എൻജിനിയറിങ് റാങ്കിങ് :മാർക്ക് സ്റ്റാൻഡേഡൈസേഷൻ പരിഗണിക്കുന്ന മൂല്യങ്ങൾ, വിശദമായി അറിയാം


Representative image

കേരളത്തിലെ എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തി. അടുത്ത നടപടി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കലാണ്. പ്രവേശനപരീക്ഷയിലെ മൊത്തം മാർക്കും പ്ലസ്ടു രണ്ടാംവർഷപരീക്ഷയിലെ നിശ്ചിത വിഷയങ്ങളുടെ മൊത്തം മാർക്കും പ്രോ​െസ്പക്ടസ് ക്ലോസ് പ്രകാരം പരിഗണിച്ചാണ് ഇത് നടപ്പാക്കുന്നത്.

മാർക്ക് സ്റ്റാൻഡേഡൈസേഷൻ

വ്യത്യസ്തബോർഡുകളിൽനിന്നും യോഗ്യതാപരീക്ഷ ജയിക്കുന്നവരാണ് എൻജിനിയറിങ് പ്രവേശനം തേടുന്നത്. ചോദ്യപ്പേപ്പറുകളുടെ നിലവാരം, മൂല്യനിർണയവ്യവസ്ഥകളിലെ വ്യത്യാസങ്ങൾ എന്നിവയൊക്കെ വിദ്യാർഥിയുടെ അന്തിമ മാർക്കിനെ ബാധിക്കാം. ഇക്കാരണങ്ങളാൽ വിവിധ ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുടെ മാർക്കിൽ വന്നേക്കാവുന്ന അന്തരം ഇല്ലാതാക്കുക എന്നതാണ് മാർക്ക് ക്രമീകരണത്തിന്റെ ലക്ഷ്യം.

പരിഗണിക്കുന്ന മൂല്യങ്ങൾ

ഗ്ലോബൽ മീൻ, ഗ്ലോബൽ സ്റ്റാൻഡേഡ്‌ ഡീവിയേഷൻ എന്നീ രണ്ടു സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്കൽ) മൂല്യങ്ങൾ, ഈ പ്രക്രിയയിൽ ആദ്യം പരിഗണിക്കും. കേരള ഹയർസെക്കൻഡറി, കേരള വൊക്കേഷണൽ ഹയർസെക്കൻഡറി, സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. എന്നീ നാല് ബോർഡുകളിൽനിന്നും 2009 മുതൽ 2022 വരെയുള്ള കാലയളവിൽ (14 വർഷം), രണ്ടാം വർഷ പ്ലസ്ടു പരീക്ഷ, ഒരു വിഷയത്തിൽ ജയിച്ച കുട്ടികളുടെ 100-ലെ മാർക്കിന്റെ ശരാശരി മാർക്കായിരിക്കും ആ വിഷയത്തിലെ ഗ്ലോബൽ മീൻ അഥവാ ആഗോള ശരാശരി. ഇതേ മാർക്കുകളിലുള്ള വ്യതിയാനമാണ് (മാർക്കുകൾ തമ്മിലുള്ള അന്തരം), ഗ്ലോബൽ സ്റ്റാൻഡേഡ്‌ ഡീവിയേഷൻ അഥവാ ആഗോളവ്യതിയാനം.

രണ്ടാമതായി പരിഗണിക്കുക, വിദ്യാർഥി പരീക്ഷയെഴുതിയ ബോർഡുമായി ബന്ധപ്പെട്ട മൂല്യങ്ങളാണ്. ബോർഡിലെ ഈ മൂന്നു വിഷയങ്ങളിലോരോന്നിലും രണ്ടാംവർഷപരീക്ഷയിൽ ജയിച്ചവരുടെ 100-ൽ കണക്കാക്കുന്ന മാർക്കിന്റെ ശരാശരി (മീൻ), വ്യതിയാനം/അന്തരം (സ്റ്റാൻഡേഡ്‌ ഡീവിയേഷൻ) എന്നിവയാണ് ഇതിനായി പരിഗണിക്കുക.

സൂത്രവാക്യം

സാംഖ്യികതത്ത്വങ്ങൾ പരിഗണിച്ചുകൊണ്ടുള്ള മാർക്ക് ക്രമീകരണസൂത്രവാക്യം കീം 2022 പ്രോ​െസ്പക്ടസിൽ ക്ലോസ് 9.7.4 (b) (iii)-ൽ (പേജ് 56) നൽകിയിട്ടുണ്ട്. രണ്ടാംവർഷ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ വിദ്യാർഥിക്കുലഭിച്ച മാർക്കുകൾ ഓരോന്നും 100-ൽ അല്ലെങ്കിൽ, അവ 100-ൽ വീതം ആക്കും.

ഒരുവിഷയത്തിൽ (ഉദാഹരണത്തിന് ഫിസിക്സിൽ) വിദ്യാർഥിക്കു ലഭിച്ച മാർക്കും (a) ആ വർഷത്തെ ആ വിദ്യാർഥിയുടെ ബോർഡ് പരീക്ഷയിൽ ഫിസിക്സിൽ ജയിച്ച കുട്ടികൾക്കു കിട്ടിയ മാർക്കുകളുടെ ശരാശരി മാർക്കും (b) തമ്മിലുള്ള വ്യത്യാസത്തെ [(a-b)], ആ വർഷത്തെ ബോർഡ് പരീക്ഷയിലെ ഫിസിക്സ് മാർക്കുകളുടെ സ്റ്റാൻഡേഡ്‌ ഡീവിയേഷൻകൊണ്ട് (c) ഹരിക്കുമ്പോൾ കിട്ടുന്ന മൂല്യം-അതായത്, [(a-b)/c] ആദ്യം കണ്ടെത്തും. ഇത് d ആകട്ടെ. ഈ കിട്ടുന്ന തുകയെ, ഫിസിക്സിലെ ഗ്ലോബൽ സ്റ്റാൻഡേഡ്‌ ഡീവിയേഷൻ (e) കൊണ്ട് ഗുണിക്കും (e x d). ഇപ്രകാരം കിട്ടുന്ന തുക, ഫിസിക്സിലെ ഗ്ലോബൽ മീനിനോടു (f) കൂട്ടും [f+(exd)]. അങ്ങനെ കിട്ടുന്ന മൂല്യമാണ്, പരീക്ഷാർഥിയുടെ ഫിസിക്സിലെ, സ്റ്റാൻഡേഡൈസു ചെയ്യപ്പെട്ട മാർക്ക്. ചുരുക്കത്തിൽ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള 5 മൂല്യങ്ങൾ ആ വിഷയത്തിന്റെ മാർക്കിന്റെ സ്റ്റാൻഡേഡൈസേഷന് പരിഗണിക്കും (ഇവിടെ a, b, c, e, f).

ഇതേരീതിയിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെയും സ്റ്റാൻഡേഡൈസ് ചെയ്യപ്പെട്ട മാർക്ക് കണക്കാക്കും. അപ്പോൾ മൂന്നുവിഷയങ്ങളുമായി ബന്ധപ്പെട്ട് 15 മൂല്യങ്ങളാണ് സ്റ്റാൻഡേഡൈസേഷൻ പ്രക്രിയയിൽ ഉൾപ്പെടുന്നത്. ഇപ്രകാരം മൂന്നുവിഷയങ്ങളിലെയും സ്റ്റാൻഡേഡൈസ് ചെയ്യപ്പെട്ട മാർക്കുകൾ കൂട്ടുമ്പോൾ യോഗ്യതാകോഴ്സുമായി ബന്ധപ്പെട്ട 300-ലെ സ്റ്റാൻഡേഡൈസുചെയ്യപ്പെട്ട മൊത്തം മാർക്ക് ലഭിക്കും. ഈ മൊത്തം മാർക്കാണ് റാങ്ക് നിർണയത്തിൽ പ്ലസ്ടു മാർക്കായി എടുക്കുക (A).

രണ്ടാംഘടകമായി, പരീക്ഷാർഥിക്ക്, എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ രണ്ടുപേപ്പറിലുംകൂടി 960-ൽ കിട്ടിയ മാർക്ക് 300- ലേക്കുമാറ്റും (യോഗ്യത നേടിയതിനു വിധേയം). ഒരാൾക്ക് പ്രവേശനപരീക്ഷയിൽ, 960-ൽ, X മാർക്ക് കിട്ടിയെങ്കിൽ, ഈ പരീക്ഷാർഥിയുടെ 300-ലെ മാർക്ക്, [(X/960)x300] ആയിരിക്കും. അതായത്, കിട്ടിയ മാർക്കിനെ (300/960) കൊണ്ട് ഗുണിച്ചാൽ മതി. ഇത് (B) ആകട്ടെ.

A, B എന്നിവ ഓരോന്നും നാലു ദശാംശസ്ഥാനങ്ങളിലേക്ക് ക്രമപ്പെടുത്തും.

A, B എന്നീ മാർക്കുകൾ കൂട്ടുമ്പോൾ 600-ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ചാണ് എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുന്നത് [എൻജിനിയറിങ് റാങ്ക് നിർണയ സ്കോർ = A+B].

2022-ലെ എൻജിനിയറിങ് റാങ്ക് നിർണയത്തിന് ഉപയോഗിക്കുന്ന മൂല്യങ്ങൾ (മീൻ, സ്റ്റാൻഡേർഡ് ഡീവിയേഷൻ തുടങ്ങിയവ) ഫലപ്രഖ്യാപന അറിയിപ്പിനൊപ്പം പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തും.

Content Highlights: Engineering ranking 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented