അന്ന് സാക്ഷരതാനിരക്ക് 18%, ഇന്ന് 77 ന് മുകളില്‍; ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ 75 വര്‍ഷങ്ങള്‍


ഭാഗ്യശ്രീ

in-depth

Representational Image (Photo: Canva)

ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടീഷുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ കണക്കപ്പിള്ളമാരെയും ഗുമസ്തന്‍മാരേയും കിട്ടേണ്ടത് അത്യാവശ്യമായപ്പോഴാണ് പാശ്ചാത്യവിദ്യാഭ്യാസമെന്ന ആശയം ഇന്ത്യയിലുദയം കൊള്ളുന്നത്. എന്നാല്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിനൊപ്പം ഗാന്ധിജി അടക്കമുള്ള സമരനായകര്‍ വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നല്‍കി. സ്വാതന്ത്ര്യാനന്തരം നിലവില്‍വന്ന സര്‍ക്കാരുകള്‍ വിവിധ കാലത്തായി വിദ്യാഭ്യാസ രീതിയില്‍ കൊണ്ടുവന്ന നിരന്തര പരിഷ്‌കരണങ്ങളാണ് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ചത്.

1948-ല്‍ രാജ്യത്തെ സെക്കന്‍ഡറി വിദ്യാഭ്യാസവും ഉന്നതവിദ്യാസവും പഠനവിധേയമാക്കി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ രണ്ട് കമ്മറ്റികള്‍ രൂപവത്കരിക്കാന്‍ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് തീരുമാനിച്ചു. അത് പ്രകാരമാണ് സര്‍വകലാശാല വിദ്യാഭ്യാസ കമ്മിഷനും മുദലിയാര്‍ കമ്മിഷനും നിലവില്‍വന്നത്.

സര്‍വകലാശാല വിദ്യാഭ്യാസ കമ്മിഷന്‍ (1948)

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമ്മിഷനായ സര്‍വകലാശാല വിദ്യാഭ്യാസ കമ്മിഷനില്‍ ഡോ. എസ്. രാധകൃഷ്ണന്‍ അധ്യക്ഷനായി. രാജ്യത്തെ സര്‍വകലാശാലാ വിദ്യാഭ്യാസം സമഗ്രമായി പഠിക്കുക എന്നതായിരുന്നു കമ്മിഷന്റെ ഉദ്ദേശ്യം. ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് 1953-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷന്‍ നിലവില്‍വന്നത്. കോഴ്സുകളുടെ പുനഃസംഘടന, മൂല്യനിര്‍ണയ രീതികള്‍, പഠനമാധ്യമം, വിദ്യാര്‍ഥികളുടെ സേവനങ്ങള്‍, അധ്യാപക റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് നിരവധി ശുപാര്‍ശകള്‍ നല്‍കി.

സെക്കന്‍ഡറി വിദ്യാഭ്യാസ കമ്മിഷന്‍ (1952-53)

ലക്ഷ്മണസ്വാമി മുദലിയാരുടെ നേതൃത്വത്തിലായിരുന്നു സെക്കന്‍ഡറി വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ചത്. സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു മുദലിയാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളോടുള്ള സമീപനം കൂടുതല്‍ ജനാധിപത്യപരമാവണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ കാലാവധി ഏഴു വര്‍ഷമാക്കണമെന്നും 11 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇതിലുള്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തു. ബിരുദ കോഴ്‌സിനൊപ്പം ഹയര്‍ സെക്കന്ററി കോഴ്‌സിനും ഇതോടെ തുടക്കമായി. കൂടുതല്‍ വൊക്കേഷണല്‍, ടെക്‌നിക്കല്‍ സ്‌കൂളുകളും കോളേജുകളും ആരംഭിച്ചു. വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുള്ള വിഷയമാകാനും കമ്മിഷന്‍ റിപ്പോര്‍ട്ട് കാരണമായി.

പഞ്ചവത്സര പദ്ധതികളും വിദ്യാഭ്യാസവും

ഇന്ത്യന്‍ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതിനായി വിദ്യാഭ്യാസം ഉള്‍പ്പടെ സമഗ്ര മേഖലകളും പരിഗണിച്ച് ഒരു വികസന രൂപരേഖ തയ്യാറാക്കാന്‍ 1950-ല്‍ സര്‍ക്കാര്‍ ആസൂത്രണ കമ്മീഷനെ നിയോഗിച്ചു. വിദ്യാഭ്യാസമേഖലയില്‍ പ്രധാനമായും അഞ്ച് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പഞ്ചവത്സരപദ്ധതികള്‍ തയ്യാറാക്കി വന്നത്. നിരക്ഷരത ഇല്ലാതാക്കുക, സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുക, തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കരണം, ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം രാജ്യത്തെ എല്ലാ ജില്ലകളിലും ലഭ്യമാക്കുക എന്നിവ ഈ പദ്ധതികളുടെ ലക്ഷ്യമായിരുന്നു.

കോത്താരി കമ്മിഷന്‍ (1964-66)

ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റങ്ങള്‍ നിര്‍ദേശിച്ച ഈ കമ്മിഷന്റെ അധ്യക്ഷനായിരുന്നു ഡി.എസ്. കോത്താരി. വിദ്യാഭ്യാസവും രാഷ്ട്രവികസനവും എന്നതായിരുന്നു കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദതലം വരെ 10+2+3 എന്ന ഘടന നിര്‍ദേശിച്ചത് കോത്താരി കമ്മിഷനാണ്. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയും കമ്മിഷന്‍ സമഗ്രമായി അവലോകനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളെയും പരിഗണിച്ച് ഒരു ദേശീയ മാതൃക തന്നെ വിദ്യാഭ്യാസ കമ്മീഷന്‍ മുന്നോട്ട് വെച്ചു. 1968 ജൂലാൗയില്‍ കേന്ദ്രസര്‍ക്കാര്‍ ഔപചാരികമായി പുറത്തിറക്കിയ വിദ്യാഭ്യാസത്തിനായുള്ള ദേശീയ നയത്തെക്കുറിച്ചുള്ള ഒരു പ്രമേയത്തിലേക്ക് കമ്മിഷന്റെ റിപ്പോര്‍ട്ട് നയിച്ചു. ഈ നയം 1986-ല്‍ പരിഷ്‌കരിച്ചു.

1968-ലെ ദേശീയ വിദ്യാഭ്യാസനയം

കോത്താരി കമ്മിഷന്റെ നിര്‍ദേശ പ്രകാരം 1968-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപംനല്‍കി. ദേശീയോദ്ഗ്രഥനം, സാംസ്‌കാരിക-സമ്പത്തിക വികസനം, വിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സമൂലമാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു നയം.

സെക്കന്‍ഡറി തലത്തില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന് ഈ നയം നിര്‍ദേശിച്ചു. ഇംഗ്ലീഷ്, പ്രാദേശികഭാഷ് എന്നിവയ്ക്ക് പുറമെ ഹിന്ദിയും പഠിപ്പിക്കണമെന്ന് ഇതിലൂടെ നിര്‍ദേശിച്ചു. ദേശീയവരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തണമെന്നും 1968-ലെ ദേശീയ വിദ്യാഭ്യാസനയം നിര്‍ദേശിച്ചു.

1986-ലെ ദേശീയ വിദ്യാഭ്യാസനയം

രാജിവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് 1986-ല്‍ പുതിയ ദേശീയ വിദ്യാഭ്യാസനയം അവതരിപ്പിച്ചത്. പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പിന്നാക്ക വിഭാഗക്കാര്‍ക്കായി പ്രത്യേകം സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, ഈ വിഭാഗങ്ങളില്‍നിന്നുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയും നയത്തിലെ നിര്‍ദേശങ്ങളായിരുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് ഈ നയത്തിന്റെ ഭാഗമായിരുന്നു.

ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്: മനുഷ്യവിഭവവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 1987-88 കാലഘട്ടത്തില്‍ രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്. പ്രൈമറി സ്‌കൂളുകളില്‍ ആവശ്യമായ ക്ലാസ് മുറികളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഓരോ ക്ലാസിനും കുറഞ്ഞത് രണ്ട് അധ്യാപകര്‍, അധ്യാപനത്തിനായി ബ്ലാക്ക് ബോര്‍ഡ്, മാപ്, ചാര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുക എന്നിവയായിരുന്നു ഓപ്പറേഷന്‍ ബ്ലാക്ക്‌ബോര്‍ഡിന്റെ ലക്ഷ്യങ്ങള്‍. പിന്നീട് എട്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഓപ്പറേഷന്‍ ബ്ലാക്ക്‌ബോര്‍ഡ് അപ്പര്‍ പ്രൈമറി തലത്തിലേക്ക് കൂടി നടപ്പാക്കി.

അധ്യാപക പരിശീലന പദ്ധതി (1987)

അധ്യാപക പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. 1986-ലെ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിച്ചതു പ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പും സര്‍വീസില്‍ ഉള്ളവര്‍ക്കും അധ്യാപക പരിശീലനം നല്‍കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (DIETs) സ്ഥാപിക്കാനും ടീച്ചര്‍ എജ്യൂക്കേഷന്‍ കോളേജുകള്‍, എസ്.സി.ഇ.ആര്‍.ടി.കള്‍ എന്നിവയെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിച്ചു.

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി - DPEP (1994)

പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 1994-ല്‍ ഡി.പി.ഇ.പി. പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 85 ശതമാനം ചെലവ് കേന്ദ്രസര്‍ക്കാരും 15 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം. കേന്ദ്ര വിഹിതത്തില്‍ ലോക ബാങ്ക്, യൂണിസെഫ്, ബ്രിട്ടന്റെ ഡി.എഫ്.ഐ.ഡി. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ സംഭാവനയുമുണ്ടായിരുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള വിദ്യാഭ്യാസത്തിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

ഉച്ചഭക്ഷണ പദ്ധതി (1995)

പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ പോഷകാഹാരം ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1995 ഓഗസ്റ്റ് 15ന് കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി രാജ്യത്തെ 2408 ബ്ലോക്കുകളിലാണ് തുടക്കത്തില്‍ പദ്ധതി ആരംഭിച്ചത്. 1997-98 കാലഘട്ടത്തില്‍ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കി. 2007-ല്‍ രാജ്യത്തെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന 3479 ബ്ലോക്കുകളില്‍ ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 2021 സെപ്റ്റംബറില്‍ പദ്ധതിയെ പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ (PM-POSHAN) എന്ന് പുനര്‍നാമകരണം ചെയ്തു. സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് പ്രീ-പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സര്‍വ ശിക്ഷാ അഭിയാന്‍ (2001)

ആറ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 2001-ല്‍ സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതി ആരംഭിച്ചത്. 1994-ലെ ഡി.പി.ഇ.പി.യുടെ തുടര്‍ച്ചകൂടിയായിരുന്നു സര്‍വ ശിക്ഷാ അഭിയാന്‍. ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം 2010-ഓടെ ഉറപ്പാക്കുക എന്നായിരുന്നു സര്‍വ ശിക്ഷാ അഭിയാന്‍ ലക്ഷ്യമിട്ടത്. 2014-ല്‍ ആരംഭിച്ച ' പഠേ ഭാരത് ബഡേ ഭാരത്' സര്‍വ ശിക്ഷാ അഭിയാന്റെ ഉപപദ്ധതിയാണ്. ചെറിയ ക്ലാസുകളില്‍ കുട്ടികളുടെ വായന, എഴുത്ത്, ഗണിത നൈപുണ്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


86-ാം ഭരണഘടനാ ഭേദഗതി

2002-ലെ 86-ാം ഭേദഗതിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന അനുച്ഛേദം 21-എ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 6 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ആര്‍ട്ടിക്കിള്‍ 21-എ വ്യക്തമാക്കുന്നു. നാലാം ഭാഗമായ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്ന 45-ാം അനുഛേദത്തില്‍ 6 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. അനുഛേദം 51-എയില്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് രക്ഷകര്‍ത്താക്കളുടെ മൗലിക കടമയാണെന്നും ഈ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ അവകാശ നിയമം 2009

ആറ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാനായാണ് 2009 ഓഗസ്റ്റ് നാലിന് പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. 2010 ഏപ്രില്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് 25 ശതമാനം സംവരണം നല്‍കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനെ നിയമം നിരോധിക്കുന്നു.

ദേശീയ വിദ്യാഭ്യാസനയം 2020

2040-ഓടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ചുള്ള താണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം. മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം തയ്യാറാക്കിയത്. 2020 ജൂലായ് 19 -ന് കേന്ദ്ര കാബിനറ്റ് ഇതിന് അംഗീകാരം നല്‍കി.

പുതിയ നയപ്രകാരം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 സ്‌കൂള്‍ വിദ്യാഭ്യാസ രീതിയില്‍ മൂന്നുമുതല്‍ 18വരെ വയസ്സുള്ള കുട്ടികളെ വളര്‍ച്ചയുടെ നാലു ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തില്‍പ്പെട്ട കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. മൂന്നുമുതല്‍ എട്ടു വരെ വയസ്സുള്ള ആദ്യഘട്ടത്തില്‍ (Foundational Stage) പ്രീ-പ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉള്‍പ്പെടും. 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി (Preparatory Stage) ഘട്ടമാണ് രണ്ടാമത്തേത്, 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി (Middle Stage) ഘട്ടമാണ് മൂന്നാമത്തേത്. ഒന്‍പതുമുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും.

അഞ്ചാംക്ലാസ് വരെ മാതൃഭാഷയില്‍/ പ്രാദേശികഭാഷയില്‍ പഠിക്കാനും എട്ടുവരെ വേണമെങ്കില്‍ ഇംഗ്ലീഷില്‍ പഠിക്കാമെന്നും ശുപാര്‍ശയുണ്ട്. സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കണം. 3, 5, 8 ക്ലാസുകളില്‍ സ്‌കൂള്‍ പരീക്ഷകള്‍ വെക്കാം. 10, 12 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷയുണ്ടാകും. പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ ഓര്‍മശക്തി പരീക്ഷിക്കുന്നതിനുപകരം കഴിവുകളും നൈപുണികളും അളക്കുന്നതിന് പ്രാധാന്യം നല്‍കും. സ്‌കൂളുകളില്‍ ബാഗില്ലാതെ പോകാവുന്ന ദിവസങ്ങള്‍കൂടി (Bagless days) പ്ലാന്‍ ചെയ്യണം.

വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുക, കൂടുതല്‍ ഡിജിറ്റല്‍വത്കരണം സാധ്യമാക്കുക, ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങളൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ഇവയ്ക്കു പുറമേ അധ്യാപകരുടെ പരിശീലന പരിപാടികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.

മറ്റു പദ്ധതികള്‍

*നാഷണല്‍ പ്രോഗ്രാം ഫോര്‍ എജ്യുക്കേഷന്‍ ഓഫ് ഗേള്‍സ് അറ്റ് എലമെന്ററി എജ്യുക്കേഷന്‍ - NPEGEL (2003): ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം കൂട്ടുകയെന്ന ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്.

*കസ്തുര്‍ബാ ഗാന്ധി ബാലിക വിദ്യാലയ സ്‌കീം (2004-05): എസ്.സി., എസ്..ടി., ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് റെസിഡല്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനായി 2004 ജൂലായില്‍ ആരംഭിച്ച പദ്ധതി.

*രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (2009): സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുക, കൂടുതല്‍ വിദ്യാര്‍ഥികളെ സെക്കന്‍ഡറി തലത്തില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി ആരംഭിച്ച പദ്ധതി.

*സാക്ഷര ഭാരതം (2009): ഔദ്യോഗിക വിദ്യാഭ്യാസം നേടാനാവാത്ത/ പൂര്‍ത്തിയാക്കാനാവാത്ത 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യ വികസനം, അപ്ലൈഡ് സയന്‍സ്, സ്‌പോര്‍ട്‌സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

*രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ - RUSA (2013): ഉന്നതവിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഈ പദ്ധതി നിലവില്‍വന്നത്. സംസ്ഥാന സര്‍വകലാശാലകള്‍, അഫില്യേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കുകയെന്നത് ഇതിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

*സമഗ്രശിക്ഷാ അഭിയാന്‍ (2018): പ്രീസ്‌കൂള്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.

പ്രധാന വിദ്യാഭ്യാസ അധികാര/ നിയന്ത്രണ സ്ഥാപനങ്ങള്‍

*അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE): രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും നിയന്ത്രിക്കുന്ന സ്ഥാപനം. 1945-ല്‍ ഉപദേശക സമിതിയായി സ്ഥാപിതമായ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് 1987-ല്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി പദവി നല്‍കി.

*യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.): 1948-ലെ സര്‍വകലാശാല കമ്മിഷന്റെ നിര്‍ദേശപ്രകാരം 1953-ലാണ് യു.ജി.സി. സ്ഥാപിതമായത്. സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ജി.സി. മാനദണ്ഡപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.

*നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.): സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തിനായി 1961-ല്‍ നിലവില്‍വന്ന സ്വയംഭരണ സ്ഥാപനമാണ് എന്‍.സി.ഇ.ആര്‍.ടി. സമാനമായ രീതിയില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് അഥവാ എസ്.സി.ഇ.ആര്‍.ടി.

തിരിഞ്ഞുനോട്ടം

അതാത് കാലത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല വളര്‍ന്ന് പന്തലിച്ചത് ചെറിയ കാലയളവിലാണ്. കേവലം എഴുത്തും വായനയും എന്നതിനപ്പുറം ഉള്‍ക്കാഴ്ചയും അവബോധവുമുള്ള ഒരു മനുഷ്യന്റെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്കുതകുംവിധം നിരന്തരം അഴിച്ചുപണി നടക്കുന്ന മേഖലയായി ഇന്ത്യന്‍ വിദ്യാഭ്യാസം മാറി. വ്യക്തി എന്നതിനപ്പുറം സര്‍വമേഖലകളുമടങ്ങുന്ന ഒരു സമൂഹത്തെയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ ഉള്‍ക്കാഴ്ച പിന്നീടുള്ള തലമുറയ്്ക്ക് വഴികാട്ടിയായി.

അമേരിക്കന്‍ ഐക്യനാടുകളും ചൈനയും കഴിഞ്ഞാല്‍ ഇന്ന് ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എജ്യുക്കേഷനല്‍ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. 54 കേന്ദ്രസര്‍വകലാശാലകളടക്കം 1047 സര്‍വകലാശാലകളും അമ്പതിനായിരത്തിലധികം കോളേജുകളും നിലവില്‍ രാജ്യത്തുണ്ട്. 1951 ല്‍ വെറും 18 ശതമാനമായിരുന്ന ഇന്ത്യന്‍ ജനതയുടെ സാക്ഷരതാ നിരക്ക് 2011 ആയപ്പോഴേക്കും 74.04 ശതമാനമായാണ് ഉയര്‍ന്നത്. 2021-ല്‍ സാക്ഷരതാ നിരക്ക് 77.7 ശതമാനമായി. 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇന്നും അത് നേടാനാകാത്തവരുണ്ട്. അവരിലേക്ക് കൂടി എത്തുന്ന മുറയ്ക്ക് മാത്രമേ ഇന്ത്യയിലെ വിദ്യാഭ്യാസം പൂര്‍ണമായും ജനാധിപത്യപരമാവുകയുള്ളൂ.

Content Highlights: 75 Years of Indian Education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented