പ്രതീകാത്മക ചിത്രം | Photo: gettyimages.in
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവഗണന നേരിടുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സിനെക്കുറിച്ച് കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ അധ്യാപികയായ ആശാ ലക്ഷ്മി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കാലികപ്രസക്തിയുള്ളതും മത്സര പരീക്ഷകളിലുൾപ്പെടെ വിദ്യാർഥികൾക്ക് പ്രയോജനമുള്ളതുമായ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അർഹമായ പരിഗണ നൽകുന്നില്ലെന്ന് ആശാ ലക്ഷ്മി കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ പ്രാധാന്യത്തോടെ തന്നെ പഠിപ്പിക്കുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ റെഗുലർ പി.ജി. കോഴ്സ് കേരളത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കൊല്ലം അഞ്ചലിലെ സെന്റ് ജോൺസ് കോളേജിലാണ്. പിന്നീട് 2012-ൽ മാത്രമാണ് കേരളത്തിൽ ബിരുദ കോഴ്സ് ആരംഭിച്ചത് - അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ. പിന്നീട് ഇവിടെ പി.ജി. കോഴ്സും ആരംഭിച്ചു. നിലവിൽ കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ മാത്രമാണ് വിഷയത്തിൽ കൂടുതൽ പഠനാവസരമുള്ളത്. പബ്ലിക് ഗവേർണൻസിന്റെ കേരളമാതൃകകൾക്ക് കൂടുതൽ അക്കാദമിക് തട്ടകങ്ങൾ കൂടി നമുക്ക് ആവശ്യമുണ്ടെന്നും ആശാ ലക്ഷ്മി പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം
ചില പബ്ലിക് അഡ്മിനിസ്ട്രേഷൻ വസ്തുതകൾ
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ കൂടുതൽ പഠനങ്ങളും കോഴ്സുകളും കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞു. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന വുഡ്രോ വിൽസൺ 1887 ൽ ഈ വിഷയം പ്രത്യേക പഠനശാഖയാക്കി വേർതിരിക്കണമെന്ന് അഭിപ്രായപ്പെടുകയും തുടർന്ന് വിൽസോണിയൻ ചിന്താധാരയ്ക്ക് സമാനമായ നിരവധി വാദങ്ങളും പഠനങ്ങളും ഇക്കാര്യത്തിൽ ഉണ്ടാവുകയും ചെയ്തു. 1971 നു ശേഷം പബ്ലിക് പോളിസിയിൽ അധിഷ്ഠിതമായ സമീപനങ്ങൾ ശക്തമായതോടു കൂടി പ്രസ്തുത വിഷയത്തിന് കൂടുതൽ ഇന്റർ ഡിസിപ്ലിനറി മുഖം കൈവന്നു. എന്നാൽ ആഗോളവൽക്കരണത്തിന് ശേഷം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ 'governance' എന്ന പദം ആണ് ഇപ്പോൾ താരം. ഇതോടുകൂടി കൂടുതൽ സാങ്കേതികതയും കൃത്യതയും പബ്ലിക് അഡ്മിനിസ്ട്രേഷന്റെ അടിസ്ഥാന സ്വഭാവത്തിൽ കൈവന്നു. Good Governance, e-Governance തുടങ്ങിയ നൂതനമായ പേപ്പറുകൾ പബ്ലിക് അഡ്മിനിസ്ട്രേഷന് വ്യത്യസ്തവും സാങ്കേതികവുമായ ഒരു സമീപനമാണ് ആവശ്യം എന്ന് എടുത്തു പറയുന്നു. Indian Administration, Human Resource Management, Public Policy, Personnel Administration, Financial Administration, Local Governance തുടങ്ങിയ പേപ്പറുകൾ സിവിൽ സർവീസ് രംഗത്ത് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് അവഗാഹം നൽകാൻ പര്യാപ്തമായവയാണ്. അതുകൊണ്ടുതന്നെ ധാരാളം പേർ സിവിൽ സർവീസ് പരീക്ഷയ്ക്ക് optional subject ആയി ഈ വിഷയം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയിൽ പോലും പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിന് വലിയ പ്രാധാന്യമാണുള്ളത്.ദേശീയ അന്തർദേശീയ തലത്തിൽ ഈ വിഷയത്തിലുള്ള പഠനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഇന്ത്യയിൽ 1954 ൽ Paul H. Applebyയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു രൂപീകരിക്കുകയുണ്ടായി. ഇന്ത്യയിൽ തന്നെ നിരവധി പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ ആദ്യകാല കോഴ്സുകളിൽ ഒന്നായി ഇപ്പോഴും പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രാധാന്യത്തോടെ നിലകൊള്ളുന്നു.
കേരളത്തിൽ എന്നാൽ സ്ഥിതി വളരെ വ്യത്യസ്തമാണ് ഇക്കാര്യത്തിൽ. എന്തുകൊണ്ടോ ചില കാരണങ്ങളാൽ കേരളത്തിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ അവഗണിക്കപ്പെടുന്നു. 1996ലാണ് കേരള യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ആദ്യമായി പബ്ലിക് അഡ്മിനിസ്ട്രേഷൻ എം.എ ആരംഭിക്കുന്നത്.തുടർന്ന്, 1999ൽ അഞ്ചൽ സെന്റ്. ജോൺസ് കോളേജിൽ ഈ വിഷയത്തിൽ പി.ജി കോഴ്സ് നിലവിൽവന്നു. എന്നാൽ നീണ്ട പതിനഞ്ചു വർഷത്തോളം പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസിന്റെ കീഴിൽ ആയിരുന്നു കേരള യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സ് നടത്തിവന്നിരുന്നത്. ഇക്കാലയളവിൽ നിരവധിപേർ NET പാസാകുകയും Ph.D ബിരുദം നേടുകയും ചെയ്തിട്ടും കാലികപ്രസക്തിയുള്ള ഈ വിഷയത്തിന് മാതൃ വിഷയമായ പൊളിറ്റിക്കൽ സയൻസിന് ലഭിച്ച പരിഗണന ലഭിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികളുടെ നിരന്തരമായ അപേക്ഷയെ തുടർന്ന് 2012ൽ പബ്ലിക് അഡ്മിനിസ്ട്രേഷന് കേരളത്തിൽ സ്വന്തമായി ബോർഡ് ഓഫ് സ്റ്റഡീസ് നിലവിൽവന്നു. എന്നാൽ ഈ 15 വർഷത്തിനിടയിൽ ഈ വിഷയത്തിൽ കൂടുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുകയോ കൂടുതൽ പോസ്റ്റുകൾ രൂപീകരിക്കുകയോ ചെയ്തിരുന്നില്ല. ഫലത്തിൽ, മാതൃ വിഷയം പഠിച്ചവർക്കുള്ള അത്രയും അവസരം പബ്ലിക് അഡ്മിനിസ്ട്രേഷൻ പഠിച്ചവർക്ക് മതിയായ യോഗ്യത ഉണ്ടായിട്ടും ലഭിച്ചില്ല. എന്നാൽ, 2012ൽ അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ കേരളത്തിലാദ്യമായി ഈ വിഷയത്തിൽ ബിരുദ കോഴ്സ് ആരംഭിച്ചു. തുടർന്ന് 2019- 20 അക്കാദമിക് വർഷത്തിൽ ബിരുദാനന്തരബിരുദവും അവിടെ ആരംഭിച്ചു. 2016ൽ കാസർകോഡുള്ള കേന്ദ്രസർവ്വകലാശാലയിൽ ഈ വിഷയത്തിൽ പി.ജി ആരംഭിക്കുകയും 2017 മുതൽ Ph. D പ്രോഗ്രാം തുടങ്ങുകയും ചെയ്തു. കേരളത്തിൽ റെഗുലർ സംവിധാനത്തിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ M. A, Ph. D എന്നീ കോഴ്സുകൾ ഉള്ള ഏക യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് കേന്ദ്രസർവ്വകലാശാലയിൽ ആണുള്ളത്.
കേരള യൂണിവേഴ്സിറ്റിയിൽ 2013ൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതിന് സിൻഡിക്കേറ്റ് അനുമതി ലഭിച്ചിരുന്നുവെങ്കിലും അത് നിലവിൽ വന്നില്ല.പക്ഷേ, 2019ൽ കാര്യവട്ടത്തെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിനോട് അനുബന്ധമായി പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പി.ജി കോഴ്സ് ആരംഭിക്കുകയുണ്ടായി.ഇത്രയുമാണ് ഈ വിഷയം പഠിക്കുന്നതിന് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ നമുക്ക് ലഭിച്ചിരിക്കുന്ന അവസരങ്ങൾ.
ചുരുക്കത്തിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ പഠനത്തിനും ഗവേഷണത്തിനും പരിമിതമായ അവസരങ്ങളാണ് കേരളത്തിലുള്ളത്.അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ അല്ലാതെ മറ്റൊരു ഗവൺമെന്റ് കോളേജിലും ഈ വിഷയത്തിലുള്ള കോഴ്സുകൾ തുടങ്ങിയിട്ടില്ല എന്നത് ഖേദകരമാണ്. സിവിൽ സർവീസ് രംഗത്ത് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർഥികൾ പഠിക്കാനാഗ്രഹിക്കുന്ന കാലിക പ്രസക്തിയുള്ള ഈ കോഴ്സിൽ ഉന്നത പഠനത്തിന് ആവശ്യമായ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് governance രംഗത്ത് കൂടുതൽ പഠനങ്ങൾക്ക് വഴി ഒരുക്കേണ്ടത് ഏറ്റവും അനിവാര്യമാണ് കേരളത്തിൽ. പബ്ലിക് ഗവേർണൻസിന്റെ കേരളമാതൃകകൾക്ക് കൂടുതൽ അക്കാദമിക് തട്ടകങ്ങൾ കൂടി നമുക്ക് ആവശ്യമാണ്.
Content Highlights: Asha Lakshmi's Facebook post on neglected public administration course in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..