ഒരു ലക്ഷം കോടി പുറത്തേക്കൊഴുകുന്നു, വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തുമ്പോള്‍ അടിമുടി മാറ്റമോ..


ശ്യാം മുരളിPremium

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാർ

വിദേശത്തെ മുന്‍നിര സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ അവരുടെ കാമ്പസുകള്‍ തുറക്കാന്‍ അവസരമൊരുക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020-ന്റെ ഭാഗമായി ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ തുടങ്ങാനും കോഴ്‌സുകള്‍ നടത്താനും അനുമതി നല്‍കുന്ന ചട്ടത്തിന്റെ കരട് യുജിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വ്യാപകമായ ചർച്ചകളും നടക്കുന്നുണ്ട്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ വാതായനങ്ങള്‍ തുറക്കുന്ന, ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. കാലാനുസൃതമായ പുതിയ കോഴ്‌സുകള്‍, അക്കാദമിക് ഗവേഷണത്തിനുള്ള മികച്ച സൗകര്യങ്ങള്‍, വര്‍ധിച്ച പ്ലേസ്‌മെന്റ് സാധ്യതകള്‍, ലോകോത്തര സര്‍വകലാശാലകളുമായുള്ള അക്കാദമിക കൊടുക്കല്‍വാങ്ങലുകള്‍ക്കുള്ള അവസരം, വിഷയാന്തര സ്വഭാവമുള്ള പഠനമേഖലകള്‍ രൂപപ്പെടുത്താനുള്ള സാധ്യതകള്‍... നിരവധി പ്രതീക്ഷകളാണ് ഇത് മുന്നോട്ടുവെക്കുന്നത്. എന്നാല്‍, സാധ്യതകള്‍ മാത്രമല്ല ചില ആശങ്കകള്‍ക്കും അത് വഴിമരുന്നിടുന്നുണ്ട്.

യുജിസിയുടെ മാര്‍ഗരേഖ പറയുന്നത്
വിദേശ സര്‍വകലാശാലകളുടെ കടന്നുവരവും അവയുടെ ഇവിടത്തെ പ്രവര്‍ത്തനവും എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച മാര്‍ഗരേഖയാണ് യുജിസിയുടെ പുതിയ റഗുലേഷന്‍ (Setting up and Operation of Campuses of Foreign Higher Educational Institutions in India) Regulations, 2023). ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്തര്‍ദേശീയവത്കരിക്കുന്നതിനാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ലഭ്യമാകുന്നതിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസയോഗ്യതകള്‍ താങ്ങാവുന്ന ചെലവില്‍ ലഭ്യമാകും. കൂടാതെ, ഇന്ത്യയെ ആകര്‍ഷകമായ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കിമാറ്റാന്‍ കഴിയുമെന്നും മാർഗനിർദേശത്തിന്‍റെ കരടില്‍ പറയുന്നു.

ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ കോഴ്സുകളും എല്ലാവിഷയങ്ങളിലും സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും ഫുള്‍ടൈം റെഗുലര്‍ രീതിയില്‍ നടത്താനുള്ള അനുമതിയാണ് നല്‍കുക. സംയുക്ത കോഴ്സുകള്‍, ഇരട്ടബിരുദം തുടങ്ങിയവയടക്കം നല്‍കാന്‍ ആദ്യം പത്തുവര്‍ഷത്തേക്കാണ് അനുമതി. തൃപ്തികരമെങ്കില്‍ തുടരാന്‍ അനുവദിക്കും. ഓണ്‍ലൈന്‍ കോഴ്സുകള്‍ അനുവദിക്കില്ല. ആഗോളതലത്തില്‍ 500 റാങ്കിനുള്ളിലുള്ള സര്‍വകലാശാലകള്‍ക്കും അതതുരാജ്യത്ത് ഉന്നത യശസ്സുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അനുമതി നല്‍കുക.

യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകലഭ്യത, ഫീസ് ഘടന, അക്കാദമിക പരിപാടികള്‍, കോഴ്സുകള്‍, സിലബസ്, സാമ്പത്തിക സ്രോതസ്സ്, മറ്റു വിവരങ്ങള്‍ എന്നിവയടങ്ങിയ അപേക്ഷ ബന്ധപ്പെട്ട രാജ്യത്തെ സര്‍ക്കാരിന്റെ അനുമതിയോടെയാണ് നല്‍കേണ്ടത്. ഏതെങ്കിലും തരത്തില്‍ കോഴ്സ് ഇന്ത്യയില്‍ മുടക്കേണ്ടിവന്നാല്‍ വിദ്യാര്‍ഥികളെ അതു ബാധിക്കാത്ത തരത്തില്‍ മറ്റു സൗകര്യങ്ങള്‍ എങ്ങനെ ഏര്‍പ്പെടുത്തും എന്നും വിശദമാക്കണം. അങ്ങനെ സംഭവിച്ചാല്‍ ആ വിദ്യാര്‍ഥികളുടെ തുടര്‍പഠനം മാതൃസ്ഥാപനത്തിലായിരിക്കണം നടത്തേണ്ടത്.

കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരുകോഴ്സും നിര്‍ത്താനാവില്ല. വിദ്യാഭ്യാസനിലവാരം അതതുരാജ്യത്ത് നല്‍കുന്ന അതേ തരത്തിലാവണം. സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആഗോളതലത്തില്‍ അതേ അംഗീകാരം ലഭിക്കണം. അപേക്ഷ സ്വീകാര്യമായാല്‍ ഇതു പരിശോധിക്കാന്‍ യു.ജി.സി. സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നിശ്ചയിക്കും. 45 ദിവസത്തിനുള്ളില്‍ കമ്മിറ്റി ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് 45 ദിവസത്തിനുള്ളില്‍ യു.ജി.സി. അനുമതി നല്‍കും. നിശ്ചിതകാലയളവിനുള്ളില്‍ കാമ്പസ് തുടങ്ങണം.

വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്ന തരത്തിലുള്ള മാന്യമായ ഫീസാകണം. അധ്യാപകനിയമനം അതത് രാജ്യങ്ങളിലെ യോഗ്യതയ്ക്കനുസരിച്ചുതന്നെയാവണം. വിദേശ അധ്യാപകര്‍ നിശ്ചിത കാലയളവില്‍ കാമ്പസില്‍ താമസിക്കണം. ഇവിടെ നിന്നുള്ള വരുമാനം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് തടസ്സമില്ല. അത് ഫെമ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം. കാമ്പസുകളുടെ അടിസ്ഥാനസൗകര്യം, അക്കാദമിക നിലവാരം എന്നിവ പരിശോധിക്കാന്‍ യു.ജി.സി.ക്ക് അധികാരമുണ്ടാകും. വിദേശസ്ഥാപനം നിശ്ചിതഫീസ് യുജിസിക്ക് വര്‍ഷാവര്‍ഷം നല്‍കണം. ഇത് അതാത് വര്‍ഷങ്ങളില്‍ യുജിസി തീരുമാനിക്കും. തര്‍ക്കങ്ങളെല്ലാം പരിഹരിക്കുക ഇന്ത്യന്‍ നിയമപ്രകാരമായിരിക്കും.

യുജിസി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാര്‍ഗരേഖയില്‍ ഫെബ്രുവരി മൂന്നുവരെ പൊതുജനങ്ങള്‍ക്ക് ugcforeigncollaboration@gmail.com എന്ന മെയിലിലൂടെ അഭിപ്രായം അറിയിക്കാം.

വിദേശ സര്‍വകലാശാലാ കാമ്പസ് ഇന്ത്യയില്‍ വന്നാല്‍

വിജ്ഞാനത്തിന്റെയും വിവര കൈമാറ്റത്തിന്റെയും മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ക്കൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയും കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടത് അത്യാവശ്യമാണ്. വിസ്‌ഫോടനാത്മകമായി വിജ്ഞാന കൈമാറ്റം നടക്കുന്ന ഇക്കാലത്ത് രാഷ്ട്രീയാതിര്‍ത്തികള്‍ മറികടക്കുന്ന ഇത്തരം അക്കാദമികമായ സഹകരണം തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണ്. മാത്രമല്ല, പലപ്പോഴും ശരാശരി നിലവാരത്തിലേക്കും പോലും എത്താനാവാതെ കിതയ്ക്കുന്ന നമ്മുടെ ഉന്നവിദ്യാഭ്യാസ മേഖല ആഗോള നിലവാരത്തിലേക്ക് ഉയരാന്‍ അവസരമൊരുങ്ങുമെങ്കില്‍ അത് ആഹ്ളാദകരവുമാണ്.

ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍നിന്ന് അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി. ഓരോ വര്‍ഷവും എട്ടു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇങ്ങനെ വിദേശ സര്‍വകലാശാലകളിലെത്തുന്നതെന്നാണ് കണക്ക്. ഒരുലക്ഷം കോടി രൂപയോളം ഇതിലൂടെ പ്രതിവർഷം പുറത്തേക്കൊഴുകുന്നു. വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിലൂടെ ഈ ഒഴുക്ക് കുറയ്ക്കാനാകുമെന്നാണ് ഒരു വിലയിരുത്തലുള്ളത്. വിദേശത്തു ലഭിക്കുന്ന ഉന്നത പഠനസൗകര്യം രാജ്യത്ത് കൊണ്ടുവരാനായാല്‍ ചെലവു കുറഞ്ഞ രീതിയില്‍ ആഗോള നിലവാരമുള്ള പഠനം ഇന്ത്യയില്‍ സാധ്യമാകും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലോകത്തെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ വളരെ പിന്നിലാണ്. ഈ സാഹചര്യത്തില്‍ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെയോ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെയോ ഒരു കാമ്പസ് ഇന്ത്യയില്‍ വരികയും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അവിടെ പഠിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും വലിയ കാര്യമാണ്; പ്രത്യേകിച്ച്, വിദേശത്ത് പോയി പഠനം നടത്താന്‍ സാധിക്കാത്ത ഇവിടത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസം സാധ്യമായാല്‍.

ലോകത്തിലെ മികച്ച സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസ് തുറക്കുന്നതോടെ ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു മത്സരം ആവശ്യമായി വരും. തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകും. അത് രാജ്യാന്തര നിലവാരത്തിലേക്ക് നമ്മുടെ സ്ഥാപനങ്ങള്‍ ഉയരുന്നതിന് ഇടയാക്കും. മികച്ച അക്കാദമിക്-ഗവേഷണ സാഹചര്യങ്ങള്‍ ഇവിടെ ഒരുങ്ങാന്‍ ഇടയാക്കും. ഗവേഷണ-അധ്യാപന മേഖലയിലെ പ്രതിഭാധനര്‍ വിദേശങ്ങളിലെ വലിയ സര്‍വകലാശാലകള്‍ തേടിപ്പോകുന്നതിനു പകരം ഇന്ത്യയിലെ ഇത്തരം സ്ഥാനങ്ങളില്‍ തങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ താല്‍പര്യപ്പെടും. ഇതൊക്കെച്ചേര്‍ന്ന് ലോകോത്തരമായ നിലവാരത്തിലേക്ക് നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഉയരാനും ഇടവരും.

ഒരു വിദേശ സര്‍വകലാശാല ഇവിടെ കാമ്പസ് തുടങ്ങുമ്പോള്‍ ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. സ്വാഭാവികമായും വിദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഇവിടെ പഠിക്കാനെത്തും. ഇന്ത്യയെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബ് ആക്കുകയാണ് ലക്ഷ്യമെന്ന് യുജിസി പറയുന്നതിലൂടെ ഇക്കാര്യം വ്യക്തമാണ്. വിദേശ വിദ്യാര്‍ഥികള്‍ ഇവിടേക്കു വരുന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. അക്കാദമികമായ വിനിമയം പോലെതന്നെ സാംസ്‌കാരികവും സാമ്പത്തികവുമായ വിനിമയങ്ങള്‍ക്കും അതിലൂടെ വഴിയൊരുങ്ങും.

ഉന്നതവിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയരുമോ?

വൈജ്ഞാനിക രംഗത്തെ കൈമാറ്റങ്ങളും പങ്കുവെക്കലുകളും നടക്കേണ്ടത് അക്കാദമിക തലത്തിലാണ്, അങ്ങനെയാണ് ആഗോളതലത്തില്‍ അക്കാദമിക സമൂഹം പ്രവര്‍ത്തിക്കുന്നത്. മറിച്ച് കോഴ്സ് തുടങ്ങുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നതുകൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസ രംഗം അന്തര്‍ദേശീയ നിലവാരം കൈവരിക്കുമോ? രണ്ടാം യുപിഎ സര്‍ക്കാര്‍ 2010-ല്‍ കൊണ്ടുവന്ന വിദേശ വിദ്യാഭ്യാസ ബില്ലിനെ അന്ന് ബിജെപി എതിര്‍ത്തിരുന്നു. വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ വിദേശ സംസ്‌കാരം ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നാണ് അന്ന് അവര്‍ ഇതിന് കാരണമായി പറഞ്ഞിരുന്നത്. അതേ ബിജെപി ഇപ്പോള്‍ വിദേശ സര്‍വകലാശാലകളെ ആനയിച്ച് കൊണ്ടുവരുന്നതിലെ വൈരുദ്ധ്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്‍റെ കാഴ്ചപ്പാട് എന്താണ്, അഥവാ വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടോ എന്നതാണ് ഉയന്നുവരുന്ന പ്രധാന ചോദ്യം. അങ്ങനെ ആശങ്കപ്പെടാന്‍ ചില കാരണങ്ങളുണ്ട്. അതില്‍ പ്രധാനം, ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തോട് സ്വീകരിക്കുന്ന സമീപനമാണ്. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള ഈ പുതിയ വിദ്യാഭ്യാസ മാര്‍ഗരേഖ കൊണ്ടുവരുന്നത് ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഇല്ലാതാകാന്‍ പോകുന്ന യുജിസിയാണ് എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

ഒരു വിദേശ സ്ഥാപനം ഇന്ത്യയില്‍ അവരുടെ ഫ്രാഞ്ചൈസി ആരംഭിക്കുന്നതുപോലെയല്ല ഒരു സർവകലാശാല അവരുടെ കാമ്പസ് തുറക്കുന്നത്. അത് രാജ്യത്തിന്റെ സവിശേഷ വിദ്യാഭ്യാസ- സാമൂഹ്യാവസ്ഥകളും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടും ചൂഷണത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കി, സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടുമായിരിക്കണം. ആ നിലയ്ക്കുള്ള സർക്കാർ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ കരടില്‍ വ്യക്തമാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വ്യവസ്ഥ അതത് സ്ഥാപനങ്ങള്‍ക്കുതന്നെ നിശ്ചയിക്കാം എന്നാണ് കരടില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. അതുപോലെ വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ചും സ്ഥാപനങ്ങളായിരിക്കും തീരുമാനിക്കുക. ഫീസിന്റെയും പ്രവേശനത്തിന്റെയും കാര്യത്തില്‍ യുജിസിക്ക് യാതൊരു പങ്കാളിത്തവും ഇല്ലാതിരിക്കുന്നത് അപകടകരമായിരിക്കും. അത് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ തകിടംമറിക്കാന്‍ ഇടയാക്കും. ഇവിടെനിന്നുള്ള വരുമാനം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ട് എന്നിരിക്കെ, ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

കൂടാതെ ഉയര്‍ന്നുവരുന്ന പ്രധാന ആശങ്കകളിലൊന്ന് ഇടത്തരം/താഴേക്കിട ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തരം കാമ്പസുകള്‍ എത്രത്തോളം പ്രാപ്യമാകും എന്നതാണ്. വിദേശ സര്‍വകലാശാലകള്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഫീസ് നല്‍കാന്‍ കഴിയുന്നവര്‍ക്കു മാത്രം ഇത്തരം സര്‍വകലാശാലകളില്‍ അവസരം ലഭിക്കുന്ന സ്ഥിതിവിശേഷം വിദ്യാഭ്യാസ രംഗത്തെ അസമത്വം വര്‍ധിക്കാനിടവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൂടാതെ, വിദ്യാര്‍ഥി പ്രവേശനത്തില്‍ സംവരണം ഉള്‍പ്പെടെ ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ബാധകമാകാന്‍ ഇടയില്ല. അപ്പോള്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് പ്രവേശന നടപടികളില്‍ ഇടപെടാന്‍ യുജിസിക്ക് സാധിക്കേണ്ടതാണ്. അതെങ്ങനെ എന്നതൊന്നും കരടില്‍ വ്യക്തമാക്കുന്നില്ല. അതുപോലെ, സമൂഹത്തിലെ മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പുവരുത്താനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായിവരും.

യഥാര്‍ഥത്തില്‍ വിദേശത്തെ ഒരു സര്‍വകലാശാലയില്‍ പഠിക്കുക എന്നതുകൊണ്ട് അവിടത്തെ മികച്ച അക്കാദമിക് സാഹചര്യം ഉപയോഗപ്പെടുത്തുക എന്നു മാത്രമല്ല അര്‍ഥമാക്കുന്നത്. ആ പ്രത്യേക രാജ്യത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ സാഹചര്യങ്ങളുമായും അവിടത്തെ മനുഷ്യരുമായും ഇടപഴകാനും പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടാനും വിദേശ പഠനം വിദ്യാര്‍ഥിക്ക് അവസരമൊരുക്കുന്നുണ്ട്. ഇന്ത്യയിലെ വിദേശ സര്‍വകലാശാലയുടെ കാമ്പസില്‍ പഠിക്കുക എന്നത് ഒരിക്കലും വിദേശത്തെ പഠനത്തിന് പകരമാകുന്നില്ല. കൂടാതെ, വിദേശത്ത് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അതേ മൂല്യം ഇവിടത്തെ വിദേശ സര്‍വകലാശാലാ കാമ്പസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് ലഭിക്കും എന്നുറപ്പില്ലതാനും.

സർക്കാർ നിലപാടും നിര്‍ത്തലാക്കപ്പെടുന്ന ഫെലോഷിപ്പുകളും

ഇന്ത്യയിലെ വിദ്യാഭ്യാസരംഗം പൊതുവിലും ഉന്നതവിദ്യാഭ്യാസ-ഗവേഷണ രംഗം പ്രത്യേകിച്ചും നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അവയെ കൃത്യമായി പരിഗണിക്കാതെ, ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ സ്വീകരിക്കാതെ വിദേശ കാമ്പസുകള്‍ ഇവിടത്തെ ഉന്നവിദ്യാഭ്യാസ രംഗത്തെ ആഗോള നിലവാരത്തിലെത്തിക്കും എന്ന് പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല. ആ നിലയ്ക്ക് അന്തര്‍ദേശീയമായ ഒരു കാഴ്ചപ്പാട് നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കും ഭരണകര്‍ത്താക്കള്‍ക്കും ആവശ്യമാണ്. ആഗോളതലത്തില്‍ അക്കാദമിക് മേഖലയുടെ മുന്നേറ്റവുമായി ചേര്‍ന്നുപോകുന്ന, ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം ഉണ്ടാവണം. നിലവില്‍ അതുണ്ടോ എന്നതും പുതിയ ദേശീയ വിദ്യാഭ്യാസനയം അത്തരം സമീപനം മുന്നോട്ടുവെക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ കാമ്പസ് തുടങ്ങുന്ന വിദേശ സര്‍വകലാശാല ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്ന് കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ അതുകൊണ്ടുമാത്രമായോ? ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം വലിയ വിമര്‍ശനത്തിന് ഇടയാക്കുന്നത് കാണാതിരിക്കരുത്. സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നു, ഉള്ളവ നല്‍കുന്നില്ല, നല്‍കുന്നതുതന്നെ ചില പ്രത്യേക പഠന-ഗവേഷണ മേഖലകള്‍ക്ക് മാത്രമായി ചുരുക്കുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നു. ധനസഹായങ്ങളില്‍നിന്ന് യുജിസി ക്രമാനുഗതമായി പിന്നാക്കം പോയ്ക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് സമീപവര്‍ഷങ്ങളിലെ നടപടികള്‍. സമീപവര്‍ഷങ്ങളില്‍ യുജിസി നല്‍കിവന്നിരുന്ന നിരവധി സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളുമാണ് നിര്‍ത്തലാക്കിയിട്ടുള്ളത്. എമിറിറ്റസ് ഫെലോഷിപ്, ഡോ. എസ്. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്, എസ്.സി-എസ്.ടിക്കാര്‍ക്കും വനിതകള്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള ദേശീയ ഫെലോഷിപ് തുടങ്ങിയവ ഇവയില്‍ ഏതാനും ചിലതാണ്. ഈ പട്ടിക ഏറെ നീളമുള്ളതാണ്. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കാലാകാലങ്ങളായി ലഭിച്ചുവന്നിരുന്നവയാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍. അതിനിടയിലാണ് വിദേശ സര്‍വകലാശാലകളോട് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന് നിർദശിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ കരടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ യുജിസിക്ക് എത്രത്തോളം സാധിക്കുമെന്ന ആശങ്കയും സ്വാഭാവികമാണ്.

വിദ്യാര്‍ഥികള്‍ക്കായി പശുശാസ്ത്ര പരീക്ഷയെഴുതാന്‍ നിർദേശിക്കുന്ന യുജിസി, ശാസ്ത്രാഭിമുഖ്യത്തെ പോഷിപ്പിക്കാത്തതും ചരിത്രവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. സര്‍ക്കാരുകള്‍ വിവിധയിടങ്ങളില്‍ പശുപഠനത്തിനായി സ്ഥാപനങ്ങള്‍ തുറക്കുന്നു. ഇത്തരം മേഖലകളിലെ ഗവേഷണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഫണ്ട് നീക്കിവെക്കുകയും ചെയ്യുന്നു. ആ യുജിസി തന്നെയാണ് ഗവേഷണ സ്ഥാപനങ്ങള്‍ക്കും ശാസ്ത്ര സര്‍വകലാശാലകള്‍ക്കുമുള്ള ഫണ്ട് വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ഫെലോഷിപ്പുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നത്. ഇത്തരം നടപടികള്‍ ആഗോള അക്കാദമിക് രംഗത്ത് രാജ്യത്തിന്‍റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖം എത്രത്തോളം വികലമാക്കുന്നു എന്നുകൂടി ഓർക്കണം.

മതം, ജാതി, ഭക്ഷണം, ലിംഗം തുടങ്ങിയവയുടെ പേരിലുള്ള കടുത്ത വിവേചനങ്ങള്‍ ഇപ്പോഴും ഇന്ത്യയിലെ പല സര്‍വകലാശാലകളിലും കാമ്പസുകളിലും നിലനില്‍ക്കുന്നുണ്ട്. പിന്‍വാതില്‍ നിയമനങ്ങളും രാഷ്ട്രീയമായ ദുരുപയോഗങ്ങളും കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളെ എങ്ങനെയൊക്കെ നശിപ്പിക്കുന്നു എന്നതിന് സമീപകാലത്തുതന്നെ ഉദാഹരണങ്ങള്‍ നിരവധി. മേല്‍പറഞ്ഞ പല കാരണങ്ങള്‍ക്കൊണ്ടും രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ സര്‍വകലാശാലകള്‍ പലതും അക്കാദമികമായ മുരടിച്ചയുടെയും തകര്‍ച്ചയുടെയും നിഴലിലാണ്. വിദേശ സര്‍വകലാശാലകളെ ഇവിടേക്ക് ക്ഷണിക്കുമ്പോള്‍ ഈ വസ്തുതകളും ഓര്‍ക്കേണ്ടതുണ്ട്.

Content Highlights: foreign universities setting up campuses in India; Advantages and Disadvantages of UGC move


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented