മികച്ച സ്‌കോര്‍ നേടാന്‍ പണവും സ്വര്‍ണവും മദ്യവും; അഴിമതിയിലും നാക് അക്രെഡിറ്റേഷന് 'ടോപ് സ്‌കോര്‍'


By ശ്യാം മുരളി

7 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ

ക്‌സിക്യൂട്ടീവ് സമിതി അധ്യക്ഷന്‍ ഭൂഷണ്‍ പട്‌വര്‍ധന്റെ രാജിയോടെ 'നാക്' ഇപ്പോൾ സംശയനിഴലിലാണ്‌. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സി(നാക്)ലിൽ നടക്കുന്ന അഴിമതിയുടെ 'റേറ്റിങ്' ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനാണ് രാജിവച്ചൊഴിഞ്ഞത്. അക്രഡിറ്റേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വലിയ കോഴ ഇടപാടുകള്‍ നടക്കുന്നെന്നും ഇതു സംബന്ധിച്ച് ദേശീയതലത്തില്‍ സ്വതന്ത്ര ഏജന്‍സിയേക്കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വലിയ അഴിമതിയുടെ ചെറിയൊരു മുനമ്പ് മാത്രം തിരശ്ശീല നീക്കി കാണിച്ചാണ് ഭൂഷണ്‍ പട്‌വര്‍ധൻ പടിയിറങ്ങിയത്. കോഴയും സ്വര്‍ണവും അകമ്പടിയായി മദ്യവും, എന്തിനേറെ സ്ത്രീകളെ വരെ ഉപയോഗിച്ച് 'നാക്' റേറ്റിങ് നേടുന്ന സ്ഥിതിയുണ്ടെന്നാണ് ഉയരുന്ന ആരോപണങ്ങള്‍

'നാക്' റേറ്റിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് എന്താണ് നാക് എന്ന സംവിധാനം, അതിന്റെ ലക്ഷ്യമെന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നീ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

എന്താണ് നാക്? ഗ്രേഡിങ് നല്‍കുന്നതെങ്ങനെ?

യൂണിവേഴ്സിറ്റികളും കോളേജുകളും അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുകയും അവയ്ക്ക് അക്രഡിറ്റേഷന്‍ നല്‍കുകയും ചെയ്യുന്നതിനായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനു(യു.ജി.സി.) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ ബോഡിയാണ് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC അഥവാ നാക്). വിലയിരുത്തല്‍ നടത്തി സ്ഥാപനങ്ങള്‍ക്ക് വിവിധ ഗ്രേഡുകള്‍ നല്‍കുകയും അവയുടെ അടിസ്ഥാനത്തില്‍ യു.ജി.സി. സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും.

ആറു വര്‍ഷം പഴക്കമുള്ളതോ രണ്ട് ബാച്ച് ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയതോ ആയ സ്ഥാപനങ്ങള്‍ക്കാണ് 'നാക്' അംഗീകാരത്തിന് അപേക്ഷിക്കാന്‍ അര്‍ഹത. അഞ്ചു വര്‍ഷമാണ് അക്രഡിറ്റേഷന്റെ സാധുത. അഞ്ചു വര്‍ഷം കഴിഞ്ഞ് അക്രഡിറ്റേഷന്‍ നടപടികള്‍ വീണ്ടും ആവര്‍ത്തിക്കും. അഞ്ചു വര്‍ഷം ഇടവിട്ടുള്ള ഈ പ്രക്രിയയിലൂടെ സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയും ക്രമേണ ആ സ്ഥാപനത്തിനു സ്വയംഭരണാധികാരം നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

വിവിധ തലങ്ങളിലുള്ള വിലയിരുത്തല്‍ പ്രക്രിയകളിലൂടെയാണ് സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് നല്‍കുന്നത്. 'നാക്' നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗുണനിലവാരം കൈവരിക്കുന്നുണ്ടോ എന്നതാണ് വിലയിരുത്തുന്നത്. പഠനനിലവാരം, അധ്യാപകരുടെ യോഗ്യത, സ്ഥാപനത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍, ഗവേഷണം തുടങ്ങി നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മാനദണ്ഡങ്ങള്‍. ഒരു സ്ഥാപനം ഏത് തോതില്‍ ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് വിലയിരുത്തി വിവിധ ഗ്രേഡുകള്‍ നല്‍കും. A++ ആണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡ്. A+, A, B++, B+, B, C, D എന്നിങ്ങനെയാണ് മറ്റു ഗ്രേഡുകള്‍. ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന സ്ഥാപനത്തിന് ലഭിക്കുന്ന ഫണ്ടും ഉയര്‍ന്നതായിരിക്കും. ഒരു സ്ഥാപനത്തിന് D ഗ്രേഡ് ആണ് ലഭിക്കുന്നതെങ്കില്‍ അതിനര്‍ഥം ആ സ്ഥാപനത്തിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല എന്നാണ്.

'നാകി'ന്റെ നിലവിലെ രീതിയനുസരിച്ച് ഇന്‍പുട്ട് ബേസ്ഡ് സമീപനമാണ് സ്ഥാപനത്തെ വിലയിരുത്താന്‍ സ്വീകരിക്കുന്നത്. അതായത്, സ്ഥാപനം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മികവുകള്‍, നേട്ടങ്ങള്‍ തുടങ്ങിയവ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് (Self-Study Report) നാക്കിന് സമര്‍പ്പിക്കുന്നു. തുടര്‍ന്ന് 'നാകി'ന്റെ വിദഗ്ധസംഘം ഈ വിവരങ്ങള്‍ പരിശോധിച്ച് നിശ്ചിതമാര്‍ക്ക് നല്‍കും. തുടര്‍ന്ന് 'നാകി'ന്റെ ഒരു ഉദ്യോഗസ്ഥ സംഘം (Peer Review Team) സ്ഥാപനം സന്ദര്‍ശിച്ച് വിലയിരുത്തുന്നു. സ്ഥാപനത്തിന്റെ അവകാശവാദങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിക്കുന്നതും ഈ ഘട്ടത്തിലാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ 'നാക്' സ്ഥാപനത്തിന്റെ ഗ്രേഡ് നിശ്ചയിക്കുന്നു. നിലവില്‍ രാജ്യത്ത് 374 യൂണിവേഴ്സിറ്റികളും 6201 കോളേജുകളും 'നാക്' അക്രെഡിറ്റഡ് ആണെന്ന് 'നാകി'ന്റെ വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പണം, സ്വര്‍ണം, മദ്യം, സുഖവാസം; മികച്ച ഗ്രേഡിനായി ഏതറ്റംവരെയും പോകും

സാധാരണഗതിയില്‍ 'നാക്' ഗ്രേഡിങ്ങിനായി അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. 'നാക്കി'ന്റെ കര്‍ശന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്ഥാപനം പ്രവര്‍ത്തിക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ സ്ഥാപനത്തിലും ഐ.ക്യു.എ.സി. (Internal Quality Assurance Cell) എന്നൊരു സംവിധാനമുണ്ടായിരിക്കും. വിദ്യാർഥികള്‍ക്കായി പഠനത്തിന്റെ ഭാഗമായതും അല്ലാത്തതുമായ പരിപാടികള്‍ സംഘടിപ്പിച്ച്, അതിന്റെ രേഖകള്‍ ഫയല്‍ ചെയ്ത് സൂക്ഷിച്ച് അതാത് വര്‍ഷം ഓണ്‍ലൈനായി സമര്‍പ്പിക്കുകയും (AQAR) അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവയെല്ലാം സമാഹരിച്ച റിപ്പോര്‍ട്ട് (SSR) സമര്‍പ്പിക്കുകയും വേണം. അധ്യാപനത്തിനൊപ്പം അധ്യാപകര്‍ ചെയ്യേണ്ട ജോലിയാണ് ഇവയൊക്കെ.

പലപ്പോഴും ഈ പ്രക്രിയ നേരായ വിധത്തിലല്ല നടക്കുന്നത് എന്നതാണ് സത്യം. 'നാക്' അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഇവിടെ തുടങ്ങുന്നു. പലപ്പോഴും ഇത്തരം രേഖകള്‍ 'നാക്' സംഘത്തിന്റെ പരിശോധനയോടനുബന്ധിച്ച് അധ്യാപകര്‍ കൃത്രിമമായി നിര്‍മിക്കുകയാണ് പല സ്ഥാപനങ്ങളിലും പതിവ്. മികച്ചതെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന ബാഹ്യമായ ആര്‍ഭാടങ്ങളുടെ പുകമറ സൃഷ്ടക്കാനാണ് പല സ്ഥാപനങ്ങളും ശ്രമിക്കുന്നതെന്ന് ഈ രംഗത്തുള്ളവർ തെന്നെ ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള 'നാക്' വിസിറ്റ് കോളേജുകളെയും യൂണിവേഴ്സിറ്റികളെയും സംബന്ധിച്ചിടത്തോളം പിരിമുറുക്കത്തിന്റെ കാലമാണ്. പണവും സ്വര്‍ണവും മുതല്‍, സന്ദര്‍ശനത്തിനെത്തുന്ന 'നാക്' സംഘത്തെ ഏതുവിധേനയും സന്തോഷിപ്പിച്ച് മികച്ച സ്‌കോര്‍ സ്വന്തമാക്കാനുള്ള ശ്രമമാണ് മിക്കവാറും സ്ഥാപനങ്ങള്‍ നടത്തുക. പണം വാരിയെറിഞ്ഞ് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതു മുതല്‍, പ്രത്യേക ഏജന്‍സികളെ നിയോഗിച്ച് 'നാക് മാനദണ്ഡം പാലിക്കുന്ന' വിധത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും കൃത്രിമരേഖകള്‍ ഉണ്ടാക്കുകയും ഫയല്‍ ചെയ്യുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്.

സ്ഥാപനത്തിന് മികച്ച സ്‌കോര്‍ വാങ്ങിക്കൊടുക്കുന്നതിന് സഹായിക്കുന്ന പ്രത്യേക ഏജന്‍സികളുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഏതൊക്കെ തരത്തിലുള്ള വ്യാജരേഖകള്‍ ഉണ്ടാക്കിയാല്‍ മികച്ച സ്‌കോര്‍ നേടാമെന്ന് ഇവര്‍ക്കറിയാം. കോളേജില്‍ അഞ്ചു വര്‍ഷം നടത്തിയിട്ടുള്ള അക്കാദമിക, അക്കാദമികേതര പരിപാടികളുടെ രേഖകള്‍ ഏതാനും ആഴ്ചകള്‍കൊണ്ട്‌ ഇത്തരം സംഘങ്ങള്‍ നിര്‍മിക്കും. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി ഇത്തരം ജോലികളെല്ലാം ഈ സംഘങ്ങള്‍ ചെയ്തുകൊള്ളും.

ഇതൊക്കെ ചെയ്യുന്നതിനു പുറമേയാണ് വിദഗ്ധസംഘങ്ങള്‍ക്കുള്ള കൈക്കൂലി. ഒരോ സ്ഥാപനങ്ങളും തങ്ങളേക്കൊണ്ടാവുന്നതുപോലെ പരിശോധക സംഘത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. പണമായി കൈക്കൂലി നല്‍കുന്ന കാര്യം ആരും തുറന്നുപറയാന്‍ തയ്യാറല്ലെങ്കിലും മറ്റു വിധത്തിലുള്ള സന്തോഷിപ്പിക്കലുകള്‍ സര്‍വസാധാരണമാണ്. സന്ദര്‍ശനത്തിനെത്തുന്ന സംഘത്തിന് വലിയ സ്വീകരണ പരിപാടികളാണ് പല സ്ഥാപനങ്ങളും ആസൂത്രണം ചെയ്യാറ്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലോ റിസോര്‍ട്ടിലോ ഉള്ള താമസം, വിലകൂടിയ ഭക്ഷണവും ആവശ്യമെങ്കില്‍ മദ്യവും, ഇടവേളകളുണ്ടാക്കി വിനോദയാത്രകള്‍, പരിശോധന കഴിഞ്ഞ് പോകുമ്പോള്‍ വിലകൂടിയ ഉപഹാരങ്ങള്‍ തുടങ്ങിയവയൊക്കെ സാധാരണമാണ്. അക്കാദമികമായോ പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തിലോ ദയനീയ പ്രകടനം നടത്തുന്ന ചില സ്ഥാപനങ്ങള്‍ A+ നേടി ഞെട്ടിക്കുന്നതും മികച്ച പ്രകടനം നടത്തിയ സ്ഥാപനങ്ങള്‍ താഴ്ന്ന സ്‌കോര്‍ നേടുന്നതുമൊക്കെ ഇത്തരം പ്രീണിപ്പിക്കലുകളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണെന്നത് പരസ്യമായ രഹസ്യമാണ്.

പരിശോധനയ്ക്കെത്തുന്ന 'നാക്' ഉദ്യോഗസ്ഥര്‍ക്ക് പണവും സ്വര്‍ണവും നല്‍കി അംഗീകാരം നേടാന്‍ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പരാതിയുയര്‍ന്നിരുന്നു. ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി, 'നാക്' ഗ്രേഡിങ്ങില്‍ മുകളില്‍ വരുന്നതിന് കൈക്കൂലി നല്‍കിയതായുള്ള ആരോപണം പുറത്തുവന്നത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്. 'നാക്' സ്‌കോറിനു വേണ്ടിയുള്ള പരക്കംപാച്ചിലുകളുടെ കാര്യത്തില്‍ കേരളത്തിലെ ചില സ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഐ.ഐ.ടിയേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍!

'നാക്' അക്രഡിറ്റേഷനിലെ അഴിമതിയും സ്‌കോര്‍ നല്‍കുന്നതിലെ വലിയ വൈരുധ്യങ്ങളുമെല്ലാം ഏറെക്കാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. കൈക്കൂലി കൊടുത്തും വ്യാജരേഖകള്‍ ഉണ്ടാക്കിയും വളഞ്ഞ വഴിയിലൂടെ നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഉയര്‍ന്ന സ്‌കോര്‍ നേടുമ്പോള്‍ അക്കാദമിക് മികവുള്ള സ്ഥാപനങ്ങള്‍ താഴ്ന്ന സ്‌കോര്‍ നേടി പിന്തള്ളപ്പെട്ടു പോകുന്നു. ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലാംകിട സ്വാശ്രയ കോളേജുകള്‍ക്കും ഒരേ സ്‌കോര്‍ ലഭിക്കുന്നു.

അഹമ്മദാബാദിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി നേടിയ ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ ഒക്ടോബറില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ യൂണിവേഴ്സിറ്റിയുടെ 'നാക്' സ്‌കോര്‍ രാജ്യത്തെ ഒന്നാംകിട സര്‍വകലാശാലകളെയെല്ലാം പിന്നിലാക്കുന്ന വിധത്തിലാണ്. ലോകത്തിലെതന്നെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, രാജ്യത്തെ മികച്ച സ്ഥാപനമായ ബെംഗളൂരു യൂണിവേഴ്സിറ്റി തുടങ്ങിയവ നേടിയതിനേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ എങ്ങനെ ഈ ഡീംഡ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചു എന്നതായിരുന്നു ഉയര്‍ന്നുവന്ന ചോദ്യം.

ബെംഗളൂരുവിലെ ഒരു എന്‍ജിനീയറിങ് കോളേജ് നേടിയ 'നാക്' സ്‌കോറും എല്ലാവരെയും ഞെട്ടിക്കുന്നതാണ്. മേല്‍പറഞ്ഞതുപോലെ രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളെയെല്ലാം മറികടക്കുന്നതായിരുന്നു ഈ കോളേജിന്റെ സ്‌കോര്‍. അതുപോലെ, കോയമ്പത്തൂരിലെ മറ്റൊരു ഡീംഡ് യൂണിവേഴ്സിറ്റി അതിന് നേരത്തെ ലഭിച്ച ബി ഗ്രേഡില്‍നിന്ന് ഒറ്റയടിക്ക് A++ ഗ്രേഡിലേക്ക് ഉയര്‍ന്നു. അതായത് നാക് റേറ്റിങ്ങിലെ ഏറ്റവും വലിയ സ്‌കോര്‍ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്തു. എന്നാല്‍, ഈ സ്ഥാപനങ്ങളൊന്നും ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ (എന്‍.ഐ.ആര്‍.എഫ്.) എവിടെയുമില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.

നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ അവിശ്വസനീയ സ്‌കോറുകള്‍ നേടുന്നതും പലതും 'നാകി'ന്റെ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുകയും ചെയ്യുംവിധത്തില്‍ സ്‌കോറുകളിലെ വൈരുധ്യങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നത് ഈ മേഖലയിലുള്ളവര്‍ ഏറെക്കാലമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില ഐ.ഐ.ടികള്‍ ഇതു സംബന്ധിച്ച് യു.ജി.സിക്ക് പരാതികള്‍ നല്‍കുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. 'നാക്' അക്രഡിറ്റേഷന്‍ പ്രഹസനമാകുകയും കുറേപ്പേര്‍ക്ക് കൈക്കൂലി പറ്റുന്നതിനും ചില സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനധികൃതമായി നേടുന്നതിനുമുള്ള വഴിയായി മാറുകയും ചെയ്തിട്ടുണ്ടെന്ന ആരോപണം നിരവധി കോണുകളിൽനിന്ന് ഉയരുന്നു.

അഴിമതിയുടെ തിരശ്ശീല നീക്കി 'നാക്' അധ്യക്ഷന്റെ രാജി

'നാകി'ന്റെ എക്സിക്യുട്ടീവ് സമിതി അധ്യക്ഷന്‍ ഭൂഷണ്‍ പട്‌വർധന്റെ രാജിയിലേക്കെത്തിച്ച സംഭവങ്ങളുടെ പശ്ചാത്തലം മേല്‍പറഞ്ഞതാണ്. 'നാക്' എക്സിക്യുട്ടിവ് കമ്മിറ്റി അധ്യക്ഷനായി പട്‌വര്‍ധന്‍ ചുമതലയേല്‍ക്കുന്നത് 2022 ഫെബ്രുവരിയിലാണ്. 'നാക്' അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട് വലിയ അഴിമതിയും ക്രമവിരുദ്ധ നടപടികളും ഉള്ളതായി ഏറെക്കാലത്തെ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ഇവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ട് പട്‌വര്‍ധന്റെ നിയമനം.

പട്‌വര്‍ധന്‍ ചുമതലേറ്റതിനു ശേഷം 'നാകി'നെ ശുദ്ധീകരിക്കാനുള്ള പല ശ്രമങ്ങളുണ്ടായി. 'നാകി'ലെ അഴിമതി സംബന്ധിച്ച് ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയേക്കൊണ്ട് രാജ്യവ്യാപകമായ അന്വേഷണം നടത്തണമെന്ന നിര്‍ദേശം അദ്ദേഹം യു.ജി.സിക്ക് മുന്നില്‍ വെച്ചിരുന്നു. കൂടാതെ, 'നാക്' ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ജെ.പി. സിങ് ജോറീല്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. ജോറീല്‍ കമ്മിറ്റി രൂപവത്കരിച്ചതിനു തൊട്ടു പിന്നാലെ 'നാക്' അക്രഡിറ്റേഷന്‍ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. 'നാക്' തന്നെ നിയോഗിച്ച ജോറീല്‍ കമ്മിറ്റിയെ അട്ടിമറിക്കുന്നതിനും 'നാകി'ലെ അഴിമതിക്കഥകള്‍ മൂടിവെക്കുന്നതിനുമാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നീക്കമെന്ന വിമര്‍ശനം ആ സമയത്തുതന്നെ ഉയര്‍ന്നുവന്നിരുന്നു.

ഭൂഷണ്‍ പട്‌വര്‍ധന്‍

'നാകു'മായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിധത്തില്‍ ഫെബ്രുവരി 26-ന് യു.ജി.സി. അധ്യക്ഷന് പട്‌വര്‍ധന്‍ ഒരു കത്തെഴുതിയിരുന്നു. നിക്ഷിപ്ത താല്‍പര്യവും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും വഴിവിട്ട ഇടപാടുകളും മൂലം 'നാക്' അക്രഡിറ്റേഷന്‍ പ്രക്രിയകള്‍ ആകെ തകരാറിലായിരിക്കുകയാണെന്ന് ഈ കത്തില്‍ പട്‌വര്‍ധന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മേഖലയില്‍ വലിയതോതിലുള്ള അഴിമതി നടക്കുന്നതായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലും ബന്ധപ്പെട്ടവരില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 'നാകി'ന് അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുകയും മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്ന ഘട്ടം മുതല്‍ സ്ഥാപനത്തില്‍ വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങളില്‍ വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഴിമതി സംബന്ധിച്ച് അന്വേഷിക്കണമെന്ന പട്‌വര്‍ധന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങള്‍ ഉന്നത കേന്ദ്രങ്ങളില്‍നിന്നുതന്നെ നടന്നു എന്നാണ് ഇത്തരം നീക്കങ്ങള്‍ കാണിക്കുന്നത്. രാജിസന്നദ്ധത അറിയിച്ചുകൊണ്ടുള്ള തന്റെ കത്തില്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. തന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഏതാനും മാസങ്ങളായി യു.ജി.സിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ക്ക് മറുപടി പോലും ലഭിച്ചില്ലെന്നും പൂര്‍ണമായും അവഗണക്കപ്പെട്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജിസന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഈ കത്തിനെ രാജിക്കത്തായി വ്യാഖ്യാനിച്ച് പട്‌വര്‍ധനെ സ്ഥാനത്തുനിന്ന് നീക്കുകയും എ.ഐ.സി.ടി.ഇ. മുന്‍ അധ്യക്ഷന്‍ പ്രൊഫ. അനില്‍ സഹസ്രബുദ്ധയെ പുതിയ അധ്യക്ഷനായി നിയോഗിക്കുകയുമായിരുന്നു യു.ജി.സി. ചെയ്തത്.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും യു.ജി.സി. ഫണ്ട് കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനും ലക്ഷ്യമിട്ട് കൊണ്ടുവന്ന 'നാക്' എന്ന സംവിധാനം പലപ്പോഴും അതിന്റെ ലക്ഷ്യങ്ങള്‍ കൈവിടുന്നെന്നാണ് ഉയരുന്ന ആരോപണം. 'നാകി'ന്റെ മാതൃ ഏജന്‍സിയായ യു.ജി.സിയും ഇതിനെയെല്ലാം നിയന്ത്രിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയവും സര്‍ക്കാരും ഈ അഴിമതികള്‍ക്ക് കുടപിടിക്കുകയും മൂടിവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ഭൂഷന്‍ പട്‌വര്‍ധന്റെ രാജിയിലൂടെ വ്യക്തമാകുന്നത്.

സാമ്പത്തിക സഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും വെട്ടിക്കുറയ്ക്കുകയോ എടുത്തുമാറ്റുകയോ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയം മൂലം ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയില്‍ ഉഴലുന്ന ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയെ കൂടുതല്‍ വലയ്ക്കുന്നതാണ് 'നാക്' അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെത്തന്നെ തകര്‍ച്ചയിലേക്ക് നയിക്കുന്ന, അതിന്റെ ഭാവിയെ ഇരുട്ടിലാക്കുന്ന വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്കയാണ് ഈ രംഗത്തുള്ളവര്‍ പങ്കുവെക്കുന്നത്.

Content Highlights: Cash, Gold and Alcohol to get the best score; corruption in NAAC accreditation process, UGC

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


marriage wedding

2 min

5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയല്‍നടി; 6-ാംദിവസം യുവാവ് വാക്കുമാറി;രക്ഷിച്ചത് പോലീസ്

Apr 1, 2023

Most Commented