ദിവ്യാൻഷി കുടുംബത്തോടൊപ്പം | Photo tweeted by @ANINewsUP
ന്യൂഡല്‍ഹി: കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം നേടിയത് നിരവധി വിദ്യാര്‍ഥികളാണ്. അക്കൂട്ടത്തില്‍ എല്ലാ പേപ്പറിലും മുഴുവന്‍ മാര്‍ക്ക് നേടിയെടുത്ത ലഖ്‌നൗ സ്വദേശിനി ദിവ്യാന്‍ഷി ജയിനിന്റെ വിജയകഥയാണ് ഇന്ന് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ലഖ്‌നൗവിലെ നവയുഗ് റേഡിയന്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ദിവ്യാന്‍ഷി പരീക്ഷയില്‍ 600-ല്‍ 600 മാര്‍ക്കും നേടി. ഇംഗ്ലീഷ്, സംസ്‌കൃതം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഇന്‍ഷുറന്‍സ് വിഷയങ്ങളിലാണ് ദിവ്യാന്‍ഷി പരീക്ഷയെഴുതിയത്.
ഓരോ വിഷയത്തിനും പാഠഭാഗത്തിനനുസരിച്ച് പ്രത്യേകം ചെറിയ കുറിപ്പുകള്‍ തയ്യാറാക്കി വെക്കാറുണ്ടായിരുന്നുവെന്നും ഇതിലൂടെ എളുപ്പത്തില്‍ മനസ്സിലാക്കി പഠിക്കാന്‍ കഴിഞ്ഞെന്നും ദിവ്യാന്‍ഷി പറയുന്നു. പ്രാര്‍ഥനകള്‍ മാത്രമല്ല, നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയതും പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ സഹായിച്ചു. ഗൈഡുകളേക്കാളേറെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ തന്നെയാണ് പഠനത്തിനായി ആശ്രയിച്ചത്.
എല്ലാ ദിവസവും പഠനത്തിനായി നിശ്ചിത സമയം മാറ്റിവെക്കുന്ന രീതിയായിരുന്നില്ല ദിവ്യാന്‍ഷിയുടേത്. എന്നാല്‍ പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പാഠഭാഗങ്ങള്‍ തീരുന്നതോടൊപ്പം അവ റിവിഷന്‍ നടത്തുകയും ചെയ്തു. മോക്ക് ടെസ്റ്റുകള്‍ ചെയ്തു നോക്കിയതും പരീക്ഷയെ എളുപ്പത്തില്‍ നേരിടാന്‍ സഹായകമായി.
ബിസിനസുകാരനായ അച്ഛനും ഹോംമേക്കറായ അമ്മയും അധ്യാപകരുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ദിവ്യാന്‍ഷി പറയുന്നു. ചരിത്രത്തില്‍ കൂടുതല്‍ ഗവേഷണം നടത്താനും അതുവഴി രാജ്യത്തിന്റെ ഭൂതകാല സംസ്‌കാരങ്ങളേക്കുറിച്ച് കൂടുതല്‍ പഠിക്കുകയുമാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഈ മിടുക്കി പറയുന്നു.
Content Highlights: CBSE Class 12 Topper Divyanshi Jain Scored 600 Out of 600
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..