Representational image | Photo: gettyimages.in
2020ലെന്നപോലെ 2021ലും നീറ്റ് സ്കോര്‍ തോത് ഉയര്‍ന്നതായി നീറ്റ് യു.ജി. പരീക്ഷാഫലം വ്യക്തമാക്കുന്നു. 2020നെ അപേക്ഷിച്ച് മാര്‍ക്ക് തോത് ഉയര്‍ന്നെങ്കിലും 2020നെ അപേക്ഷിച്ച് റാങ്ക് താഴേക്കു പോയെന്ന് നീറ്റ് 2021 മാര്‍ക്ക് റാങ്ക് ബന്ധം പരിശോധിച്ചാല്‍ വ്യക്തമാകും.
പരമാവധി സ്കോര്‍ (720) മൂന്നുപേര്‍ക്കാണ് ഈ വര്‍ഷം ലഭിച്ചത്. 2020ല്‍ ഈ സ്കോര്‍ രണ്ടു പേര്‍ക്കാണ് ലഭിച്ചത്. 2020ല്‍ 716 മാര്‍ക്ക് ആര്‍ക്കും ഇല്ലായിരുന്നു.ഈ വര്‍ഷം അത് ഒരാള്‍ക്കുണ്ട്. 2020ല്‍ 715 മാര്‍ക്കു ലഭിച്ചവര്‍ നാല് ആയിരുന്നെങ്കില്‍, 2021ല്‍ അത് 16ല്‍ കുറയാതെയാണ് (ലഭ്യമായ വിവരം അനുസരിച്ച്).
2020ല്‍, മുന്നിലെത്തിയ 20 പേരുടെ ഏറ്റവും കുറഞ്ഞ സ്കോര്‍ 710 ആയിരുന്നെങ്കില്‍ 2021ല്‍ മുന്നിലെത്തിയ 20 പേരുടെ ഏറ്റവും കുറഞ്ഞ സ്കോര്‍ 715 ആണ്. ഈ വര്‍ഷം 710 മാര്‍ക്കു കിട്ടിയവരുടെ റാങ്കുകള്‍ 23 മുതല്‍ 43 വരെയാണ്. മറ്റു സ്കോറുകളിലും ഈ രീതി പ്രകടമാണ്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി
2020ല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 15,97,435 പേര് ആയിരുന്നെങ്കില്‍ 2021ല്‍ അത് 16,14,777 ആണ്. വര്‍ധന 17,342.
എന്നാല്‍, 2020നെ അപേക്ഷിച്ച് 2021ല്‍ പരീക്ഷ എഴുതിയവരുടെ എണ്ണത്തില്‍ 1,77,330ന്റെ വര്‍ധനയാണ് വന്നിരിക്കുന്നത്. 2020ല്‍ 13,66,945 പേര് പരീക്ഷയെഴുതിയപ്പോള്‍ 2021ല്‍ 15,44,275 പേര് പരീക്ഷ അഭിമുഖീകരിച്ചു.
യോഗ്യത നിശ്ചയിക്കാന്‍ പെര്‍സന്റൈല്‍ തത്ത്വം ഉപയോഗിക്കുന്നതിനാല്‍ യോഗ്യത ലഭിച്ചവരുടെ എണ്ണവും 2021ല്‍ ആനുപാതികമായി വര്‍ധിച്ചു. 2020നെ അപേക്ഷിച്ച് 2021ല്‍ കൂടുതലായി 98,574 പേര് യോഗ്യത നേടി.
കട്ട് ഓഫ് സ്കോര്‍
2020ല്‍ യോഗ്യത നേടിയത് 7,71,500 പേരെങ്കില്‍ 2021ല്‍ 8,70,074 പേര് യോഗ്യത നേടി. ഇക്കാരണത്താല്‍, പെര്‍സന്റൈല്‍ രീതിയില്‍ നിര്‍ണയിക്കുന്ന കട്ട് ഓഫ് സ്കോര്‍, എല്ലാ വിഭാഗങ്ങളിലും താഴേക്കുവന്നു. അണ് റിസര്‍വ്ഡ്/ഇ.ഡബ്ല്യു.എസ്. കട്ട് ഓഫ്, 138 ആയി (2020ല്‍ 147). ഈ വിഭാഗത്തിലെ ഭിന്നശേഷി വിഭാഗ കട്ട് ഓഫ്, 122 ആയി (2020ല്‍ 129). ഒ.ബി.സി./പട്ടിക വിഭാഗക്കാര്‍, ഈ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ എന്നിവരുടെ കട്ട് ഓഫ്, 108 (2020ല്‍ 113).
ഒരേ റാങ്ക് കൂടുതല്‍ പേര്‍ക്ക്
ഒരേ റാങ്ക് ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് അനുവദിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ഫലത്തില്‍ കാണാം. പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരമുള്ള ടൈ ബ്രേക്കിങ് വ്യവസ്ഥകള്‍ ബാധകമാക്കിയ ശേഷവും സ്കോറിലെ തുല്യത തുടരുന്നവര്‍ക്കാണ് ഒരേ റാങ്ക് നല്‍കിയിരിക്കുന്നത്.
സീറ്റുകള്‍
നാഷണല്‍ മെഡിക്കല്‍ കമ്മിഷന് വെബ് സൈറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് രാജ്യത്ത് എം.ബി.ബി.എസിന് മൊത്തം 83,350 സീറ്റുകളുണ്ട്.ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വെബ്സൈറ്റ് പ്രകാരം ബി.ഡി.എസിന് 26,949 സീറ്റുണ്ട്.
അലോട്ട്മെന്റുകള്‍
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന എം.ബി.ബി. എസ്./ബി.ഡി.എസ്. അലോട്ട്മെന്റുകള്‍, ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന ബി.എ.എം.എസ്./ബി.യു.എം.എസ്./ബി.എസ്.എം.എസ്./ബി.എച്ച്.എം.എസ്. അലോട്ട്മെന്റുകള്‍, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ.) യുടെ ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. കൗണ്‍സലിങ് എന്നിവ സംബന്ധിച്ച അറിയിപ്പുകള് വരുന്നത് ശ്രദ്ധിക്കുക.
കേരളത്തില്‍ നീറ്റ് ഫലം/സ്കോര്‍ അപ്പ് ലോഡിങ്/കണ്ഫര്മേഷന് സംബന്ധിച്ച അറിയിപ്പ് വരുമ്പോള്‍ അതുചെയ്യുക.
വിവിധസംസ്ഥാനങ്ങളിലെ മാനേജ്മെന്റ് /എന്‍.ആര്.ഐ. സീറ്റ് എന്നിവയില്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ ശ്രദ്ധിക്കുക. ബി.എസ്സി. നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകളും പ്രതീക്ഷിക്കാം.
Content Highlights: NEET UG 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..