ഇക്കണോമിക്‌സ്- ഉയര്‍ന്ന ജോലിയ്ക്കായി എന്തുപഠിക്കണം? എങ്ങനെ പഠിക്കണം?


ഡോ. ഷൈജുമോന്‍ സി.എസ്.

ഇക്കണോമിക്‌സ് ബിരുദധാരികള്‍ക്ക് വൈവിധ്യമാര്‍ന്ന ജോലിസാധ്യതകളാണുള്ളത്. മികച്ച പരിശീലനം ലഭിച്ച സാമ്പത്തികവിദഗ്ധര്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും നിരവധി അവസരങ്ങളാണുള്ളത്.

-

ന്ത്യക്കാരനായ അഭിജിത് ബാനര്‍ജി സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടിയപ്പോള്‍ തെല്ലൊന്നുമല്ല നമ്മള്‍ അഭിമാനം കൊണ്ടത്. അഭിജിത്തിനു മുന്നെ അമര്‍ത്യസെന്നായിരുന്നു സാമ്പത്തികശാസ്ത്രത്തിലെ ഇന്ത്യന്‍ ഐക്കണ്‍. ഇന്ത്യ കണ്ട മറ്റൊരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിങ് രാജ്യത്തെ പ്രധാനമന്ത്രിവരെയായി. മറ്റൊരാള്‍ ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീതാ ഗോപിനാഥാണ്. ഇക്കണോമിക്‌സ് പഠനം ചില്ലറ കാര്യമല്ല എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ? ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഭഗങ്ങളില്‍ ഏറ്റവും ശാസ്ത്രീയവും അതിവേഗം വികസിക്കുന്നതുമായ പഠനശാഖയാണ് ഇക്കണോമിക്‌സ് അഥവാ സാമ്പത്തികശാസ്ത്രം. ആഗോളീകരണം ധ്രുതഗതിയില്‍ വ്യാപിക്കുന്ന കാലത്ത് മികച്ച പരിശീലനം ലഭിച്ച സാമ്പത്തികവിദഗ്ധര്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും നിരവധി അവസരങ്ങളാണുള്ളത്.

ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് (ഐ.ഇ.എസ്)

ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെടുന്ന കേന്ദ്ര സര്‍വീസാണ് ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് (ഐ.ഇ.എസ്.). സാമ്പത്തിക അവലോകനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍സര്‍വീസില്‍തന്നെ വിദഗ്ധരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1961-ല്‍ ഐ.ഇ.എസ്. ആരംഭിക്കുന്നത്. വികസനനയങ്ങള്‍ തയ്യറാക്കല്‍, സര്‍ക്കാര്‍സേവനങ്ങള്‍ ശക്തിപ്പെടുത്തല്‍, പൊതുജനപദ്ധതികളുടെ മേല്‍നോട്ടവും വിലയിരുത്തലും തുടങ്ങിയവയെല്ലാം ഐ.ഇ.എസിന്റെ ചുമതലയാണ്. 1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങളും തുടര്‍ന്ന് സര്‍ക്കാരിന്റെ കാര്യനിര്‍വഹണ ശൈലിയിലുണ്ടായ മാറ്റങ്ങളും സാമ്പത്തികവിദഗ്ധര്‍ക്ക് സര്‍ക്കാര്‍സര്‍വീസിലുള്ള പ്രധാന്യം വര്‍ധിപ്പിച്ചു. കേന്ദ്രധനകാര്യമന്ത്രാലയത്തിന് കീഴിലാണ് (Ministry of Finance-Department of Economic Affairs) ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. ഒന്നിലധികം മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഐ.ഇ.എസ്. ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹിക-സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലും മന്ത്രാലയങ്ങളിലുമാണ് പ്രധാനമായും ഐ.ഇ.എസ്. നിയമനങ്ങള്‍ നടക്കുന്നത്. കൂടാതെ നീതി ആയോഗ് പോലെയുള്ള പ്രത്യേക സമിതികളിലും അവസരങ്ങളുണ്ട്. ഇവിടെ സാമ്പത്തികം, സാമൂഹികം, ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വാണിജ്യം, വ്യാപാരം, ഗതാഗതം, ഐ.ടി. തുടങ്ങിയ വിവിധ മേഖലകളില്‍ ഐ.ഇ.എസ്. ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന കേഡര്‍ തസ്തികകള്‍ക്കുപുറമേ ഡെപ്യൂട്ടേഷനില്‍ യു.എന്‍., വിദേശസര്‍ക്കാരുകള്‍, സംസ്ഥാനസര്‍ക്കാരുകള്‍ തുടങ്ങി വിവിധ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരും. സെന്‍ട്രല്‍ സ്റ്റാഫിങ് പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളും ഐ.ഇ.എസ്. ഓഫീസര്‍മാര്‍ക്ക് ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കാറുണ്ട്.
ഐ.ഇ.എസിലെ തുടക്ക തസ്തികയായ ജൂനിയര്‍ ടൈം സ്‌കെയില്‍ (ഗ്രേഡ് IV) നിയമനം 60 ശതമാനം നേരിട്ടുള്ളതും 40 ശതമാനം സ്ഥാനക്കയറ്റം വഴിയുമാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ഐ.ഇ.എസ്. പരീക്ഷയിലൂടെയാണ് നേരിട്ടുള്ള നിയമനം നടത്തുന്നത്.

ഐ.ഇ.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയത് 30 വയസ്സുമാണ്. ഉയര്‍ന്ന പ്രായത്തില്‍ എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ് ബിരുദാനന്തരബിരുദമാണ് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത.

ഇനിപ്പറയും വിധമാണ് പരീക്ഷ നടത്തുക-പാര്‍ട്ട് 1-നിര്‍ദിഷ്ട വിഷയങ്ങളില്‍ എഴുത്തുപരീക്ഷ. 1000 മാര്‍ക്ക്. പാര്‍ട്ട് 2-വാചാപരീക്ഷ (Viva voce). 200 മാര്‍ക്ക്
മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവരണാത്മക പരീക്ഷയ്ക്ക് ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ്, ജനറല്‍ ഇക്കണോമിക്സ് പേപ്പര്‍ I, II & III, ഇന്ത്യന്‍ ഇക്കണോമിക്‌സ് എന്നിങ്ങനെ ആറ് പേപ്പറുകളുണ്ടാകും. ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ക്ക് 100 മാര്‍ക്ക് വീതവും മറ്റെല്ലാ പേപ്പറുകള്‍ക്കും 200 മാര്‍ക്ക് വീതവുമാണുള്ളത്. ചോദ്യപ്പേപ്പര്‍ ഇംഗ്ലീഷിലായിരിക്കും. ഇംഗ്ലീഷില്‍ മാത്രമേ ഉത്തരങ്ങള്‍ എഴുതാന്‍ സാധിക്കൂ.

അധ്യാപനം

ഉന്നതവിദ്യാഭ്യാസരംഗത്ത് കോളേജുകളിലും സര്‍വകലാശാലകളിലുമായി നിരവധി അധ്യാപക ഒഴിവുകളാണുള്ളത്. ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി.കളിലും പ്രമുഖ കോളേജുകളും കേന്ദ്രസര്‍വകലാശാലകളിലും സ്വയംഭരണ സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളിലുമെല്ലാം അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കണമെങ്കില്‍ ഡോക്ടറേറ്റ് ബിരുദം (പിഎച്ച്.ഡി.) ആവശ്യമാണ്. കോളേജ് അധ്യാപകരാവാന്‍ യു.ജി.സി./നെറ്റ്/ജെ.ആര്‍.എഫ്. യോഗ്യത നേടണം. ജനറല്‍ വിഭാഗക്കാര്‍ക്ക് ഇക്കണോമിക്‌സില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തരബിരുദമുണ്ടെങ്കില്‍ യു.ജി.സി. പരീക്ഷയെഴുതാം. ജെ.ആര്‍.എഫിന് 30 വയസ്സാണ് പ്രായപരിധി. നെറ്റ് പരീക്ഷയ്ക്ക് പ്രായപരിധിയില്ല. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മറ്റ് സംവരണവിഭാഗക്കാര്‍ക്കും ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

രാജ്യത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ പ്രത്യേക യോഗ്യത നേടേണ്ടതുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വ്യത്യസ്ത യോഗ്യതാപരീക്ഷകളാണുള്ളത്. യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി.കള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍ എന്നിവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി മത്സരപ്പരീക്ഷകള്‍ നടത്തിവരുന്നു.

ഗവേഷണം

 • വിവിധ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് അവസരമുണ്ട്.
 • ദേശീയ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, കോളേജുകള്‍, എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പിനും ഹ്രസ്വകാല ഫെലോഷിപ്പുകള്‍ക്കും അവസരമുണ്ട്.
 • റിസര്‍ച്ച് ഓഫീസര്‍/പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്സ് എന്നീ തസ്തികളിലേക്ക് സര്‍വകലാശാലകളും ആര്‍.ബി.ഐ. പോലുള്ള ദേശീയ സ്ഥാപനങ്ങളും വിവിധ മന്ത്രാലയങ്ങളും ഐ.ഐ.ടി., ഐ.ഐ.എമ്മുകളും നിയമനം നടത്താറുണ്ട്.
 • പോളിസി റിസര്‍ച്ച്-വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, സ്വകാര്യ വ്യവസായ സ്ഥാനപങ്ങള്‍, അന്തര്‍ദേശീയ ഏജന്‍സികള്‍ എന്നിവ.
 • മാര്‍ക്കറ്റ് റിസര്‍ച്ച്-വ്യവസായ സ്ഥാപനങ്ങള്‍, നീതി ആയോഗ്, ആസൂത്രണ ബോര്‍ഡ് എന്നിവ.
 • സ്വകാര്യ ഗവേഷണ കേന്ദ്രങ്ങളായ മൂഡി, എസ് & പി എന്നിവ.
 • ഐ.എം.എഫ്. ലോക ബാങ്ക്, എ.ഡി.ബി., ബ്രിക്സ് ബാങ്ക്, മറ്റു അന്താരാഷ്ട്ര ഏജന്‍സികള്‍, കമ്പനികള്‍ തുടങ്ങിയവ നിര്‍ദിഷ്ടകാലാവധിയിലേക്ക് ഗവേഷകരെ നിയമിക്കാറുണ്ട്.
ആര്‍.ബി.ഐ. റിസര്‍ച്ച് ഓഫീര്‍ ഗ്രേഡ് ബി

ഇക്കണോമിക്‌സില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
21-30 വയസ്സാണ് പ്രായപരിധി. i)എല്ലാ സെമസ്റ്ററിലും/വര്‍ഷത്തിലും 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഫസ്റ്റ് ക്ലാസ് ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ii) 55 ശതമാനം മാര്‍ക്കോടെ സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ iii) ഡോക്ടറേറ്റ് ബിരുദം, ബിരുദാനന്തര ബിരുദത്തിന് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടായിരിക്കണം.
രണ്ടു ഘട്ടങ്ങളിലായാണ് എഴുത്തു പരീക്ഷ-ഒന്നാം ഘട്ടം ഓണ്‍ലൈന്‍ പരീക്ഷ (ഒബ്ജക്ടീവ്)-200 മാര്‍ക്ക്. രണ്ടാം ഘട്ടം എഴുത്തുപരീക്ഷ (വിവരണാത്മകം)-300 മാര്‍ക്ക് (ഇംഗ്ലീഷ്-100 മാര്‍ക്ക്, ഇക്കണോമിക് & സോഷ്യല്‍ ഇഷ്യൂസ്-100 മാര്‍ക്ക്, ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റ്-100 മാര്‍ക്ക്.

ഇക്കണോമിക്‌സ് അഡൈ്വസര്‍/പ്ലാനര്‍/അനലിസ്റ്റ്

 • വിവിധ ബാങ്കുകള്‍-പൊതുമേഖല, സ്വകാര്യ മേഖല
 • സെക്യൂരിറ്റി എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (NSSO), സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗനൈസേഷന്‍ (CSO) എന്നിവിടങ്ങളില്‍ ഓഫീസര്‍.
 • ഐ.ആര്‍.ഡി.എ., എല്‍.ഐ.സി., ജി.ഐ.സി. തുടങ്ങിയ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലും മറ്റു പൊതു-സ്വകാര്യ കമ്പനികളിലും ഇക്കണോമിക് അഡൈ്വസര്‍.
 • ട്രായ്, ഇ.ആര്‍.സി., എ.ആര്‍.സി. എന്നിവിടങ്ങളില്‍ റെഗുലേറ്ററി ഓഫീസര്‍
 • ബോര്‍ഡ് അംഗങ്ങള്‍-ഐ.ഒ.സി. റെയില്‍വേ, എന്‍.എച്ച്.എ.ഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍
 • ഗവണ്‍മെന്റ് അഡൈ്വസര്‍- വിവിധ മന്ത്രാലയങ്ങള്‍
 • നീതി ആയോഗ്, പ്ലാനിങ് ബോര്‍ഡ് എന്നിവ
 • സ്പെഷലിസ്റ്റ് ഓഫീസര്‍/ അഡൈ്വസര്‍- സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍; ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പി ആന്‍ഡ് ജി, കെയര്‍, ക്രിസില്‍ എന്നിവ
 • അക്കാദമിക് ജേണലുകള്‍, ദിനപത്രങ്ങള്‍ എന്നിവയില്‍ അവലോകന വിദഗ്ധന്‍
 • ഇക്കണോമിക് അനലിസ്റ്റ്-മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍/ ഏജന്‍സികള്‍
 • സോഫ്റ്റ്വേര്‍ കമ്പനികള്‍-എസ്.പി.എസ്.എസ്., സ്റ്റാറ്റ, മാറ്റ്ലാബ് എന്നിവ.
നബാര്‍ഡ് ഓഫീസര്‍

അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ). ഇക്കണോമിക്സില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്.സി./എസ്.ടിക്കാര്‍ക്ക് 45 ശതമാനം) ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്സ്/ അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സില്‍ 50 ശതമാനം മാര്‍ക്കോടെ (എസ്.സി./എസ്.ടിക്കാര്‍ക്ക് 45 ശതമാനം) ബിരുദാനന്തര ബിരുദം. എല്ലാ സെമസ്റ്ററിലും/വര്‍ഷവും ഇക്കണോമിക്‌സ് പ്രധാന വിഷയമായി പഠിച്ചവര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത.

റിസര്‍ച്ച് ഓഫീസര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍

ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡുകളില്‍ റിസര്‍ച്ച് ഓഫീസറായി ജോലി ലഭിക്കാനാവശ്യമായ യോഗ്യത.
വിവിധ പദ്ധതികളുടെ അവലോകനം, വിവിധ പഠനങ്ങള്‍ നടത്തല്‍, സാമ്പത്തിക അവലോകനം ഉള്‍പ്പെടെയുള്ള ഗവേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ എന്നിവയാണ് ചുമതല.

അഗ്രിക്കള്‍ച്ചര്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സര്‍വീസിലേക്ക് (ARS) എ.എസ്.ആര്‍.ബി പരീക്ഷ നടത്താറുണ്ട്. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മികച്ച അവസരമാണിത്. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സ്/ ഡയറി (Dairy) ഇക്കണോമിക്‌സ്/ വെറ്ററിനറി ഇക്കണോമിക്‌സ്/ ഫിഷറീസ് ഇക്കണോമിക്‌സ്/ അഗ്രിക്കള്‍ച്ചര്‍ സ്പെഷലൈസേഷനോടെയുള്ള ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ മാസ്റ്റര്‍ ബിരുദം. അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഓഫീസര്‍ തിരഞ്ഞെടുപ്പില്‍ മൂന്നു ഘട്ടങ്ങളാണുള്ളത്. എ.ആര്‍.എസ്. പ്രിലിമിനറി പരീക്ഷ (ഒബ്ജക്ടീവ്, 150 മാര്‍ക്ക്, 2 മണിക്കൂര്‍ ദൈര്‍ഘ്യം), എ.ആര്‍.എസ്. മെയിന്‍ പരീക്ഷ (വിവരണാത്മകം, 240 മാര്‍ക്ക്, മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യം), വാചാപരീക്ഷ (viva-voce)60 മാര്‍ക്ക്.

ഇന്ത്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷ

ഇക്കണോമിക്‌സ് ബിരുദധാരികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തില്‍ താരതമ്യേന മുന്‍തൂക്കം ലഭിക്കും. പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലെ ജനറല്‍ സ്റ്റഡീസ് പേപ്പറുകളില്‍ ഇക്കണോമിക്‌സ് സംബന്ധിയായ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ വ്യക്തിത്വ പരിശോധനയിലെ 25 ശതമാനം ചോദ്യങ്ങളും സ്ഥിരമായി ഇക്കണോമിക്‌സുമായി ബന്ധപ്പെട്ടവയായിരിക്കും.

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുള്ള കറന്റ് അഫയേഴ്സ് പഠനത്തിനും ഭൂമിശാസ്ത്ര പഠനത്തിനും ഇക്കണോമിക്‌സ് പരിജ്ഞാനം അത്യാവശ്യമാണ്. മെയിന്‍ പരീക്ഷയിലെ ജനറല്‍ ഉപന്യാസ പേപ്പറിലും ഇക്കണോമിക്‌സ് സംബന്ധിയായ ചോദ്യങ്ങളുണ്ടാകും.

അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍

 • ഇക്കണോമിക്‌സ് പഠനത്തിന് നിരവധി അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.
 • ഫുള്‍ബ്രൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്
 • ഫോഡ് ഫൗണ്ടേഷന്‍ ഫെലോഷിപ്പ്
 • ഗേറ്റ്സ് ഫൗണ്ടേഷന്‍ ഫെലോഷിപ്പ്
 • ഹ്യൂബര്‍ട്ട് ഹംഫെറി (Hubert Humphrey) ഫെലോഷിപ്പ്
 • വെസ്റ്റ്മിനിസ്റ്റര്‍ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്
 • കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്
 • എ.ഡി.ബി.-ജപ്പാന്‍ സ്പോണ്‍സേഡ് പ്രോഗ്രാം
 • ഒ.എഫ്.ഐ.ഡി. സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്
 • ഗ്ലോബല്‍ ബിസിനസ് സ്‌കോളര്‍ഷിപ്പ്
 • ഓക്സ്ഫഡ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്
 • ഐ.എം.എഫ്./ വേള്‍ഡ് ബാങ്ക്/ ഡബ്ല്യു.ടി.ഒ./ യു.എന്‍. സ്‌കോളര്‍ഷിപ്പുകള്‍
 • യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പുകള്‍
ലേഖകന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറാണ്.

Content Highlights: Career in Economics, Indian Economic Service, Civil Services, Economics higher studies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented