ഡിഗ്രി പഠിക്കാം, തൊഴിലും നേടാം; സാങ്കേതിക സര്‍വകലാശാലയിലെ ബി.വോക്.കോഴ്സുകൾക്ക് അപേക്ഷിക്കാം


ഡോ.എസ്.അയൂബ് (pvc@ktu.edu.in)

പ്രതീകാത്മചിത്രം (Photo: canva)

സാങ്കേതിക നൈപുണിയും തൊഴിൽലഭ്യതയും ഉറപ്പാക്കുന്ന ബി.വോക്. കോഴ്സുകളുമായി സാങ്കേതിക സർവകലാശാല. ബി.ടെക്. നാല്, അഞ്ച് സെമസ്റ്ററുകൾവരെ പഠിച്ച് 24 ക്രെഡിറ്റെങ്കിലും നേടിയവർക്ക് രണ്ടാംവർഷത്തിലേക്ക് നേരിട്ട് പ്രവേശനം. പഠനം ഇടയ്ക്കുവെച്ച് നിർത്തേണ്ടിവന്നാൽ അതുവരെ നേടിയ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്‌

വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളിൽ വൈവിധ്യമാർന്ന തൊഴിൽലഭ്യത ഉറപ്പുവരുത്തുന്ന ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വോക്.). വിജ്ഞാനാധിഷ്ഠിതമായ പരമ്പരാഗത ബിരുദ കോഴ്സുകളിൽനിന്ന്‌ വ്യത്യസ്തമായി വ്യാവസായിക മേഖലകളിലെ ആധുനികവത്കരണത്തിന് അനുസൃതമായ സാങ്കേതിക നൈപുണി പരിശീലനങ്ങളാണ് ബി.വോക്. ബിരുദ പാഠ്യപദ്ധതിയുടെ കേന്ദ്രബിന്ദു. വ്യവസായമേഖലകളിലെ ഭാവി തൊഴിൽസാധ്യതകൾ പരിഗണിച്ചുകൊണ്ടുള്ള എ.ഐ.സി.ടി. അംഗീകൃത കോഴ്സുകൾക്കാണ് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഈ അധ്യയനവർഷംമുതൽ അനുമതിനൽകുന്നത്.കോഴ്സുകൾ

 • ഓട്ടോമോട്ടീവ് മാനുഫാക്ച്ചറിങ്
 • ഇൻഡസ്ട്രിയൽ ടൂൾ മാനുഫാക്ച്ചറിങ്
 • പ്രൊഡക്‌ഷൻ ടെക്നോളജി
 • ട്രാവൽ ആൻഡ് ടൂറിസം
 • സോഫ്റ്റ്‌വേർ ഡെവലപ്മെന്റ്
 • ഗ്രാഫിക്സ് ആൻഡ് മൾട്ടിമീഡിയ
 • വെബ് ഡിസൈൻ ആൻഡ് മൊബൈൽ അപ്ലിക്കേഷൻ
ഇന്റേൺഷിപ്പുകൾ പ്രോജക്റ്റുകൾ

നൈപുണി ശേഷിയും പ്രായോഗിക വൈഭവവും ആർജിക്കുന്ന പരിശീലനങ്ങളാണ് ബി.വോകിന്റെ പ്രത്യേകത. നാഷണൽ സ്കിൽ ക്വാളിഫയിങ് നെറ്റ് വർക്ക് (എൻ.എസ്.ക്യു.എഫ്.) വിഭാവനംചെയ്യുന്ന നൈപുണിശേഷി ഉറപ്പുവരുത്തുന്ന പഠനമാണ് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സിലുള്ളത്. ക്ലാസ്റൂം പഠനത്തിൽ 15 മണിക്കൂറും പ്രായോഗിക നൈപുണി പരിശീലനത്തിൽ 30 മണിക്കൂറും സ്വയംപഠന പരിശീലനംവഴി 45 മണിക്കൂറും ചെലവിട്ടാൽമാത്രമേ ഒരു ക്രെഡിറ്റ് നേടാനാകൂ. അങ്ങനെ ഓരോ സെമസ്റ്ററിലും 30 ക്രെഡിറ്റുകൾ വീതം നേടി ആറ് സെമസ്റ്ററുകളിലായി 180 ക്രെഡിറ്റുകൾ നേടുന്നവർക്കാണ് ബിരുദം ലഭിക്കുക. അഞ്ചാം സെമസ്റ്ററിന് മുൻപ് വ്യവസായ ഇന്റേൺഷിപ്പുകളും ആറാംസെമസ്റ്ററിൽ വ്യവസായ അധിഷ്ഠിത പ്രോജക്റ്റുകളും നിർബന്ധമാണ്.

നൈപുണി പരിശീലനം

ബിരുദം ലഭിക്കാൻ ആറ് സെമസ്റ്ററിൽനിന്നായി 180 ക്രെഡിറ്റുകൾ നേടണം. ഇതിൽ അറുപത് ശതമാനത്തോളം ക്രെഡിറ്റുകളും നൈപുണി പരിശീലനത്തിലൂടെയാണ് നേടേണ്ടത്. ക്ലാസ് റൂം അധ്യയനംവഴി നേടേണ്ടത് 40 ശതമാനം ക്രെഡിറ്റുകൾ മാത്രമാണ്. എൻ.എസ്.ക്യു.എഫ്. അഞ്ചാംതലത്തിലുള്ള രണ്ടു കോഴ്സുകളും ആറുമുതൽ പത്തുവരെ തലങ്ങളിലുള്ള രണ്ട് കോഴ്സുകൾ വീതമെങ്കിലും ഇതിലുൾപ്പെടും. ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലായി എൻ.എസ്.ക്യു.എഫ്. പ്രകാരമുള്ള യഥാക്രമം അഞ്ച്, ആറ്, ഏഴ് തലങ്ങളിലുള്ള നൈപുണി പരിശീലനം വിദ്യാർഥികൾ നേടുന്ന തരത്തിലാണ് ഓരോവർഷത്തെയും കോഴ്സുകളുടെ ക്രമീകരണം. എല്ലാവർഷവും പഠനത്തോടൊപ്പം നൈപുണി വികസന പരിശീലനവും ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. വിജ്ഞാന സംബന്ധമായ വിഷയങ്ങൾ അതത് കോളേജുകളിലെ അധ്യാപകരും നൈപുണി പരീശീലനം എ.ഐ.സി.ടി. അംഗീകൃത കേന്ദ്രങ്ങളും നൽകും.

ഓരോ തൊഴിൽമേഖലയ്ക്കും അതത് മേഖലാ നൈപുണി കൗൺസിലുകൾ അംഗീകരിച്ചിട്ടുള്ള മാതൃക കരിക്കുലം അനുസരിച്ചാണ് നൈപുണി പരിശീലന പദ്ധതികൾ രൂപകല്പനചെയ്യുന്നത്. പ്രായോഗികപരിശീലനം, തീവ്ര തൊഴിൽ പരിശീലനം, പ്രോജക്റ്റ് പരിശീലനം എന്നിവയെല്ലാം ഇതിലുൾപ്പെടും. വിവിധ തൊഴിൽമേഖലകളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സർവകലാശാലയുടെ ‘ബോർഡ് ഓഫ് സ്കിൽസ്’ ആണ് നൈപുണി പരിശീലന പ്രക്രിയക്ക് അന്തിമ അംഗീകാരം നൽകുന്നത്.

കോഴ്സ് നടത്തിപ്പ്

ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. വിവിധ വിഷയങ്ങളിൽ ഓരോ ബാച്ചായോ ഒരേവിഷയത്തിൽത്തന്നെ ഒന്നിലധികം ബാച്ചുകളായോ കോഴ്സുകൾ നടത്താം. അഫിലിയേറ്റഡ് കോളേജുകളിലെ നിലവിലുള്ള ബൗദ്ധിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാവണം നടത്തേണ്ടത്. പ്രായോഗിക, നൈപുണി പരിശീലനങ്ങൾക്കുള്ള എല്ലാ അനുബന്ധ സംവിധാനങ്ങളും കോളേജുകൾ സജ്ജമാക്കണം.

വ്യവസായിക മേഖലകളിലെ സാങ്കേതിക വിദഗ്ധരെ താത്കാലിക അടിസ്ഥാനത്തിലോ കരാർ വ്യവസ്ഥയിലോ നൈപുണി പരിശീലനത്തിനായി ഉപയോഗിക്കാം. ഓരോ കോഴ്സുമായി ബന്ധപ്പെട്ട വ്യാവസായ പങ്കാളികളെ കോളേജുകൾ കണ്ടെത്തണം. എല്ലാ കോളേജിനും നൈപുണി പങ്കാളികൾ ഉണ്ടാകണം. എ.ഐ.സി.ടി.യോ സർവകലാശാലയോ, നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കൗൺസിലോ അംഗീകരിച്ചവരെമാത്രമേ നൈപുണി വികസന പരിശീലനത്തിനായി തിരഞ്ഞെടുക്കാവൂ. ഓരോ കോളേജും സർവകലാശാല തയ്യാറാക്കുന്ന പട്ടികയിൽനിന്നുള്ള നൈപുണി വിജ്ഞാന പങ്കാളികളുമായി ധാരണാപത്രം ഒപ്പുവെക്കണം.

സർവകലാശാല, വ്യവസായസ്ഥാപനങ്ങൾ, നൈപുണികേന്ദ്രങ്ങൾ എന്നിവയെല്ലാം പ്രധിനിധീകരിച്ചുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ഉപദേശകസമിതി എല്ലാ കോളേജുകളിലും ഉണ്ടാകണം. ഈ സമിതിയുടെ അധ്യക്ഷൻ കോളേജ് പ്രിൻസിപ്പൽ ആയിരിക്കും. കോഴ്സുകളുടെ നടത്തിപ്പിന് ഒരു നോഡൽ ഓഫീസറെയും നിയമിക്കാം. സർവകലാശാല രൂപവത്‌കരിക്കുന്ന വിദഗ്ധസമിതി കോളേജുകൾ സന്ദർശിക്കുകയും സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്യും.

ഡിപ്ലോമ സർട്ടിഫിക്കറ്റോടെയുള്ള എക്സിറ്റ്

 • കോഴ്സിന്റെ പ്രത്യേകത ഓരോവർഷത്തിലും വിദ്യാർഥികൾക്ക് വിവിധ ഡിപ്ളോമ സർട്ടിഫിക്കറ്റോടെയുള്ള എക്സിറ്റാണ്.
 • ആദ്യവർഷം 60 ക്രെഡിറ്റുകൾ പൂർത്തിയാക്കി എൻ.എസ്.ക്യു.എഫ്. അഞ്ചാം ലെവൽ പാസാകുന്നവർക്ക് വൊക്കേഷണൽ ഡിപ്ലോമ. ഇവർ 36 നൈപുണി കോഴ്സുകളെങ്കിലും വിജയിച്ചിരിക്കണം.
 • രണ്ടാംവർഷം 120 ക്രെഡിറ്റുകൾ നേടി എൻ.എസ്.ക്യു.എഫ്. ആറാംലെവൽ പാസാകുന്നവർക്ക് അഡ്വാൻസ്ഡ് വൊക്കേഷണൽ ഡിപ്ലോമ. 120 ക്രെഡിറ്റിൽ 72 ക്രെഡിറ്റുകൾ നൈപുണി കോഴ്സുകളാവണം.
 • മൂന്നാംവർഷം 180 ക്രെഡിറ്റുകളോടെ എൻ.എസ്.ക്യു.എഫ്. ഏഴാംലെവൽ പാസാകുന്നവർക്ക് ബി.വോക്. 180 ക്രെഡിറ്റിൽ 108 ക്രെഡിറ്റുകൾ നൈപുണി കോഴ്സുകളാവണം.
 • ബിരുദപഠനം ഇടയ്ക്കുവെച്ച് നിർത്തേണ്ടിവന്നാലും അതുവരെ നേടിയ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നതാണ് സാധാരണ കോഴ്സുകളെ അപേക്ഷിച്ച് ബി.വോക്കിനുള്ള മറ്റൊരുപ്രത്യേകത. ഏതെങ്കിലും വ്യവസായമേഖലയിൽ പ്രത്യേക പരിശീലനം ആവശ്യമെങ്കിൽ പഠനത്തിനിടെ ഒരുവർഷം അവധിയെടുത്ത് പരിശീലനം പൂർത്തിയാക്കി തിരിച്ചുവന്ന് കോഴ്സ് പൂർത്തിയാക്കാനുള്ള അവസരവുമുണ്ട്.
കാമ്പസിൽ നിന്ന്‌ ജോലിയിലേക്ക്

തൊഴിൽമേഖലയിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുന്നരീതിയിൽ ഉയർന്ന നൈപുണിയും സാങ്കേതികമികവുമായി തൊഴിൽ സജ്ജമായാണ് ബി.വോക്. ബിരുദധാരികൾ പുറത്തിറങ്ങുക. ഈ വർഷത്തെ ‘സ്കിൽ ഇന്ത്യ റിപ്പോർട്ട്’ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽക്ഷമതയുള്ള യുവജനങ്ങളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ യുവജനങ്ങളിൽ 65 ശതമാനത്തോളവും തൊഴിൽക്ഷമത കൂടിയവരാണ് എന്നാണ് കണക്ക്. അതിനാൽ സാങ്കേതിക നൈപുണി വൈദഗ്ധ്യ പരിശീലനം അടിസ്ഥാനമാക്കിയുള്ള ബി.വോക്. കോഴ്സുകൾ നമ്മുടെ യുവതയുടെ ഭാവി തൊഴിൽസാധ്യതകളെ മികച്ചതാക്കും.

നേരിട്ടും ലാറ്ററൽ എൻട്രി വഴിയും പ്രവേശനം

സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പാസായവർക്കും എൻ.എസ്.ക്യു.എഫ്. നാലാം ലെവൽ പൂർത്തിയാക്കിയവർക്കുമാണ് പ്രവേശനം. പ്രവേശന പരീക്ഷാ കമ്മിഷണറോ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോ നിർദേശിക്കുന്ന സംവരണതത്ത്വങ്ങളും പാലിക്കണം. ആകെ സീറ്റിന്റെ 80 ശതമാനംമാത്രമേ ആദ്യവർഷം പ്രവേശനം നടത്തൂ. ബാക്കിയുള്ള 20 ശതമാനം സീറ്റുകൾ വരുംവർഷങ്ങളിലെ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനാണ്. ആകെയുള്ള സീറ്റുകളുടെ 10 ശതമാനം രണ്ടാംവർഷം ലാറ്ററൽ എൻട്രി വഴി നികത്താം. ബി.ടെക്. നാല്, അഞ്ച് സെമസ്റ്ററുകൾവരെ പഠിച്ച് 24 ക്രെഡിറ്റെങ്കിലും നേടിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷത്തിലേക്ക് നേരിട്ട് പ്രവേശനംനേടാം. അവശേഷിക്കുന്ന 10 ശതമാനം സീറ്റുകളിൽ ബി.ടെക്. ആറ്, ഏഴ് സെമസ്റ്ററുകൾവരെ പഠിച്ച് 48 ക്രെഡിറ്റെങ്കിലും നേടിയവരെയും പോളിടെക്നിക്കുകളിൽനിന്ന്‌ ഡിപ്ലോമാ നേടിയവരെയും മൂന്നാംവർഷം നേരിട്ട് പ്രവേശിപ്പിക്കാം. പഠനകാലയളവിൽ വിവിധകാരണങ്ങളാൽ എൻജിനിയറിങ് കോഴ്സുകൾ പൂർത്തീകരിക്കാൻ കഴിയാതെപോയ ഒട്ടേറെ വിദ്യാർഥികൾ കേരളത്തിലുണ്ട്. ഇവർക്ക് ബി.ടെക്. പഠനകാലയളവിൽ ആർജിച്ച ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ രണ്ടാംവർഷമോ, മൂന്നാം വർഷമോ ബി.വോക്ക് കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനംനേടാം.

(എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറാണ് ലേഖകൻ)

Content Highlights: Bachelor of Vocational Studies (B. Voc) at KTU


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented