പഠനത്തിനായി വിദേശത്തേക്കൊഴുകുന്ന ഇന്ത്യക്കാര്‍: വരാനിരിക്കുന്നത് സാമൂഹിക അരക്ഷിതാവസ്ഥ | Edu Talk


ഡോ. ടി.പി.സേതുമാധവന്‍



വിദേശ രാജ്യങ്ങളില്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ശരാശരി 20000-ത്തോളമാണ്.  എന്നാല്‍ നമ്മുടെ നാട്ടില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പോലും സര്‍വ്വകലാശാലയുണ്ട്!. ഡിജിറ്റലിനും, ടെക്‌നോളജിക്കും വെവ്വേറെ സര്‍വ്വകലാശാലകള്‍!  സര്‍വകലാശാലകളില്‍ അക്കാദമിക്  കലണ്ടറുണ്ടെങ്കിലും പ്രവര്‍ത്തനം കലണ്ടറനുസരിച്ചല്ല! 

Premium

.

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. മുന്‍പ് പോസ്റ്റ് ഗ്രാജ്വേറ്റ്(പി.ജി.) പഠനത്തിനോ ഗവേഷണത്തിനോ ആയിരുന്നു വിദ്യര്‍ഥികള്‍ ഇന്ത്യയില്‍നിന്നു വിദേശത്തെത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. പ്ലസ് ടു പഠനശേഷം അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ക്ക് പോകുന്നവരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. അടുത്തിടെ പത്തനംതിട്ടയില്‍ ഒരു ക്ലാസ്സില്‍നിന്നു 60 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ ബിരുദ പ്രോഗ്രാമിനെത്തിയത്!

മുന്‍പ് സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു വിദേശ പഠനത്തിനെത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. സാധാരണക്കാരുടെ മക്കളും ഇന്ന് വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 7,50,365 വിദ്യാര്‍ഥികളാണ് 2022-ലാണ് ഇന്ത്യയില്‍നിന്ന് വിദേശ ക്യാമ്പസുകളിലെത്തിയത്. ഇവരില്‍ 40000 പേര്‍ കേരളത്തില്‍നിന്നാണ്. 2021-ല്‍ ഇന്ത്യയില്‍നിന്ന് വിദേശത്ത് പഠിക്കാനെത്തിയത് 4,44,553 പേരായിരുന്നു. ഒറ്റ വര്‍ഷം കൊണ്ടുണ്ടായത് ഏതാണ്ട് 68% വര്‍ധന.

പഠനത്തിനായി വിദേശത്തെത്തുന്ന വിദ്യാര്‍ഥികളുടെ വ്യക്തമായ കണക്ക് എവിടെയും ലഭ്യമല്ല! ഇമിഗ്രേഷന്‍ സമയത്ത് സമര്‍പ്പിച്ച രേഖകളും വിസയില്‍ വിദ്യാഭ്യാസ ആവശ്യം കാണിച്ചവരുടേയും എണ്ണം മാത്രമാണിത്. എന്തുകൊണ്ടാണ് വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ ഈ ഒഴുക്ക് വര്‍ധിക്കുന്നത്? ഇന്ത്യയില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ? ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പാക്കുമ്പോള്‍ മാറുന്ന വിദേശ പ്രവണതയ്ക്ക് കാരണമെന്താണ്?

മാറുന്ന പ്രവണതകള്‍

ഉന്നത വിദ്യാഭ്യാസരംഗത്ത് ആഗോളഗ്രാമം എന്ന ആശയം ആഗോളവല്‍കൃത യുഗത്തില്‍ കരുത്താര്‍ജിച്ചു വരുന്നു. സേവന മേഖലയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തിലെ ഏത് രാജ്യത്തും പഠിക്കാനുള്ള അവസരങ്ങൾ ഇന്നുണ്ട്. ഇതു പരമാവധി പ്രയോജനപ്പെടുത്തി വരുമാനം നേടാന്‍ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ശ്രമിക്കുന്നു.

മികച്ച സാങ്കേതികവിദ്യ, അക്കാദമിക ഗവേഷണ സാഹചര്യം, ഭൗതിക സൗകര്യങ്ങള്‍, മികച്ച സിലബസ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, നൈപുണ്യ വികസനം മുതലായവയില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സര്‍വ്വകലാശാലകളെക്കാള്‍ ഏറെ മുന്നിലാണ് വിദേശ സര്‍വകലാശാലകള്‍. ഇന്ത്യന്‍ സര്‍വകലാശാലകളെ അപേക്ഷിച്ച് തൊഴില്‍ സാധ്യതയുള്ള പുത്തന്‍ കോഴ്‌സുകളും അവിടെയുണ്ട്. മാത്രമല്ല, വിദേശത്തെ ജീവിതസാഹചര്യം വിദ്യാര്‍ഥികളില്‍ ആഗോളതലത്തില്‍ തൊഴില്‍ ചെയ്യാനും പ്രതികൂല സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും വഴിയൊരുക്കുന്നുണ്ട്. തൊഴില്‍ ലഭ്യതാ മികവിലും വിദേശപഠനം ഏറെ മികച്ചതാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപരിപഠനത്തിനു ശേഷം അവിടെത്തന്നെ തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്.

ലോക റാങ്കിങ് നിലവാരം

അടുത്തിടെ പ്രസിദ്ധീകരിച്ച ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2022-ലെ ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 300- നുള്ളില്‍ ഒരു ഇന്ത്യന്‍ സര്‍വ്വകലാശാല പോലുമില്ല! ആദ്യ 10 റാങ്കില്‍ എട്ട് അമേരിക്കന്‍ സര്‍വകലാശാലകളും രണ്ട് യു.കെ. സര്‍വ്വകലാശാലകളുമുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വലാശാലയ്ക്കാണ് ഒന്നാം റാങ്ക്. കേംബ്രിഡ്ജ് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍, ആദ്യ 100 റാങ്കിങ്ങില്‍ അമേരിക്കന്‍ സര്‍വകലാശാലകളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ചൈന, മദ്ധ്യ കിഴക്കന്‍ മേഖലകളില്‍ നിലവാരമുള്ള സര്‍വകലാശാലകളുണ്ടെന്നാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ വിലയിരുത്തല്‍.

ആദ്യ 100 റാങ്കിങ്ങില്‍ 34 അമേരിക്കന്‍ സര്‍വ്വകലാശാലകളുണ്ട്. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ മുന്‍നിര റാങ്കിങ്ങില്‍ സര്‍വലാശാലകളുണ്ട്. ഇന്ത്യയില്‍ മുന്‍നിരയില്‍ ഈ വര്‍ഷവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ബംഗുളൂരുവാണ്. ഇതിനു പിന്നിലാണ് ഐ.ഐ.ടികള്‍. ലോക റാങ്കിങ്ങുള്ള എല്ലാ സര്‍വകലാശാലകളിലും യഥേഷ്ടം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്.

1026 സര്‍വ്വകലാശാലകളുള്ള ഇന്ത്യ എന്തുകൊണ്ട് ലോക റാങ്കിങ്ങില്‍ പിറകോട്ടു പോകുന്നു?

ലോക റാങ്കിങ്ങിന് വിലയിരുത്തപ്പെടുന്നത് അണ്ടര്‍ ഗ്രാജ്വേറ്റ് പഠനം, നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, അധ്യാപനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം, സ്‌കില്‍ വികസനം, പ്ലേസ്മെന്റ് തുടങ്ങിയവയാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ അക്കാദമിക മികവിലും, ഗവേഷണത്തിലും മുന്നേറുന്നില്ല. കാലഹരണപ്പെട്ട കോഴ്‌സുകളും, വിവാദങ്ങളും, രാഷ്ട്രീയ ഇടപെടലുകളും സര്‍വകലാശാലകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ശരാശരി ഇരുപതിനായിരത്തോളമാണ്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പോലും സര്‍വ്വകലാശാലയുണ്ട്!. ഡിജിറ്റലിനും ടെക്‌നോളജിക്കും വെവ്വേറെ സര്‍വ്വകലാശാലകള്‍! സര്‍വകലാശാലകളില്‍ അക്കാദമിക് കലണ്ടറുണ്ടെങ്കിലും പ്രവര്‍ത്തനം കലണ്ടറനുസരിച്ചല്ല!

അക്കാദമിക മികവ്, ഗവേഷണ മികവ്, പങ്കാളിത്ത ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, തൊഴില്‍ ലഭ്യതാമികവ് മുതലായവയില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഏറെ മുന്നേറേണ്ടതുണ്ട്. അധ്യാപകര്‍ അധ്യാപനത്തിലും, ഗവേഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തിന്റെ ഗുണമേന്മ പ്രസിദ്ധീകരണങ്ങളില്‍ ദൃശ്യമാകണം.

മികവ് ഉയര്‍ത്താന്‍ എന്ത് ചെയ്യാം?

ദേശീയ തലത്തില്‍ മുന്നേറുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടികള്‍, എന്‍.ഐടികള്‍ എന്നിവയെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃകയാക്കേണ്ടതുണ്ട്. അവിടുത്തെ മികച്ച രീതികള്‍ അവലംബിക്കണം. വിദേശ സര്‍വ്വകലാശാലകളിലെ നമുക്ക് അനുവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ പ്രവര്‍ത്തികമാക്കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പുത്തന്‍ കോഴ്സുകളും സാങ്കേതികവിദ്യകളും അവലംബിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ മുന്നേറണം.

ദേശീയ വിദ്യാഭ്യാസ നയത്തിലെ മികച്ച നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താത്പര്യം വിലയിരുത്തി നടപ്പാക്കണം. മള്‍ട്ടി ഡിസ്സിപ്ലിനറി ഗവേഷണം, അക്കാദമിക- വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തണം. സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ മുതലായവ കൂടുതല്‍ വിപുലപ്പെടുത്താന്‍ ശ്രമിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എക്‌സ്‌ചേഞ്ച്, സ്‌കില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കണം. കോളേജ് അധ്യാപകര്‍ക്ക് തുടര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. കാലഹരണപ്പെട്ട സിലബസ്സുകള്‍ പരിഷ്‌കരിക്കണം. ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കണം. വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് കൂടുതല്‍ ട്വിന്നിങ്, ഡ്യൂവല്‍, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍ നടപ്പിലാക്കണം. സര്‍വ്വകലാശാലകളില്‍ കൂടുതല്‍ എക്‌സ്റ്റേണല്‍ പ്രൊജക്ടുകള്‍ നടപ്പിലാക്കണം.

പുനര്‍ചിന്തനം ആവശ്യം

രാജ്യത്തെ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷാ കടമ്പകള്‍ കടക്കാന്‍ ശരാശരി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ല. അവര്‍ മികച്ച ഓപ്ഷനായി വിദേശപഠനത്തെ കാണുന്നു എന്ന രീതിയും നിലനില്‍ക്കുന്നു. വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ വിപണന ഇനീഷ്യേറ്റിവുകളും കണ്‍സള്‍ട്ടന്‍സികളും കോവിഡിന് ശേഷം കരുത്താര്‍ജ്ജിച്ചു വരികയുമാണ്‌.

ഉന്നത വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയത്തിനതീതമായ വികസനം നടപ്പാക്കണം. ഇത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെടണം. വിദേശ മാതൃകയില്‍ കാമ്പുസുകൾ ആരംഭിക്കണം. അക്കാഡമിക് മികവ്, ഗവേഷണം, സ്‌കില്‍ വികസനം, പ്ലേസ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇത് നടപ്പാക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത കുറയ്ക്കാനിട വരുത്തും. മേല്‍ സൂചിപ്പിച്ച കാര്യങ്ങര്‍ കാലാനുസൃതമായ മാറ്റം പ്രവര്‍ത്തികമാക്കിയാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ വിദേശ സര്‍വ്വകലാശാലകളിലേക്കുള്ള ഒഴുക്ക് കുറയ്ക്കാന്‍ സാധിക്കൂ.

വിദേശപഠനം നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥ ഭാവിയിലേ ബോധ്യപ്പെടൂ. രക്ഷിതാക്കള്‍ മാത്രമുള്ള വീടുകളുടെ എണ്ണം വര്‍ധിക്കും. മക്കള്‍ മികച്ച ജീവിതസാഹചര്യം വിലയിരുത്തി വിദേശത്തു സ്ഥിരതാമസക്കാരാകും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ സര്‍വകലാശാലകളും മാറിയാലേ വിദ്യാര്‍ത്ഥികളെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കൂ.

(ബെംഗളൂരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് & ടെക്‌നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍)

Content Highlights: Dr. TP Sethumadhavan talks about recent trends in overseas education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented