ഇന്റർനാഷണൽ റിലേഷൻസ്; അറിയാം കരിയർ സാധ്യതകൾ 


ബിജു രാഘവൻ

3 min read
Read later
Print
Share

Representational Image | Photo: freepik.com

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദിനംതോറും മാറിയും മറിഞ്ഞും വരുമ്പോൾ, ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ അതിലൊരു തൊഴിൽ സാധ്യതകൂടെ ഒളിഞ്ഞിരിപ്പുണ്ടെന്ന്. യുക്രൈനും റഷ്യയും തമ്മിൽ യുദ്ധം തുടങ്ങിയാലും അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്രബലാബലം നടത്തിയാലും അതിലൊക്കെ നമുക്ക് പണി കിട്ടാനുള്ളൊരു പഴുത് ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് വാസ്തവം. വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയത്തിലും സാമ്പത്തികാസൂത്രണത്തിലും നയപരിപാടികളുടെ രൂപപ്പെടുത്തലുകളിലുമെല്ലാം ഇന്റർനാഷണൽ റിലേഷൻസ് വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ നേടിയവർക്ക് ധാരാളം അവസരങ്ങളുണ്ട്. ഇതിനൊപ്പംതന്നെ ഐക്യരാഷ്ട്രസംഘടനയുടെ ഗ്ലാമർ ജോലികളിൽ പലതും ഈ വിഭാഗത്തിൽ ഉന്നതപഠനം നേടിയവരെ കാത്തിരിക്കുന്നു. ആഗോളരാഷ്ട്രീയം, സാമ്പത്തികം, നിയമം തുടങ്ങിയവയെല്ലാം പഠിക്കുന്നതിലൂടെ അന്താരാഷ്ട്രതലത്തിലുള്ളൊരു ജോലിയാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, യുദ്ധം, രാജ്യാന്തരസംഘടനകളുടെ പ്രവർത്തനം, പരിസ്ഥിതിപ്രശ്നങ്ങൾ, മനുഷ്യാവകാശപ്രശ്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന സിലബസാണ് ഇന്റർനാഷണൽ റിലേഷൻസ് കോഴ്സിന്റേത്. ലോകത്തിന്റെ ചരിത്രവും ചലനങ്ങളുമെല്ലാം പഠിക്കുന്നതുകൊണ്ടുതന്നെയാണ് മികച്ച തൊഴിൽസാധ്യതയുള്ള മേഖലകളിലൊന്നായി ഇത് വികസിച്ചുവരുന്നത്.ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദ-ബിരുദാനന്തരബിരുദ കോഴ്‌സുകളും ഗവേഷണവുമൊക്കെ പൂർത്തിയാക്കുന്നവർക്ക് വിവിധ രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ ജോലിസാധ്യതയുണ്ട്. അന്താരാഷ്ട്രസംഘടനകൾ, സർവകലാശാലകൾ, നയതന്ത്ര ഓഫീസുകൾ, കോർപ്പറേറ്റുകൾ, എൻ.ജി.ഒകൾ എന്നിവിടങ്ങളിലൊക്കെ ഇവർക്ക് കരിയർ വികസിപ്പിച്ചെടുക്കാം.

വിദേശകാര്യമന്ത്രാലയങ്ങളിലും ഇന്റർനാഷണൽ സ്റ്റഡീസ്‌ ബിരുദധാരികൾക്ക് ജോലിസാധ്യതയുണ്ട്. ഇതിനൊപ്പം ഐക്യരാഷ്ട്രസഭയും പ്രധാന തൊഴിൽദാതാവാണ്. വിവിധ സർക്കാരുകളും മറ്റ് സംഘടനകളും ആഗോളവെല്ലുവിളികൾ മനസ്സിലാക്കാനും പരിഹരിക്കാനും ശ്രമിക്കുന്നതിനാൽ, പോളിസി അനലിസ്റ്റുപോലുള്ള തസ്തികകളിലെ ജോലിക്ക് ഡിമാൻഡ് കൂടും. അന്താരാഷ്ട്രസംഘടനകൾ, എൻ.ജി.ഒകൾ, മൾട്ടിനാഷണൽ കോർപ്പറേഷനുകൾ എന്നിവപോലുള്ളവയുടെ പ്രാധാന്യം ലോകത്താകെ വർധിച്ചുവരുന്നുണ്ട്. ഇത് ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ തൊഴിലവസരം വർധിപ്പിക്കുന്നു.

കരിയർ സാധ്യതകൾ
മാധ്യമസ്ഥാപനങ്ങൾ, നിയമസ്ഥാപനങ്ങൾ, ഔഷധനിർമാണവ്യവസായം, ഗവേഷണസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങിയ മേഖലകളിലൊക്കെ പ്രവർത്തിക്കാൻ ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തരബിരുദധാരികളെ തിരഞ്ഞെടുക്കുന്നുണ്ട്. ഡിപ്ലോമാറ്റിക് സർവീസ് ഓഫീസർ, ഗവൺമെന്റ് സോഷ്യൽ റിസർച്ച് ഓഫീസർ, ഇന്റർനാഷണൽ എയ്ഡ്/ഡെവലപ്‌മെന്റ് വർക്കർ, പൊളിറ്റിക്കൽ റിസ്‌ക് അനലിസ്റ്റ്, പബ്ലിക് അഫയേഴ്‌സ് കൺസൽട്ടന്റ് തുടങ്ങിയ ജോലികൾക്കും ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തരബിരുദധാരികൾക്ക് അപേക്ഷിക്കാം.

നിയമം, മാനേജ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ് സപ്പോർട്ട്, പബ്ലിക് ഇൻഫർമേഷൻ ആൻഡ് എക്സ്റ്റേണൽ റിലേഷൻസ്, കോൺഫറൻസ് മാനേജ്‌മെന്റ് തുടങ്ങിയ ജോലികളിൽ ഐക്യരാഷ്ട്രസഭ ജീവനക്കാരെ തിരഞ്ഞെടുക്കാറുണ്ട്. സീനിയർ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസർ, ഇക്കണോമിക് അഫയേഴ്‌സ് ഓഫീസർ, ലീഗൽ ഓഫീസർ, മാനേജ്‌മെന്റ് ആൻഡ് പ്രോഗ്രാം അനലിസ്റ്റ്, ഫിനാൻസ് ആൻഡ് ബജറ്റ് ഓഫീസർ, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ തുടങ്ങിയ ഉയർന്ന തസ്തികകളിലുള്ള നിയമനങ്ങളും ഇതിലുൾപ്പെടുന്നു. ഇവയിലൊക്കെ ഇന്റർനാഷണൽ റിലേഷൻസ് പഠിക്കുന്നവർക്ക് പ്രതീക്ഷയർപ്പിക്കാം. വിവിധ സർവകലാശാലകളിലെ പ്രൊഫസർമാർ, ലോക സാമ്പത്തികഫോറം, ലോകാരോഗ്യസംഘടന തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലും ജോലി നേടാൻ ഇന്റർനാഷണൽ റിലേഷൻസ് പഠനം സഹായിക്കും.

സ്ഥാപനങ്ങൾ
ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലെല്ലാം ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദ-ബിരുദാനന്തര ബിരുദ-ഗവേഷണ കോഴ്‌സുകൾ നിലവിലുണ്ട്. വ്യത്യസ്ത കോളേജുകൾക്ക് പ്രവേശന-യോഗ്യതാ മാനദണ്ഡങ്ങളിലും സിലബസിലും ഫീസ് ഘടനയിലും വ്യത്യാസമുണ്ടാവാറുണ്ട്. കോളേജുകൾക്കും സ്ഥാപനങ്ങൾക്കും അനുസരിച്ച് ആറായിരം രൂപ മുതൽ മുപ്പതിനായിരം രൂപവരെയാണ് ശരാശരി ഫീസ്. സർക്കാർ മേഖലയിൽ ഇന്റർനാഷണൽ റിലേഷൻസ് കോഴ്‌സ് പഠിക്കാവുന്ന സ്ഥാപനങ്ങളിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ. കോഴ്‌സുണ്ട്. അമ്പത് പേർക്കാണ് പ്രവേശനം. സി.യു.ഇ.ടി.പരീക്ഷ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്കുള്ള തിരഞ്ഞെടുപ്പ്.

ജാദവ്പുർ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ. കോഴ്‌സുണ്ട്. എഴുപത് സീറ്റുകളിലാണ് പ്രവേശനം. പ്രത്യേക പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴ്‌സുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഡൽഹി ജാമിയമിലിയ യൂണിവേഴ്‌സിറ്റിയിൽ എം.എ. പൊളിറ്റിക്സ് (ഇന്റർനാഷണൽ ആൻഡ് ഏരിയ സ്റ്റഡീസ്-40 സീറ്റ്), എം.എ. ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്-30 സീറ്റ്), എം.എ. ഇന്റർനാഷണൽ സ്റ്റഡീസ് (അറബ് ഇസ്‌ലാമിക് കൾച്ചർ-30 സീറ്റ്) വിഷയങ്ങളിൽ കോഴ്‌സുകളുണ്ട്. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം.

മുംബൈ യൂണിവേഴ്‌സിറ്റിയിൽ പി.ജി. ഡിപ്ലോമ ഇൻ ഇന്റർനാഷണൽ സ്റ്റഡീസ് (40 സീറ്റ്), എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, പി.ജി. ഡിപ്ലോമ ഇൻ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് കോഴ്‌സുകളുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലും ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര കോഴ്‌സുണ്ട്. 3000 രൂപയാണ് ട്യൂഷൻഫീസ്. കാസർകോട്ടുള്ള കേന്ദ്ര സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് ബിരുദ കോഴ്‌സിന് 63 സീറ്റുകളും ബിരുദാനന്തര ബിരുദ കോഴ്‌സിന് 50 സീറ്റുകളുമുണ്ട്.ഗുജറാത്ത് യൂണിവേഴ്‌സിറ്റി (എം.എ.-ഇന്റർനാഷണൽ റിലേഷൻസ്.), മൈസൂർ യൂണിവേഴ്‌സിറ്റി(എം.എ.ഇന്റർനാഷണൽ റിലേഷൻസ്-25 സീറ്റ്),പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി (എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്-60 സീറ്റ്),ഗുരുനാനാക് യൂണിവേഴ്‌സിറ്റി (എം.എ. ഇന്റർനാഷണൽ റിലേഷൻസ്-30 സീറ്റ്) തുടങ്ങിയ കലാലയങ്ങളും പഠനത്തിന് തിരഞ്ഞെടുക്കാം.വിശദാംശങ്ങൾക്ക് സർവകലാശാലകളുടെ വെബ്‌സൈറ്റ് പരിശോധിക്കാം. രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലാശാലകളിലും ഇന്റർനാഷണൽ റിലേഷൻസ് കോഴ്‌സുകളുണ്ട്.

(തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: all you need to know about the career chances of international relations

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Education

3 min

ദേശീയസ്ഥാപനങ്ങളിൽ ബിരുദതല സയൻസ് പഠനം, അവസരങ്ങളേറെ

Sep 18, 2023


student
Premium

8 min

ജാതി ക്യാമ്പസിൽ, തുല്യത കടലാസിൽ, കൂടുന്ന ആത്മഹത്യ; ഉന്നത വിദ്യാകേന്ദ്രങ്ങളിലെ നീതിനിഷേധങ്ങൾ

Apr 19, 2023


satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


Most Commented