പ്രതീകാത്മക ചിത്രം | Photo: gettyimages.in
ലോകം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളില്‍ ചിന്തകളും ആശയങ്ങളും അനുഭവങ്ങളും അന്താരാഷ്ട്രതലത്തില്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ യുവജനങ്ങള്‍ക്ക്, സര്‍ഗവൈഭവമുള്ള രചനകളിലൂടെ തങ്ങളുടെ മുഖ്യനൈപുണികള്‍ മെച്ചപ്പെടുത്താനും കഴിവുകള്‍ അംഗീകരിക്കപ്പെടാനും 'ദി ക്യൂന്‍സ് കോമണ്‍വെല്‍ത്ത് ഉപന്യാസ മത്സരം' വേദി ഒരുക്കുന്നു.
മത്സരം
'കമ്യൂണിറ്റി ഇന്‍ ദി കോമണ്‍വെല്‍ത്ത്' എന്നതാണ് മത്സരത്തിന്റെ പ്രമേയം. രണ്ടു വിഭാഗങ്ങളിലാണ് മത്സരം. 2002 ജൂലായ് ഒന്നിനും 2007 ജൂണ്‍ 30നും ഇടയ്ക്കു ജനിച്ച, 14-18 പ്രായപരിധിയിലുള്ളവരെ സീനിയര്‍ വിഭാഗത്തിലും 2007 ജൂലായ് ഒന്നിനോ ശേഷമോ ജനിച്ച 14 വയസ്സില്‍ താഴെയുള്ളവരെ ജൂനിയര്‍ വിഭാഗത്തിലും പരിഗണിക്കും.
മുഖ്യ പ്രമേയവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗത്തിലും നല്‍കിയിട്ടുള്ള നാല് വിഷയങ്ങളില്‍ ഒന്ന് തിരഞ്ഞെടുത്ത്, സീനിയര്‍ വിഭാഗത്തിലെങ്കില്‍ പരമാവധി 1500 വാക്കുകളിലും ജൂനിയര്‍ വിഭാഗത്തിലെങ്കില്‍ പരമാവധി 750 വാക്കുകളിലും രചന നടത്തണം. രചനകള്‍ ഇംഗ്ലീഷിലായിരിക്കണം. കവിത, കത്ത്, കഥ, ലേഖനം, ഉപന്യാസം, നാടകം/സ്‌ക്രിപ്റ്റ് ഉള്‍പ്പെടെ, സര്‍ഗവൈഭവമുള്ള രചനകള്‍ ഏതു ഗണത്തിലും ആകാം. ഏതെങ്കിലും ഒരുവിഷയം മാത്രമേ രചനയ്ക്കായി തിരഞ്ഞെടുക്കാവൂ.
വിഷയങ്ങള്‍
സീനിയര്‍ വിഭാഗം: * സമൂഹത്തിന്റെ മഹത്ത്വം കൃത്യമായി അളക്കുന്നത് അംഗങ്ങളുടെ അനുകമ്പാ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്- ചര്‍ച്ചചെയ്യുക * കോവിഡ്-19 വഴി പരസ്പരം ബന്ധിപ്പിക്കപ്പെടുക * കോവിഡ്-19 മഹാമാരിക്കുശേഷം 30 വര്‍ഷം തികഞ്ഞിരിക്കുന്നു- ലോകം എങ്ങനെ കാണപ്പെടുന്നു * കോവിഡ്19 കാര്യമായി ബാധിച്ച ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തിന്റെ ഭരണസാരഥിയാണു നിങ്ങള്‍. മഹാമാരി അവസാനിച്ച ഘട്ടത്തില്‍ നിങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെങ്കില്‍ സമൂഹത്തോട് നിങ്ങള്‍ എന്തു പറയും?
ജൂനിയര്‍ വിഭാഗം: * 2050ല്‍ ഒരു മ്യൂസിയത്തിനുവേണ്ടി കൊറോണ വൈറസിനെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തു കഥപറയും? * മഹാമാരിയുടെ കാലത്ത് നിങ്ങളോ നിങ്ങള്‍ അറിയുന്ന മറ്റാരെങ്കിലുമോ മറ്റുള്ളവരെ എങ്ങനെ സഹായിച്ചു എന്നു വ്യക്തമാക്കുന്ന ഒരു കഥ പറയുക * നമ്മള്‍ വീണ്ടും നമ്മുടെ കൂട്ടുകാര്‍ക്കൊപ്പം, നമ്മുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടാകും, നമ്മള്‍ വീണ്ടും കണ്ടുമുട്ടും- മഹാമാരിക്കുശേഷം ആദ്യമായി ഒരു സുഹൃത്തിനെ നിങ്ങള്‍ കാണുന്നു. എന്തു പുതിയ വിനോദവൃത്തി സുഹൃത്തുമായി നിങ്ങള്‍ പങ്കുവെക്കും? * മഹാമാരിക്കാലത്ത് നിങ്ങള്‍ക്ക് ഏറ്റവുമധികം നഷ്ടമായത് എന്താണ്?
പുരസ്‌കാരം
മത്സരത്തിലേക്കുള്ള എന്‍ട്രി https://www.royalcwsociety.org/the-qcec വഴി ജൂണ്‍ 30 വരെ നല്‍കാം. ഓരോ വിഭാഗത്തിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് ഒരാഴ്ച ലണ്ടന്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക സംഗമങ്ങളില്‍ പങ്കെടുക്കാന്‍ വിജയികള്‍ക്ക് അവസരമുണ്ടാകും. മികവു തെളിയിക്കുന്നവര്‍ക്ക് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് അവാര്‍ഡുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.royalcwsociety.org/the-qcec.
Content Highlights: Commonwealth Essay Writing competition for Students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..