Representational Image | photo: canva
പുരാതനകാലം മുതലേ സര്‍വകലാശാലകള്‍ക്ക് പേരുകേട്ടതാണ് ഇടമാണ് ഇന്ത്യ. അമേരിക്കന്‍ ഐക്യനാടുകളും ചൈനയും കഴിഞ്ഞാല്‍ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള രാജ്യം ഇന്ന് ഇന്ത്യയാണ്. 1047 സര്‍വകലാശാലകളും അമ്പതിനായിരത്തിലധികം കോളേജുകളുമാണ് നമ്മുടെ രാജ്യത്തുള്ളത്.
കല്‍ക്കട്ട, ബോംബെ, മദ്രാസ് സര്‍വകലാശാലകള്‍
കല്‍ക്കട്ട, ബോംബെ, മദ്രാസ് സര്‍വ്വകലാശാലകളാണ് ഇന്ത്യയിലെ ആദ്യ സര്‍വകലാശാലകള്‍. ബ്രിട്ടീഷ് ഭരണത്തിനായി ബിരുദധാരികളെ സൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ മെക്കാളെ പ്രഭുവിന്റെ ലക്ഷ്യം. കല്‍ക്കട്ട സര്‍വ്വകലാശാലയാണ് ഇന്ത്യയിലെ ആദ്യ ആധുനിക സര്‍വകലാശാല. ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസം ആദ്യമായി ആരംഭിച്ചതും കല്‍ക്കത്ത സര്‍വ്വകലാശാലയിലാണ്.
സര്‍വകലാശാലകള്‍ പലതരം
രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് അംഗീകാരം നല്‍കുന്നത് യു.ജി.സിയാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും 1956-ല്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യു.ജി.സി). കേന്ദ്ര സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍ (കല്പിത സര്‍വ്വകലാശാലകള്‍), സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍, ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് എന്നിങ്ങനെ രാജ്യത്തെ സര്‍വ്വകലാശാലകളെ പ്രധാനമായി അഞ്ചായി തിരിച്ചിരിക്കുന്നു.
Also Read
ഇന്ത്യയില്‍ 54 കേന്ദ്ര സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേന്ദ്ര സര്‍വ്വകലാശാലകള്‍ പ്രവത്തിക്കുന്നത് ഡല്‍ഹിയിലാണ്(ഏഴ് എണ്ണം). രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ പെരിയയിലാണ്.
സംസ്ഥാന സര്‍വകലാശാലകള്‍
അതത് സംസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് സംസ്ഥാന സര്‍വകലാശാലകള്‍. 2022 ജൂണ്‍ 24-ലെ കണക്ക് പ്രകാരം രാജ്യത്ത് ആകെ 455 സംസ്ഥാന സര്‍വ്വകലാശാലകളുണ്ട്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ - 35 എണ്ണം. കേരളത്തില്‍ പതിനഞ്ച് സംസ്ഥാന സര്‍വകലാശാലകളാണുള്ളത്. ഇന്ത്യയിലെ 264 സംസ്ഥാന സര്‍വകലാശാലകള്‍ക്ക് മാത്രമാണ് യുജിസിയുടെ 12(ബി) അംഗീകാരമുള്ളത്.
ഡീംഡ്(കല്പിത) സര്‍വകലാശാലകള്‍
യു.ജി.സി. ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം രാജ്യത്ത് ആകെ 126 ഡീംഡ് (കല്പിത) സര്‍വകലാശാലകളുണ്ട്. കല്പിത സര്വ്വലകലാശാലകള് രണ്ട് തരത്തിലുണ്ട് - കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ളതും സ്വകാര്യ കല്പിത സര്‍വ്വകലാശാലകളും. കേരള കലാമണ്ഡലം (കേരള സര്‍ക്കാര്‍), കൊച്ചിയിലുള്ള ചിന്മയ വിശ്വവിദ്യാപീഠം (സ്വകാര്യ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്ര സര്‍ക്കാര്‍) എന്നിവയാണ് കേരളത്തിലുള്ള കല്പിത സര്‍വ്വകലാശാലകള്‍. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് എട്ടിമട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ കൊല്ലത്തും കൊച്ചിയിലും കാമ്പസുകളുള്ളതുമായ അമൃത വിശ്വവിദ്യാപീഠം സ്വകാര്യ കല്പിത സര്‍വകലാശാലയാണ്.
സ്വകാര്യ സര്‍വകലാശാലകള്‍
രാജ്യത്ത് ആകെ 412 സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ഇതേവരെ സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചിട്ടില്ല. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് (52 എണ്ണം). യു.ജി.സി. നിയമ പ്രകാരം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കീഴില്‍ അഫിലിയേറ്റഡ് കോളേജുകള്‍ ഉണ്ടായിരിക്കില്ല. ഇത്തരം സര്‍വകലാശാലകള്‍ക്ക് മാതൃസംസ്ഥാനത്തിന് പുറത്ത് ഓഫ് കാമ്പസ് സെന്ററുകള്‍ ആരംഭിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാല നിലവില്‍ വന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യു.ജി.സിയുടെ മുന്‍കൂര്‍ അനുമതിയോടെ ബന്ധപ്പെട്ട സംസ്ഥാനത്തിനുള്ളില്‍ ഓഫ് കാമ്പസ് സെന്ററുകള്‍ തുടങ്ങുവാന്‍ കഴിയും. യു.ജി.സിയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോയുടെ മുന്‍കൂര്‍ അനുമതിയോടെ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ തുടങ്ങാവുന്നതാണ്.
ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്
രാജ്യത്ത് സര്‍വ്വകലാശാല പദവിയുള്ള 132 ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് നാഷണല്‍ ഇംപോര്ട്ടന്സുകളുണ്ട്. കേരളത്തില്‍ ഇത്തരം മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ്, തിരുവനന്തപുരത്തുള്ള നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയാണവ.
വ്യാജ സര്‍വകലാശാലകള്‍
രാജ്യത്ത് ധാരാളം വ്യാജസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് യു.ജി.സിയുടെ വെബ്സൈറ്റില്‍ യഥാസമയം അറിയിപ്പുകള് പ്രസിദ്ധീകരിച്ചു വരുന്നു. യു.ജി.സിയുടെ അറിയിപ്പുകള് പ്രകാരം കേരളത്തിലും വ്യാജ സര്‍വകലാശാലകളുണ്ട്. ഇന്ത്യയിലെ ഒരു സര്‍വ്വകലാശാല അംഗീകൃതമാണോ എന്നറിയാന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ugc.ac.in സന്ദര്‍ശിച്ചാല്‍ മതി. വെബ്സൈറ്റില്അംഗീകൃത സര്‍വ്വകലാശാലകളുടെ ലിസ്റ്റ് സംസ്ഥാനം തിരിച്ച് നല്‍കിയിട്ടുണ്ട്.
യു.ജി.സിയുടെ 2 (എഫ്), 12 (ബി) അംഗീകാരങ്ങള്‍
ഇന്ത്യയിലെ ഏതൊരു സര്‍വകലാശാലയ്ക്കും യു.ജി.സി അംഗീകാരം (2 (എഫ്)) നിര്‍ബന്ധമാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ റഗുലേഷന്‍സ് പ്രകാരം ഇന്ത്യയിലെ ഒരു സര്‍വ്വകലാശാലയ്ക്ക് യു.ജി.സിയുടെ ധനസഹായം ലഭിക്കണമെങ്കില്‍ യു.ജി.സിയുടെ 2(എഫ്) അംഗീകാരത്തിനൊപ്പം യു.ജി.സിയുടെ 12(ബി) അംഗീകാരം കൂടി വേണം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അംഗീകാരമാണ് യുജിസിയുടെ 12(ബി)അംഗീകാരം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം ആഗ്രഹിക്കുന്ന സര്‍വ്വകലാശാലകള്‍ യുജിസിയുടെ 12 (ബി)അംഗീകാരം പ്രത്യേകം നേടേണ്ടതുണ്ട്. രാജ്യത്ത് യുജിസിയുടെ 12 (ബി) അംഗീകാരം നേടിയ 394 സര്‍വ്വകലാശാലകളുണ്ട്. കേന്ദ്ര സര്‍വ്വകലാശാലകള്‍ (54), സംസ്ഥാന സര്‍വ്വകലാശാലകള്‍ (266), കല്പിത സര്‍വ്വകലാശാലകള്‍ (50), സ്വകാര്യ സര്‍വ്വകലാശാലകള്‍ (24) എന്നിവയാണവ.
ഗവേഷണപഠനത്തിന് നല്ലത് സര്‍വ്വകലാശാലകള്‍ തന്നെ
ഉപരിപഠനത്തിന് മികച്ച സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കുന്നത് തിളക്കമാര്‍ന്ന ഭാവിക്ക് ഏറെ സഹായിക്കും. ആയിരത്തിലധികം സര്‍വ്വകലാശാലകളുള്ള ലോകത്തിലെ ഏറ്റവും വലിയ എഡ്യൂക്കേഷന്‍ നെറ്റ്വര്‍ക്കാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖല. ഇവയില്‍ ഏറ്റവും മികച്ചതും പ്രധാനവുമായ സര്‍വ്വകലാശാലകള്‍ ഏതെന്ന് അറിഞ്ഞിരിക്കുന്നത് ഉപരിപഠനത്തിന് ശ്രമിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും അവരുടെ മാതാപിതാക്കളുടെയും കടമയാണ്. ഗവേഷണ മേഖലയിലേയ്ക്ക് ശ്രമിക്കുന്നവര്‍ സര്‍വ്വകലാശാലകളില്‍ തന്നെ പ്രവേശനം നേടുന്നതാണ് നല്ലത്.
എന്‍.ഐ.ആര്.എഫ്.സഹായിക്കും
ഉപരിപഠനത്തിന് ഏത് സര്‍വകലാശാല തെരെഞ്ഞെടുക്കണമെന്ന തീരുമാനം വിദ്യാര്‍ഥികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ആയിരത്തോളം സര്‍വ്വകലാശാലകളില്‍ അവയുടെ മികവറിഞ്ഞു വേണം പ്രവേശനം നേടുവാന്‍. ഇക്കാര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്.എഫ്.)ന്റെ ഇന്ത്യ റാങ്കിങ്് 2021 നിങ്ങളെ സഹായിക്കുന്നു.
എന്താണ് എന്‍.ഐ.ആര്.എഫ്?
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്.എഫ്.). ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും വിവിധ പഠന ഉന്നത പഠന സ്ഥാപനങ്ങളെ ഒരു ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്ന് മികവിന്റെ കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുമാണ് എന്‍.ഐ.ആര്.എഫ്.
വെറുതെയല്ല, റാങ്കിങ്ങിനുമുണ്ട് മാനദണ്ഡങ്ങള്‍
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മികച്ച സര്‍വകലാശാലകളെ തെരഞ്ഞെടുക്കുന്നത്. സര്‍വ്വകലാശാലകളിലെ ക്വാളിറ്റെറ്റീവും ക്വാണ്ടിറ്റെറ്റീവുമായ ഗവേഷണ മികവുകള്‍, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഭാവനകള്‍, സര്‍വ്വകലാശാലയുടെ വ്യാപനവും ഉള്‍പ്പെടുത്തലും സര്‍വ്വകലാശാലയെക്കുറിച്ചുള്ള പൊതുഅഭിപ്രായം എന്നിവയാണ് റാങ്കിംഗ് മാനദണ്ഡങ്ങള്‍.
- I. ഗവേഷണത്തിലെ ക്വാണ്ടിറ്റെറ്റീവ് മികവ്
1. പബ്ലിക്കേഷനുകള്‍
2. സൈറ്റെഷന്സ് ഇന്‍ഡെക്സ്
3. വിഭിന്നങ്ങളായ പ്രോജക്ടുകളിലെയും പ്രൊഫഷണല്‍ പ്രാക്ടീസുകളിലെയും നേട്ടങ്ങള്‍
- II. ഗവേഷണത്തിലെ ക്വാളിറ്റെറ്റീവ് മികവ്
- III. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഭാവനകള്‍
- IV-വൈവിധ്യമാകണം കാമ്പസുകള്‍
1. പ്രാദേശിക വൈവിധ്യത്തെ അളക്കുക: അന്യനാട്ടില്‍ നിന്നും പ്രസ്തുത കോളേജില്‍ എത്ര കുട്ടികള്‍ പടിക്കുന്നുണ്ടെന്നതാണ് ഇവിടെ പ്രസക്തമായിട്ടുല്ലത്. ഇക്കാര്യത്തില്‍ കേരളത്തിലെ കോളേജുകളുടെ നിലവാരം അഞ്ചു ശതമാനത്തിനും താഴെയാനെന്നതാണ് വസ്തുത.
2. ലിംഗ വൈവിധ്യം: വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഇടയിലുള്ള വനിതാ പ്രാതിനിധ്യമാണ് ഇവിടെ പരിശോധിക്കുക. അന്‍പത് ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഇരുപത് ശതമാനത്തിലധികം അധ്യാപകരും വനിതകളായിരിക്കണം എന്നതാണ് മാനദണ്ഡ0. ഇക്കാര്യത്തില്‍ കേരളത്തിലെ കോളേജുകള്‍ ബഹുദൂരം മുന്നിലാണ്.
3. സാമൂഹ്യ സാമ്പത്തിക വൈവിധ്യം എങ്ങനെ ഉള്‍ക്കൊള്ളുന്നു?: അതത് കോളേജുകളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജും സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും എത്രമാത്രം സ്കൊലര്ഷിപ്പുകൌം സാമ്പത്തിക സഹായങ്ങളും ചെയ്യുന്നു എന്നാണ് ഇവിടെ പരിശോധിക്കപ്പെടുക.
4. ശാരീരിക വൈഷമങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍: ലിഫ്റ്റ് / റാംപ് എന്നിവ എല്ലാ കെട്ടിടങ്ങളിലുമുണ്ടോ, നടപ്പ് സഹായ ഉപകരണങ്ങള്‍, വീല്‍ചെയര്‍ സൗകാര്യം, ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേയ്ക്ക് സഞ്ചരിക്കുവാന്‍ യാത്രാസഹായം, ഭിന്നശേഷി സൗഹൃദമായ ശുചിമുറികള്‍ ഉണ്ടോ എന്നിവയാണ് ഈ ഉപ മാനദണ്ഡത്തില്‍ പരിശോധിക്കുക. ചുരുക്കത്തില്‍ എല്ലാ കോളേജുകളിലും ഭിന്നശേഷി സൗഹൃദപരമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം.
- V. സര്‍വ്വകലാശാലയെക്കുറിച്ചുള്ള പൊതു അഭിപ്രായം
ഇന്ത്യയിലെ നമ്പര്‍വണ്‍ സര്‍വകലാശാല ഏതാണ്?
ഇന്ത്യയിലെ നമ്പര്‍ വണ്‍ സര്‍വ്വകലാശാലകള്‍ ഏതെന്നറിയുവാന്‍ മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കുന്ന ഔദ്യോഗിക റാങ്കിങ് സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്.എഫ്.)ന്റെ ഇന്ത്യ റാങ്കിങ്. 2017 മുതലാണ് കോളേജ് കാറ്റഗറിയില്‍ എന്‍.ഐ.ആര്.എഫ് റാങ്കിങ് ആരംഭിച്ചത്.
സര്‍വകലാശാലകളില്‍ മിടുക്കന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്
2021ലെ എന്‍. ഐ. ആര്. എഫിന്റെ ഇന്ത്യ റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ നമ്പര്‍ വണ്‍ സര്‍വ്വകലാശാല ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് (സ്കോര്‍: 82.67 ). 2017 മുതല്‍ 2021 വരെയുള്ള എല്ലാ വര്‍ഷങ്ങളിലും ഒന്നാം റാങ്ക് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് തന്നെയാണ്.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, വാരണാസി , കല്‍ക്കട്ട യൂണിവേഴ്സിറ്റി എന്നീ സര്‍വ്വകലാശാലകള്‍ക്കാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെ റാങ്കുകള്‍. അഞ്ചാം റാങ്ക് തമിഴ്നാട്ടിലെ എട്ടിമട ആസ്ഥാനമായുള്ള അമൃത വിശ്വ വിദ്യാപീഠത്തിനാണ്. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്നീ സര്‍വ്വകലാശാലകള്‍ക്കാണ് യഥാക്രമം ആറും ഏഴും റാങ്കുകള്‍. ജാദവ്പൂര്‍ യൂണിവേഴ്സിറ്റി എട്ടാം റാങ്ക് നേടി. യൂണിവേഴ്സിറ്റി ഓഫ് ഹൈദ്രാബാദ് , അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്നീ സര്‍വ്വകലാശാലകള്‍ യഥാക്രമം ഒന്‍പതും പത്തും റാങ്കുകള്‍ നേടി. ആദ്യ നൂറ് റാങ്കുകളില്‍ കേരളത്തിലെ നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടുന്നു.
- കേരള സര്‍വ്വകലാശാല (റാങ്ക്: 27)
- എം ജി. സര്‍വ്വകലാശാല (റാങ്ക്: 31)
- കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (റാങ്ക്: 44)
- കാലിക്കറ്റ് യൂണിവേഴ്സിറ്റി (റാങ്ക്: 60)
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.nirfindia.org/2021/UniversityRanking150.html, https://www.nirfindia.org/2021/UniversityRanking200.html എന്നിവ സന്ദര്‍ശിക്കുക.
(വിദ്യാഭ്യാസ വിദഗ്ധനും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസറുമാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..