Representational Image | Photo: freepik.com
എസ്എസ്എൽസി, പ്ലസ് ടു ഫലം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും തുടർ പഠനത്തിനുള്ള തീരുമാനമെടുക്കുന്ന സമയമാണിത്.
സി.ബി.എസ്.ഇ..,ഐ.സി.എസ്.ഇ.ബോർഡ് റിസൽറ്റും ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ പരീക്ഷ വിജയനിരക്ക് ദേശീയ തലത്തിൽ കൂടുതലാണ്. ഇതിനാനുപാതികമായി ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയ വിദ്യാർത്ഥികളും തുലോം കൂടുതലാണ്. ഉപരിപഠന സാധ്യത വിലയിരുത്തും മുമ്പ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പഠിതാവിൻറെ താല്പര്യം, അഭിരുചി, ലക്ഷ്യം, പ്രാപ്തി, പഠിക്കാനുദ്ദേശിക്കുന്നവിഷയത്തിന്റെ പ്രസക്‌തി, തുടർപഠന സാധ്യത മുതലായവ വ്യക്തമായി വിലയിരുത്തണം. മാറുന്ന ഉപരിപഠന, തൊഴിൽ സാധ്യതകൾ, ആഗോള വിദ്യാഭ്യാസ സാഹചര്യം എന്നിവ മനസ്സിലാക്കിയിരിക്കണം. പ്ലസ് ടു പഠനത്തിൽ കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടുത്തുന്നത് എൻജിനീയറിംഗ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ലതാണ്. പ്ലസ്‌ടു വിനുശേഷമുള്ള ബിരുദ പ്രോഗ്രാമുകൾ ലക്ഷ്യമിട്ട് പ്ലസ് ടു വിഷയങ്ങൾ തെരഞ്ഞെടുത്താൽ തുടർപഠനം എളുപ്പത്തിലാക്കാം.
മികച്ച ഉപരിപഠന തൊഴിലവസരങ്ങൾ
ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ താല്പര്യമുള്ള വിദ്യാർഥികളേറെയുണ്ട്. എന്നാൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് പൂർത്തിയാക്കിയാലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് ഏറെ സംശയങ്ങളുണ്ട്. പ്ലസ് ടു വിനുശേഷം ഹ്യുമാനിറ്റീസ്, ലിബറൽ ആർട്സ്, ഡെവലപ്മെന്റൽ സയൻസ് ഹ്യൂടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു തലത്തിൽ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ തിരഞ്ഞെടുക്കാം.പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിച്ച വിദ്യാർഥികൾക്ക് എപ്പോൾ നിരവധി ഉപരിപഠന, തൊഴിൽ സാധ്യതകളുണ്ട്. ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ബിരുദം നേടിയ വിദ്യാർഥികൾക്ക് ടെക്നോളജി, മാനേജ്‌മെന്റ് രംഗത്തും ഉപരിപഠനം നടത്താം. ടെക്നോളജിയുടെ സ്വാധീനം സമസ്‌ത മേഖലകളിലും വർധിച്ചുവരുന്നു.
പ്ലസ് ടു ഹ്യുമാനിറ്റീസ് എടുത്തവർക്ക് രാജ്യത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, കേന്ദ്ര സർവ്വകലാശാലകൾ, ഡീംഡ്, സ്വകാര്യ സർവ്വകലാശാലകൾഎന്നിവിടങ്ങളിൽ താല്പര്യമുള്ള വിഷയങ്ങളിൽ മൂന്ന് വർഷ ബിരുദ കോഴ്‌സിനോ, നാലുവർഷത്തെ ഓണേഴ്‌സ് പ്രോഗ്രാമിനോ, അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമിനോ ചേരാം. സാധാരണയായി വിദ്യാർഥികൾക്ക് ഹ്യുമാനിറ്റീസ്, ലിബറൽ ആർട്സ് എന്നിവയെക്കുറിച് സംശയങ്ങളേറെയുണ്ട്. ലിബറൽ ആർട്സ് ഒരു ബൃഹത്തായ മേഖലയാണ്.ഇതിൽ ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, നാച്ചുറൽ സയൻസസ്, മാത്തമാറ്റിക്‌സ് മുതലായവ ഉൾപ്പെടുന്നു. എന്നാൽ മിക്ക സർവകലാശാലകളും ഓഫർ ചെയ്യുന്ന ലിബറൽ ആർട്സ് കോഴ്‌സ് കൂടുതലായും ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്കാണ് പ്രാധാന്യംനൽകുന്നത്.ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് മേഖലയിൽ ഇംഗ്ലീഷ്, വിദേശ ഭാഷ, ഫിലോസഫി, മീഡിയ സ്റ്റഡീസ്, ഭാഷ പഠനം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, ഡെവലപ്‌മെന്റൽ സയൻസ് തുടങ്ങി നിരവധി വിഷയങ്ങളുണ്ട്.
ഇവയിലോരോന്നിലും വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്. ഇക്കണോമിക്സ് വിഷയങ്ങളുള്ള കോമ്പിനേഷനുകൾ തിരഞ്ഞെടുത്താൽ ഇക്കണോമെട്രിക്‌സ്, ബിസിനസ്സ് ഇക്കണോമിക്സ് , പ്ലാനിംഗ് & ബഡ്‌ജറ്റിങ്, വിവിധ മാനേജ്‌മെന്റ് കോഴ്സുകൾ എന്നിവയിൽ ഉപരിപഠനം നടത്തം. ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ആകർഷകമായ തൊഴിൽ മേഖലയാണ്. മീഡിയസ്റ്റഡീസ് പൂർത്തിയാക്കിയവർക്ക് അച്ചടി, ഡിജിറ്റൽ, ന്യൂ മീഡിയ, ടെലികാസ്റ്, ബ്രോഡ്‌കാസ്റ് മീഡിയ, പബ്ലിക് റിലേഷൻസ്, ഇന്റർനാഷണൽ ബിസിനസ്സ് എന്നിവയിൽ ഉപരിപഠനം നടത്താവുന്ന നിരവധി ഉപരിപഠന മേഖലകളുണ്ട്. സൈക്കോളജി ബിരുദമെടുത്തവർക്ക് കൗൺസിലിങ് സൈക്കോളജി, തെറാപ്പി, എഡ്യൂക്കേഷണൽ സൈക്കോളജി, കൺസ്യൂമർ ബിഹേവിയർ, ബിസിനസ്സ് ഫോർകാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എന്റർപ്രെന്യൂർഷിപ്, മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഉപരിപഠനം നടത്താം.. സിവിൽ സർവീസ് പരീക്ഷ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹ്യുമാനിറ്റീസ് വിഷയങ്ങൾ പ്രത്യേകിച്ച് സൈക്കോളജി,സോഷ്യോളജി, ആന്ത്രപ്പോളജി, പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ, ഇക്കണോമിക്സ്, ഡെവലപ്‌മെന്റൽ സയൻസ് എന്നിവ മികച്ച ബിരുദപഠന മേഖലകളാണ്. സാമൂഹിക സേവന മേഖല, സന്നദ്ധ സേവനം, രാഷ്ട്രീയം എന്നിവയിൽ താല്പര്യമുള്ളവർക്ക് സോഷ്യൽ വർക്ക്, സോഷ്യോളജി ,മാനേജ്മെന്റ് വിഷയങ്ങൾ നല്ലതാണ് .
ഹ്യുമാനിറ്റീസ് ടെക്നോളജി, മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ
അടുത്തകാലത്തായി രാജ്യത്തെ മുൻകിട സ്ഥാപനങ്ങളായ ഐ ഐ ടികൾ, എൻ.ഐ ,ടികൾ , ഐ ഐ എം എന്നിവ ലിബറൽ ആർട്സിലും, സോഷ്യൽ സയൻസിലും ബിരുദ, ബിരുദാനന്തര, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ആരംഭിച്ചു വരുന്നു. ഐ ഐ എം ബെംഗളൂരുവിലെ ലിബറൽ ആർട്സ് .ബാച്‌ലർ പ്രോഗ്രാം മികച്ച ഉപരിപഠന സാദ്ധ്യതകൾ ഉറപ്പു വരുത്തും. ഐ ഐ എം കോഴിക്കോടിലെ ലിബറൽ ആർട്സ് മാനേജ്മെന്റിലെ പ്രോഗ്രാം, ഐ ഐ ടി ചെന്നൈയിലെ ഡെവലപ്‌മെന്റൽ/ ഇംഗ്ലീഷ് ഹ്യുമാനിറ്റീസ് ബിരുദാനന്തര പ്രോഗ്രാം, ഐ, ഐ എം ഇൻഡോർ, റോഹ്ത്തക് , ജമ്മു എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് പ്രോഗ്രാം എന്നിവ ഏറെ സാധ്യതകളുള്ള കോഴ്‌സുകളാണ്. ബിറ്റ്‌സ് പിലാനി, ഗോവ എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് എം.എഇക്കണോമിക്സ് പ്രോഗ്രാമിന് പ്രവേശന പരീക്ഷയിലൂടെയാണ് അഡ്‌മിഷൻ നൽകിവരുന്നത്.
ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക് CAT, ഗേറ്റ് പരീക്ഷയെഴുതി മികച്ച മാനേജ്മെന്റ്, സാങ്കേതിക സ്ഥാപനങ്ങളിൽ ബിരുദാനന്തര പഠനം നടത്താം. ജിൻഡാൽ സ്കൂൾ ഓഫ് പബ്ലിക് പോളിസി, അശോക യൂണിവേഴ്സിറ്റി, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട്, ശാസ്ത്ര യൂണിവേഴ്സിറ്റി, ക്രൈസ്റ്റ്, മണിപ്പാൽ, അമൃതാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മികച്ച സോഷ്യൽ സയൻസസ് പ്രോഗ്രാമുകളുണ്ട്. ജെ എൻ യൂ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ യൂണിവേഴ്സിറ്റി, ഡൽഹി സർവകലാശാല, ജാമിയ മില്ല ഇസ്ലാമിയ, പോണ്ടിച്ചേരി സർവകലാശാല, കാസർഗോഡ് അടക്കമുള്ള കേന്ദ്ര സർവ്വകലാശാലകൾ, കേരള , കാലിക്കറ്റ് , എം ജി സർവകലാശാലകളിൽ ഹ്യൂമാനിറ്റീസിൽ ബിരുദം നേടിയവർക്ക് ചേരാവുന്ന മികച്ച കോഴ്സുകളുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയന്സസിൽ മികച്ച ഡെവലപ്‌മെന്റൽ സയൻസ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്
നിയമ, ഡിസൈൻ, മാനേജ്‌മെന്റ് കോഴ്സുകൾ
പ്ലസ് ടു ഹ്യുമാനിറ്റീസ് പൂർത്തിയാക്കിയവർക്ക് ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകളായ ബി എ എൽ എൽ ബി പ്രോഗ്രാമിന് ചേരാം. സംസ്ഥാനത്തെ ലോ കോളേജുകളിൽ KLEE (Kerala Law Entrance Examination) പ്രവേശന പരീക്ഷയും , ദേശീയ നിയമ സർവകലാശാലയിൽ പ്രവേശനത്തിന് CLAT( Common law admission Test) പരീക്ഷയും എഴുതണം. ഐ പി ആർ, പേറ്റന്റ് നിയമം തുടങ്ങിയവ മികച്ച ഉപരിപഠന മേഖലകളാണ്.
പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് രാജ്യത്തെ ഡിസൈൻ ഇൻസ്റിറ്റ്യൂകളിൽ ബാച്‌ലർ ഓഫ് ഡിസൈൻ പ്രോഗ്രാമിന് ചേരാം. ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി ബ്രാഞ്ചുകളിൽ ബി ഡെസ് പ്രോഗ്രാമുകളുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ ഐ ടി കൾ എന്നിവിടങ്ങളിൽ ബി ഡെസ് കോഴ്സുകളുണ്ട്,UCEED പ്രവേശന പരീക്ഷ വഴിയാണ് തെരെഞ്ഞെടുത്ത ഐ ഐ ടി കളിൽ പ്രവേശനം.
Content Highlights: careers for humanities students
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..