ജീവിത പ്രതിസന്ധികളില്‍ എരിഞ്ഞടങ്ങിയ ഗണിത പ്രതിഭകള്‍


തയ്യാറാക്കിയത് - എം.ആര്‍.സി നായര്‍

എയ്ഡ ലവ്ലേസ്, ജോർജ് കാന്റർ(നടുക്ക് മുകളിൽ), എവാറിസ്റ്റ് ഗാൽവ (നടുക്ക് താഴെ), പിയർ ദ ഫെർമ (Photo: wikimedia commons, wikipedia, getty images)

ഗണിതശാസ്ത്രത്തിലെ ചില അതുല്യ പ്രതിഭകളെ പരിചയപ്പെടാം. ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിട്ട ഇവരില്‍ പലരുടെയും സംഭാവനകള്‍ മരണശേഷമാണ് ലോകമറിഞ്ഞത്

എയ്ഡ ലവ്ലേസ്

പ്രശസ്ത ഇംഗ്‌ളീഷ് കവി ലോഡ് ബൈറന്റെ മകളാണ് എയ്ഡ ലവ്ലേസ്. ചാള്‍സ് ബാബേജിനൊപ്പം കംപ്യൂട്ടര്‍നിര്‍മാണത്തില്‍ പങ്കാളിയാവുകയും വെറും കണക്കൂകൂട്ടല്‍ യന്ത്രം എന്നതിലുപരി കംപ്യൂട്ടറിന് അനന്തസാധ്യതകളുണ്ടെന്ന് തെളിയിക്കുകയും ചെയ്തതാണ് എയ്ഡയുടെ ഏറ്റവുംവലിയ സംഭാവന. ലോകത്ത് ആദ്യത്തെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നസ്ഥാനം എയ്ഡയ്ക്കുള്ളതാണ്.

സുന്ദരിയും വിവാഹിതയുമായ എയ്ഡ ഗണിതശാസ്ത്രജ്ഞനായ ജോണ്‍ ക്രോസുമായി സ്‌നേഹത്തിലായി. അങ്ങനെയിരിക്കെ എയ്ഡയ്ക്ക് അര്‍ബുദബാധയുണ്ടായി. ചികിത്സിച്ചുഭേദമാക്കുന്നതിനുള്ള മരുന്നൊന്നും അന്നു കണ്ടുപിടിച്ചിരുന്നില്ല. മയക്കുമരുന്നുകള്‍ മാത്രമായിരുന്നു ആശ്രയം. എയ്ഡയുടെ അമ്മ മകളുടെ പരിചരണം ഏറ്റെടുത്തു. അമ്മയ്ക്കുമുമ്പില്‍ മകള്‍ തന്റെ സ്‌നേഹബന്ധത്തിന്റെ കഥ തുറന്നുപറഞ്ഞു. കഥകേട്ട് ഞെട്ടിപ്പോയ അമ്മ മരുന്നുകള്‍ പൊടുന്നനെ നിര്‍ത്തിക്കളഞ്ഞു. മകളുടെ പ്രണയത്തെ സമൂഹം എങ്ങനെ കാണുമെന്നായിരുന്നു അവരുടെ ആശങ്ക. അര്‍ബുദം കാര്‍ന്നുതിന്നുന്ന വേദനയുമായി അവസാനനാളുകള്‍ തള്ളിനീക്കിയ എയ്ഡയ്ക്ക് ജോണ്‍ ക്രോസിനോട് ചില കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. എന്നാല്‍, ലേഡി ബൈറന്‍ അയാളെ വിലക്കി. 1852 നവംബര്‍ 27-ന് മുപ്പത്തിയാറാമത്തെ വയസ്സില്‍ ആ ദീപനാളം പൊലിഞ്ഞു. അമേരിക്കന്‍ പ്രതിരോധവകുപ്പിനുവേണ്ടി എയ്ഡ വികസിപ്പിച്ചെടുത്ത കംപ്യൂട്ടര്‍ഭാഷയ്ക്ക് ലവ്ലേസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ജോര്‍ജ് കാന്റര്‍

സെറ്റ് തിയറിയുടെ ഉപജ്ഞാതാവായ ജോര്‍ജ് കാന്ററിനെപ്പോലെ പീഡനങ്ങള്‍ അനുഭവിച്ച വേറൊരു ഗണിതശാസ്ത്രജ്ഞന്‍ ഉണ്ടാവുകയില്ല. അതിസമര്‍ഥനായ ഒരു വിദ്യാര്‍ഥിയായിരുന്നു കാന്റര്‍. പഠനകാലത്ത് പിതാവ് അയച്ച കത്തുകള്‍ കാന്ററിന് ജീവിതത്തില്‍ മുന്നേറാനുള്ള ആവേശവും ബുദ്ധിമുട്ടുകളെ നേരിടാനുള്ള കരുത്തും നല്‍കുന്നതായിരുന്നു. ബര്‍ലിന്‍ യൂണിവേഴ്സിറ്റിയിലെ പഠനകാലത്തുതന്നെ കാന്ററുടെ കണ്ടുപിടിത്തങ്ങള്‍ ഓരോന്നായി പുറത്തുവന്നു. ഡോക്ടറേറ്റ് എടുത്തശേഷം ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ത്തന്നെ ഗണിതശാസ്ത്ര പ്രൊഫസര്‍ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ഗണിതശാസ്ത്രത്തില്‍ വിപ്ലവംസൃഷ്ടിച്ച കാന്ററുടെ തിയറി ഓഫ് ഇന്‍ഫിനിറ്റി പുറത്തുവന്നതോടെ സ്വന്തം അധ്യാപകനായ ക്രോണെക്കര്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. കാന്റര്‍ തനിക്കുമീതേ വളരുന്നതിന്റെ അസൂയയാണ് ക്രോണെക്കറെ പ്രകോപിപ്പിച്ചത്. കാന്ററിനു ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിക്കാതെ പോയതിനും കാരണക്കാരന്‍ ക്രോണെക്കര്‍തന്നെ. കാന്ററെ പരിഹസിക്കാനും മാനസികമായി തളര്‍ത്താനും അയാള്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെപ്പോലും കൂട്ടുപിടിച്ചു. കാന്ററുടെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മാസികയുടെ പത്രാധിപരോട് പൊട്ടന്‍സിദ്ധാന്തങ്ങളാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

ഇതേത്തുടര്‍ന്ന് കാന്റര്‍ ആ മാസികയില്‍നിന്ന് പുറത്തായി. അവസാനകാലത്ത് ആരോഗ്യം തകര്‍ന്ന് കാന്റര്‍ മാനസികരോഗാശുപത്രിയില്‍ അകപ്പെട്ടതിനു പ്രധാന കാരണക്കാരന്‍ ക്രോക്കെറാണ്. അനന്തങ്ങള്‍ അനന്തമാണെന്ന് കാന്റര്‍ സമര്‍ഥിച്ചു. അദ്ദേഹം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചുതുടങ്ങുകയും മാനസികരോഗാശുപത്രിയില്‍ അടയ്ക്കപ്പെടുകയും ചെയ്തു.. മരണശേഷമാണ് കാന്ററുടെ കണ്ടുപിടിത്തങ്ങളുടെ മഹത്ത്വം ലോകം അറിഞ്ഞത്.

എവാറിസ്റ്റ് ഗാല്‍വ

കഷ്ടിച്ച് ഇരുപതുവയസ്സുമാത്രം ഉള്ളപ്പോള്‍ ശത്രുക്കളുടെ കൊലക്കത്തിക്കിരയായ എവാറിസ്റ്റ് ഗാല്‍വ എന്ന യുവാവിന്റെ കഥ കേള്‍ക്കുക. 1811-ല്‍ പാരീസില്‍ ജനിച്ച ഗാല്‍വ സമര്‍ഥനായ ഒരു വിദ്യാര്‍ഥിയായിരുന്നു. എന്നാല്‍, പട്ടാളച്ചിട്ടയില്‍ നടത്തിയിരുന്ന അന്നത്തെ വിദ്യാലയങ്ങള്‍ അയാളില്‍ വെറുപ്പുളവാക്കി. അനാവശ്യനിയന്ത്രണങ്ങളെ ഗാല്‍വ ചോദ്യംചെയ്തു. അധ്യാപകരോട് സംശയങ്ങള്‍ ചോദിക്കുന്നത് അക്കാലത്ത് ധിക്കാരമായി കരുതിപ്പോന്നു.

ഫ്രഞ്ച് വിപ്ലവകാലത്ത് സ്ഥാപിച്ച എക്കോള്‍ പോളിടെക്നിക് ഗണിതശാസ്ത്രജ്ഞന്മാരെ വാര്‍ത്തെടുക്കുന്ന ഒരു സ്ഥലമായാണ് അറിയപ്പെട്ടിരുന്നത്. ഗാല്‍വ അവിടെ പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും പ്രവേശനപരീക്ഷയില്‍ തോറ്റുപോയി. ഒരിക്കല്‍ക്കൂടി പ്രവേശനപരീക്ഷ എഴുതിയെങ്കിലും പരീക്ഷകരില്‍ ഒരാള്‍ വരുത്തിയ തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെപേരില്‍ വീണ്ടും പരാജയപ്പെട്ടു.

യൂണിവേഴ്സിറ്റി കാലഘട്ടമായപ്പോഴേക്കും ഗാല്‍വ ഗണിതശാസ്ത്രത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിച്ചുകഴിഞ്ഞിരുന്നു പാരീസ് അക്കാദമിയുടെ അംഗീകാരം ലഭിക്കുക അന്ന് ഏതൊരു ഗണിതശാസ്ത്രജ്ഞന്റെയും സ്വപ്നമായിരുന്നു. ഗാല്‍വ തന്റെ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചു. നിര്‍ഭാഗ്യത്താല്‍ അത് ഫലവത്തായില്ല. നിരാശനായ ഗാല്‍വ രാഷ്ട്രീയത്തിലിറങ്ങി. ഗവണ്‍മെന്റിനെതിരേ അദ്ദേഹം വിദ്യാര്‍ഥികളുടെ ജാഥനയിച്ചു. ആദ്യം അറസ്റ്റുചെയ്തു വിട്ടയച്ചെങ്കിലും വീണ്ടും ജയിലിലായി. ഇതോടെ രാഷ്ട്രീയരംഗത്തും ഗാല്‍വയ്ക്ക് ശത്രുക്കള്‍ വര്‍ധിച്ചു. ഇക്കാലത്ത് സ്റ്റിഫാനി എന്ന യുവതിയുമായി ഉണ്ടായ അടുപ്പം ഒരു ദ്വന്ദ്വയുദ്ധത്തില്‍ കലാശിച്ചു. ഗാല്‍വ ജീവിച്ചിരിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ എതിരാളികള്‍ സ്റ്റിഫാനിയുടെ കാമുകവേഷം കെട്ടിച്ച് ഒരു അക്രമിയെ രംഗത്തിറക്കുകയായിരുന്നത്രേ. ദ്വന്ദ്വയുദ്ധത്തില്‍ ഗാല്‍വ കൊല്ലപ്പെട്ടു.

പിയര്‍ ദ ഫെര്‍മ

ഗണിതം പഠിക്കാതെ ഗണിതശാസ്ത്രജ്ഞനായി മാറിയ പ്രതിഭാശാലിയാണ് പിയര്‍ ദ ഫെര്‍മ. അദ്ദേഹം പഠിച്ചത് നിയമവും രാഷ്ട്രമീമാംസയുമായിരുന്നു. ജോലിനോക്കിയത് നിയമജ്ഞനായും. ഗണിതത്തെ ഒരു വിനോദമായി കണ്ട ഫെര്‍മ ഒഴിവുനേരങ്ങളില്‍ താന്‍ വായിച്ചിരുന്ന പുസ്തകങ്ങളുടെ മാര്‍ജിനില്‍ കുറിപ്പുകളെഴുതുമായിരുന്നു. അങ്ങനെയൊരു കുറിപ്പിലാണ് ഫെര്‍മയുടെ പ്രശസ്തമായ 'ലാസ്റ്റ് തിയറം' ഉള്ളത്. xn+yn= zn എന്ന സമവാക്യത്തില്‍ nന് 2-ല്‍ കൂടിയ വിലകള്‍ സ്വീകരിക്കാന്‍ കഴിയില്ല എന്നതാണ് സിദ്ധാന്തം. ഏതാണ്ട് നാനൂറുവര്‍ഷത്തോളം ഇത് ആരാലും തെളിയിക്കപ്പെടാതെ കിടന്നു. ഒടുവില്‍ 1994-ല്‍ ആന്‍ഡ്രൂ വൈല്‍സ് എന്ന ഇംഗ്‌ളീഷ് ഗണിതശാസ്ത്രജ്ഞനാണ് ഫെര്‍മയുടെ ലാസ്റ്റ് തിയറം തെളിയിച്ചത്.

ജീവിതകാലത്ത് ഫെര്‍മ ഒരു ഗണിതശാസ്ത്രജ്ഞനായി അറിയപ്പെട്ടിരുന്നില്ല. മരണശേഷം അദ്ദേഹത്തിന്റെ മകന്‍ കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകളാണ് ഫെര്‍മയെ ഗണിതശാസ്ത്രജ്ഞനാക്കിയത്. ലാസ്റ്റ് തിയറത്തിന്റെ തെളിവ് എഴുതാത്തത് മാര്‍ജിനിലെ സ്ഥലക്കുറവു കാരണമാണെന്ന് ഫെര്‍മ എഴുതിവെച്ചിരുന്നു. എന്നാല്‍, ഈ വാദത്തോട് ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ എന്നു വിളിപ്പേരുള്ള ഗൗസ് യോജിച്ചില്ല. ഫെര്‍മയുടെ കാലത്തിനുശേഷം കണ്ടുപിടിച്ച സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചാണ് ആന്‍ഡ്രൂ വൈല്‍സ് ലാസ്റ്റ് തിയറം തെളിയിച്ചതെന്നും അതിനാല്‍ തെളിവ് അറിയാമായിരുന്നു എന്ന അവകാശവാദം തെറ്റാണെന്നുമാണ് ഗൗസും കൂട്ടരും വാദിക്കുന്നത്. എന്നാല്‍, കഠിനാധ്വാനിയും സത്യസന്ധനുമായ ഫെര്‍മയുടെ വാക്കുകള്‍ വിശ്വസിക്കുന്നവരാണ് ഏറെയും.

Content Highlights: maths, eminent mathematicians , mathematics, maths tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented