ഡോ.തുളസി
ഉറക്കത്തില്‍ കാണുന്നതല്ല, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ സ്വപ്നമെന്ന് പറഞ്ഞത് മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമാണ്. അങ്ങനെ ഉറക്കം നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളാണ് ഇന്ന് നാമറിയുന്ന ഓരോ വിജയഗാഥകളും. അത്തരമൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ, അട്ടപ്പാടി ആദിവാസി ഊരിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ഡോ.തുളസിയെന്ന പെണ്‍കുട്ടിയുടെ കഥയാണിത്. ഇരുള വിഭാഗത്തില്‍ നിന്ന് എം.എസ് ബിരുദം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാഡോക്ടറാണ് തുളസി.
തന്റെ സ്വപ്നത്തിന് മറ്റെന്തിനേക്കാളും വിലമതിച്ച അച്ഛന് മുത്തുസ്വാമിയും അമ്മ കാളിയമ്മയുമാണ് തുളസിയുടെ ഏറ്റവും വലിയ പ്രചോദനം. പഠനത്തില്‍ ഏറെ മിടുക്കുകാട്ടിയ തുളസിയെ പഠിപ്പിക്കാന്‍ മുണ്ടു മുറുക്കിയുടുത്ത് പാടത്തും പറമ്പിലും അവര്‍ ആഞ്ഞുപണിയെടുത്തു. അധ്വാനത്തിന്റെ, സാമൂഹിക തിരസ്കരണത്തിന്റെ വലിയൊരു ചരിത്രം തനിക്ക് പിന്നിലുണ്ടെന്നറിഞ്ഞ ആ പെണ്‍കുട്ടി ഓരോ ക്ലാസിലും ഉയര്‍ന്നമാര്‍ക്കോടെ മുന്നേറി. അട്ടപ്പാടിയുടെ അഭിമാനവും പ്രചോദനവുമാണ് ഇന്നവര്‍
വീടിനടുത്തെ സര്‍ക്കാര്‍ സ്കൂളായ കാവുണ്ടിക്കല്‍ തമിഴ് മീഡിയം സര്‍ക്കാര്‍ എല്‍പിസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് അഗളിസ്കൂളിലായിരുന്നു പിന്നീട് പഠനം. വൊക്കേഷണല്‍ കോഴ്സായ ലൈവ് സ്റ്റോക്ക് മാനേജ്മെന്റായിരുന്നു പ്ലസ്ടുവിന്. ഡോക്ടറാവുകയെന്ന കുട്ടിക്കാലം മുതലേ കൂടെക്കൂട്ടിയ മോഹത്തെ ആ സമയമൊക്കെയും തുളസി നട്ടുനനച്ചു വളര്‍ത്തി. എന്‍ട്രന്‍സ് കോച്ചിങ്ങോ മറ്റ് പരിശീലന കോലാഹലങ്ങളേതുമില്ലാതെ ആ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സീറ്റ് നേടി.
ആദിവാസി വിഭാഗത്തില്‍ നിന്നൊരു വനിതാ ഡോക്ടറുണ്ടായി 22 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തുളസിയും, ലക്ഷ്മിപ്രിയയെന്ന മറ്റൊരു പെണ്‍കുട്ടിയുടെയും ആ എം.ബി.ബി.എസ് പ്രവേശനം. 1995-ല്‍ ചിറ്റൂര്‍ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ.കമലാക്ഷിയാണ് ആദ്യ ഡോക്ടറെന്ന പദവി സ്വന്തമാക്കുന്നത്.
2017-ല്‍ എം.ബി.ബി.എസ് ബിരുദം നേടി പുറത്തിറങ്ങിയപ്പോഴും തന്റെ സ്വപ്നങ്ങള്‍ക്ക് അതിരിടാന്‍ തുളസി തയ്യാറായില്ല. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ തന്നെ തുളസി പി.ജി പ്രവേശനം നേടി. അച്ഛനും അമ്മയും എല്ലാ പിന്തുണയും നല്കി. ഫലം വന്നപ്പോള്‍ ഇരുളവിഭാഗത്തില്‍ നിന്ന് എം.എസ് സര്‍ജറി വിഭാഗത്തില്‍ ബിരുദം നേടുന്ന ആദ്യ വനിതാഡോക്ടറായി തുളസി.
പഠനത്തില്‍ ഇവിടെയും ഫുള്സ്റ്റോപ്പിടാന് തുളസി തയ്യാറല്ല. എംഎസ് റെസിഡെന്റഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം MCh paediatric surgery (super specialtiy) യില്‍ ബിരുദാനന്തര ബിരുദത്തിന് ചേരാനാണ് തുളസിയുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..