സാമ്പത്തികശാസ്ത്രം: പഠനസാധ്യതകളും കരിയറും


അനു സോളമന്‍

ആഗോളീകരണം വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഈ കാലത്ത് മികച്ച പരിശീലനം ലഭിച്ച സാമ്പത്തിക വിദഗ്ധര്‍ക്ക് ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളാണുള്ളത്

പ്രതീകാത്മക ചിത്രം | Photo: gettyimages.in

നുഷ്യജീവിതത്തിന്റെ സർവമേഖലകളെയും നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നാണ് സാമ്പത്തികശാസ്ത്രം (ഇക്കണോമിക്സ്). ഉൾക്കാഴ്ചയോടെയുള്ള പ്രവർത്തനങ്ങളാണ് ഒരു രാജ്യത്തെ സാമ്പത്തികാടിത്തറ നിർണയിക്കുന്നത്. നിരീക്ഷണപാടവം, പ്രശ്നങ്ങൾ അവലോകനം ചെയ്യാനും അതിനുള്ള പരിഹാരം കണ്ടെത്താനുമുള്ള കഴിവ്, സംഖ്യകളുമായുള്ള അടുപ്പം, വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആശയവിനിമയം നടത്താനുള്ള കഴിവ്, സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുള്ള താത്‌പര്യം എന്നിവയൊക്കെയാണ് ഇക്കണോമിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് വേണ്ട ഗുണങ്ങൾ.

ആഗോളീകരണം വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഈ കാലത്ത് മികച്ച പരിശീലനം ലഭിച്ച സാമ്പത്തിക വിദഗ്ധർക്ക് ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളാണുള്ളത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്, ഐ.എം.എഫ്. ചീഫ് ഇക്കണോമിസ്റ്റ് ഡോ. ഗീത ഗോപിനാഥ്, സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ അമർത്യാസെൻ, അഭിജിത്ത് ബാനർജി തുടങ്ങി നിരവധി പേരാണ് ഇക്കണോമിക്സിന്റെ ചുവടുപിടിച്ച് നേട്ടങ്ങൾ എത്തിപ്പിടിച്ചത്.

പഠനസാധ്യതകൾ

ബിരുദതലത്തിൽ ബി.എ. ഇക്കണോമിക്സ് എല്ലാ സർവകലാശാലകളും നൽകുന്നുണ്ട്. ഇതാണ് അടിസ്ഥാന പഠനം. ഉന്നതപഠനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് എം.എ. ഇക്കണോമിക്സ്. മിക്ക സർവകലാശാലകളിലും എം.എ. ഇക്കണോമിക്സ് കോഴ്സ് ലഭ്യമാണ്. മറ്റൊന്നാണ് ഇന്റഗ്രേറ്റഡ് കോഴ്സ്. പ്ലസ്ടുവിന് ശേഷം ചേരാവുന്ന എം.എസ്സി. അപ്ലൈഡ് ഇക്കണോമിക്സ് എന്ന പഞ്ചവത്സര കോഴ്സുണ്ട്. എം.ഫിൽ., പിഎച്ച്.ഡി. കോഴ്സുകളും ഗവേഷണ- അധ്യാപന താത്‌പര്യമുള്ളവർക്ക് ചെയ്യാവുന്നതാണ്.

ഇക്കണോമിക്സിലെ സവിശേഷ വിഷയങ്ങൾ

*മാസ്റ്റർ ഓഫ് ബിസിനസ് ഇക്കണോമിക്സ്: ലോകത്തുള്ള എല്ലാ കമ്പനികളുടെയും ആവശ്യം ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഉത്‌പാദനമാണ്. ഈ രംഗത്ത് താത്‌പര്യമുള്ളവർക്ക് നല്ലൊരു മേഖലയാണിത്. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസ് ഈ കോഴ്സ് നടത്തുന്നുണ്ട്.

*ബിസിനസ് ഇക്കണോമിക്സ്: അപ്ലൈഡ് ഇക്കണോമിക്സ് വിഭാഗത്തിൽ പെടുന്നതാണ് ബിസിനസ് ഇക്കണോമിക്സ്. ഇക്കണോമിക്സ് തിയറിക്കൊപ്പം ഗണിതരീതികളും മറ്റും ഉപയോഗപ്പെടുത്തി ഒരു ബിസിനസ് സ്ഥാപനത്തിന്റെയോ ഫാക്ടറിയുടെയോ നടത്തിപ്പ് കാര്യക്ഷമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മാനേജ്മെന്റ് സ്ട്രീമിലുള്ള വളരെ പ്രശസ്തമായ ഒരു കോഴ്സ് ആണിത്. ബിസിനസ് അനാലിസിസ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, ബിസിനസ് എൻവയോൺമെന്റ്, ഇന്റർനാഷണൽ ബിസിനസ് എന്നീ വിഷയങ്ങൾ ഈ കോഴ്സിന്റെ ഭാഗമായി പഠിക്കാം. യു.ജി., പി.ജി. കോഴ്സ് ആയും ബിസിനസ് ഇക്കണോമിക്സ് പഠിക്കാം. ബിരുദത്തിനായി ബി.ബി.എ., ബി.കോം. ഓണേഴ്സ്, ബി.എ. ഓണേഴ്സ്, ത്രിവർഷ കോഴ്സുകളുണ്ട്. ബിരുദാനന്തര ബിരുദത്തിനാണെങ്കിൽ എം.ബി.എ., എം.എ., മാസ്റ്റർ ഇൻ ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇൻ അപ്ലൈഡ് ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് ഇക്കണോമിക്സ് എന്നീ കോഴ്സുകളുണ്ട്.

കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് ജയമാണ് ബിരുദ കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത.

*ഇന്റർനാഷണൽ ഇക്കണോമിക്സ്: അന്താരാഷ്ട്രതലത്തിലുള്ള ചരക്ക് സേവന വ്യാപാരരംഗത്തെക്കുറിച്ചുള്ള പഠനശാഖയാണ് ഇന്റർനാഷണൽ ഇക്കണോമിക്സ്. ഇതിൽ രണ്ട് വിഭാഗമുണ്ട്. ഇന്റർനാഷണൽ ട്രേഡും ഇന്റർനാഷണൽ ഫിനാൻസും. ഇത്തരത്തിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപങ്ങൾ, പണമിടപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഇന്റർനാഷണൽ ഇക്കണോമിക്സിൽ വിശദമായി പഠിക്കാം.

*ഇക്കണോമെട്രിക്സ്: ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾകൂടി പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തിക അവലോകനമാണ് അപ്ലൈഡ് ഇക്കണോമെട്രിക് എം.എസ്സിയിലുള്ളത്. സാമ്പത്തികശാസ്ത്ര പഠനശാഖയിലെ ഏറ്റവും പുതിയ കോഴ്സുകളിലൊന്നാണ് ഇക്കണോമെട്രിക്സ്. അക്കങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന സാമ്പത്തികശാസ്ത്ര തത്ത്വങ്ങളും സ്റ്റാറ്റിസ്റ്റിക്സും ഒരുമിച്ചുചേരുന്ന ഒരു സ്പെഷ്യലൈസേഷനാണിത്. ഇക്കണോമിസ്റ്റുകൾക്ക് ഡേറ്റ വിശകലനം ചെയ്ത് പുതിയ സാമ്പത്തികനയങ്ങൾ രൂപവത്‌കരിക്കാൻ ഇത് സഹായിക്കും. വിശാലമായ വിപണിയുടെ സാന്നിധ്യവും വളരെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ഇന്ത്യയിൽ ഈ രംഗത്തെ കോഴ്സുകൾക്ക് ഡിമാൻഡ് വർധിപ്പിക്കും. യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, പോണ്ടിച്ചേരി സർവകലാശാല, തിരുപ്പതി ശ്രീവെങ്കിടേശ്വര യൂണിവേഴ്സിറ്റി, ഗുജറാത്ത് സർവകലാശാല, സെന്റർ ഫോർ പോപ്പുലേഷൻ സ്റ്റഡീസ്, ഭാരതിയാർ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ജമ്മു, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ദിബ്രുഗഢ് യൂണിവേഴ്സിറ്റി, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ ഇക്കണോമെട്രിക്സിൽ ബിരുദാനന്തരബിരുദ കോഴ്സുകളും ഡിപ്ലോമകളും നൽകുന്നുണ്ട്.

വിവിധ സർവകലാശാലകളിലെ ഇക്കണോമിക്സ് പഠനം

* മധുര കാമരാജ് സർവകലാശാല: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എൻവയോൺമെന്റൽ ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, ഹ്യൂമൻ റിസോഴ്സ് ആൻഡ് ഡെവലപ്മെന്റ് ഇക്കണോമിക്സ് & അൽഗോലോഗി, റൂറൽ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളിൽ ബിരുദാനന്തരബിരുദവും ഗവേഷണ സൗകര്യങ്ങളുമുണ്ട്.

* ബനാറസ് ഹിന്ദു സർവകലാശാല, വാരാണസി: ഇക്കണോമിക്സ്, ഫോറിൻ ട്രേഡ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയിൽ എം.എ.യും ഗവേഷണ സൗകര്യങ്ങളും.

* യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ്, എം.ഫിൽ, പിഎച്ച്.ഡി., അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഇക്കണോമിക്സ് എന്നിവയുമുണ്ട്.

*അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി: ഇക്കണോമിക്സിൽ ബി.എ. ഓണേഴ്സ്, എം.എ., എം.ഫിൽ., പിഎച്ച്.ഡി. എന്നീ കോഴ്സുകൾ.

*കേന്ദ്ര സർവകലാശാലകൾ: (ഗുജറാത്ത്, ഹരിയാണ, ജമ്മു, കശ്മീർ, കേരള, കർണാടക, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ, സൗത്ത് ബിഹാർ): എം.എ. ഇക്കണോമിക്സ്

*തമിഴ്നാട് കേന്ദ്രസർവകലാശാല: ഇക്കണോമിക്സിൽ എം.എ., അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എ., പിഎച്ച്.ഡി. എന്നിവയും.

*മദ്രാസ് യൂണിവേഴ്സിറ്റി: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്

*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർഖി: എം.എസ്സി. ഇക്കണോമിക്സ്

*പോണ്ടിച്ചേരി സർവകലാശാല: എം.എസ്സി. ഇക്കണോമിക്സ്, അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി. ഇക്കണോമിക്സ് എന്നിവയും ഗവേഷണ വിഭാഗവും ഇവിടെ നിലവിലുണ്ട്.

*ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക്സ് പുണെ: എം.എസ്സി. ഇക്കണോമിക്സ്,
എം.എസ്സി. ഫിനാൻഷ്യൽ ഇക്കണോമിക്സ്, എം.എസ്സി. അഗ്രിബിസിനസ് ഇക്കണോമിക്സ്, എം.എസ്സി. ഇന്റർനാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്, എം.എ. ഇക്കണോമിക്സ്. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഇൻ ഇക്കണോമിക് അനാലിസിസ് എന്ന വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സും നിലവിലുണ്ട്. ഇവ കൂടാതെ ഗവേഷണത്തിനുള്ള സൗകര്യങ്ങളും ലഭ്യമാണ്.

*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് ഭുവനേശ്വർ: എം.എ./ എം.എസ്സി. കംപ്യൂട്ടേഷണൽ ഫിനാൻസ്

*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ന്യൂഡൽഹി, കൊൽക്കത്ത: ഇക്കണോമിക്സ് ട്രേഡ് ആൻഡ് ഫിനാൻസ് എം.എ.

*ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച്, മുംബൈ: ഇവിടെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എം.എസ്സി. ഇക്കണോമിക്സ് കോഴ്സ് ലഭ്യമാണ്. സാമ്പത്തിക വിശകലനത്തിനും നയരൂപവത്‌കരണത്തിനും പ്രാപ്തരാക്കുകയാണ് ഈ കോഴ്സ്. മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, മാത്തമാറ്റിക്സ് ഫോർ ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ് തുടങ്ങിയ നിരവധി ഉപവിഭാഗങ്ങളിൽ പഠനാവസരമുണ്ട്. ഡെവലപ്മെന്റ് സ്റ്റഡീസിൽ എം.ഫിൽ. പിഎച്ച്.ഡി. ചെയ്യാനുള്ള സൗകര്യവുമുണ്ട്.

*ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ട്, കൊൽക്കത്ത: ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സിൽ ദ്വിവത്സര ബിരുദാനന്തര ബിരുദ കോഴ്സും പിഎച്ച്.ഡി. ഗവേഷണ കോഴ്സുമാണ് നിലവിലുള്ളത്.

*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച്, ബെംഗളൂരു: സെന്റർ ഫോർ ഇക്കോളജിക്കൽ ഇക്കണോമിക്സ് ആൻഡ് നാച്വറൽ റിസോഴ്സസ് എന്നറിയപ്പെടുന്ന പ്രത്യേകമായ ഒരു ഇക്കോളജിക്കൽ ഇക്കണോമിക് സെന്റർ ആദ്യമായി ആരംഭിച്ചത് ഇവിടെയാണ്. പ്രകൃതിവിഭവങ്ങളുടെ മാനേജ്മെന്റാണ് ഇവിടെ പ്രത്യേക വിഷയമാവുന്നത്. ഗവേഷണ സൗകര്യങ്ങളും ലഭ്യമാണ്.
മാക്രോ ഇക്കണോമിക്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനും നയരൂപവത്‌കരണത്തിനും ഇത് സഹായിക്കും.

*ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്: ബി.എ. ഇക്കണോമിക്സ്(ഓണേഴ്സ്), എം.എ. ഇക്കണോമിക്സ്, എം.ഫിൽ, പിഎച്ച്.ഡി. എന്നിവയാണ് പ്രധാനപ്പെട്ട കോഴ്സുകൾ

*സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്: തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഈ കാമ്പസിൽ എം.എ. അപ്ലൈഡ് ഇക്കണോമിക്സ് ആണ് നിലവിലുള്ളത്. ബിരുദം നൽകുന്നത് ന്യൂഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയാണ്.
എം.എ. അപ്ലൈഡ് ഇക്കണോമിക്സിൽ ഇന്റഗ്രേറ്റഡ് എം.ഫിൽ./ പിഎച്ച്.ഡി. പ്രോഗ്രാം, ഇക്കണോമിക്സിൽ പിഎച്ച്.ഡി. എന്നിവയും ലഭ്യമാണ്.

*ബെംഗളൂരു ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്: ഇക്കണോമിക്സിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി., ഇക്കണോമിക്സിൽ ബി.എസ്സി. ഓണേഴ്സ് എന്നിവയാണ് ഇവിടുത്ത പ്രധാനപ്പെട്ട കോഴ്സുകൾ.

*ജെ.എൻ.യു.: എം.എ. ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ് (വേൾഡ് ഇക്കണോമി സ്പെഷ്യലൈസേഷൻ) എന്നിവയാണ് പ്രധാന ബിരുദാനന്തര ബിരുദ കോഴ്സുകൾ. ഇക്കണോമിക് സ്റ്റഡീസ് & പ്ലാനിങ്, ഇക്കണോമിക്സ് എന്നിവയിൽ എം.ഫിൽ./ പിഎച്ച്.ഡി. പ്രോഗ്രാമുകൾ എന്നിവയുമുണ്ട്.

ജോലി സാധ്യതകൾ

ഇന്ത്യൻ ഇക്കണോമിക്സ് സർവീസ്: ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന കേന്ദ്ര സർവീസാണ് ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് (ഐ.ഇ.എസ്.). സാമ്പത്തിക അവലോകനങ്ങൾക്കും ഉപദേശങ്ങൾക്കുമായി സർക്കാർസർവീസിൽതന്നെ വിദഗ്ധരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1961-ൽ ഐ.ഇ.എസ്. ആരംഭിക്കുന്നത്. വികസനനയങ്ങൾ തയ്യാറാക്കൽ, സർക്കാർസേവനങ്ങൾ ശക്തിപ്പെടുത്തൽ, പൊതുജനപദ്ധതികളുടെ മേൽനോട്ടവും വിലയിരുത്തലും തുടങ്ങിയവയെല്ലാം ഐ.ഇ.എസിന്റെ ചുമതലയാണ്.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലാണ് ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് പ്രവർത്തിക്കുന്നത്. സാമൂഹിക- സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലും മന്ത്രാലയങ്ങളിലുമാണ് പ്രധാനമായും ഐ.ഇ.എസ്. നിയമനങ്ങൾ നടക്കുന്നത്. കൂടാതെ നീതി ആയോഗ് പോലെയുള്ള പ്രത്യേക സമിതികളിലും അവസരങ്ങളുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ദേശീയതലത്തിൽ നടത്തുന്ന ഐ.ഇ.എസ്. പരീക്ഷയിലൂടെയാണ് നേരിട്ടുള്ള നിയമനം നടത്തുന്നത്. അംഗീകൃത സർവകലാശാലയിൽനിന്ന് ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തരബിരുദമാണ് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത.

അധ്യാപനം: ഐ.ഐ.ടി.കളിലും പ്രമുഖ കോളേജുകളിലും കേന്ദ്രസർവകലാശാലകളിലും സ്വയംഭരണ സർവകലാശാലകളിലും സ്വകാര്യ സർവകലാശാലകളിലുമെല്ലാം അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കണമെങ്കിൽ പിഎച്ച്.ഡി. ആവശ്യമാണ്. കോളേജ് അധ്യാപകരാവാൻ യു.ജി.സി./ നെറ്റ്/ ജെ.ആർ.എഫ്. യോഗ്യത നേടണം.

ഗവേഷണം: വിവിധ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര- സംസ്ഥാന മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് അവസരമുണ്ട്. ദേശീയ സ്ഥാപനങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, കോളേജുകൾ, എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പിനും ഹ്രസ്വകാല ഫെലോഷിപ്പുകൾക്കും അവസരമുണ്ട്. റിസർച്ച് ഓഫീസർ/ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഫെലോ, റിസർച്ച് അസോസിയേറ്റ്സ് എന്നീ തസ്തികകളിലേക്ക് സർവകലാശാലകളും ആർ.ബി.ഐ. പോലുള്ള ദേശീയ സ്ഥാപനങ്ങളും വിവിധ മന്ത്രാലയങ്ങളും ഐ.ഐ.ടി., ഐ.ഐ.എമ്മുകളും നിയമനം നടത്താറുണ്ട്.

ആർ.ബി.ഐ. റിസർച്ച് ഓഫീസർ: ഇക്കണോമിക്സിൽ ഉന്നതപഠനം പൂർത്തിയാക്കിയവർക്ക് റിസർവ് ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.

മറ്റ് സാധ്യതകൾ: ഇക്കണോമിക്സ് അഡൈ്വസർ/ പ്ലാനർ/ അനലിസ്റ്റ് എന്നീ അവസരങ്ങളാണ് സാമ്പത്തിക വിദഗ്ധർക്ക് ലഭിക്കുക.
വിവിധ ബാങ്കുകൾ, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO), സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷൻ (CSO) എന്നിവിടങ്ങളിൽ ഓഫീസർ, ഐ.ആർ.ഡി.എ., എൽ.ഐ.സി., ജി.ഐ.സി. തുടങ്ങിയ ഇൻഷുറൻസ് സ്ഥാപനങ്ങളിലും മറ്റു പൊതു-സ്വകാര്യ കമ്പനികളിലും ഇക്കണോമിക് അഡൈ്വസർ, ട്രായ്, ഇ.ആർ.സി., എ.ആർ.സി. എന്നിവിടങ്ങളിൽ റെഗുലേറ്ററി ഓഫീസർ, ഐ.ഒ.സി. റെയിൽവേ, എൻ.എച്ച്.എ.ഐ. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങൾ, വിവിധ സർക്കാർ മന്ത്രാലയങ്ങൾ നീതി ആയോഗ്, പ്ലാനിങ് ബോർഡ് എന്നിവയിൽ ഗവൺമെന്റ് അഡൈ്വസർ, സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ/ അഡൈ്വസർ, അക്കാദമിക് ജേണലുകൾ, ദിനപത്രങ്ങൾ എന്നിവയിൽ അവലോകന വിദഗ്ധൻ, ഇക്കണോമിക് അനലിസ്റ്റ്- മ്യൂച്വൽ ഫണ്ടുകൾ, ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ/ ഏജൻസികൾ, സോഫ്റ്റ്വേർ കമ്പനികൾ എന്നിവിടങ്ങളിലെല്ലാം സാമ്പത്തിക വിദഗ്ധർക്ക് നിരവധി തൊഴിൽ അവസരങ്ങളുണ്ട്.

അഗ്രിക്കൾച്ചർ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ്

അഗ്രിക്കൾച്ചർ റിസർച്ച് സർവീസിലേക്ക് (ARS) എ.എസ്.ആർ.ബി. പരീക്ഷ നടത്താറുണ്ട്. അഗ്രിക്കൾച്ചറൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മികച്ച അവസരമാണിത്. യോഗ്യത: അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്/ ഡയറി (Dairy) ഇക്കണോമിക്സ്/ വെറ്ററിനറി ഇക്കണോമിക്സ്/ ഫിഷറീസ് ഇക്കണോമിക്സ്/ അഗ്രിക്കൾച്ചർ സ്പെഷ്യലൈസേഷനോടെയുള്ള ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം.

Content Highlights: Economics Scope of Study and Career Prospects

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented