അടിവസ്ത്രം അഴിപ്പിക്കുമ്പോൾ ഓർമ്മിക്കുക: ഈ കുട്ടികൾ പരീക്ഷയാണ് നേരിടുന്നത്‌, യുദ്ധമല്ല


ഭാഗ്യശ്രീഅഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം ഏറ്റവും മികച്ച രീതിയില്‍ ഡെലിവര്‍ ചെയ്യുക എന്ന അതിപ്രധാന കടമ്പയിലാണ് ആ പെണ്‍കുട്ടിക്ക് കാലിടറിയത്.

In-Depth

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികളുടെ അടിവവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. എത്രയോ വര്‍ഷത്തെ പഠനവും അധ്വാനവും, ഒപ്പം തലനിറച്ച് പരീക്ഷാസമ്മര്‍ദവുമായി സെന്ററിലെത്തുന്ന ഒരു കുട്ടിയോട്‌ 'അടിവസ്ത്രമഴിച്ചിട്ട് പരീക്ഷ എഴുതിക്കോളൂ' എന്ന ധാര്‍ഷ്ട്യത്തെ എന്തിന്റെ പേരിലാണ് ന്യായീകരിക്കേണ്ടത്? 'ഞങ്ങള്‍' ഇത്ര 'സ്ട്രിക്ട്' ആയിട്ടാണ് പരീക്ഷ നടത്തിയതെന്ന് ആരെയെക്കെയോ കാണിക്കാനുള്ള നാട്യമാണോ ഇത്‌? ആത്മസംഘര്‍ഷത്തിലായത് പാവം വിദ്യാര്‍ഥികളാണ്.

മികവും ഓര്‍മ്മയും സമന്വയിപ്പിക്കേണ്ട ഇടമാണ് പരീക്ഷാഹാള്‍. ഏറ്റവും സമാധാനപരമായി പരീക്ഷയെ സമീപിക്കുന്നവര്‍ക്ക് മാത്രമാണ് അവിടെ ആധികാരിക വിജയം. നീറ്റ് പോലെ ദേശീയതലത്തില്‍ തന്നെ അതിപ്രധാനമായ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയെ സംബന്ധിച്ച് ഓരോ ചോദ്യവും ഓരോ മാര്‍ക്കും ഓരോ മിനിറ്റും പ്രധാനമാണ്. യുദ്ധക്കളത്തിലേക്കെന്നപോലെ വിദ്യാര്‍ഥികളെ പരീക്ഷാഹാളിലേക്ക് തള്ളിവിടുമ്പോള്‍ അവര്‍ അനുഭവിക്കുന്ന പിരിമുറുക്കത്തെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട്. കൊല്ലത്തെ സംഭവം തന്നെ എടുക്കാം. എട്ടാം ക്ലാസ് മുതല്‍ മെഡിക്കല്‍ പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം പരാതിപ്പെട്ട പെണ്‍കുട്ടി. അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം ഏറ്റവും മികച്ച രീതിയില്‍ പുറത്തെടുക്കുക എന്ന അതിപ്രധാന കടമ്പയിലാണ് ആ പെണ്‍കുട്ടിക്ക് കാലിടറിയത്.

പരീക്ഷാര്‍ഥിയെ ഒരുതരത്തിലും സമ്മര്‍ദത്തിലാക്കാതെ വേണ്ടവിധം പരിശോധനാ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ പരീക്ഷാഹാളില്‍ ആ കുട്ടി വിളറിവെളുത്ത് ഇരിക്കേണ്ടി വരുമായിരുന്നില്ല. അമ്മയുടെ ഷാള്‍ മറവിലാണത്രേ അടിവസ്ത്രം അഴിക്കേണ്ടി വന്നത്. അഴിച്ചുവെച്ചവ സൂക്ഷിക്കാന്‍ കാണിച്ചുകൊടുത്തത് ഒരു ടേബിളും. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പരീക്ഷാ സെന്ററില്‍ ധാരാളം പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവമായിരുന്നു. കരഞ്ഞ് പോയ പെണ്‍കുട്ടികളെ നോക്കി ഇതൊക്കെ സര്‍വ സാധാരണമല്ലേ എന്ന് ഒരു ഇന്‍വിജിലേറ്റര്‍ ചോദിച്ചുവത്രേ! മറിച്ചൊരക്ഷരം പറയാന്‍ പോലുമാകാത്ത വിധം നിസ്സഹയരായിപ്പോയ ആ പെണ്‍കുട്ടികള്‍ എത്ര ദയനീയമായിട്ടായിരിക്കും ആ പരീക്ഷാഹാളില്‍ ഇരുന്നിട്ടുണ്ടാവുക? അവര്‍ക്ക് പിന്നെങ്ങനെയാണ് ആധിയൊഴിയാതെ പരീക്ഷ പൂര്‍ത്തിയാക്കാനാവുക? പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടികളുടെ സ്വത്വത്തെ പോലും അപമാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം.

നീറ്റ് പരീക്ഷയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം ഏറെ വേദനയോടെയാണ് ആ പെണ്‍കുട്ടി പറഞ്ഞത്:

'അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്; പോകുമ്പോള്‍ ഇടാനും സമ്മതിച്ചില്ല'

'ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവര്‍ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ അങ്ങോട്ടേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി അടിവസ്ത്രം മാറണമെന്ന് പുറത്തുനിന്നവര്‍ പറഞ്ഞു. അടിവസ്ത്രം സൂക്ഷിക്കാന്‍ മുറിയില്‍ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാല്‍, അതിനകത്ത് ഒരു മേശമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ അടിവസ്ത്രവും അതില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിക്ക് പുറത്ത് വലിയ തിരക്കായിരുന്നു. ഭാഗ്യം കൊണ്ടാണ് തിരക്കിനിടയില്‍ അടിവസ്ത്രം കിട്ടിയത്. ചില കുട്ടികള്‍ അവിടെ കരയുന്നുണ്ടായിരുന്നു. എല്ലാവരും കൂടി മുറിയിലേക്ക് ഇടിച്ചു കയറിയതോടെ അടിവസ്ത്രം ധരിക്കേണ്ടെന്നും കൈയില്‍ ചുരുട്ടിക്കൊണ്ട് പോകാമെന്നും അവിടെ നിന്നവര്‍ പറഞ്ഞു. ഷാള്‍ ഇല്ലാത്തതിനാല്‍ അടിവസ്ത്രം അഴിച്ചതോടെ മുടി മുന്നിലിട്ട് മറച്ചാണ് പരീക്ഷ എഴുതിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് ഇരുന്നത് വല്ലാത്ത അവസ്ഥയായിരുന്നു.'

നടന്നത് മനുഷ്യവകാശ ലംഘനം

പരീക്ഷാ നടത്തിപ്പിന്റെ പേരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് പെണ്‍കുട്ടിക്ക് നേരെയുണ്ടായത്. സമാനവിഷയത്തില്‍ പരാതിയുമായി മറ്റു ചില പെണ്‍കുട്ടികള്‍ കൂടി എത്തിയതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരീക്ഷാര്‍ഥികളുടെ ദേഹപരിശോധന (ബോഡി ഫ്രിസ്‌കിങ്) ശരീരത്തില്‍ തൊടാതെ പൂര്‍ത്തിയാക്കുകയും സംശയകരമായി തോന്നുന്ന വസ്തുക്കളെ കടത്തിവിടാതിരിക്കുകയുമാണ് പരിശോധകര്‍ ചെയ്യേണ്ടത്. ഹുക്ക് പോലുള്ള ഇത്തരം സംഗതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതെന്താണെന്ന് ഉറപ്പു വരുത്തി വിദ്യാര്‍ഥികളെ കടത്തിവിടാറാണ് പതിവും. ചില പരിശോധകര്‍ പക്ഷേ, ഇതും അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പുകാര്‍ വേണ്ടത്ര ജാഗത്ര പാലിക്കേണ്ടത് ആവശ്യം തന്നെയാണ്. ഒരിക്കലുമത്‌ മനുഷ്യാവകാശ ലംഘനം നടത്തിയോ പരീക്ഷാര്‍ഥികളുടെ സമാധാനം കളഞ്ഞിട്ടോ ആകരുത്. കുട്ടികളെ സംബന്ധിച്ച് അതിനിര്‍ണായകമായ ആ നിമിഷങ്ങളില്‍ ഒരു ചെറിയ വാക്ക് മതി ആത്മവിശ്വാസം അമ്പേ ചോര്‍ന്നു പോകാന്‍.

നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി പറയുന്ന മാനണ്ഡങ്ങള്‍

പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റ് ഏജന്‍സി പറയുന്ന മാനണ്ഡങ്ങള്‍ ഇവയാണ്:

  • ഡ്രസ് കോഡ്: സ്ലിപ്പര്‍, താഴ്ന്ന ഹീലുള്ള ചെരിപ്പ് എന്നിവ ധരിക്കാം. ഷൂ പാടില്ല. വലിയ ബട്ടണുകള്‍ ഉള്ള വസ്ത്രം അനുവദനീയമല്ല. നീണ്ട സ്ലീവുള്ള വസ്ത്രങ്ങളും അനുവദിക്കില്ല. വിശ്വാസകാരണങ്ങളാല്‍ (ആചാരപരമായോ/സാംസ്‌കാരികമായോ/മതപരമായോ) എന്തെങ്കിലും സാമഗ്രികള്‍/വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
  • കൊണ്ടുപോകാന്‍ പാടില്ലാത്തത് : പേപ്പര്‍ത്തുണ്ടുകള്‍, ജോമെട്രി ബോക്സ്, പെന്‍സില്‍ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാല്‍ക്കുലേറ്റര്‍, പേന, സ്‌കെയില്‍, റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ്, ഇറേസര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് പെന്‍/സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ് വാലറ്റ്, ഗൂഗിള്‍സ്, ഹാന്‍ഡ് ബാഗ്, ബെല്‍റ്റ്, ക്യാപ്പ്, വാച്ച്, റിസ്റ്റ് വാച്ച്, ബ്രെയ്‌സ്‌ലെറ്റ്‌, ക്യാമറ, ആഭരണങ്ങള്‍, മെറ്റാലിക് സാമഗ്രികള്‍, ആഹാരപദാര്‍ഥങ്ങള്‍ (തുറന്നതോ പാക്കറ്റിലുള്ളതോ), വാട്ടര്‍ബോട്ടില്‍.
അടിവസ്ത്ര പരിശോധന എന്‍.ടി.എ പറഞ്ഞിട്ടുണ്ടോ?

ഡ്രസ് കോഡിലെവിടെയും ബ്രാ ഹുക്കിനെപ്പറ്റി പറഞ്ഞിട്ടില്ല. കൊണ്ടുപോകരുതാത്തവയില്‍ ലോഹസാമഗ്രികള്‍ എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇതാണ് പരിശോധകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ അവ്യക്തതയുണ്ടാക്കുന്നതും. മെറ്റല്‍ സാമഗ്രികള്‍ എന്നതില്‍ സേഫ്റ്റിപിന്‍ മുതല്‍ ഹെയര്‍പിന്‍ വരെ ഉള്‍പ്പെടുത്തുന്നവരാണ് പരീക്ഷാ കേന്ദ്രങ്ങളിലെ ചില പരിശോധകര്‍. എന്നാല്‍, മറ്റു ചിലര്‍ക്ക് സേഫ്റ്റിപിന്‍ പ്രശ്‌നമല്ല താനും. വലിയ ബട്ടനുകള്‍ ഉണ്ടെന്ന കാരണത്താല്‍ ചിലര്‍ ജീന്‍സിന് തന്നെ വിലക്കേര്‍പ്പെടുത്തിയവരുമുണ്ട്. ഇതില്‍ വ്യക്തത വരുത്തേണ്ടത് എന്‍.ടി.എ ആണ്.

ശരീരഭാഗങ്ങളിൽ എവിടെയെങ്കിലും ലോഹ വസ്തുക്കളോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന. ശരീരത്തില്‍ സ്പര്‍ശിച്ചുള്ള പരിശോധനയ്‌ക്കോ അടിവസ്ത്രം അഴിക്കുന്നതിനോ യാതൊരു തരത്തിലുള്ള അനുമതിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കില്ല. സംശയാത്മക സാഹചര്യത്തില്‍ കാണുന്ന വസ്തുക്കളെ പരീക്ഷാഹാളിലേക്ക് കടത്തിവിടുന്നതില്‍നിന്ന് വിലക്കാം. അപ്പോഴും യുക്തിപൂര്‍വമായ തീരുമാനമെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഉദ്യോഗസ്ഥര്‍ക്കുണ്ട്.

നീറ്റ് ഹാള്‍ടിക്കറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍

പരീക്ഷാക്രമക്കേടുകള്‍ തടയാനാണ് പരിശോധന

പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകളെ വൈകാരികമായി കാണേണ്ടതില്ലെന്ന് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു:

'പരീക്ഷാക്രമക്കേടുകള്‍ തടയാനാണ് പരിശോധന കര്‍ക്കശമാക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷകള്‍ കര്‍ശനമാക്കാതെയിരുന്നാല്‍ അര്‍ഹരായ ഒരുപാട് വിദ്യാര്‍ഥികളുടെ അവസരമാണ് ഇല്ലാതാക്കപ്പെടുക. ഇത് തടയാനുള്ള നടപടികള്‍ ഉണ്ടായേ പറ്റൂ. എന്‍.ടി.എ. പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പരിശോധകര്‍ ബാധ്യസ്ഥരാണ്. അതവരുടെ ജോലിയാണ്. അതിനെ വൈകാരികമായി സമീപിക്കേണ്ട കാര്യമില്ല. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ഇത്തരം നടപടികള്‍ അവലംബിച്ചേ മതിയാകൂ. എന്തൊക്കെ അനുവദനീയമാണ് /അല്ല എന്നതിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ഥികള്‍ നേരത്തേ മനസിലാക്കേണ്ടതുണ്ട്. വിമാനത്തില്‍ കയറുന്നതിന് മുന്‍പേ ചിലപ്പോള്‍ ബെല്‍റ്റും ഷൂവും വരെ അഴിച്ച് പരിശോധിക്കാറില്ലേ. അതുകഴിഞ്ഞാല്‍ അത് ധരിക്കാറുമില്ലേ... അത്തരത്തിലൊരു നടപടിക്രമമായി മാത്രം കണ്ടാല്‍ മതി. പരീക്ഷാ നടത്തിപ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ പരീക്ഷാ നടത്തിപ്പുകാര്‍ ആരാണോ അവര്‍ക്കാണ് ഉത്തരവാദിത്തം. ആ വിദ്യാഭ്യാസ സ്ഥാപനത്തിനല്ല. ചിലര്‍ ചോദിക്കുന്നുണ്ട് എന്തിനാണിത്ര കഠിന പരീക്ഷയുടെ ആവശ്യമെന്ന്? അത്രമാത്രം മത്സരം കൂടിയതു കൊണ്ടാണ് ഓരോ വര്‍ഷവും പരീക്ഷ കടുപ്പമാകുന്നത്'.

പരിശോധന വേണം, പക്ഷേ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കരുത്

പരിശോധനയുടെ പേരില്‍ കുട്ടികളെ മാനസികമായി പീഡിപ്പിച്ച് കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനോട് യോജിപ്പില്ലെന്ന് പറയുകയാണ് കരിയര്‍/വിദ്യാഭ്യാസ വിദഗ്ധനായ ജലീഷ് പീറ്റര്‍:

'മാസങ്ങളുടെ തയ്യാറെടുപ്പുമായി ഒരു മത്സരപരീക്ഷ എഴുതാന്‍ മാനസികമായി തയ്യാറെടുത്ത് വരുന്ന കുട്ടികളെ മനഃപൂര്‍വ്വം പീഡിപ്പിച്ച് അവരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിനോട് യോജിപ്പില്ല. ഇപ്പോഴത്തെ വിവാദവിഷയം പോലുള്ളവയെ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. പരീക്ഷയ്ക്ക് മുമ്പ് പരീക്ഷ സംബന്ധിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായിച്ച് അതനുസരിച്ച് വേണം ഒരു മത്സരപരീക്ഷയ്ക്ക് പോകുവാന്‍. എന്തൊക്കെ 'പാടില്ല' എന്ന് നിര്‍ദ്ദേശങ്ങളിലുണ്ടോ അതൊക്കെ പാലിക്കുവാന്‍ മാതാപിതാക്കളും കുട്ടികളും ബാധ്യസ്ഥരാണ്. അതില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയാണുള്ളത്. പരീക്ഷയ്ക്ക് സിലബസ് എന്നതുപോലെ തന്നെ പ്രധാനമാണ് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിയായ മാര്‍ഗനിര്‍ദ്ദേശങ്ങളും. അവ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും.'

പരിശോധനകള്‍ വേണം, പക്ഷേ ദ്രോഹിക്കുന്നതാവരുത്

പരീക്ഷ നടത്തിപ്പ് എന്‍.ടി.എയ്ക്കായതിനാല്‍ കോളേജിന് നേരിട്ട് പരീക്ഷാ നടത്തിപ്പുമായി ബന്ധമില്ല. ഓണ്‍ലൈനായും ഓഫ്ലൈനായും പരീക്ഷ നടത്താന്‍ സൗകര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെയാണ് എന്‍.ടി.എ. തിരഞ്ഞെടുക്കുന്നത്‌. ഓരോ ജില്ലയിലും എന്‍.ടി.എ നിയോഗിച്ച സിറ്റി കോ-ഓര്‍ഡിനേറ്റര്‍ക്കാണ് പരീക്ഷാ മേല്‍നോട്ടം. വിദ്യാര്‍ഥികളുടെ ശരീരപരിശോധനയടക്കമുള്ള പരീക്ഷാപ്രവേശനനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി എന്‍.ടി.എ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് ചെയ്യുക. ഈ സ്വകാര്യ ഏജന്‍സി ഓരോ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കുമായി ഉപഏജന്‍സികളെ ഏല്‍പിക്കുകയുമാണ് ചെയ്യാറുള്ളത്. കരാറടിസ്ഥാനത്തില്‍ ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് എന്‍.ടി.എയുമായി നേരിട്ട് ബന്ധമുള്ളവരല്ല. മുന്‍പരിചയമില്ലാത്ത ഏജന്‍സി ജീവനക്കാരുടെ നടപടികളാണ് പലപ്പോഴും പരാതിക്കിടയാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍വെച്ച് നടത്തുന്ന പരീക്ഷകളില്‍ എന്‍.ടി.എ. പ്രതിനിധികള്‍ക്കൊപ്പം ആ സ്ഥാപനത്തിലെ ഒന്നോ രണ്ടോ അധ്യാപകരും പരീക്ഷാ നടത്തിപ്പിനായി എന്‍.ടി.എ. ഏര്‍പ്പെടുത്തിയ ഏജന്‍സി ജീവനക്കാരുമാണുണ്ടാവുക. ഏജന്‍സി ജീവനക്കാര്‍ക്കോ അധ്യാപകര്‍ക്കോ നേരിട്ട് തീരുമാനമെടുക്കാന്‍ അധികാരമില്ല. പരിശോധനയ്ക്കിടയില്‍ സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അത് എന്‍.ടി.എ. അധികൃതരേയോ ചുമതലയിലുള്ള അധ്യാപകരെയോ ആണ് അറിയിക്കേണ്ടത്. കൊല്ലത്തെ സംഭവത്തില്‍ ഏജന്‍സിയും എന്‍.ടി.എയുമാണ് പ്രതികളെന്ന് കോളേജ് പറയുന്നു. വിഷയത്തെ കുറിച്ച് അറിയില്ലെന്ന് ഏജന്‍സിയും പറയുന്നു

സ്റ്റാര്‍ കെയര്‍ ഏജന്‍സിക്കായിരുന്നു കൊല്ലത്ത് ചുമതല. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഏജന്‍സി പറയുന്നത്. കൊല്ലത്ത് പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഏജൻസി സ്റ്റാർ ട്രെയിനിങ് അക്കാദമിയുടെ ജനറൽ മാനേജർ അജിത്ത് എസ്. നായർ പറയുന്നു:

'ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള ഒരു പരിശോധനയും പറഞ്ഞിട്ടില്ല. നല്‍കിയ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുക (ബോഡി ഫ്രിസ്‌കിങ്) മാത്രമാണ് ചെയ്തിട്ടുള്ളത്. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ട് ചെയ്തിട്ടുള്ളവരെ മാറ്റി നിര്‍ത്തുകയാണുണ്ടായത്. നീറ്റ് ഇന്‍ ചാര്‍ജ് ആരാണോ അവരെയാണ് ഇവരെ ഏല്‍പിച്ചത്. ബാക്കി അവരാണ് ചെയ്യുന്നത്. ചെക്ക് ചെയ്യാനുള്ള ചുമതല മാത്രമാണ് നമുക്കുള്ളത്. ബാക്കി ചെക്ക് ഇന്‍ ചെയ്യുക, ഹാൾടിക്കറ്റ് പരിശോധിക്കുക തുടങ്ങിയ ജോലികളൊക്കെ മറ്റ് ആളുകളാണ് ചെയ്യുന്നത്. 1.15 വരെ മാത്രമാണ് ഞങ്ങളുടെ സ്റ്റാഫിന് പരിശോധനാ ചുമതല ഉണ്ടായിരുന്നത്. അതിന് ശേഷം എന്താണ് ഉണ്ടായതെന്ന് അറിയില്ല. വാര്‍ത്തകളില്‍ വന്ന ശേഷമാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി അറിയുന്നത്'

എന്‍.ടി.എ.- നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി

പരീക്ഷാനടത്തിപ്പ് സുതാര്യവും കുറ്റമറ്റതും കാര്യക്ഷമമാക്കാനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകളും ദേശീയതലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്‍പ്പെടെയുള്ളവ ഒരു കുടക്കീഴിലാക്കി 2017-ല്‍ നിലവില്‍വന്ന സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അഥവാ എന്‍.ടി.എ. ജെ.ഇ.ഇ., നീറ്റ്, നെറ്റ്, സി-മാറ്റ്, ജി-പാറ്റ്, സി.യു.ഇ.ടി, യുജിസി-നെറ്റ് തുടങ്ങി പതിനാലോളം പരീക്ഷകളാണ് എന്‍.ടി.എ നടത്തുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ബിരുദ മെഡിക്കല്‍ പ്രവേശനത്തിനായി നടത്തുന്ന രാജ്യത്തെ ഏകീകൃത യോഗ്യതാപരീക്ഷയായ നീറ്റ് (National Eligibility cum Entrance Test) ന്റെ രജിസ്ട്രേഷന്‍ മുതല്‍ ഫലം പുറത്തു വിടുന്നതുവരെയുള്ള മുഴുവന്‍ ചുമതലയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്.

ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ മാനസികപീഡനം മാത്രമല്ല, ശാരീരിക പീഡനം കൂടിയാണ്

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥി നേരിടേണ്ടി വന്നത് ഗുരുതരവും ഗൗരവവുമായ പ്രശ്‌നമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അഭിപ്രായപ്പെടുന്നു:

'സമൂഹത്തിന്റെ മുന്നിലേക്ക് വിവസ്ത്രയായി കടന്നുവരുന്ന ഒരു പെണ്‍കുട്ടി, അവളുടെ നിസ്സഹായാവസ്ഥ, അപകര്‍ഷതാബോധം, ആത്മസംഘര്‍ഷം... എല്ലാം വാക്കുകള്‍ക്കതീതമാണ്. ഏറെക്കാലമായി നടത്തിയ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമായി ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടം തിരഞ്ഞെടുക്കുന്നതിനാണ് കുട്ടികള്‍ പരീക്ഷാകേന്ദ്രത്തിൽ എത്തുന്നത്. അവിടെ അവര്‍ക്ക് ആത്മവിശ്വാസത്തിന് പകരം ഇത്തരം അപ്രതീക്ഷിത സംഭവങ്ങളാണ് നേരിടേണ്ടി വരുന്നത്‌. മാനസികപീഡനം മാത്രമല്ല, ശാരീരിക പീഡനം കൂടിയാണ്. വസ്ത്രം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഒന്നാണ്. കംഫര്‍ട്ടബിളായിട്ടല്ല നമ്മളത് ധരിക്കുന്നതെങ്കില്‍ വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം പ്രതിഫലിക്കും. കുട്ടികള്‍ക്ക് വേണ്ടവിധം പരീക്ഷ എഴുതാന്‍ പോലും സാധിച്ചിട്ടുണ്ടാവില്ല. ഇതിനെ നിസ്സാരമായി കാണരുത്.'

വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചതിനുപുറമേ മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. വിഷയത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്‌

Content Highlights: girls forced to remove undergraments at NEET Centre

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented