.
പാഠപുസ്തകങ്ങള്‍ മനഃപാഠമാക്കി ഉയര്‍ന്ന തൊഴില്‍ കരസ്ഥമാക്കുക എന്ന ആശയത്തിലൂന്നിയാണ് കാലങ്ങളായുള്ള നമ്മുടെ വാശിയേറിയ വിദ്യാഭ്യാസ രീതികള്‍. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാലും പ്രാണരക്ഷാര്‍ത്ഥം ജലാശയങ്ങളില്‍ നിന്നും നീന്തി രക്ഷപ്പെടാനും, പൊതു നിരത്തുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുവാനും, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനു മുന്‍പേ ഒരു നിമിഷം ചിന്തിക്കുവാനും നമ്മള്‍ നേടിയെടുത്ത 'ബിരുദങ്ങള്‍' നമ്മെ സഹായിക്കില്ലായിരിക്കാം. സാമൂഹിക അവബോധമുള്ള പൗരന്മാരായി രൂപപ്പെട്ടില്ലെങ്കിലും മാതാപിതാക്കളുടെ താല്പര്യത്തിനനനുസരിച്ചുള്ള തൊഴില്‍ നേടി, ആറക്ക ശമ്പളം കീശയിലുമായാല്‍ നമ്മുടെ വിദ്യാഭ്യാസം ഏറ്റവും മികച്ചതായി. കാലങ്ങളായുള്ള നമ്മുടെ ഈ വിദ്യാഭ്യാസ ശരികളില്‍ നിന്നും അല്‍പമെങ്കിലും മാറ്റി ചിന്തിക്കുവാന്‍ നമുക്ക് സാധിക്കുമോ?
ഏഴാം വയസില്‍ മാത്രമുള്ള സ്‌കൂള്‍ പ്രവേശനം, യൂണിഫോമും സ്‌കൂള്‍ ബസും ഇല്ലാത്ത വിദ്യാലയങ്ങള്‍, താരതമ്യേന കുറവ് പഠന സമയങ്ങള്‍, മലയാളം പോലുള്ള മാതൃഭാഷകള്‍ ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതി, അതിജീവന പാഠങ്ങള്‍ക്കും പ്രകൃതി സംരക്ഷണത്തിനും നല്‍കുന്ന പ്രാധാന്യം, നമ്മുടെ പത്താം ക്ലാസിനു തുല്യമായ പരീക്ഷകള്‍, വലിയ ഒച്ചപ്പാടുകളില്ലാതെ സ്വന്തം അധ്യാപകര്‍ തന്നെ വിദ്യാലയങ്ങളില്‍ വിലയിരുത്തുന്ന ലളിതമായ സമ്പ്രദായങ്ങള്‍, മറ്റു കുട്ടികളുമായി അനാവശ്യ താരതമ്യങ്ങള്‍ ചെയ്യാത്ത മാതാപിതാക്കളും അധ്യാപകരും, ചെറു പ്രായത്തിലെ തൊഴില്‍ പരിശീലനങ്ങള്‍..ഇതൊക്കെയാണ് ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ കാതലായ ആശയങ്ങള്‍. മാത്രമല്ല റോഡുനിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതും, മാലിന്യ സംസ്‌കരണ ശീലങ്ങളുമെല്ലാം ചെറുപ്പം മുതലേ ഈ ജനതയുടെ ശീലങ്ങളുടെ ഭാഗമാണ്. ഫിന്നിഷ് ഭാഷാ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മയെന്ന നിലയില്‍ ഞാന്‍ അടുത്തറിഞ്ഞ ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ വിശാദാംശങ്ങളിലേക്ക്...
പതിനെട്ടാം നൂറ്റാണ്ടിലേ നേടിയെടുത്ത സാക്ഷരത...
പഴയ കാലത്തു ലൂഥറന്‍ പള്ളികളില്‍ വിവാഹം നടത്തണമെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന നിബന്ധന ഉണ്ടായിരുന്നു. 1548-ല്‍ മൈക്കല്‍ അഗ്രികോള എന്ന ഫിന്നിഷ് ബിഷപ്പ് പുതിയ നിയമം ഫിന്നിഷ് ഭാഷയിലേക്കു പരിവര്‍ത്തനം ചെയ്തു. 1640-ല്‍ ആദ്യത്തെ യൂണിവേഴ്‌സിറ്റി തുര്‍ക്കുനഗരത്തില്‍ സ്ഥാപിതമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ സാക്ഷരത അന്‍പതു ശതമാനത്തിലും മേലെയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അത് എണ്‍പതുശതമാനത്തിലുമേറെയായി. പഴയ കാലം മുതല്‍ തന്നെ വിദ്യാഭ്യാസത്തിനു ഈ രാജ്യം നല്‍കുന്ന പ്രാധാന്യം ഇതില്‍ നിന്നും വ്യക്തമാണ്.
.jpg?$p=c8e5126&&q=0.8)
സാറേ വിളിയില്ല...പേരാണ് പഥ്യം
അധ്യാപകര്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കുന്ന സമൂഹമാണ് ഇവിടുത്തേത്. ക്ലാസ്സ്മുറികള്‍ രൂപകല്‍പന ചെയ്യാന്‍ അധ്യാപകര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. വിവിധ വിദ്യാലയങ്ങളിലെ പാഠ്യ പുസ്തകങ്ങളില്‍, അതിനാല്‍ തന്നെ വൈവിധ്യമുണ്ടാവും. അധ്യാപകരെ അഭിസംബോധന ചെയ്യുന്നതോ, അവരുടെ പേര് ചൊല്ലിത്തന്നെ. 'മാഡവും സാറുമൊന്നും' ഈ സമൂഹത്തില്‍ ഒരു മേഖലയിലും കേള്‍ക്കാന്‍ കഴിയില്ല. ഇത്തരം ഉപചാരവാക്കുകള്‍ ഇല്ലാത്തതു ഈ രാജ്യത്തിന്റെ പൊതുവായുള്ള ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്.
അധ്യാപകരുടെ ഗുണനിലവാരവും വൈദഗ്ധ്യവും ആയിരിക്കും ഏതൊരു വിദ്യാഭ്യാസ വ്യവസ്ഥിതിയുടെയും അടിത്തറ. അതിനെ സാധൂകരിക്കുന്ന പരിശീലനക്രമങ്ങളാണ് ഇവിടുത്തെ വ്യവസ്ഥിതി പിന്തുടരുന്നത് .അധ്യാപകര്‍ ആകുകയെന്നത് ആയാസമേറിയതാണ്. ബിരുദാനന്തര ബിരുദത്തില്‍ കഴിവ് തെളിയിച്ച സമര്‍ത്ഥരായവര്‍ക്കു മാത്രമേ അധ്യാപകര്‍ ആകുവാന്‍ സാധിക്കുകയുള്ളു. യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള അഞ്ചു മുതല്‍ ഏഴര വര്‍ഷം വരെയുള്ള പരിശീലനത്തിലുടെയാണ് മികവാര്‍ന്ന അധ്യാപകരെ സമൂഹത്തിനു മുന്നില്‍ വാര്‍ത്തെടുക്കുന്നത്.
.jpg?$p=fc07f96&&q=0.8)
സൗജന്യ വിദ്യാഭ്യാസം, നിലവാരത്തില്‍ നോ കോംപ്രമൈസ്
കുട്ടികള്‍ 'പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുക' എന്നതില്‍ മാത്രം കേന്ദ്രീകൃതമല്ല ഇവിടുത്തെ വിദ്യാഭ്യാസ സങ്കല്‍പം. അതിനാല്‍ ഉയര്‍ന്ന സ്വാതന്ത്ര്യവും അത്രതന്നെ ഉത്തരവാദിത്തവും ഈ അധ്യാപകര്‍ക്കുണ്ട്. ഒന്ന് മുതല്‍ ആറു വരെ ക്ലാസ്സുകളില്‍, ക്ലാസ് അധ്യാപിക ഒരേ വ്യക്തി ആയിരിക്കും. പരമാവധി ഇരുപത്തിയഞ്ചു കുട്ടികള്‍ മാത്രമാണ് സാധാരണ ഒരു ക്ലാസ്സിലുള്ളത്. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് 'സപ്പോര്‍ട് ടീച്ചേഴ്‌സും' ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഫിന്നിഷ് മാതൃ ഭാഷയല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേകമായി ഭാഷാ സഹായമുണ്ടാകും.
ഏറ്റവും മികച്ച വിദ്യാലയം തേടിപ്പിടിക്കാന്‍ അനാവശ്യ ത്വരയുള്ള വിദേശികള്‍ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ വിരളമല്ലിവിടെ. സ്വകാര്യമേഖലയില്‍ ധാരാളം വിദ്യാലയങ്ങള്‍ സാരണയായി നമ്മുടെ നാട്ടില്‍ കാണാറുണ്ട്. എന്നാല്‍ പൊതുമേഖലയില്‍ നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഏവര്‍ക്കും ഒരുപോലെ ലഭ്യമാകുന്ന നാടാണിത്. ഉച്ചഭക്ഷണം, പാഠ്യ പുസ്തകങ്ങള്‍, മറ്റു സ്‌കൂള്‍ സാമഗ്രികള്‍ മുതലായവ സൗജന്യമാണ്.
.jpg?$p=0addcd3&&q=0.8)
ഉന്നതവിദ്യാഭ്യാസം സ്വന്തം ചെലവില്‍...അതല്ലേ അതിന്റൊരു ഇത്?
ആറു വയസുവരെ കളികളിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കുന്ന 'ഡേ കെയറുകള്‍'(പൈവ കോടികള്‍), ദൈനം ദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ സ്വയം പര്യാപ്തരാകുവാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നു.ഒന്നാം ക്ലാസ്സുമുതല്‍ 'ലുക്കിയോ' (പ്ലസ് ടുവിന് സമാനം) വരെയാണ് നിര്‍ബന്ധിത അടിസ്ഥാന വിദ്യാഭ്യാസം. ഏഴാം വയസിലാണ് ഒന്നാം ക്ലാസ്സിലെ പ്രവേശനം. ആഴ്ചയില്‍ ഇരുപത് മണിക്കൂറുള്ള പ്രീസ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നത് ആറാം വയസിലാണ്. ഒന്നാം ക്ലാസ്സിലേക്ക് കുട്ടികളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനു പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്.
.jpg?$p=daee72f&&q=0.8)
പ്രൈമറി സ്‌കൂള്‍, ഒന്ന് മുതല്‍ ആറുവരെ ക്ലാസ്സുകളും, സെക്കന്ററി സ്‌കൂള്‍, ഏഴുമുതല്‍ ഒന്‍പതു വരെ ക്ലാസ്സുകളും ഉള്‍പ്പെടുന്നതാണ്. ഒന്‍പതാം ക്ലാസ്സിലെ പരീക്ഷകള്‍ നടത്തുന്നത് അതാതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ തന്നെയാവും. പിന്നീടുള്ള 3 വര്‍ഷമാണ് അപ്പര്‍ സെക്കന്ററി സ്‌കൂളുകള്‍ അഥവാ ലുക്കിയോകള്‍. തൊഴില്‍ സംബന്ധമായ കോഴ്‌സുകള്‍ക്ക് ഫീസ് കൊടുക്കുന്ന രീതി ഇവിടെ ഇല്ല. യൂണിവേഴ്‌സിറ്റിയില്‍ നിന്നോ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സില്‍ നിന്നോ ബിരുദം നേടാവുന്നതാണ്. ബിരുദ കോഴ്‌സുകള്‍ പലതും മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തമായി 'പാര്‍ട്ട് ടൈം' ജോലിയെടുത്താവും കുട്ടികള്‍ തങ്ങളുടെ ചിലവുകള്‍ വഹിക്കുന്നത്. ഇംഗ്ലീഷ് സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍, പലപ്പോഴും ഉയര്‍ന്ന ഫീസ് കൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അയല്‍ രാജ്യങ്ങളെയാണ് ആശ്രയിക്കാറ്.
അഞ്ച് കിലോ മീറ്ററിന് പുറത്താണോ വീട്... സ്‌കൂള്‍ യാത്ര ഫീ!
ഇംഗ്ലീഷ് സ്‌കൂളുകളിലെ പ്രവേശനം എളുപ്പമേറിയതല്ല. അപേക്ഷിക്കുന്നവരില്‍ ചെറിയ ശതമാനത്തിനു മാത്രമാണ് ഒന്നാം ക്ലാസില്‍ പ്രവേശനം. ഒന്‍പതാം ക്ലാസിനു ശേഷം ഇംഗ്ലീഷ് ലുക്കിയോകളില്‍ പ്രവേശനം ലഭിക്കുവാന്‍ സമാന മത്സരങ്ങള്‍ പിന്നെയുമുണ്ടാവും. സമ്മര്‍ദ്ദങ്ങള്‍ അധികമില്ലാത്ത ഫിന്നിഷ് ഭാഷാ സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുവാനുള്ള ഞങ്ങളുടെ തീരുമാനം തികച്ചും ലളിതമായിരുന്നു. മാത്രമല്ല ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണ്ണമായും എല്ലാ മേഖലകളിലും പ്രാവര്‍ത്തികമാക്കുന്നത് ഇവിടുത്തെ ഫിന്നിഷ് ഭാഷാ സ്‌കൂളുകളിലാണ്. അഞ്ചു കി.മി. നു പുറത്തുള്ള സ്‌കൂളിലാണ് പ്രവേശനം ലഭിച്ചതെങ്കില്‍ യാത്രാകൂലിയോ അല്ലെങ്കില്‍ സൗജന്യ ടാക്‌സി സേവനമോ ലഭിക്കുന്നതാവും. എന്നാല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ സൗജന്യമായി യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.
.jpg?$p=055e3e3&&q=0.8)
ഭാഷാ സ്‌നേഹം... മലയാളി കണ്ടുപഠിക്കണം
ഫിന്നിഷ് ഭാഷാ സ്‌കൂളുകള്‍ കൂടാതെ ഇംഗ്ലീഷ് ,ഫിന്നിഷ് ഭാഷകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള 'ബൈലിംഗ്വല്‍' സ്‌കൂളുകളും, ഇംഗ്ലീഷ് ,ജര്‍മന്‍ ,ഫ്രഞ്ച്, റഷ്യന്‍ ഭാഷാ സ്‌കൂളുകളും, ഹെല്‍സിങ്കിയില്‍ ഉണ്ട്. മാതൃഭാഷക്കു വലിയ പ്രാധാന്യം കൊടുക്കാത്ത നമ്മുടെ സംസ്‌കാരത്തിന് ഒരു തിരിച്ചറിവാണ് ഫിന്നിഷ്‌കരുടെ ഭാഷാസ്‌നേഹം. പ്രീ സ്‌കൂള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ്സു വരെ ഏതൊരു കുട്ടിക്കും അവരുടെ മാതൃഭാഷ പഠിക്കുവാനുള്ള അവസരമുണ്ട്. അങ്ങനെ മലയാളം, തമിഴ് ,ഹിന്ദി പോലുള്ള ഭാഷകളുടെ അടിസ്ഥാന പാഠങ്ങള്‍ കുട്ടികള്‍ക്ക് മുന്‍പില്‍ തുറന്നു കിട്ടുന്നു.

സ്‌പെഷ്യല്‍ ക്ലാസില്ല, അവധിദിനം നോ ഹോംവര്‍ക്ക്
ഗൃഹപാഠങ്ങള്‍ ഉണ്ടെങ്കിലും ചെറിയ ക്ലാസ്സുകളില്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ ഉണ്ടാകില്ല . അവധിദിവസങ്ങള്‍ പ്രധാനമായും കുട്ടികള്‍ക്ക് കുടുംബവുമായി ചിലവഴിക്കുവാനും കളികള്‍ക്കും മനസികോല്ലാസത്തിനുമാണ.് ഗൃഹപാഠങ്ങള്‍ അധികവും സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തേണ്ടവയാണ്. ഉയര്‍ന്ന ക്ലാസ്സുകളില്‍ ഗ്രേഡിങ്ങ് സംവിധാനമുണ്ട്. പരീക്ഷകള്‍ നടത്തി വര്‍ഷാവസാനം അധ്യാപകര്‍ മാതാപിതാക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഓരോ കുട്ടിയുടെയും മാര്‍ക്കുകള്‍ അവരുമായി മാത്രമാണ് പങ്കുവയ്ക്കാറ്.
പഠനത്തിനൊപ്പം പ്രായോഗിക പാഠങ്ങള്‍
അധിക സമയം ക്ലാസ്സുകളില്‍ ഇരുന്നു മുഷിയേണ്ട ആവശ്യമില്ല. അതിനനുസരിച്ചാണ് പഠന സമയം ക്രമീകരിച്ചിരിക്കുന്നത്. കായിക വിനോദങ്ങള്‍ക്കു പ്രത്യേകം സമയമുണ്ടെന്നു മാത്രമല്ല ഓരോ വിഷയത്തിനു ശേഷവും ചെറിയ ഇടവേളകള്‍ ഉണ്ടാകും. നീന്തല്‍പരിശീലനം കൂടാതെ അത്യാഹിത സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രായോഗിക പാഠങ്ങളും വിദ്യാലങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. തൊഴില്‍ പരിശീലനങ്ങളുടെ ഭാഗമായി ചെറിയ രീതിയില്‍ ജോലി ചെയ്യുവാനും ഉയര്‍ന്ന ക്ലാസ്സുകളില്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. കായികവിനോദങ്ങളും ചിത്രരചനയും സംഗീതവും, മരപ്പണിപോലുള്ള കരകൗശലവിദ്യകളും തുല്യപ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ട്.
.jpg?$p=818dc93&&q=0.8)
പ്രത്യേക വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ ഒരു ആശയത്തെ കേന്ദ്രീകരിച്ചുള്ള പഠനരീതിയും പിന്തുടരാറുണ്ട്. ഈ 'ഫിനോമനോന്‍ ബേസ്ഡ് ലേര്‍ണിംഗ്' കുട്ടികളില്‍ വിവിധ മേഖലകളില്‍ അവബോധമുണ്ടാക്കുന്നതിന് സഹായിക്കുന്നു. വായിച്ചു വളരുവാന്‍ സ്‌കൂളുകളോട് അനുബന്ധിച്ചു സാധാരണ ലൈബ്രറികള്‍ കാണാറുണ്ട്. 'വായന' ഇവരുടെ വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ അടിത്തറയാണ്.
ആരോഗ്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്‌കൂള്‍ നേഴ്‌സ് എല്ലാ വര്‍ഷവും കുട്ടികളും മാതാപിതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. നല്ല ഭക്ഷണവും മാനസികവും ശാരീരികവുമായ ആരോഗ്യവും ആഹ്ലാദപൂര്‍ണമായ ബാല്യകാലം സമ്മാനിക്കുന്നു.
പഠനമെന്നാല്‍ 'എ' ഗ്രേഡ് മാത്രമല്ല
ചെറുപ്രായത്തില്‍ തന്നെ അക്ഷരങ്ങള്‍ പഠിക്കാതെ 'വെറുതെ കളിച്ചു നടക്കുന്ന' കുട്ടികളെപ്പറ്റി പലപ്പോഴും ആവലാതിപ്പെടുന്ന, മാതൃഭാഷാ പഠനത്തിലൊന്നും വലിയ താല്പര്യമില്ലാത്ത മാതാപിതാക്കളെ കണ്ടിട്ടുണ്ടിവിടെ. നമ്മുടെ പതിവ് ശീലങ്ങളിലില്‍ നിന്നും വ്യത്യസ്തമായി, മത്സരങ്ങളില്ലാത്ത, ഗൃഹപാഠങ്ങള്‍ അധികമില്ലാത്ത സ്‌കൂളുകളോട് അധികം താല്പര്യം കാണിക്കാത്ത വിദേശികളുമുണ്ട്. കുട്ടികളുടെ തൊഴില്‍ സംബന്ധമായ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക് ഒരുപക്ഷെ ഇവിടുത്തെ വിദ്യാഭ്യാസ സങ്കല്പങ്ങളോട് വേഗം പൊരുത്തപ്പെടാന്‍ സാധിക്കില്ലായിരിക്കാം. ഏതുകാര്യത്തിലും അനായാസേന ഏറ്റവും മികച്ചതെന്നും മോശമായെതെന്നും ഒന്നിനേയും വിലയിരുത്തുവാന്‍ സാധിക്കുകയില്ലായിരിക്കാം. എന്നാല്‍ നല്ലതെന്നു തോന്നുന്നതിനെ ഉള്‍ക്കൊള്ളുവാനും അത് പിന്തുടരുവാനും, ശ്രമിച്ചാല്‍ നമുക്ക് സാധിച്ചേക്കും.
.jpg?$p=70fc63a&&q=0.8)
മാതൃഭാഷ മറന്ന് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നതും 'എ' ഗ്രേഡുകള്‍ വാങ്ങികൂട്ടുന്നതും പ്രൊഫഷണല്‍ ബിരുദം കരസ്ഥമാക്കുന്നതുമല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. സ്വഭാവരൂപീകരണവും പൊതുമുതല്‍ സംരക്ഷണവും പ്രകൃതിസംരക്ഷണവും അവനവന്റെ സര്‍ഗസൃഷ്ടികള്‍ പരിപോഷിപ്പിക്കുവാനും കായികക്ഷമത വളര്‍ത്തുവാനും അതിലുപരി അത്യാഹിത സന്ദര്‍ഭങ്ങളെ അതി ജീവിക്കുവാനുള്ള ചെപ്പടി വിദ്യകള്‍ കൈവശമാക്കുന്നതിലും നമ്മുടെ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കണം. നവകേരള സൃഷ്ടിക്കു നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ ശീലങ്ങളെ മാറ്റി ചിന്തിച്ചുകൊണ്ട് ഫിന്നിഷ് വിദ്യാഭ്യാസത്തിന്റെ നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ ഘടന ആവിഷ്‌കരിക്കാന്‍ സാധിച്ചാല്‍ അത് നമ്മുടെ സമൂഹത്തിന് ഒരു മുതല്‍കൂട്ടായിരിക്കും!
കേവലം ഒരു സര്‍ക്കാറിന്റെ ശ്രമങ്ങള്‍ മാത്രമല്ല , മറ്റുള്ളവരിലേക്ക് സദാ വിരല്‍ ചൂണ്ടാതെ ,ഒരു സമൂഹത്തിന്റെ മൊത്തമായ കാഴ്ചപ്പാടിലുള്ള മാറ്റത്തിലൂടെയേ ഫിന്നിഷ് വിദ്യാഭ്യാസത്തിന്റെ ചില നല്ല വശങ്ങളെങ്കിലും നമ്മുടെ സമൂഹത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളു. വിദ്യാഭ്യാസം ഒരു കച്ചവടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു കച്ചവടമല്ല മറിച്ചു സമൂഹത്തിനു മുതല്‍ക്കൂട്ടായ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്ന കുതിച്ചുചാട്ടമാണ് വിദ്യാഭ്യാസമെന്നു നമുക്ക് തിരുത്തി എഴുതുവാന്‍ സാധിക്കുമാറാകട്ടെ!
Content Highlights: Finland education, study abroad, finnish education model. latest news, Scandinavian Countries
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..