ഇതാകട്ടെ പ്രകാശസംശ്ലേഷണത്തിന് വിപരീതമായ രാസപ്രവര്‍ത്തനമാണ്. ജീവികളിലെ കോശങ്ങളില്‍ ഗ്ലൂക്കോസ് ഓക്‌സിജനുമായിചേര്‍ന്ന് ഊര്‍ജവും കാര്‍ബണ്‍ഡയോക്‌സൈഡും ജലവും നിര്‍മിക്കുന്നു. ഇവിടെ നടക്കുന്ന പ്രവര്‍ത്തനം ഓക്‌സിജന്റെ സാന്നിധ്യത്തിലായതിനാല്‍ വായുശ്വസനം (Aerobic Respiration) എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, പാലില്‍നിന്ന് തൈര് ഉണ്ടാക്കുന്നതും യീസ്റ്റിന്റെ പ്രവര്‍ത്തനഫലമായി ഗ്ലൂക്കോസില്‍നിന്ന് എഥനോള്‍, കാര്‍ബണ്‍ഡയോക്‌സൈഡ്, ഊര്‍ജം എന്നിവ ഉണ്ടാകുന്ന പ്രവര്‍ത്തനവുമെല്ലാം ഓക്‌സിജന്റെ സാന്നിധ്യമില്ലാതെയാണ്. ഇതിനെ അവായുശ്വസനം (Anaerobic respiration) എന്നാണ് വിളിക്കുന്നത്. അവായുശ്വസനം നടത്താന്‍ സഹായിക്കുന്നത് രാസാഗ്‌നികള്‍ (Enzymes) ആണ്. അവായു ശ്വസനത്തില്‍ പുറത്തുവിടുന്ന ഊര്‍ജം വായുശ്വസനത്തെ അപേക്ഷിച്ച് കുറവാണെങ്കിലും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഊര്‍ജം നിര്‍മിക്കാന്‍ ശരീരം അവായുശ്വസനമാണ് ഉപയോഗിക്കുന്നത്. അവായുശ്വസനത്തിലെ ഉപോത്പന്നമാണ് എഥനോള്‍/ലാക്ടിക് ആസിഡ്. കഠിനവ്യായാമം ചെയ്തുകഴിഞ്ഞാല്‍ പേശിവേദന അനുഭവപ്പെട്ടിട്ടുണ്ടാകുമല്ലോ. ഇതിനുകാരണം ഈസമയത്ത് വേണ്ടിവരുന്ന അധിക ഊര്‍ജം അവായുശ്വസനംവഴി നിര്‍മിക്കപ്പെടുന്നതിനാലാണ്. ഇതുവഴി ധാരാളം ലാക്ടിക് ആസിഡ് ഉണ്ടാവുകയും അത് പേശികളില്‍ കെട്ടിക്കിടന്ന് വേദന അനുഭവപ്പെടുകയുംചെയ്യുന്നു.
ദോശയിലെ ദ്വാരം
ബ്രഡിലും പുളിപ്പിച്ച ദോശയിലും പലഹാരങ്ങളിലും ധാരാളം ദ്വാരങ്ങളുള്ളത് ശ്രദ്ധിച്ചുകാണുമല്ലോ? എന്താണിതിനു കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇവിടെയും പുളിപ്പിക്കല്‍പ്രക്രിയ എന്ന അവായുശ്വസനമാണ് നടക്കുന്നത്. പുളിപ്പിക്കല്‍ (Fermentation) നടക്കുമ്പോള്‍ ധാരാളം കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്പാദിപ്പിക്കുന്നു. നാം ബ്രഡ്മാവ്/പുളിപ്പിച്ച മാവ് ചൂടാക്കുന്ന സമയത്ത് ഈ കാര്‍ബണ്‍ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പോകുന്നതിലാണ് ദ്വാരങ്ങള്‍ രൂപപ്പെടുന്നത്.
ഓക്‌സിജന്‍ ശരീരകോശങ്ങളിലെത്തിച്ചേര്‍ന്ന് ഊര്‍ജം ഉത്പാദിപ്പിച്ച് കാര്‍ബണ്‍ഡയോക്‌സൈഡ് പുറംതള്ളുന്ന സങ്കീര്‍ണമായ പ്രവര്‍ത്തനത്തെയാണ് ശ്വസനം (Respiration) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ശ്വാസോച്ഛ്വാസത്തെ ബ്രീത്തിങ് (Breathing) അഥവാ വെന്റിലേഷന്‍ (Ventilation) എന്നാണ് വിളിക്കുന്നത്.
Content Highlights: Have you ever wondered how dosa holes form?
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..