Representational Image | Photo: Freepik
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകളും ദേശീയതലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്‍പ്പെടെയുള്ളവയുടെ നടത്തിപ്പിനായി 2017-ല്‍ നിലവില്‍വന്ന സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അഥവാ എന്‍.ടി.എ. വിവിധ പരീക്ഷകള്‍ ഒരു കുടക്കീഴിലാക്കുക വഴി പരീക്ഷാനടത്തിപ്പ് സുതാര്യവും കുറ്റമറ്റതും കാര്യക്ഷമമാക്കാനും പരീക്ഷാനിലവാരം ഉയര്‍ത്താനും എന്‍.ടി.എ ലക്ഷ്യമിടുന്നു. ഡോ. വിനീത് ജോഷിയാണ് ഡയറക്ടര്‍ ജനറല്‍. എന്‍.ടി.എ നടത്തുന്ന സുപ്രധാന പരീക്ഷകള്‍ അറിയാം
ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE)
എന്‍ജിനീയറിങ് മേഖല സ്വപ്‌നം കാണുന്നവര്‍ക്കും രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ദേശീയ പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ അഥവാ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍. എന്‍ജിനിയറിങ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍/പ്ലാനിങ് ബിരുദതല കോഴ്സുകളിലെ പ്രവേശനത്തിനായാണ് ജെ.ഇ.ഇ നടത്തപ്പെടുന്നത്. എന്‍.ഐ.ടി, ഐ.ഐ.ടി, ഐ.ഐ.ഐ.ടി, ഗവ.ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍/ തുടങ്ങിയവയിലേക്കെല്ലാം ഈ അഖിലേന്ത്യാ പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. ചില സംസ്ഥാന സര്‍ക്കാരുടെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജെ.ഇ.ഇ. അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം നല്‍കുന്നത്. വെബ്സൈറ്റ്: www.jeemain.nta.nic.in. പന്ത്രണ്ടാം ക്ലാസ് പരീക്ഷയോ തത്തുല്യ യോഗ്യതാ പരീക്ഷയോ വിജയിച്ചവര്‍ക്കാണ് ജെ.ഇ.ഇ. മെയിന്‍ എഴുതാന്‍ അര്‍ഹത. ജെ.ഇ.ഇ. മെയിന്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളാണ് ഇതിലുള്‍പ്പെടുക.
JEE മെയിന്‍: ഒരു പ്രവേശനവര്‍ഷം രണ്ടുതവണയാണ് (ജനുവരി,ഏപ്രില്‍) ജെ.ഇ.ഇ. മെയിന്‍ നടത്തുന്നത്. ആദ്യ ശ്രമത്തില്‍ നന്നായി എഴുതാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അവസരം ഉപയോഗപ്പെടുത്താം. ആദ്യ പരീക്ഷയില്‍ വന്ന അബദ്ധങ്ങള്‍ തിരുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. ബോര്‍ഡ് പരീക്ഷകള്‍ വൈകുകയോ ഫലം വൈകുകയോ ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകില്ല എന്നതും രണ്ട് ഘട്ട പരീക്ഷയുടെ പ്രത്യേകതയാണ്. ഏതെങ്കിലും കാരണവശാല്‍ വിദ്യാര്‍ഥിക്ക് ആദ്യ ഘട്ടം എഴുതാന്‍ സാധിക്കാതെ വന്നാല്‍ രണ്ടാം ഘട്ടം പരീക്ഷയെഴുതാം. പരീക്ഷാര്‍ഥികള്‍ രണ്ട് ഘട്ടവും എഴുതണമെന്ന നിര്‍ബന്ധമില്ല. രണ്ട് ഘട്ടവും എഴുതിയവരാണെങ്കില്‍ മികച്ച സ്‌കോറാണ് റാങ്കിനായി പരിഗണിക്കുക. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്ക് പ്രായപരിധിയില്ല. ഇത്തവണത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഒന്നാംഘട്ടം ജനുവരിയില്‍ കഴിഞ്ഞിരുന്നു. രണ്ടാംഘട്ടം ഏപ്രില്‍ ആറ് മുതല്‍ 12 വരെ നടക്കും.
JEE അഡ്വാന്‍സ്ഡ്: രാജ്യത്തെ 23 ഐ.ഐ.ടി.കളിലേക്കുള്ള പ്രവേശനപരീക്ഷയാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്. ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക്. പേപ്പറിന്റെ അന്തിമ റാങ്ക് അടിസ്ഥാനപ്പെടുത്തി പരീക്ഷയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേര്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാം. ഈ വര്‍ഷത്തെ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് ഏപ്രില്‍ 30 മുതല്‍ മെയ് നാല് വരെ അപേക്ഷിക്കാം. https://jeeadv.ac.in
ജെ.ഇ.ഇ. മെയിന്‍ റാങ്ക് അടിസ്ഥാനമാക്കി ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാത്ത മറ്റുചില സ്ഥാപനങ്ങള്‍/ സംവിധാനങ്ങള്‍,ജെ.ഇ.ഇ. മെയിന്‍ റാങ്ക് പരിഗണിച്ച് അവരുടെ നിശ്ചിത പ്രോഗ്രാമുകളിലേക്ക് പ്രവേശനം നല്‍കാറുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു - ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്)പ്രോഗ്രാം, പൂനെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനീയറിങ് ബിരുദ പ്രവേശനം, ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാല എന്‍ജിനീയറിങ് ബിരുദ പ്രവേശനം, ജോയിന്റ് അഡ്മിഷന്‍ ക്മ്മിറ്റി (ഡല്‍ഹി) വഴിയുള്ള ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശനം, ഇന്ത്യന്‍ നേവിയുടേയും ഇന്ത്യന്‍ ആര്‍മിയുടേയും 10+2 (ബി.ടെക്) കേഡറ്റ് എന്‍ട്രി സ്‌കീം തുടങ്ങിയവ അവയില്‍ ചിലതാണ്.
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് -യുജി ( NEET)
ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ബിരുദ മെഡിക്കല്‍ പ്രവേശനത്തിനായി നടത്തുന്ന രാജ്യത്തെ ഏകീകൃത യോഗ്യതാപരീക്ഷയാണ് നീറ്റ് യു ജി. രജിസ്ട്രേഷന്‍ മുതല്‍ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂര്‍ണ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്. ഇത്തവണത്തെ നീറ്റ് പരീക്ഷ മേയ് ഏഴിന് നടക്കും
എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എ.എം.എസ്./ബി.എസ്.എം.എസ്./ബി.യു.എം.എസ്./ബി.എച്ച്.എം.എസ്. കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് നീറ്റ്- യു.ജിയുടെ പരിധിയില്‍ വരുന്നത്. ഡീംഡ് യൂണിവേഴ്‌സിറ്റികള്‍/ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (എയിംസ് & ജിപ്മര്‍) എന്നിവയിലെ ബിരുദ മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനവും നീറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്.
ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി കാമ്പസില്‍ നടത്തുന്ന നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബി.എസ്‌സി. പ്രോഗ്രാം പ്രവേശനം നീറ്റ് സ്‌കോര്‍ അടിസ്ഥാനപ്പെടുത്തിയാണ്.
നീറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി പ്രവേശനം നേടാവുന്ന മറ്റ് കോഴ്സുകള്‍: ബി.വി.എസ്.സി. & എ.എച്ച്. (വെറ്ററിനറി), ബി. എസ്സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്സി. (ഫോറസ്ട്രി), ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.എസ്സി. കോ-ഓപ്പറേഷന്‍ & ബാങ്കിങ്, ബി.എസ്സി. ക്ലൈമറ്റ് ചേഞ്ച് & എന്‍വയണ്‍മെന്റല്‍ സയന്‍സ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. ബയോടെക്നോളജി തുടങ്ങിയവ. വെബ്സൈറ്റ്: www.neet.nta.nic.in
കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG)
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET). രാജ്യത്തെ 44 കേന്ദ്രസര്‍വകലാശാലകളിലേക്കും വിവിധ സംസ്ഥാന/കല്‍പിത/സ്വകാര്യ സ്ഥാപനങ്ങളിലേക്കും CUET-UG സ്‌കോര്‍ അടിസ്ഥാനപ്പെടുത്തിയാണ് ബിരുദ പ്രവേശനം നല്‍കുന്നത്. വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഈ പ്രവേശനപരീക്ഷ വഴി സാധ്യമാണ്. പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഈ വര്‍ഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. മെയ് 21 നും 31-നും ഇടയിലായിരിക്കും പരീക്ഷ നടക്കുക.
www.cuet.samarth.a-c.in-ല്‍ സര്‍വകലാശാലകളുടെ ലിസ്റ്റും അവിടെ ലഭ്യമായ കോഴ്‌സ് വിവരങ്ങളും ലഭ്യമാണ്. ഓരോ സര്‍വകലാശാലയുടെയും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടെ ലഭ്യമായ പ്രോഗ്രാമുകളുടെ യോഗ്യതാ മാനദണ്ഡങ്ങളും എഴുതേണ്ട പരീക്ഷയും അറിയാം. ഉദാഹരണത്തിന് ഡല്‍ഹി സര്‍വകലാശാലാ പ്രവേശനത്തിന് പ്ലസ്ടുവിന് പഠിച്ച വിഷയങ്ങളിലെ പരീക്ഷ എഴുതേണ്ടതുണ്ട്. അലിഗഡ്, ജാമിയ മില്ലിയ സര്‍വകലാശാലകളില്‍ ചില കോഴ്‌സുകള്‍ മാത്രമാണ് സി.യു.ഇ.ടി വഴി പ്രവേശനം. ഒരാള്‍ക്ക് പരമാവധി പത്ത് പരീക്ഷ എഴുതാം.ജനറല്‍ ടെസ്റ്റും സെക്ഷന്‍ 1 A യില്‍ ഇംഗ്ലീഷും എഴുതിയാല്‍ നിരവധി പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളമടക്കം 13 ഭാഷകളില്‍ പരീക്ഷ എഴുതാം
ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചിന് (ICAR) കീഴിലുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ AIEEA ഇനിമുതല്‍ ഉണ്ടാകില്ല. കാര്‍ഷിക സര്‍വകലാശാലകളില്‍ വെറ്ററിനറി സയന്‍സ് ഒഴികെയുള്ള കാര്‍ഷിക, അനുബന്ധ ബിരുദ കോഴ്‌സുകളിലെ 20 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്ക് 2023 -24 അക്കാദമിക വര്‍ഷം മുതല്‍ രൗല പ്രവേശനപരീക്ഷ വഴിയാകും നടത്തുക.
കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് -പി.ജി(CUET-PG)
കേന്ദ്ര/ഇതര സര്‍വകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് CUET-PG. ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ജൂണില്‍ നടക്കും. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് പരീക്ഷ.
കോമണ്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (CMAT)
എം.ബി.എ. ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷയാണ് സിമാറ്റ്. എ.ഐ.സി.ടി.ഇ. (AICTE) അംഗീകാരമുള്ള ബിസിനസ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് സിമാറ്റ് സ്‌കോര്‍ ആണ് പരിഗണിക്കുന്നത്. ഈ സ്‌കോര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കട്ട് ഓഫ് നിശ്ചയിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. 2018 വരെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) നടത്തിയ പരീക്ഷ 2019 മുതലാണ് എന്‍ടിഎ നടത്തുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ ടെസ്റ്റാണ് സിമാറ്റ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഐ.ഐ.എം. ക്യാറ്റ്, സിമാറ്റ്, കേരളസര്‍ക്കാര്‍ എര്‍പ്പെടുത്തുന്ന കെമാറ്റ് ഇവയിലൊന്നാണ് കേരളത്തില്‍ എം.ബി.എ പ്രവേശനത്തിനായി പരിഗണിക്കുക. വെബ്സൈറ്റ്: www.cmat.nta.nic.in
ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (GPAT)
ഫാര്‍മസി കോഴ്സുകളിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമിലേക്കുള്ള (എം.ഫാം.) പ്രവേശനത്തിനുള്ള ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് ജിപാറ്റ്. നാലുവര്‍ഷ ബി.ഫാം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫാര്‍മസി മേഖലയിലെ സ്‌കോളര്‍ഷിപ്പുകളും മറ്റ് സാമ്പത്തിക സഹായങ്ങളും ജിപാറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ നല്‍കാറുണ്ട്. 2018 വരെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) ആണ് പരീക്ഷ നടത്തിയത്. 2019 മുതലാണ് എന്‍.ടി.എ. ഏറ്റെടുക്കുന്നത്. എ.ഐ.സി.ടി.ഇ., ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജിപാറ്റ് സ്‌കോര്‍ ആണ് പരിഗണിക്കുന്നത്. വെബ്സൈറ്റ്: www.gpat.nta.nic.in
യുജിസി- നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (UGC-NET)
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.), സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപക തസ്തികയ്ക്ക് അപേക്ഷിക്കാനും ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്. ഹ്യുമാനിറ്റീസ്, ആര്‍ട്‌സ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 81 വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ് (UGC) പരീക്ഷ നടത്തുന്നത്. യോഗ്യത: ബിരുദാനനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. ജെ.ആര്‍.എഫിന് പ്രായപരിധിയുണ്ട്. വെബ്സൈറ്റ്: www.ugcnet.nta.nic.in
സി.എസ്.ഐ.ആര്‍. - യു.ജി.സി. നെറ്റ് സയന്‍സ്, എന്‍ജിനീയറിങ്് വിദ്യാര്‍ഥികള്‍ക്കായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ചും (ഇടകഞ) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ചേര്‍ന്നും നടത്തുന്ന യോഗ്യതാ പരീക്ഷയാണ്. സി.എസ്.ഐ.ആര്‍-യു.ജി.സി-നെറ്റ് എന്നാണ് ഈ പരീക്ഷ അറിയപ്പെടുന്നത്. ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. വെബ്സൈറ്റ്: www..csirnet.nta.nic.in
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (NCHM JEE)
ടൂറിസം മന്ത്രാലയത്തിന് കീഴില്‍ 1982ല്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി (NCHMCT). NCHMCT അഫിലിയേഷനുള്ള ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍. മൂന്ന് വര്‍ഷ ബി,എസ്സി. ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ B.Sc (HHA) കോഴ്സിലേക്കാണ് പ്രവേശനം. വെബ്സൈറ്റ്: www.nchmjee.nta.nic.in
ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIA PGET)
ദേശീയ തലത്തിലുള്ള എല്ലാ ആയുഷ് ശാഖകളിലെയും (ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശനപരീക്ഷയാണ് ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ്. സര്‍ക്കാര്‍-എയ്ഡഡ് കോളജുകള്‍/ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ / കേന്ദ്ര സര്‍വകലാശാലകള്‍ / കല്‍പിത സര്‍വകലാശാലകള്‍ എന്നിവയിലെ അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനവും AIA PGET വഴിയാണ്. അംഗീകൃത ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി ബാച്ലര്‍ ബിരുദവും റജിസ്‌ട്രേഷനും നേടി, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT MBA(IB))
1963ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് 2002-ലാണ് ഡീംഡ് യൂണിവേഴ്സിറ്റി ആകുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, കാക്കിനാഡ എന്നിവിടങ്ങളില്‍ കാമ്പസുകളുള്ള ഐ.ഐ.എഫ്.ടിയിലേക്കുള്ള എം.ബി.എ പ്രവേശന പരീക്ഷ എന്‍.ടി.എ ആണ് നടത്തുന്നത്. അംഗീകൃത ബിരുദമാണ് യോഗ്യത. വെബ്സൈറ്റ്: www.iift.nta.nic.in
നാഷണല്‍ ടെസ്റ്റ് അഭ്യാസ്
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷാ പരിശീലനം സാധ്യമാക്കുന്ന സംവിധാനമാണ് നാഷണല്‍ ടെസ്റ്റ് അഭ്യാസ്. നിര്‍മിതബുദ്ധി അധിഷ്ഠിതമായ നാഷണല്‍ ടെസ്റ്റ് അഭ്യാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ മോക്ക് ടെസ്റ്റുകളാണുണ്ടാവുക. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക് ടെസ്റ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. National Test Abhyas എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. പേര്, മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്ത് പാസ്വേഡ് നല്‍കിയാല്‍ ആപ്പ് ഉപയോഗിക്കാം.
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
പരീക്ഷകള്‍ക്കെല്ലാം ഏറ്റവും വേണ്ട രണ്ട് ഗുണങ്ങളാണ് വേഗതയും, കൃത്യതയും. കുറഞ്ഞ സമയത്തിനുള്ളില്‍ ശരിയുത്തരം കണ്ടെത്തുക എന്നതാണ് വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പരിശീലനം മാത്രമാണ് ഇത് മറികടക്കാനുള്ള ഏകപോംവഴി. ഗണിതം, റീസണിങ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ടതിനാല്‍ നിരന്തര പരിശീലനം അനിവാര്യമാണ്. ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ സെക്കന്‍ഡുകള്‍ മാത്രമേ ലഭിക്കൂവെന്ന കാര്യം വിദ്യാര്‍ഥികള്‍ ഓര്‍ത്തിരിക്കണം.
അടിസ്ഥാനയോഗ്യത പറയുന്നുണ്ടെങ്കിലും പ്രവേശനപരീക്ഷാ സ്‌കോര്‍ ആണ് കോഴ്സ്പ്രവേശനത്തിന് നിര്‍ണയാകമാവുക. ആഗ്രഹിച്ച കോഴ്സ് ആഗ്രഹിച്ച സ്ഥാപനങ്ങളില്‍ പഠിക്കണമെങ്കില്‍ ചിട്ടയായ പഠനവും, സമയക്രമീകരണവും അനിവാര്യമാണ്. സിലബസ് കൃത്യമായി പിന്തുടരുകയും റിവിഷനുകള്‍ സമയബന്ധിതമായി തീര്‍ക്കുകയും വേണം.
- മുന്‍കാല ചോദ്യപ്പേപ്പറുകള്‍ ഉപയോഗിക്കാം: പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാന്‍ മുന്‍പുനടന്ന പരീക്ഷാ ചോദ്യങ്ങള്‍ സഹായകരമാകും. ഏതൊക്കെ തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാമെന്ന ധാരണയുണ്ടാക്കാനും സിലബസിന് വലിയ മാറ്റമില്ലാത്തിനാല്‍ത്തന്നെ ഏകദേശ കട്ട്-ഓഫ് മാര്‍ക്കിനെക്കുറിച്ച് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും.
- മാതൃകാ പരീക്ഷകള്‍: വിവിധ ഗൈഡുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും മോക്ക് ടെസ്റ്റുകള്‍ക്കായി പ്രയോജനപ്പെടുത്താം. കൂടുതല്‍ ചെയ്ത് പരിശീലിക്കാനും അതിലൂടെ വേഗത വര്‍ധിപ്പിക്കാനും മാതൃകാ പരീക്ഷകള്‍ സഹായകമാകും. സ്ഥിരമായി ചെയ്തു പരിശീലിക്കുന്നതിലൂടെ കൃത്യമായ ഉത്തരത്തിലേക്ക് എളുപ്പത്തില്‍ എത്താനുമാകും. സി.യു.ഇ.ടി പ്രവേശന പരീക്ഷ ഇത്തവണ ആദ്യമായി നടത്തുന്നതിനാല്‍ മുന്‍ കാല ചോദ്യപ്പേപ്പറുകള്‍ ലഭ്യമാകില്ല. അവിടെ സിലബസ്, ഡിഗ്രിതലത്തിലേക്ക് മുന്‍പ് ചില സര്‍വകലാശാലകള്‍ നടത്തിയ പരീക്ഷാകള്‍ എന്നിവയാണ് സഹായകമാവുക
- നെഗറ്റിവ് മാര്‍ക്ക് വരാതെ സൂക്ഷിക്കാം: പരീക്ഷാര്‍ഥികള്‍ എല്ലാഘട്ടത്തിലും നെഗറ്റിവ് മാര്‍ക്കിനെക്കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തേണ്ടതുണ്ട്. മിക്ക പരീക്ഷകളിലും തെറ്റുത്തരം രേഖപ്പെടുത്തുന്ന ഓരോ ചോദ്യത്തിനും നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഉത്തരം നല്‍കാത്തവയ്ക്ക് നെഗറ്റിവ് മാര്‍ക്കിങ് ഉണ്ടായിരിക്കില്ല. നെഗറ്റീവ് ഒഴിവാക്കാനുള്ള ഏറ്റവും വലിയ സൂത്രം അനാവശ്യമായ 'ഊഹവഴികള്‍' ഒഴിവാക്കാം എന്നുള്ളതാണ്.
Content Highlights: exams cconducted by NTA, national Testing agency, NEET -UG, neet-pg, ugc-net, Entrance exams
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..