മുന്‍ യൂണിയന്‍ ഭാരവാഹികള്‍ ഒരുമിച്ച് ക്യാമ്പസില്‍, അന്നത്തെ ശത്രുക്കള്‍ ഇന്ന് ആത്മമിത്രങ്ങള്‍


Catholicate College,Pathanamthitta

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിൽ വെള്ളിയാഴ്ച ഒരു അപൂർവ ചടങ്ങ് നടക്കുന്നു. 70 വർഷം പിന്നിട്ട കലാലയത്തിന്റെ മുൻകാല യൂണിയൻ ഭാരവാഹികൾ ഒരുമിച്ച് കോളേജിലെത്തുന്നു. ഒരുപക്ഷേ, സംസ്ഥാനത്തുതന്നെ ഇത്തരത്തിൽ വ്യത്യസ്തമായൊരു ചടങ്ങ് അത്ര സാധാരണമല്ല.

1952-ൽ കോളേജ് തുടങ്ങിയശേഷം പിന്നീടുള്ള വർഷങ്ങളിൽ കോളേജ് യൂണിയനെ നയിച്ചവരിൽ മിക്കവരും എത്തും. കാലം മുന്നോട്ടോടിയെങ്കിലും അതിന്റെ വേഗത്തെയും അത്ഭുതപ്പെടുത്തുന്ന ഇരമ്പുന്ന ഓർമകളുമായാണ് എല്ലാവരും എത്തുക. ഓരോരുത്തർക്കും പറയാൻ ഒരുപാടുണ്ടാകും. പിന്നിട്ട ദശകങ്ങളിലെ കലാലയം എങ്ങനെയായിരുന്നെന്ന് ഇവരോട് സംസാരിക്കുമ്പോൾതന്നെ തെളിഞ്ഞുവരും. വെള്ളിയാഴ്ച കാണുമ്പോൾ അന്നത്തെ വൈരികൾ ഇപ്പോഴത്തെ ആത്മമിത്രങ്ങളാകും. കാറ്റാടി തണലത്തിരുന്ന് അവർ വീണ്ടും ഓർമകളിലേക്ക്‌. ഏതാനും മുൻ ഭാരവാഹികളുടെ ഓർമകളിലൂടെ ഒരു സഞ്ചാരം....

രാഷ്ട്രീയമില്ലാത്ത യൂണിയൻ - സി.എം.മാത്യു, ജോയിന്റ് സെക്രട്ടറി (1964-65)
രാഷ്ട്രീയമില്ലാത്ത കോളേജ് യൂണിയനാണ് 1964-65ലെ ജോയിന്റ് സെക്രട്ടറിയായിരുന്ന സി.എം.മാത്യുവിന്റെ ഓർമയിൽ. അന്ന് ചെയർമാനില്ല. പകരം സ്പീക്കർ എന്ന പദവിയാണ്. സ്പീക്കറായി പി.ഇ.പാപ്പച്ചനും ജനറൽ സെക്രട്ടറിയായി തോമസ് വർഗീസുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയെന്ന പദവിയും ഇപ്പോഴില്ല. അച്ചടക്കത്തിന്റെ കാര്യത്തിൽ അന്ന് കാതോലിക്കേറ്റ് കോളേജ് മാതൃകയായിരുന്നു. ക്ലാസ് സമയത്ത് കറങ്ങിനടക്കാറില്ല.

പ്രിൻസിപ്പലായിരുന്ന ഡോ. ജെ. അലക്‌സാണ്ടറെ പേടിക്കാത്തവരായി ആരും അന്നുണ്ടായിരുന്നില്ല. ആർ.ശങ്കറാണ് അന്ന് യൂണിയൻ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നെഹ്രുവിന്റെയും അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി പി.ടി.ചാക്കോയുടെയും ചരമത്തെ തുടർന്ന് അനുസ്മരണം നടത്തിയതും മാത്യു ഓർക്കുന്നു. ബജാജിൽ ദക്ഷിണേന്ത്യൻ സർവീസ് മാനേജരായി വിരമിച്ച ഇദ്ദേഹം ഇപ്പോൾ കോട്ടയത്തെ കളത്തിപ്പടിയിലാണ് താമസം.

‘അടിയന്തരാവസ്ഥയിൽ പത്തനംതിട്ടയെ ഒഴിവാക്കിയോ’-പി.മോഹൻരാജ്, കൗൺസിലർ(1976-77)- പത്തനംതിട്ട മുൻ നഗരസഭാ ചെയർമാൻ, കെ.പി.സി.സി. അംഗം.

കോളേജിൽ തന്റെ ചടങ്ങിൽ സദസ്സ് ശുഷ്കമായി പോയതിന്റെ ദേഷ്യത്തിൽ അന്നത്തെ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയുടെ ചോദ്യമായിരുന്നു ഇത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്ന പി.മോഹൻരാജ് അടക്കമുള്ളവർ 18 ദിവസം ഒളിവിൽപോയതിന് ഈ ചോദ്യം ഇടയാക്കി. കെ.എസ്.യു.-കെ.എസ്.സി. പോര് രൂക്ഷമായിരിക്കുന്ന കാലം. മാനേജ്‌മെന്റിന് കെ.എസ്.സി.യോട് താത്പര്യം. കേരള കോൺഗ്രസിന്റെ മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നൽകാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധി ചിറ്റാർ രാജന് സ്വീകരണം നൽകാൻ കെ.എസ്.യു. ഓഡിറ്റോറിയം ചോദിച്ചിട്ട് കൊടുത്തതുമില്ല. അതിന്റെ സങ്കടത്തിൽ ബാലകൃഷ്ണപിള്ള വരുന്നതിന്റെ തലേന്ന് ഗ്രൗണ്ടിൽ ചിറ്റാർ രാജന് സ്വീകരണം. പോരാഞ്ഞിട്ട് മന്ത്രിവന്ന ദിവസം രാവിലെ കെ.എസ്.യു.ക്കാർ എല്ലാ ക്ലാസിലും കയറി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുംവിട്ടു. ഉച്ചകഴിഞ്ഞ് മന്ത്രി വന്നപ്പോൾ പോലീസും അധ്യാപകരും ജീവനക്കാരുമടക്കം ചുരുങ്ങിയ സദസ്സ്. അന്നുവൈകിട്ട് ടൗണിൽ നടന്ന ഒരു ചടങ്ങിലാണ് മന്ത്രി കെ.എസ്.യു. വിന്റെ പണിയാണിതെന്ന് മനസ്സിലാക്കിയത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അന്ന്. തിരുവനന്തപുരത്തെത്തിയ മന്ത്രി 13 പേർക്കെതിരേ കേസെടുക്കാൻ നിർദേശിച്ചു. ഒളിവിൽപോയ മോഹൻരാജ് അടക്കമുള്ളവരെ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് രക്ഷിച്ചത്.

കുമ്പഴ ബസപകടം ഇന്നും ഒരു കണ്ണീർ -ജോസഫ് സാം(ബാബു പാറയിൽ) കൗൺസിലർ 1978-79
മാഗസിൻ എഡിറ്ററുമൊത്ത് മാഗസിൻ അച്ചടിക്ക് കൊടുക്കാൻ തിരുവനന്തപുരത്ത്‌ എത്തിയപ്പോഴാണ് കൗൺസിലറായിരുന്ന ജോസഫ് സാം എന്ന ബാബു പാറയിൽ കുമ്പഴ ബസപകട വാർത്ത അറിയുന്നത്. മറ്റൊന്നും ആലോചിക്കാതെ തിരിച്ചു പത്തനംതിട്ടയ്‌ക്കു പാഞ്ഞു. കോളേജിലെ പ്രിയങ്കരനായ ഗായകൻ അജയ് ഗോകുൽദാസും ഗീതയും മരിച്ച വിവരം ഞെട്ടലോടെയാണ് കേട്ടത്.

മലയാലപ്പുഴയിൽനിന്ന് കോളേജിലെ കുട്ടികളടക്കമുള്ളവരുമായെത്തിയ കോമോസ് ബസ് കുമ്പഴയിൽ മറിഞ്ഞ അപകടത്തിൽ 15 കുട്ടികൾക്കാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ പരിക്കേറ്റവരുടെ കാര്യങ്ങൾക്കായി ഏറെനാൾ യൂണിയൻ ഭാരവാഹികൾ മറ്റെല്ലാം മാറ്റിവെച്ച് ഓടിനടന്നിരുന്നു. ഹോട്ടൽ ബിസിനസ് രംഗത്തുള്ള ജോസഫ് ഇപ്പോൾ തിരുവന്തപുരത്താണ് താമസം.

അതൊരു വിപ്ലവമായിരുന്നു'- -പ്രൊഫ.സുജ സൂസൻ ജോർജ്- വൈസ് ചെയർമാൻ (1980-81)

കെ.എസ്.യു.വിന്റെ കോട്ടയിൽ കൊടിനാട്ടി യൂണിയൻ ഭരണം പിടിച്ച എസ്.എഫ്.ഐ. സംഘത്തിലെ പെൺപോരാളിയായിരുന്നു പ്രൊഫ.സുജ സൂസൻ ജോർജ്. എങ്ങനെ ഭരണം പിടിക്കാം എന്നതിന്റെ മുന്നൊരുക്കങ്ങൾ ഒരു വർഷം മുമ്പേ തുടങ്ങിയിരുന്നു. വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങി. ആൺകുട്ടികളായ സഹപ്രവർത്തകർ കൊടിയ മർദനങ്ങൾക്കിരയാവുന്നതിന് സാക്ഷ്യംവഹിക്കേണ്ടിയുംവന്നു. ഭരണം കിട്ടിയശേഷം വ്യത്യസ്തമായ പരിപാടികൾ ആവിഷ്‌കരിച്ചു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ പങ്കെടുപ്പിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധിക്കപ്പെട്ടു. ജോൺ എബ്രഹാമായിരുന്നു ക്യാമ്പ് ഡയറക്ടർ. കോളേജ് ലൈബ്രറിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമായിരുന്നു സുജ. തന്നെ രൂപപ്പെടുത്തിയത് കാതോലിക്കേറ്റ് കോളേജാണെന്ന് അവർ പറയുന്നു.

ദീപാ കൈലി സെന്ററിൽ ഉച്ചവരെ- ബി.പവനൻ, ചെയർമാൻ(1980-81), ഡി.വൈ.എഫ്.ഐ. മുൻജില്ലാ പ്രസിഡന്റ്,സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗം.

അടിപേടിച്ച് പത്തനംതിട്ട ടൗണിലെ ദീപാ കൈലി സെന്ററിൽ ഷട്ടറിട്ട് ഉച്ചവരെ ഇരിക്കേണ്ടിവന്ന അനുഭവമാണ് 1980-81ലെ ചെയർമാനായിരുന്ന ബി.പവനന് പറയാനുള്ളത്. എസ്.എഫ്.ഐ. ആദ്യമായി കോളേജ് യൂണിയൻ പിടിച്ചതാണ് എതിരാളികൾക്കുമുൻപിൽ പവനൻ നോട്ടപ്പുള്ളിയായത്. ഒരിക്കൽ ചന്ദനപ്പള്ളിയിയിൽനിന്ന് ബസിൽ വരുമ്പോൾ പവനനെ നോക്കി കോളേജ് ജങ്ഷനിൽ ആളുകൾ നിൽക്കുന്ന വിവരം കിട്ടി.

ഓമല്ലൂരിലിറങ്ങി പാർട്ടി ലോക്കൽ സെക്രട്ടറിയായിരുന്ന ഡോ. രാമചന്ദ്രൻനായർക്കു മുൻപിൽ അഭയം തേടി. അദ്ദേഹം കൃഷ്ണൻ നായർ, പ്രസന്നൻ എന്നീ ഡി.വൈ.എഫ്.ഐ. നേതാക്കളെക്കൂട്ടി അടുത്ത ബസിൽ പത്തനംതിട്ടയ്ക്കുവിട്ടു. എന്നാൽ, ടൗണിൽ രാജൻ ടെക്‌സ്റ്റൈൽസിനു മുൻപിൽ ഇറങ്ങിയപ്പോൾ അവിടെ നിൽക്കുന്നു കുറുവടിയുമായി ആളുകൾ. രക്ഷകർ രണ്ടുപേരും നെഞ്ചുവിരിച്ച് അവർക്കുമുൻപിലേക്ക്. പിന്നിൽ പതുങ്ങി പവനനും. അടിതുടങ്ങി. ഒന്നു കിട്ടിയപ്പോഴേക്കും പവനൻ ചാടി ദീപാ കൈലി സെന്ററിൽ കയറി ഷട്ടറിട്ടു. രാവിലെ ഒൻപതരമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഉടമയ്ക്കൊപ്പം ഇതിനുള്ളിൽ. ഒടുവിൽ ലോക്കൽ സെക്രട്ടറി സൈനുദ്ദീൻ വന്ന്‌ വിളിച്ചപ്പോഴാണ് ശ്വാസംവീണത്.

കുട്ടപ്പൻ സാർ പറഞ്ഞു; 'നീ പ്രിൻസിപ്പലിന്റെ സീറ്റിലോട്ട് ഇരിക്ക്'- ടി.സക്കീർഹുസൈൻ, ജനറൽ സെക്രട്ടറി (1987-88)- പത്തനംതിട്ട നഗരസഭാധ്യക്ഷൻ.

: കാമ്പസിലെ മരം മുറിക്കാൻ മാനേജ്മെന്റ് തീരുമാനിക്കുന്നു. ജനറൽ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനും എല്ലാ വിദ്യാർഥി സംഘടനാ നേതാക്കളും ചേർന്ന് പ്രിൻസിപ്പൽ ഡോ.ടി.എ.ജോർജിന്റെ മുറിയിൽ പ്രതിഷേധം.. കുട്ടപ്പൻ സാർ എന്ന പേരിൽ അറിയപ്പെടുന്ന പ്രിൻസിപ്പൽ, സക്കീറിനോട് ഒരു ചോദ്യം.. നീയേതാ ക്ലാസ്. ഡി1 ഇംഗ്ലീഷ് എന്ന് മറുപടി. ദാ വരുന്നു കുട്ടപ്പൻ സാറിന്റെ അടുത്ത ഡയലോഗ്. നീ ഇങ്ങോട്ട് ഇരിക്ക്, ഞാൻ പോയി ഡി1-ൽ ഇരിക്കാം. മാനേജ്‌മെന്റിന്റെ കോളേജ്, ആ കോളേജിലെ മരം മുറിക്കാൻ സമരം കൊണ്ടിറങ്ങിയിരിക്കുന്നു എന്ന് അടുത്ത ഡയലോഗും. എന്തായാലും സമരച്ചൂട് കുട്ടപ്പൻസാർ തണുപ്പിച്ചു. മരം മുറിക്കൽ മാനേജ്‌മെന്റ് ഉപേക്ഷിക്കുകയുംചെയ്തു.

'ദേ അച്ചൻ കൊടിയുമായി പോകുന്നു, നമ്മൾ പ്ലിങ്'- എ. സുരേഷ്‌കുമാർ-ചെയർമാൻ (1990-91) പത്തനംതിട്ട നഗരസഭാ മുൻഅധ്യക്ഷൻ,ഡി.സി.സി. വൈസ് പ്രസിഡന്റ്.

കോളേജിൽ രാഷ്ട്രീയ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷമാണ് കൂടുതലും. ഒരിക്കൽ ഇരുകൂട്ടരും പ്രകടനമായി ഇറങ്ങി. അടിപൊട്ടുമെന്ന ഘട്ടം ഉറപ്പാണ്. കുറേകുട്ടികൾ ക്ലാസ് വിട്ട് വീട്ടിലേക്കു പോയി. കുറേപ്പേർ അടി കാണാൻ ദൂരെ മാറിനിൽക്കുന്നു. ചെയർമാനായിരുന്ന എ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു. സംഘവും എസ്.എഫ്.ഐ. സംഘവും നേർക്കുനേർ.

പെട്ടെന്നാണ് ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഒരു പുരോഹിതൻ ഇവർക്കിടയിലേക്ക് വന്നത്. അദ്ദേഹം രണ്ടു കൂട്ടരിൽനിന്നും കൊടികൾ പിടിച്ചുവാങ്ങി മുന്നിൽ നടന്നു. ഇനി നീയൊക്കെ തമ്മിലടിച്ചോ എന്ന മട്ടിൽ. കണ്ടുനിന്ന കുട്ടികൾക്ക് ചിരിയായി. രോക്ഷാകുലരായി എത്തിയ നേതാക്കളുടെ രോഷം എങ്ങോട്ടുപോയെന്ന് അറിയില്ല. അല്പസമത്തിനകം അരങ്ങെല്ലാം ശാന്തമായി. അന്ന് കൊടിയും പിടിച്ചു പോയ അച്ചനാണ് ഓർത്തഡോക്‌സ് സഭയുടെ ഇപ്പോഴത്തെ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപ്പൊലീത്ത.

Content Highlights: Catholicate College,Pathanamthitta college union alumni meet 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented