Photo: canva
കരിയര്‍ മേഖലകളില്‍ നിയമപഠനത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. പുതിയ കാലത്ത് അഭിഭാഷകവൃത്തി മാത്രമല്ല ഒട്ടേറെ തൊഴിലവസരങ്ങളാണ് നിയമബിരുദക്കാരെ കാത്തിക്കുന്നത്. ഇന്ന് അതിവേഗം വളരുന്ന പ്രൊഫഷണല്‍ കോഴ്സുകളിലൊന്നാണ് നിയമപഠനം.
നിയമ പഠനം
ഏകദേശം 1721 നിയമ പഠനകേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ നല്ലൊരു പങ്ക് സ്വകാര്യ മേഖലയിലാണ്. സര്‍വകലാശാല, കോളേജ് തലങ്ങളില്‍ വിവിധ നിയമപഠന കോഴ്സുകള്‍ നടത്തി വരുന്നു. പ്രധാനമായും രണ്ട് തലത്തിലാണ് ഇന്ത്യയിലെ നിയമബിരുദപഠനം. പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി. കോഴ്സാണ് ഒന്ന്. ഇനി ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള മൂന്ന് വര്‍ഷ എല്‍.എല്‍.ബി. കോഴ്സാണ് മറ്റൊന്ന്. നിയമബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. കോഴ്സായ എല്‍.എല്‍.എം.ന് ചേരാം. പി. ജി. ഡിപ്ലോമ, പിഎച്ച്. ഡി. കോഴ്സുകളും ലഭ്യമാണ്.
ക്ലാറ്റ് പരീക്ഷ
Also Read
ഇന്ത്യയിലെ ഉന്നത നിയമപഠന സര്‍വ്വകലാശാലകളിലെയും ഏതാനും സ്വകാര്യ സര്‍വ്വകലാശാലകളിലെയും ലോ കോളെജുകളിലെയും ബിരുദ, ബിരുദാനന്തര നിയമ പഠന കോഴ്സുകളിലേയ്ക്ക് ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ് (CLAT - Common Law Admission Test)
പ്ലസ് ടു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ ബോര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും ക്ലാറ്റ് യുജി അപേക്ഷ നല്‍കാവുന്നതാണ്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയവര്‍ക്കും എല്‍എല്‍ബി പ്രോഗ്രാമിന്റെ അവസാന വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ക്ലാറ്റ് എല്‍എല്‍എം ന് അപേക്ഷിക്കാം. യോഗ്യത പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാറ്റ് യുജിക്ക് അപേക്ഷിക്കാം. ക്ലാറ്റ് പിജിക്ക് അപേക്ഷിക്കാന്‍ 50 ശതമാനം മാര്‍ക്ക് ആവശ്യമാണ്. സംവരണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും.
ദ കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്സിറ്റീസ് (The Consortium of National Law Universities) ആണ് ക്ലാറ്റ് പരീക്ഷ നടത്തുന്നത്. ജനുവരി ഒന്ന് മുതല്‍ പരീക്ഷക്കായുളള ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ ആരംഭിക്കും. യുജി, പിജി പ്രോഗ്രാമുകളിലാണ് പരീക്ഷ നടത്തപ്പെടുന്നത്. ക്ലാറ്റ് പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ക്ലാറ്റ് അപേക്ഷ ഫോം ഔദ്യോഗിക വെബ്സൈറ്റായ https://consortiumofnlus.ac.in/clat-2022/ ലാണ് ലഭ്യമാകുന്നത്. പൊതുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് 30,000 രൂപയാണ് പുതുക്കിയ ഫീസ്. സംവരണ വിഭാഗക്കാര്‍ക്ക് 20,000 മതിയാകും. അഭിഭാഷകജോലി തുടങ്ങാന്‍ എയ്ബ് പരീക്ഷ ജയിക്കണം
സ്പെഷ്യലൈസേഷന് ഗ്ലാമര്‍ കരിയര്‍ തരും
മറ്റ് വിഷയങ്ങളിലെന്ന പോലെ നിയമത്തിലും സ്പെഷ്യലൈസേഷനുകളുടെ കാലമാണിത്. ഓരോരുത്തരുടെയും കഴിവുകളും താല്പര്യങ്ങളും അഭിരുചികളും മനസ്സിലാക്കി സ്പെഷ്യലൈസേഷന് തെരഞ്ഞെടുത്താല്‍ അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്തുവാന്‍ കഴിയും. നിയമബിരുദം നേടിക്കഴിഞ്ഞ് ഇത്തരം സ്പെഷ്യലൈസെഷനുകളില് ഉപരിപഠനം നടത്തിയാല്‍ സ്വദേശത്തും വിദേശത്തും ജോലി സാധ്യതകള്‍ ഏറെയാണ്.
നിയമപഠനത്തിലെ സ്പെഷ്യലൈസേഷനുകള്‍
- പരിസ്ഥിതി
- ഏവിയേഷന്‍ & എയര്‍ ട്രാന്‍സ്പോര്‍ട്ട്
- സെക്യൂരിറ്റി & ഡിഫന്‍സ്
- സ്പേസ് & ടെലികമ്യൂണിക്കേഷന്‍
- മാരിടൈം
- ക്രിമിനല്‍
- ഫോറന്‍സിക് സയന്‍സ്
- ആനിമല്‍ പ്രൊട്ടക്ഷന്‍
- ഇന്റര്‍നാഷണല്‍ ടാക്സേഷന്‍
- പേറ്റന്റ്
- സൈബര്‍ മീഡിയ
- ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍
- ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസല്യൂഷന്‍
- ഫാമിലി ഡിസ്പ്യൂട്ട് റസല്യൂഷന്‍
- ഡ്രാഫ്റ്റിങ് നെഗോസിയേഷന് & എന്‍ഫോഴ്സ്മെന്റ് ഓഫ് കോണ്‍ട്രാക്ട്സ്
- ജി.ഐ.എസ്. & റിമോട്ട് സെന്‍സിങ്
- കോര്‍പ്പറേറ്റ് ടാക്സേഷന്‍
- ആനിമല്‍ പ്രൊട്ടക്ഷന്‍
- സൈബര്‍ സെക്യൂരിറ്റി & ഡേറ്റ പ്രൊട്ടക്ഷന്‍
- ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ലജിസ്ലേഷന്സ് സര്‍വീസ്
എല്‍.എല്‍.ബിയ്ക്കൊപ്പം എം.ബി.എ. ബിരുദം കൂടി നേടുന്നത് ഉന്നത ജോലികളിലേയ്ക്ക് പരിഗണിക്കുന്നതിന് കാരണമായേക്കും. എല്‍.എല്‍.ബിയ്ക്കൊപ്പം എം.ബി.എ. നേടുന്നവരെ കോര്‍പ്പറേറ്റ് കമ്പനികളുടെ മാനവവിഭവശേഷി, സാമ്പത്തിക വിഭാഗങ്ങളില്‍ നിയമിക്കാറുണ്ട്. ഉയര്‍ന്ന ശമ്പളമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.
അംഗീകൃത പഠനകേന്ദ്രങ്ങള്‍ എങ്ങനെ അറിയാം?
നിയമ പഠനത്തിന് ചേരുമ്പോള്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ ചേരുവാന്‍ ശ്രദ്ധിക്കണം. അതിനായി http://www.barcouncilofindia.org/wp-content/uploads/2010/05/List-of-Law-Colleges-having-approval-by-the-BCI.pdf സന്ദര്‍ശിക്കാം
കോര്‍പ്പറേറ്റുകള്‍ മുതല്‍ ബാങ്കിങ് മേഖല വരെ
എല്‍.എല്‍.ബി. ബിരുദക്കാര്‍ക്ക് സ്വകാര്യ മേഖലകളില്‍ ഡിമാന്‍ഡ് ഏറെയാണ്. നിയമോപദേശകരായും നിയമ വിദഗ്ധരായും നിയമ ഓഫീസര്‍ എന്ന നിലയിലും ഇവരെ നിയമിക്കുന്നു. കമ്പനികളുടെ നിയമപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും (കോടതികളില്‍, സര്‍ക്കാര്‍ തലങ്ങളിലൊക്കെ) മാനേജ്മെന്റിനും ബോര്‍ഡ് ഓഫ് ഡയറക്ടെഴ്സിനും നിയമോപദേശം നല്‍കുക എന്നതുമാണ് ഇവരുടെ ചുമതല. സ്വകാര്യബാങ്കുകള്‍ മുതല്‍ റിസര്‍വ് ബാങ്ക് വരെ എല്ലാ ബാങ്കുകള്‍ക്കും സ്വന്തമായി നിയമോപദേശകരുണ്ട്.
കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍
ഹൈക്കോടതി, പി.എസ്.സി., യു.പി.എസ്.സി. എന്നിവ നടത്തുന്ന വിവിധ പരീക്ഷകളിലൂടെ നിയമ മേഖലകളുമായി ബന്ധപ്പെട്ട വിവിധ തസ്തികകളില്‍ നിയമനം നേടുവാന്‍ സാധിക്കും. നേരിട്ടുള്ള നിയമനങ്ങളാണിവ.
അധ്യാപകരാവാം
നിയമ ബിരുദധാരികള്‍ക്ക് അധ്യാപന മേഖലയിലും നിരവധി അവസരങ്ങളുണ്ട്. യു.ജി.സി. യോഗ്യതയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ സാദ്ധ്യതകളുള്ളത്. എല്‍.എല്‍.ബിക്ക് ശേഷം എല്‍.എല്‍.എം കോഴ്സ് ചെയ്തവര്‍ക്ക് യു.ജി.സി. നെറ്റ് പരീക്ഷ പാസായി കോളേജ് അധ്യാപകരായി ജോലി നോക്കാം. നിയമവിദ്യാര്ഥികള്ക്കായുള്ള സ്കോളര്‍ഷിപ്പുകള്‍ നേടി വിദേശരാജ്യങ്ങളിലും പഠനത്തിന് പോകാം. മിക്ക ഗവണ്മെന്റ് ലോ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും റിസര്‍ച്ച് അസ്സോസിയേറ്റ് എന്ന തസ്തിക നിലവിലുണ്ട്.
മുന്‍സിഫ് / മജിസ്ട്രേറ്റ്
കേരളത്തില്‍ എല്‍. എല്‍. ബി. ഡിഗ്രിക്കു ശേഷം നേരിട്ട് കീഴ്ക്കോടതികളിലും മേല്‍ക്കോടതികളിലും ജഡ്ജ് / പബ്ലിക് പ്രോസിക്യൂട്ടര്‍ / സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആകുവാന്‍ അവസരമുണ്ട്. ഇവയില്‍ ചില തസ്തികകളില്‍ പ്രവേശന പരീക്ഷ മുഖേനയാണ് നിയമനം. കോടതികളില്‍ ജീവനക്കാരായും അപേക്ഷിക്കുന്നതിന് നിയമപഠനം നിങ്ങളെ സഹായിക്കും. മറ്റ് സംസ്ഥാനങ്ങള്‍ നടത്തുന്ന ജഡീഷ്യല്‍ സര്‍വീസസ് പരീക്ഷകള്‍ എഴുതുന്നതിനും കഴിയും.
സിവില്‍ സര്‍വീസ്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാര്‍ക്ക് നന്നായി സ്കോര്‍ ചെയ്യാവുന്ന ഒരു ഓപ്ഷണല്‍ വിഷയമാണ് നിയമം. നിയമബിരുദം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ സ്റ്റഡീസ് പേപ്പറിനായി മികച്ച രീതിയില്‍ തയ്യാറെടുക്കാനുമാകും.
സേനകളില്‍ ജെ.എ.ജി.
ഇന്ത്യയുടെ സേനാവിഭാഗങ്ങളിലേയ്ക്ക് വഴിതുറക്കുന്നതാണ് ജെ.എ.ജി.സേനകളിലെ നിയമവിഭാഗമാണ് ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍സ് അഥവ ജെ. എ. ജി. 55 ശതമാനം മാര്‍ക്കോടെ നേടിയ നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്. എസ്. ബി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികളുടെ ശാരീരിക, മാനസിക നിലവാരം അളക്കാനുള്ളതാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സൈന്യത്തിന്റെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനത്തിന് അയയ്ക്കുന്നു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സേനയില്‍ ഓഫീസര്‍ തസ്തികയിലായിരിക്കും നിയമിക്കുക. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.
വെറും വക്കീലല്ല, അതുക്കും മേലെ
പ്ലസ് ടു / ബിരുദം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നിയമപഠനത്തിലെ വിവിധ കോഴ്സുകള്‍ക്ക് ചേരാം. പക്ഷേ, വിദ്യാഭ്യാസയോഗ്യത കൊണ്ടുമാത്രം ഒരാള്‍ക്ക് നല്ലൊരു അഭിഭാഷകനാകാന്‍ കഴിയില്ല. അനീതിയോട് കലഹിക്കുന്ന, പ്രതികരണശേഷിയുള്ള ഒരു വ്യക്തിത്വം നിങ്ങള്‍ക്കുണ്ടാകണം. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ നിങ്ങള്‍ക്കാകണം. എല്ലാറ്റിനുമുപരി ഏര്‍പ്പെടുന്ന വ്യവഹാരത്തില്‍ സൂക്ഷ്മശ്രദ്ധയുണ്ടായിരിക്കണം. ഒരു അഭിഭാഷ ജോലി നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത് നാല് കഴിവുകളാണ്. ആശയവിനിമയ ശേഷി, ലോജിക്കലായി ചിന്തിക്കുവാനുള്ള കഴിവ്, ഡ്രാഫ്റ്റിംഗ് സ്കില്‍, കോമണ്‍ സെന്‍സ് എന്നിവയാണവ. വാക്ചാതുര്യവും നിയമപഠനത്തിലൂടെ ലഭിക്കുന്ന അറിവും നിങ്ങളുടെ കഴിവിനെ കൂടുതല്‍ ജ്വലിപ്പിക്കും. കോടതി മുറികളില്‍ നിയമത്തിന്റെ ജീവനുള്ള കാവല്‍ക്കാരനായി കര്‍മരംഗത്ത് തിളങ്ങാന്‍ നിയമ പഠനം നിങ്ങളെ സഹായിക്കും.
അഭിഭാഷകവൃത്തി: സാധ്യതകളുടെ കര്‍മ്മരംഗം
സാമൂഹിക വ്യവഹാരങ്ങളെ തലനാരിഴ കീറി മനസിലാക്കുന്ന തൊഴില്‍ മേഖലയാണ് അഭിഭാഷക വൃത്തി. ഒരു തൊഴില്‍ എന്നതിലുപരി ഒരു സാമൂഹികപ്രവര്‍ത്തനം കൂടിയാണിത്. പ്രശസ്തരായ പല രാഷ്ട്രീയ - സാമൂഹിക നേതാക്കളെല്ലാം അഭിഭാഷകരായിട്ടാണ് തങ്ങളുടെ കര്‍മരംഗത്തേക്ക് കടന്നുവന്നിട്ടുള്ളത്. രാഷ്ട്രപിതാവായ ഗാന്ധിജി തന്നെ ഇതിന് ഉദാഹരണമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ തത്വത്തിലൂന്നിയുള്ള നമ്മുടെ നിയമരംഗം ആദര്‍ശധീരരായ ചെറുപ്പക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച തൊഴില്‍ മേഖല തന്നെയാണ്.
വേണ്ടത്ര പരിശീലനം ലഭിച്ചാല്‍ സ്വന്തം നിലയില്‍ത്തന്നെ അഭിഭാഷകനായി തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവരാണധികവും. ഇത് മികച്ച വരുമാനം മാത്രമല്ല, സമൂഹത്തില്‍ ബഹുമാനവും സ്ഥാനവും അവര്‍ക്ക് നേടിക്കൊടുക്കുന്നു. കോടതികളിലേക്ക് സര്‍ക്കാര്‍ തലത്തില്‍ അഭിഭാഷകരായി തെരഞ്ഞെടുക്കപ്പെടാന്‍ നിയമപഠനം ഒരാളെ പര്യാപ്തമാക്കുന്നു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമോപദേശകരായി ജോലി നേടാനും ഈ പഠനം സഹായകരമാണ്. നിയമത്തില്‍ ഉന്നത യോഗ്യതയും പരിചയവുമുള്ളവര്‍ക്ക് ലീഗല്‍ ഓഫീസറായും ലോ ഓഫീസറായുമൊക്കെ കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴില്‍ ലഭിക്കുന്നു.
ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ ലേബര്‍ ഓഫീസറുടെ സേവനവും ആവശ്യമായി വരും. ഈ തസ്തികയിലേക്കും നിയമപഠനത്തില്‍ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ടാകുന്നു. ബാങ്കുകള്‍, ആശുപത്രികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, വന്‍കിട ഹോട്ടലുകള്‍, ടൂറിസം വ്യവസായ രംഗത്തെ സ്ഥാപനങ്ങള്‍, വന്‍ കച്ചവട സ്ഥാപനങ്ങള്‍, റെയില്‍വേ തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിയമ ബിരുദമുള്ളവര്‍ക്ക് തൊഴില്‍ ലഭ്യതയുണ്ട്.
നമ്പര്‍ വണ്‍ ജോലിക്ക് നമ്പര്‍ വണ്‍ കോളേജ് തിരഞ്ഞെടുക്കാന്‍ എന്‍.ഐ.ആര്.എഫ്.
നിയമപഠനത്തിന് ഏതു കോളേജ് / സ്ഥാപനം തിരഞ്ഞെടുക്കണമെന്ന തീരുമാനം വിദ്യാര്‍ഥികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓരോ വര്‍ഷവും രാജ്യത്ത് പുതിയതായി നിരവധി നിയമ പഠനകേന്ദ്രങ്ങളാണ് നിലവില്‍ വരുന്നത്. അവിടെ നിന്ന് വര്‍ഷം തോറും എല്‍. എല്‍. ബി. പഠിച്ചിറങ്ങുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ തന്നെ പഠന കേന്ദ്രങ്ങളുടെ മികവറിഞ്ഞു വേണം പ്രവേശനം നേടുവാന്‍. ഇക്കാര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്. എഫ്.)ന്റെ ഇന്ത്യ റാങ്കിംഗ് 2021 നിങ്ങളെ സഹായിക്കുന്നു. നിയമപഠനത്തില്‍ പഠിക്കുന്ന സ്ഥാപനം വളരെ പ്രധാനമാണ്. അതിനാല്‍ രാജ്യത്തെ നമ്പര്‍ വണ്‍ സ്ഥാപനങ്ങളില്‍ നിയമപഠനം നടത്തി, യോജിച്ച സ്പെഷ്യലൈസേഷനില്‍ മികവ് തെളിയിച്ചാല്‍ പഠിച്ചിറങ്ങുന്നതിന് മുന്നേ ജോലി ഉറപ്പാണ്.
എന്താണ് എന്‍.ഐ.ആര്.എഫ്.?
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്. എഫ്.). 2015ലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്.എഫ്.) സ്ഥാപിതമായത്. എന്‍.ഐ.ആര്.എഫിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്.
ഉപരിപഠനത്തിനൊരു ചൂണ്ടുപലക
വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണ് എന്‍.ഐ.ആര്.എഫിന്റെ ഇന്ത്യ റാങ്കിങ്. ഓരോ പഠന മേഖലകളിലെയും മികവിന്റെ കേന്ദ്രങ്ങളെ ഈ റാങ്കിങ് ലൂടെ അറിയാന്‍ കഴിയുന്നു. ഓരോ സ്ഥാപനത്തിനും ഓരോ വിഭാഗത്തിലും ലഭിച്ച സ്കോറുകള്‍,ഓരോ അക്കാദമിക് വര്‍ഷത്തിലും ആ സ്ഥാപനത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ എത്ര പേര്‍ക്ക് കാമ്പസ് പ്ലെയ്സ്മെന്റ് ലഭിച്ചു,എത്ര പേര് വീണ്ടും ഉന്നതപഠനത്തിന് ചേര്‍ന്നു, എന്നിങ്ങനെ സമഗ്രമായ ഒരു റിപ്പോര്‍ട്ട് ഈ റാങ്കിംഗില്‍ നിന്നും നമുക്ക് ലഭിക്കുന്നു. പത്ത് ഡിസിപ്ലിനുകളിലാണ് ഇന്ത്യ റാങ്കിംഗിനായി എന്‍. ഐ. ആര്. എഫ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഗണിക്കുന്നത്. ഓവറോള്‍,എന്‍ജിനീയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളേജുകള്‍,ആര്‍ക്കിടെക്ചര്‍, നിയമം, മെഡിക്കല്‍, ഡെന്റല്‍,ഗവേഷണം എന്നിവയാണവ. എല്ലാ തലങ്ങളിലെയും മികവ് പരിശോധിച്ച് രാജ്യത്തെ ഏറ്റവും മികച്ച നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഓവറോള്‍ വിഭാഗത്തില്‍ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പ്രത്യേക റാങ്ക് ലിസ്റ്റ്
2016 മുതല്‍ 2022 വരെയുള്ള റാങ്കിംഗ് നിങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ അറിയാവുന്നതാണ്. ഓരോ മാനേജ്മെന്റ്റ് സ്ഥാപനത്തിനും ഓരോ വര്‍ഷവും ലഭിച്ച സ്കോറുകള്‍, ഓരോ അക്കാദമിക് വര്‍ഷത്തിലും ആ സ്ഥാപനത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ എത്ര പേര്‍ക്ക് കാമ്പസ് പ്ലെയ്സ്മെന്റ് ലഭിച്ചു, എത്ര പേര് വീണ്ടും ഉന്നതപഠനത്തിന് ചേര്‍ന്നു, എന്നിങ്ങനെ സമഗ്രമായ ഒരു റിപ്പോര്‍ട്ട് ഈ റാങ്കിംഗില്‍ നിന്നും നമുക്ക് ലഭിക്കുന്നു. മികച്ച സ്ഥാപനങ്ങളെ അറിയുവാനുള്ള സമഗ്രവും വിശ്വാസയോഗ്യവുമായ ഒരു വിന്‍ഡോ ആണിത്. മാത്രവുമല്ല ഈ റാങ്കിംഗ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.nirfindia.org/2022/LawRanking.html
ഇന്ത്യയിലെ നമ്പര്‍ വണ്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഏതാണ്?
ഇന്ത്യയിലെ നമ്പര്‍ വണ്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ തന്നെ പ്രവേശനം നേടുകയാണെങ്കില്‍ ഉടന്‍ ജോലി ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിന് മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കുന്ന ഔദ്യോഗിക റാങ്കിംഗ് സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ. ആര്.എഫ്.)ന്റെ ഇന്ത്യ റാങ്കിങ്. ഇന്ത്യയിലെ ലോ കോളേജുകള്‍, ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ലോ സ്കൂളുകള്‍, ലോ യൂണിവേഴ്സിറ്റികള്‍ എന്നിവയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്.എഫ്.)ന്റെ ഇന്ത്യ റാങ്കിങ്ങില്‍ പങ്കെടുത്തിരിക്കുന്നത്. 2018ലാണ് എന്‍ ഐ ആര് എഫ് റാങ്കിങ്ങില്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പങ്കെടുപ്പിച്ച് തുടങ്ങിയത്. 2022ല്‍ 147 ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഈ റാങ്കിംഗ് പ്രക്രിയയില്‍ പങ്കെടുത്തത്. ആദ്യ 30 റാങ്ക് ലഭിച്ച ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകളെയാണ് എന്‍ഐആര്‍എഫ് റാങ്ക് ചെയ്തിരിക്കുന്നത്.
ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചക്രവര്‍ത്തി നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബെംഗളൂരു
2022ലെ എന്‍. ഐ. ആര്. എഫിന്റെ ഇന്ത്യ റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ നമ്പര്‍ വണ്‍ നിയമ പഠന കേന്ദ്രം നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബംഗലൂരു (സ്കോര്‍: 78) ആണ്. ആദ്യ മുപ്പത് റാങ്കുകളില്‍ കേരളത്തില്‍ നിന്നും ഒരു നിയമ പഠനകേന്ദ്രം പോലും ഉള്‍പ്പെട്ടിട്ടില്ല. ന്യൂഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (സ്കോര്‍: 73.96), പൂനെയിലെ സിംബയോസിസ് ലോ സ്കൂള്‍ (സ്കോര്‍: 73.73 ) എന്നീ നിയമ പഠന കേന്ദ്രങ്ങള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍. 2018, 2019, 2020, 2021 വര്‍ഷങ്ങളിലും ആദ്യ രണ്ട് റാങ്കുകള്‍ യഥാക്രമം നേടിയത് നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബെംഗളൂരുവും ന്യൂഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുമായിരുന്നു.
ആദ്യ പത്ത് റാങ്കുകള്‍ നേടിയ നിയമ പഠന കേന്ദ്രങ്ങള്‍
- 1നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബംഗലൂരു ഇന്ത്യയിലെ ആദ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയാണിത്. 1986ല്‍ നിലവില്‍ വന്നു. രാജ്യത്ത് ആദ്യമായി നിയമത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ ബിരുദ കോഴ്സ് (ബി. എ. എല്‍. എല്‍. ബി. (ഓണേഴ്സ്)) ആരംഭിച്ചതും (1988ല്‍) ഇവിടെയാണ്. ബംഗലൂരുവിലെ നഗര്ഭവിയിലാണ് നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. സാമൂഹ്യ വിഷയങ്ങളെ നിയമ വിഷയങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള പഠനരീതിയാണ് നാഷണല്‍ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ പ്രത്യേകത. യു. ജി., പി. ജി., ഗവേഷണം, ഓണ്‍ലൈന്‍ & ഹൈബ്രിഡ് തലങ്ങളിലായി പതിനഞ്ച് അക്കാദമിക് പ്രോഗ്രാമുകള്‍ ഇവിടെയുണ്ട്.ബി. എ. എല്‍. എല്‍. ബി. (ഓണേഴ്സ്): കോഴ്സിന്റെ ദൈര്‍ഘ്യം അഞ്ച് വര്‍ഷം. കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എല്ലാ വര്‍ഷവും സാധാരണയായി ജൂലൈ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കും.എല്‍. എല്‍. ബി. (ഓണേഴ്സ്) മൂന്ന് വര്‍ഷം, എല്‍. എല്‍. എം., മാസ്റ്റര്‍ പ്രോഗ്രാം ഇന്‍ പബ്ലിക് പോളിസി, പിഎച്ച്. ഡി., മാസ്റ്റര്‍ ഇന്‍ ബിസിനസ് ലോ, പി. ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയാണ് മറ്റ് പ്രധാന കോഴ്സുകള്‍.
- നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഡല്‍ഹി. 2008ല്‍ സ്ഥാപിച്ചു. ബി.എ.എല്‍.എല്‍.ബി., എല്‍.എല്‍. എം., പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം ഓള് ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റിന്റെ (AILET) അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nludelhi.ac.in
- സിംബയോസിസ് ലോ സ്കൂള്‍, പൂന. നിയമ പഠന രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് പൂനയിലെ സിംബയോസിസ് ലോ സ്കൂള്‍. 'പരസ്പര സഹായത്തോടെ സഹവര്‍ത്തിത്വം' എന്നതാണ് സിംബയോസിസ് എന്നാ ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം. 1977ലാണ് സിംബയോസിസ് സ്ഥാപിതമാകുന്നത്. അന്താരാഷ്ട്ര നിലവാരം ഉറപ്പ് നല്കുന്നവയാണ് സിംബയോസിസിലെ കോഴ്സുകള്‍. നിയമ പഠനത്തിലെ ആധുനിക പ്രവണതകള്‍ക്കൊപ്പം പാരമ്പര്യ മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഠന പരിശീലനമാണ് സിംബയോസിസ് ലോ സ്കൂളില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.്യൊഹമം.മര.ശി
- നല്‍സാര്‍ യൂണിവേഴ്സിറ്റി ഓഫ് ലോ, ഹൈദരാബാദ്- 1998ല്‍ ഹൈദരാബാദിലെ രംഗറെഡി ജില്ലയില്‍ സ്ഥാപിതമായ പ്രശസ്ത നിയമ പഠന കേന്ദ്രമാണ് നല്‍സാര്‍ നിയമ സര്‍വ്വകലാശാല. സര്‍ട്ടിഫിക്കറ്റ് കോഴ്സ് മുതല്‍ ഗവേഷണം വരെ നിരവധി കോഴ്സുകള്‍ സര്‍വ്വകലാശാലയിലുണ്ട്. നിയമ പഠനത്തിനുപരി അദ്ധ്യാപന പരിശീലനം, ബൌദ്ധിക സ്വത്തവകാശ രംഗത്തെ പഠനം തുടങ്ങിയ മേഖലകളിലും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ിമഹമെൃ.മര.ശി സന്ദര്‍ശിക്കുക.
- പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ്, കൊല്‍ക്കത്ത .1999ല്‍ നിലവില്‍ വന്ന ഈ സര്‍വ്വകലാശാലയില്‍ ബി. എ. എല്‍. എല്‍. ബി. (ഓണേഴ്സ്), എല്‍. എല്‍. ബി. (ഓണേഴ്സ്), എല്‍. എല്‍. എം., പിഎച്ച്. ഡി., എം. എസ് സി. (ഫോറന്‍സിക് സയന്‍സ്) കോഴ്സുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ിൗഷ.െലറൗ സന്ദര്‍ശിക്കുക.
- ഐ. ഐ. ടി., ഖരഗ്പൂര്‍ കൂടുതല്‍ വിവരങ്ങള്ക്ക്ംംം.ശശസേഴു.മര.ശിസന്ദര്ശിക്കുക.
- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, ഡല്‍ഹി കൂടുതല്‍ വിവരങ്ങള്‍ക്ക് www.jmi.ac.in സന്ദര്‍ശിക്കുക.
- ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഗാന്ധിനഗര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gnlu.ac.in സന്ദര്‍ശിക്കുക.
- ശിക്ഷ 'ഒ' അനുസധന്, ഭുവനേശ്വര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.soa.ac.in സന്ദര്‍ശിക്കുക.
- നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ജോധ്പൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nlujodhpur.ac.in സന്ദര്‍ശിക്കുക.
നിയമബിരുദം നേടിയവര്‍ക്ക് എയ്ബ് (AIBE)
നിയമബിരുദം നേടിയതുകൊണ്ടു മാത്രം ഇനി വക്കീല്‍ ആകാന്‍ കഴിയില്ല. ഈ പ്രൊഫഷനില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ശേഷിയുണ്ടെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ആവിഷ്കരിച്ചു നടപ്പാക്കിയ പരീക്ഷയില്‍ ഓള് ഇന്ത്യ ബാര്‍ എക്സാമിനേഷന് (എയ്ബ് - AIBE) തെളിയിക്കണം. അഭിഭാഷകനാകാന്‍ ആഗ്രഹിക്കുന്നയാളിന്റെ വിശകലനശേഷി, നിയമത്തെപ്പറ്റിയുള്ള മൗലികജ്ഞാനം എന്നിവ തൃപ്തികരമെന്നു പരീക്ഷയില്‍ തെളിയുന്ന പക്ഷം സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് നല്‍കുകയാണ് കൌണ്‍സില്‍ ചെയ്യുക. പരീക്ഷയില്‍ എല്‍എല്‍ബി സിലബസില്‍ നിന്നും ചോദ്യങ്ങളുണ്ടാവും. ഓര്മശക്തിക്കല്ല, യുക്തിപ്രയോഗത്തിനായിരിക്കും മുന്‍തൂക്കം. ഓപ്പണ്‍ ബുക്ക് സമ്പ്രദായമാണ്.
1961-ല്‍ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം രൂപവത്കരിച്ച ബാര്കൗസില് ഓഫ് ഇന്ത്യയാണ് അഭിഭാഷകരുടെ പൊതുവായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ത്. നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും ബാര്‍ കൌണ്‍സില്‍ ബാദ്ധ്യസ്ഥരാണ്.
അഭിഭാഷകരായി എന്റോള്‍ ചെയ്യുതിനുള്ള പരീക്ഷയാണ് അഖിലേന്ത്യാ ബാര്‍ എക്സാമിനേഷന് (അകആഋ). 200910 മുതല്‍ അംഗീകൃത നിയമ ബിരുദമെടുത്തവര്‍ നിര്‍ബന്ധമായും ഈ പരീക്ഷയില്‍ യോഗ്യത നേടിയാലേ അഭിഭാഷകരായി ജോലിയില്‍ തുടരാന്‍ കഴിയുകയുള്ളൂ. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന ഈ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് www.barcouncilofindia.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്താം. അപേക്ഷാര്‍ത്ഥിയുടെ ഫോട്ടോയും ഒപ്പും അനുബന്ധരേഖകളും അപ്ലോഡ് ചെയ്യണം. പരീക്ഷാ പ്രോസസിംഗ് ഫീസ് എസ്. ബി. ഐയുടെ ചെലാനില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ആദ്യ പരീക്ഷ 2011 മാര്‍ച്ചില്‍ നടന്നു. തുടര്‍ന്ന് എല്ലാ ഏപ്രില്‍, നവംബര്‍ മാസങ്ങളിലും പരീക്ഷയുണ്ടാവും. പരീക്ഷ എത്ര തവണ എഴുതാമെന്ന് നിബന്ധന ഇല്ലാത്തതിനാല്‍ ജയിക്കുന്നത് വരെ എഴുതാം.
നിയമബിരുദധാരികള് സംസ്ഥാന ബാര്‍ കൗണ്‍സില്‍ എന്റോള്‍ ചെയ്ത ശേഷമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. നിയമബിരുദ കോഴ്സിന്റെ സിലബസില്‍ നിന്നുകൊണ്ടുള്ളതാവും പരീക്ഷ. റീസണിങ്, അനാലിസിസ് എന്നിവയ്ക്ക് പ്രധാന്യം നല്‍കിയിട്ടുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാവും ഉണ്ടാവുക. ഇംഗ്ലീഷടക്കം പതിനൊന്ന് ഭാഷകള്‍ മാധ്യമമായി അംഗീകരിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ മുപ്പത് മിനിറ്റാണ് സമയം. നെഗറ്റീവ് മാര്‍ക്കില്ല. 40% മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ ഈ പരീക്ഷ നടത്തും.
സിവില്‍ ക്രിമിനല്‍ പ്രൊസീഡ്യുവര്‍ കോഡ് കോസ്റ്റിറ്റിയൂഷണല്‍ ലോ, ക്രിമിനല്‍ ലോ, കോണ്‍ട്രാക്ട് ലോ, ഇന്ത്യന്‍ പീനല്‍ കോഡ്, ഡ്രാഫ്റ്റിംഗ്, പ്ലീഡിംഗ്, കണ്വേയാന്സിംഗ് എവിഡന്‍സ്, ജൂറിസ് പ്രൂഡന്‍സ്, പ്രഫഷണല്‍ എത്തിക്സ്, പ്രോപ്പര്‍ട്ടി ലോ, കമ്പനി ലോ, അഡ്മിനിസ്ട്രേറ്റീവ് ലോ, ഫാമിലി ലോ, എന്‍വയോണ്‍മെന്റല്‍ ലോ, ഹ്യൂമന്‍ റൈറ്റ്സ് ലോ, ലേബര്‍ & ഇന്‍ഡസ്ട്രിയല്‍ ലോ, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ലോ, ടാക്സേഷന്‍ ലോ ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളില്‍ 100 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉണ്ടാവും. തയാറെടുക്കാനുള്ള പാഠങ്ങളും മാതൃകാചോദ്യങ്ങളും www.barcouncilofindia.org വെബ്സൈറ്റിലുണ്ട്.
സംസ്ഥാന ബാര്‍ കൗസിലില്‍ എന്റോള്‍ ചെയ്തതിനു ശേഷമേ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അനുവാദം കിട്ടൂ. പരീക്ഷ ജയിച്ചു സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് നേടാത്തവര്‍ക്കു വക്കാലത്തു ഫയല്‍ ചെയ്യാനോ ലീഗല്‍ ഒപ്പീനിയന് നല്‍കാനോ നിയമപരമായി അധികാരമില്ല. ഏതെങ്കിലും സീനിയര്‍ അഭിഭാഷകന്റെ കീഴില്‍ പരിശീലനം നേടുന്നതില്‍ തടസ്സമില്ലെന്നു മാത്രം.
ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ സമര്‍പ്പണത്തിനും http://wwww.allindiabarexamination.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സിലബസും വെബ്സൈറ്റിലുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.allindiabarexamination.com,www.barcouncilofindia.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..