പ്രതീകാത്മക ചിത്രം | Photo:gettyimages.in
കൊച്ചി: ''ആൺകുട്ടികൾ കടലിൽ വെട്ടംതെളിച്ചുകൊടുക്കാൻ പോകുന്നുണ്ട്. അതാണ് അവർ ക്ലാസിൽ വരാത്തത്''- സംസ്ഥാനത്തെ ഒരു സ്കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളെക്കുറിച്ച് ഒരു അധ്യാപകന്റെ വാക്കുകളാണിത്. പൊതുപരീക്ഷകൾ ലക്ഷ്യമിട്ട് സ്കൂളുകൾ തുറന്നെങ്കിലും പലയിടത്തും കുട്ടികളുടെ എണ്ണം കുറവാണ്. പുതിയ ജീവിതസാഹചര്യങ്ങൾ കുട്ടികളിൽ പലരെയും ജോലിക്കാരാക്കി മാറ്റിയതായും അധ്യാപകർ പറയുന്നു.
മീൻപിടിക്കാനും തോട്ടത്തിലെ പണിക്കും കടകളിലുമൊക്കെ സഹായിയായുമെല്ലാം ജോലിക്കുപോകുന്ന കുട്ടികളുടെ എണ്ണം കൂടി. ഇത് കുട്ടികളുടെ പഠനരീതിയിലും പരീക്ഷയോടുള്ള സമീപനത്തിലും മാറ്റംവരുത്തിയതായി അധ്യാപകർ പറയുന്നു.
പരീക്ഷയെക്കുറിച്ച് അമിത ആത്മവിശ്വാസമാണ് ഒരുവിഭാഗം കുട്ടികളിൽ കാണുന്നത്. പരീക്ഷയെഴുതുന്നവരെല്ലാം ജയിക്കുമെന്ന തെറ്റായ ധാരണയാണ് ഇവർ പുലർത്തുന്നത്. അധ്യാപകരെ നേരിൽക്കണ്ട് സംശയങ്ങൾ തീർത്ത് പഠിക്കാൻ കഴിയാത്തതിന്റെ സങ്കടവും പല കുട്ടികളും പങ്കുവെക്കുന്നു.
പിന്തുണയുണ്ട്
കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനുള്ള പിന്തുണ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്നതായി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ സി.എം. അസീം പറഞ്ഞു. സൂമിലൂടെയും കൗൺസലിങ് സെല്ലിന്റെ ചാനലിലൂടെയുമെല്ലാമാണ് പരിപാടികൾ വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്. മാനസികാരോഗ്യവും പരീക്ഷയും വിഷയമായുള്ള ക്ലാസ് ശനിയാഴ്ച വൈകീട്ട് ഏഴിനാണ്. ഒരു ലക്ഷം വിദ്യാർഥികളിലേക്ക് ഇതെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കുട്ടികൾക്ക് ടെലി കൗൺസലിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. കൊല്ലത്ത് വിവിധ വിഷയങ്ങളിലെ സംശയങ്ങൾ പരിഹരിക്കാനും സംവിധാനമുണ്ട്. സംസ്ഥാനതലത്തിലെ സഹായകേന്ദ്രം വെള്ളിയാഴ്ച തുടങ്ങും.
വീ ഹെൽപ്പ് ഇന്നുമുതൽ
കുട്ടികൾക്കാവശ്യമായ പിന്തുണ നൽകാൻ ഉദ്ദേശിച്ചാണ് വീ ഹെൽപ്പ് ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിക്കുന്നത്. വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങും.
ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിക്കുകയാണു ലക്ഷ്യം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ഫോണിൽ കൗൺസലിങ് ലഭ്യമാകും. നമ്പർ: 18004255459.
Content Highlights: Changing learning habits in students, Education department conducting counselling programs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..