ഫിന്‍ലന്‍ഡിലേക്ക് പറക്കാന്‍ സുവര്‍ണാവസരം, എങ്ങനെ അപേക്ഷിക്കണം? അറിയേണ്ടതെല്ലാം


കമല്‍രാജ് ആര്‍, മിന്ന മൗനോStudy abroad

Representational Image/Freepik

യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ തേടുന്ന കേരളത്തിലെ വിദ്യാർത്ഥികളുടെയും തൊഴിൽ അന്വേഷകരുടെയും എണ്ണം അനുദിനം വദ്ധിച്ചുവരുകയാണ്. അവയിൽ, നോർഡിക് രാജ്യങ്ങൾ അവരുടെ ഉയർന്ന ജീവിത-സാമൂഹികക്ഷേമ നിലവാരം കാരണം നിരവധി ആളുകളെ ആകർഷിക്കുന്നുണ്ട്. തുടർച്ചയായി അഞ്ച് തവണ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന കിരീടം നേടിയ ഫിൻ‌ലൻഡ് സമീപ വർഷങ്ങളിൽ, സവിശേഷ മാധ്യമ ശ്രദ്ധയും പൊതുജന താൽപ്പര്യവും നിലനിർത്തിപോരുന്നുണ്ട്. സന്തോഷം മാത്രമല്ല, ഫിൻലൻഡിന്റെ വിദ്യാഭ്യാസ, സാങ്കേതിക, വ്യവസായിക വിജയവും അടുത്തറിയേണ്ട ഒരു കഥയാണ്.

ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം ലോകപ്രശസ്തമാണ്. കേരള വിദ്യാഭ്യാസ വകുപ്പും സാമൂഹിക പ്രവർത്തകരും നമ്മുടെ സംസ്ഥാനത്ത് അവരുടെ വിജയം അനുകരിക്കാൻ വസ്തുതാന്വേഷണ ദൗത്യങ്ങൾ നടത്തുന്നുണ്ട്. ഫിന്നിഷ് ടെക്ക് ഭീമനായ നോക്കിയയുടെ ഭൂതകാല പ്രതാപം ഇന്ന് ഏറെക്കുറെ നഷ്‌ടപ്പെട്ടെങ്കിലും, കമ്പനി ആ രാജ്യത്ത് വളരെയധികം പ്രതിഭകളെ സൃഷ്ടിക്കുന്നതിന് കാരണമായി. നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ ഉത്ഭവ കേന്ദ്രമായി അത് വഴി ഫിൻലാൻഡ് മാറി. കഴിഞ്ഞ ഒട്ടനവധി വർഷങ്ങളായി ഹെൽത്ത് വെയർ (ഔറ, പോളാർ) 6G ഫ്ലാഗ്ഷിപ്പ്, വെർച്വൽ റിയാലിറ്റി, ഗെയിമുകൾ എന്നിങ്ങനെ പല നൂതന വികസനങ്ങളുടെയും നേതൃനിലയിൽ ഫിൻലൻഡ് ഉണ്ട്.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് നിങ്ങളുടെ സ്ഥാനം കണ്ടെത്താൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ഫിൻ‌ലാന്റിന്റെ സവിശേഷമായ തൊഴിൽ, പഠന അവസരങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാമെന്ന് അറിയാം.

സർക്കാരിന് നിങ്ങളെ വേണം.

നികുതി വരുമാനം വർധിപ്പിക്കുന്നതിനും ജനസംഖ്യാ കുറവിനെതിരെ പോരാടുന്നതിനുമായി പുതിയ പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും സ്വായത്തമാക്കുന്നതിന് ഫിന്നിഷ് സർക്കാർ സജീവമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല വ്യവസായങ്ങൾക്കും (പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണവും സാങ്കേതികവിദ്യയും) രാജ്യത്തിന് ഉത്പാദപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ തൊഴിലാളികളെ ആവശ്യമുണ്ട്. പല രാജ്യങ്ങളിൽനിന്നും ഫിൻലൻഡ് ആളുകളെ ആകർഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള പ്രതിഭകൾക്ക് പ്രത്യേക ശ്രദ്ധ ഫിന്നിഷ് ഗവൺമെൻ്റ് നൽകുന്നുണ്ട്. ഇന്ത്യയിലെ കഴിവുള്ള ബിരുദധാരികളും നിലവിലുള്ള നല്ല മൈഗ്രേഷൻ ചാനലുകളുമാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഒരുപോലെ കൂടുതൽ താമസാനുമതി ഫിൻലൻഡ് ഇപ്പൊൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്.

ഫിൻലൻഡിൽ പഠിക്കാം.

ഫിൻലാന്റിൽ രാജ്യത്തുടനീളമായി 13 സർവ്വകലാശാലകളും 22 യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസുകളുമുണ്ട്. തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ ബിരുദം നൽകുന്ന പ്രത്യേക കേന്ദ്രങ്ങൾ ആണ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ്. ബാച്ചിലർ, മാസ്റ്റർ, ഡോക്ടറൽ തലങ്ങളിലുള്ള നിരവധി പ്രോഗ്രാമുകൾ സർവ്വകലാശാലകളും തൊഴിലധിഷ്ഠിത കോഴസുകൾ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസുകളും ഇംഗ്ലീഷിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. Study in Finland ഫിൻലാൻഡിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനും അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ വ്യത്യസ്ത വശങ്ങളും മനസ്സിലാക്കുന്നതിനുള്ള സമഗ്രമായ ഒരു ഗൈഡാണ്.

എന്ത് പഠിക്കണം, എങ്ങനെ അപേക്ഷിക്കണം?

ഫിൻലൻഡിലെ എല്ലാ സർവ്വകലാശാലകളും എളുപ്പത്തിൽ ഒരു മാപ്പിൽ ഇവിടെ കാണാം Universities | Study in Finland. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ ഇംഗ്ലീഷ് പഠന മാധ്യമമായ 500-ലധികം ബാച്ചിലേഴ്സ്-മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഔദ്യോഗിക വെബ്സൈറ്റിലൂടെ നിങ്ങൾക്ക് താൽപ്പര്യമുള്ള പ്രോഗ്രാമുകൾ കണ്ടെത്താനും അവയ്ക്ക് അപേക്ഷിക്കാനും കഴിയും. 2023 ലെ ശരത്കാലത്തിൽ പഠനം ആരംഭിക്കുന്ന ഇംഗ്ലീഷിലുള്ള ഡിഗ്രി പ്രോഗ്രാമുകൾക്കായി ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള സംയുക്ത അപേക്ഷ ഇതിനകം ആരംഭിച്ചിട്ടുണ്ട്! സെർച്ച് ഓപ്ഷനിലൂടെ ഇംഗ്ലീഷിൽ പഠന മാധ്യമമായ കോഴ്സുകൾക് തിരഞ്ഞെടുക്കുന്നതിന് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക. ചില കോഴ്‌സുകളിൽ അധ്യാപനം ആരംഭിക്കുന്നത് ഇംഗ്ലീഷിൽ ആയിരിക്കുമെങ്കിലും ക്രമേണ അത് ഫിന്നിഷ് ഭാഷയിലേക്ക് മാറും. ഫിന്നിഷ് തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന അത്തരത്തിലുള്ള ഒരു കോഴ്സ് ആണ് ഈ മൂന്നര വർഷത്തെ നഴ്സിംഗ് പഠനം. ഇംഗ്ലീഷിൽ ഉള്ള കോഴ്സുകളുടെയും അപേക്ഷാ സമയപരിധി ജനുവരിയിൽ 18 ന് അവസാനിക്കുന്നതിനാൽ, സമയം കളയാതെ അപേക്ഷ നൽകാൻ ശ്രദ്ധിക്കുക.

ഫിൻ‌ലൻഡിൽ ഒരു ഡിഗ്രി പ്രോഗ്രാമിൽ പ്രവേശിക്കാനുള്ള മറ്റൊരു ഓപ്ഷൻ പാത്ത്‌വേ പഠനമാണ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ ശൈലിയിലേക്ക് സുഗമമായി പരിവർത്തനം ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന, സ്വന്തം രാജ്യത്ത് ജീവിക്കുമ്പോൾ തന്നെ പങ്കെടുക്കാൻ കഴിയുന്ന പ്രീ-കോഴ്സുകൾ ആണ് ഇവ. ഇവ ബിരുദ കോഴ്സുകൾ അല്ലെങ്കിലും നിർദ്ദിഷ്ട ഫീസ് ഉള്ള കോഴ്സുകൾ ആണ്. ഈ പ്രോഗ്രാമുകളുടെ ഭാഗമായി വീട്ടിലിരുന്ന് ഒരു വർഷത്തെ പഠന പൂർത്തിയകേണ്ടത്തുണ്ട്. അതിനുശേഷം ഒരു ഡിഗ്രി വിദ്യാർത്ഥിയായി ഫിൻ‌ലൻഡിൽ പഠനം തുടരുന്നതിന് അപേക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നിരുന്നാലും, ഈ സാധ്യത നിലവിലുള്ള യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് അവരുടെ ആവശ്യകതകൾ ഭാവി വിദ്യാർത്ഥികൾ പരിശോധിക്കേണ്ടതുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഫിൻ‌ലൻഡിലേക്ക് പ്രവേശിക്കുന്നതിന്ന് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രചാരമുള്ള മാർഗങ്ങളിലൊന്നാണ് ഡോക്ടറൽ പ്രോഗ്രാമുകൾ. ഡോക്ടറൽ പ്രോഗ്രാമുകലിലൂടെ നിങ്ങൾക്ക് ഗവേഷണ ബിരുദം ലഭിക്കുമെങ്കിലും, ഫിൻലൻഡിൽ ഡോക്ടറൽ പ്രോഗ്രാമുകൾ ഒരു ജോലിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ മറ്റ് പല യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഡോക്ടറൽ ഗവേഷകർക്ക് ഇവിടെ നല്ല ശമ്പളം ലഭിക്കും. ഈ പ്രോഗ്രാമുകൾക്ക് സാധാരണയായി നാല് വർഷമാണ് കാലാവധി. എല്ലാ ഫിന്നിഷ് സർവകലാശാലകളിലും ലഭ്യമായ ഡോക്ടറൽ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ അതത് സർവകലാശാലകളുടെ വെബ്സൈറ്റുകളിൽ കാണാം. അവ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നുണ്ട്. https://www.studyinfinland.fi/admissions/doctoral-admissions

ഫിൻ‌ലൻഡിൽ നിങ്ങൾക്ക് പഠിക്കാൻ കഴിയുന്ന മികച്ച പ്രോഗ്രാമുകളിൽ ചിലത് എഞ്ചിനീയറിംഗ്, ഐടി, നഴ്സിംഗ്, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയാണ്., കഴിവുള്ള നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ഐടി പ്രൊഫഷണലുകളുടെ ആവശ്യകത ഫിനിഷ് തൊഴിൽ വിപണിയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ട്യൂഷൻ, സ്കോളർഷിപ്പ്, ചെലവുകൾ.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഫിൻലൻഡിൽ പഠിക്കുന്ന എല്ലാവർക്കും ബിരുദവും ബിരുദാനന്തര ബിരുദവും സൗജന്യമായിരുന്നു. എന്നാൽ ഇപ്പോൾ EU/EAA-യ്ക്ക് പുറമേനിന്നുള്ള വിദ്യാർത്ഥികൾ ഫിൻലാൻഡിൽ പഠിക്കുന്നതിന് ട്യൂഷൻ ഫീസ് നൽകേണ്ടതുണ്ട്. അത് അതത് പ്രോഗ്രാമിനെയും യൂണിവേഴ്സിറ്റിയെയും ആശ്രയിച്ച് 3 മുതൽ 15 ലക്ഷം രൂപ വരെയാകാം. വ്യക്തിഗത പ്രോഗ്രാമുകളുടെ കോഴ്‌സ് വിവരണത്തിൽ ട്യൂഷനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിരിക്കും. ഡോക്ടറൽ ബിരുദങ്ങൾക്ക് ഫിൻലാൻഡിൽ ട്യൂഷൻ ഫീസില്ല. അത് മാത്രമല്ല, ജീവിതച്ചെലവിന് ഡോക്ടറൽ ഗവേഷകരുടെ ശമ്പളം ധാരാളമാണ്.

താരതമ്യേന ഉയർന്ന ട്യൂഷൻ ഫീസ് ഉണ്ടെങ്കിലും, അതിനുതകുന്ന സ്കോളർഷിപ്പുകൾ വരാനിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിൻലാൻഡിൽ ലഭ്യമാണ്. ഓരോ സർവകലാശാലയ്ക്കും അതിന്റേതായ സ്കോളർഷിപ്പ് പ്രോഗ്രാം ഉണ്ട്, അത്തരം സ്കോളർഷിപ്പുകൾക്ക് നിങ്ങള്ക്ക് കോഴ്‌സിന് അപേക്ഷികുന്നതിൻ്റെ കൂടെ തന്നെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് ഇവിടെ വായിക്കാം. https://www.studyinfinland.fi/scholarships/finland-scholarships

ട്യൂഷൻ ഫീസിന് പുറമേ, വാടക, ഭക്ഷണം, ദൈനദിന വസ്തുവകകൾ എന്നിവ ഉൾപ്പടെ സ്വന്തം ജീവിതച്ചെലവുകൾക്കായി വിദ്യാർത്ഥികൾ പണം കണ്ടത്തെടത്തുണ്ട്. വിദ്യാർത്ഥികളുടെ ഒരു മാസത്തെ ശരാശരി ചെലവ് 60,000-80,000 രൂപ വരെയാണ്, അത് വ്യക്തിഗത ചെലവ് ശീലങ്ങളും താമസിക്കുന്ന നഗരവും അടിസ്ഥാനമായി മാറും. ഈ ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടെന്ന് വിദ്യാർത്ഥികൾ തെളിയിക്കേണ്ടതുണ്ട്. പല സാധാരണ ഉപഭോക്തൃ വസ്തുക്കളുടെയും വിശദമായ വിലവിവര ലിസ്റ്റ് ഇവിടെ കാണാം Cost of living in Finland.

ഫിൻ‌ലൻഡിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ താമസത്തിന് സാധുതയുള്ള ഇൻഷുറൻസ് ആവശ്യമാണ്. ഫിൻലാൻഡിലേക്ക് "സ്ഥിരമായി" മാറുന്ന എല്ലാവർക്കും ഫിൻലാൻഡ് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ നൽകും. നിങ്ങളുടെ പഠനം കുറഞ്ഞത് 2 വർഷമാണെങ്കിൽ, അത് സ്ഥിര താമസമായി കണക്കാക്കുകയും കുറഞ്ഞ ആനുകൂല്യങ്ങളുള്ള ഒരു കേല (സാമൂഹിക ക്ഷേമ) കാർഡിന് അപേക്ഷിക്കുകയും ചെയ്യാം, അതിനെ പറ്റിയുള്ള വിശദ വിവരങ്ങൾ ഇവിടെ വായിക്കാനാകും. https://www.kela.fi/from-other-countries-to-finland-students-and-researchers.

നിങ്ങൾക്ക് ഒരു കേല കാർഡ് ലഭിക്കാൻ അർഹതയില്ലെങ്കിൽ, നിർദ്ദിഷ്ടകാര്യങ്ങൾക്ക് ഉതകുന്ന സ്വകാര്യ ഇൻഷുറൻസ് നിങ്ങൾ സ്വയം നേടേണ്ടതുണ്ട്. അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കാണാം.https://migri.fi/en/insurance

ഫിൻലൻഡിലേക്ക് വരുമ്പോൾ.

ഫിൻലൻഡിലെ ജീവിതം:

തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്താൻ ധാരാളം അവസരങ്ങളുള്ള വളരേ സുരക്ഷിതമായ ഒരു രാജ്യമാണ് ഫിൻലാൻഡ്. പ്രധാന നഗരങ്ങളിൽ പോലും ജീവിതം ശാന്തവും സ്വസ്ഥവ്വുമായ താളം പിന്തുടരന്നത് കാണാം. കാടുകളും തടാകങ്ങളും തിങ്ങി നിറഞ്ഞ ഒരു രാജ്യത്ത് നിന്ന് പ്രതീക്ഷിക്കുന്നത്പോലെ പ്രകൃതിയുമായി വളരെ ഇഴചേർന്ന് ജീവിക്കുന്നവരാണ് ഫിന്നിഷ് ജനത. ഇങ്ങനെയാണെങ്കിലും നിങ്ങള്ക്ക് വാരാന്ത്യങ്ങളിൽ പാർട്ടികൾക്ക് പോകണമെങ്കിൽ അതിനും നിങ്ങളുടെ കൂടെയുളളവരുമായി നീണ്ട യാത്രകൾ നടത്തണമെങ്കിൽ അതിനും ഇവിടെ അവസരമുണ്ട്. ഫിൻലൻഡിൽ എല്ലാവർക്കും അവരുടേ താൽപര്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ജീവിക്കാനും ഒഴിവ് സമയങ്ങൾ ചിലവഴിക്കാനും അവസരമുണ്ട്. ഫിൻലൻഡിലുള്ള വിദ്യാർത്ഥികൾ അവരുടെ ഫിനിഷ് ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് ഇവിടെ കാണാം. Student life in Finland

താമസാനുമതി (Residence Permit):

ഫിൻലൻഡിൽ പഠിക്കാൻ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠന താമസാനുമതിക്ക് അപേക്ഷിക്കേണ്ടതുണ്ട്. നിങ്ങൾക്ക് സാധുവായ പാസ്‌പോർട്ട് ഉണ്ടെങ്കിൽ പഠനത്തിന്റെ മുഴുവൻ കാലയളവിലേക്കും ഒരുമിച്ച് സാധാരണയായി ഇത് അനുവദിക്കും. പഠന താമസാനുമതിയുമായി ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ പരമാവധി 30 മണിക്കൂർ ജോലി ചെയ്യാൻ ഫിൻലൻഡിൽ കഴിയും. ഇത് പഠനത്തിന്റെ ഭാഗമാണെങ്കിൽ (പരിശീലനം അല്ലെങ്കിൽ ഇന്റേൺഷിപ്പ് എന്നിവ) ഈ പരിധി ബാധകമല്ല. വിദ്യാർത്ഥികളുടെ താമസാനുമതിയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താം. https://migri.fi/en/residence-permit-application-for-studies. ഡോക്ടറൽ ഗവേഷണം പൂർണ്ണമായും ശമ്പളമുള്ള ഒരു സ്ഥാനമായത്തിനാൽ, അതിനു വരുന്നവർ ഗവേഷകർക്കുള്ള പ്രത്യേക താമസാനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്, കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. https://migri.fi/en/researcher

താമസസൗകര്യം എങ്ങനെ കണ്ടെത്താം:

നിങ്ങൾ പഠനത്തിനാണ് ഫിൻലാൻഡിൽ വരുന്നതെങ്കിൽ താമസസൗകര്യം ലഭിക്കുന്നതിന് പ്രധാനമായും രണ്ട് വഴികളുണ്ട്. ഒന്ന് പ്രാദേശിക വിദ്യാർത്ഥി ഭവന അസോസിയേഷനുകൾ വഴിയും (സ്റ്റുഡന്റ് അപ്പാർട്ടുമെന്റുകൾ) മറ്റൊന്ന് സ്വകാര്യ മേഖല വഴിയുമാണ്. വ്യത്യസ്‌ത നഗരങ്ങളിൽ അവിടെയുള്ള വിദ്യാർത്ഥികളുടെ താമസത്തിന് ഉത്തരവാദിത്തമുള്ള വിദ്യാർത്ഥി ഭവന അസോസിയേഷനുകൾ ഉണ്ട്, അവ അതത് സർവകലാശാല വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഉദാഹരണത്തിന്, ഹെൽസിങ്കി മേഖലയിലെ വിദ്യാർത്ഥി ഭവന അസോസിയേഷൻ HOAS ഉം (https://hoas.fi/en/) ഔലുവിൽ അത് PSOAS ഉം (https://www.psoas.fi/en/) ആണ്. സ്റ്റുഡന്റ് അപ്പാർട്ടുമെന്റുകൾ പരിമിതവും താരതമ്യേന വാടക കുറവുളളവയും ആയതിനാൽ അവയ്ക്ക് വളരെയധികം ആവശ്യക്കാരുണ്ടാവാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ വരവിന് വളരെ മുമ്പുതന്നെ നിങ്ങൾ താമസ സൗകര്യത്തിന് അപേക്ഷിക്കേണ്ടതുണ്ട്. സ്വകാര്യ വിപണിയിൽ, നിങ്ങൾക്ക് നിരവധി വ്യത്യസ്ത വാടക ഏജൻസികളിൽ നിന്ന് താമസം തരപ്പെടുത്താം. അത് കൂടാതെ വ്യക്തികളിൽ നിന്ന് നേരിട്ട് സബ്‌ലീസ് ചെയ്യാനും സാധിക്കും. ഇവ രണ്ടും സ്റ്റുഡന്റ് അപ്പാർട്ടുമെന്റുകളേക്കാൾ സ്വല്പം ചെലവേറിയതായിരിക്കും. താമസസൗകര്യം കണ്ടെത്താനുള്ള ചില ജനപ്രിയ വെബ്‌സൈറ്റുകൾ Oikotie (https://asunnot.oikotie.fi/vuokra-asunnot) യും Etuovi (Etuovi.com) യും ആണ്.


ബിരുദത്തിനുശേഷം

ഫിൻലൻഡിലെ നിങ്ങളുടെ കരിയർ കിക്ക്സ്റ്റാർട്ട് ചെയ്യാനുള്ള നല്ല വഴികളാണ് പഠനകാലത്ത് തന്നെയുള്ള പാർട്ട് ടൈം ജോലിയും ഇന്റേൺഷിപ്പും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്, പഠനം പൂർത്തിയായത്തിന് ശേഷം 2 വർഷം വരെ കാലാവധി നീട്ടിയ താമസാനുമതിക്കായി അപേക്ഷിക്കാം. ഇത് ബിരുദധാരികൾക്ക് ഫിൻലൻഡിൽ അനുയോജ്യമായ ജോലി കണ്ടെത്താൻ സഹായിക്കുന്നതിനായി പ്രത്യേകമായി നടപ്പിലാക്കിയ നയമാണ്. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.https://migri.fi/en/residence-permit-to-look-for-work

ഫിൻലാൻഡിൽ തൊഴിൽ തേടാൻ തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ സർവ്വകലാശാലകളിലും മികവുറ്റ കരിയർ സേവന കേന്ദ്രങ്ങളുണ്ട്. ഫിന്നിഷ് സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടിയവർക്കുള്ള പൊതുവായ കരിയർ ഗൈഡൻസ് വിവരങ്ങളും നിലവിൽ ലഭ്യമായ ജോലി വിവരങ്ങളും ഇവിടെ കാണാം.https://www.aarresaari.net/. അത് കൂടാതെ, പൊതു ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽനിന്നുള്ള എല്ലാ ജോലികളും, സ്വകാര്യ മേഖലയിലെ പല ജോലികളും ഈ രണ്ടു വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് https://tyomarkkinatori.fi/en, https://duunitori.fi/. ഇവയാണ് ഫിൻലൻഡിൽ ലഭ്യമായ ജോലികൾ കണ്ടെത്താനുള്ള പ്രധാന വഴികൾ. ഈ വെബ്‌സൈറ്റുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഭൂരിഭാഗം ജോലികൾക്കും ഫിന്നിഷ് പ്രാവീണ്യം ആവശ്യമാണെങ്കിലും, ഐടി മേഖലയിലെ ജോലികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യവും ജോലിക്കാവശ്യമായ മറ്റ് കഴിവുകളും പലപ്പോഴും ധാരാളമാണ്.

ഇത്രയും വായിച്ച ശേഷം നിങ്ങള്ക്ക് നിങ്ങളുടെ ഭാവി ഫിൻലാൻഡിൽ കാണാൻ കഴിയുകയാണെങ്കിൽ, നിങ്ങൾ സമയം പാഴാക്കരുത്, സാന്താക്ലോസിന്റെയും ദ്രുവദീപ്തിയുടെയും നാടായ ഫിൻ‌ലൻഡിലേക്ക് വരൂ, ശീതകാല അത്ഭുതലോകം അനുഭവിച്ചറിയൂ, ഫിന്നിഷ് ഋതു ഭേദങ്ങളിലും പ്രകൃതിയുടെ മനോഹാരിതയിൽ മയങ്ങൂ. Welcome to Finland!

Content Highlights: Details about Finland Visa and life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented