പ്രതീകാത്മക ചിത്രം | Photo: gettyimages.in
ചോദ്യം- കീം എന്‍ജിനിയറിങ് ഉത്തരസൂചികയില്‍ പരാതി നല്‍കിയിരുന്നു. അത് അംഗീകരിച്ചോ എന്ന് എപ്പോള്‍ അറിയാന്‍കഴിയും? പ്ലസ്ടു മാര്‍ക്ക് എങ്ങനെയാണ് നല്‍കേണ്ടത്? -വിനയന്, മലപ്പുറം
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ രണ്ടുപേപ്പറിലെയും ചോദ്യങ്ങളുടെ ഉത്തരസൂചികയിന്മേല് പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് ലഭിച്ച പരാതികളെല്ലാം വിവിധ വിഷയങ്ങള്‍ക്ക് രൂപവത്കരിച്ച വിദഗ്ധരടങ്ങുന്ന സമിതികള്‍ പരിശോധിക്കും. സമിതികളുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ഉത്തരസൂചികയില്‍ മാറ്റങ്ങള്‍വരുത്തും. വേണ്ടിവന്നാല്‍ ഉത്തരസൂചിക മാറ്റാം. അല്ലെങ്കില്‍ ചോദ്യംതന്നെ മൂല്യനിര്ണയത്തില്നിന്നും ഒഴിവാക്കപ്പെടാം. ചോദ്യങ്ങള്‍ മൂല്യനിര്‍ണയത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടാല്‍, ഒഴിവാക്കപ്പെട്ട ചോദ്യങ്ങളുടെ മാര്‍ക്ക് ഇതുസംബന്ധിച്ച കോടതി ഉത്തരവിലെ മാര്‍ഗനിര്‍ദേശപ്രകാരം ആ വിഷയത്തിലെ മറ്റു ചോദ്യങ്ങള്‍ക്ക് വിതരണം ചെയ്യും.
മാറ്റങ്ങള്‍ വരുത്തിയശേഷമുള്ള ഉത്തരസൂചിക അടിസ്ഥാനമാക്കിയാകും സ്കോറിങ്/മൂല്യനിര്‍ണയം നടത്തുക. ഏതൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന്, സ്കോര്‍ പ്രസിദ്ധപ്പെടുത്തുന്ന സമയത്തു മാത്രമേ വെളിപ്പെടുത്തൂ. ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതിയാണുള്ളത്. മുന്‍കൂട്ടി ഇത് പ്രഖ്യാപിക്കുകയോ പരാതി നല്‍കിയവരെ അറിയിക്കുകയോ ചെയ്യില്ല. അതിനാല്‍ തീരുമാനത്തിനായി സ്കോര്‍ പ്രഖ്യാപനസമയംവരെ കാത്തിരിക്കുക.
പ്രവേശനപരീക്ഷയില്‍ നിശ്ചയിച്ചിട്ടുള്ള 10 മാര്‍ക്കുവീതം ഓരോ പേപ്പറിലും നേടുന്നവരെ മാത്രമേ (പട്ടികവിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല. ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കിയിരിക്കണം) എന്‍ജിനിയറിങ് റാങ്കിങ്ങിനായി പരിഗണിക്കൂ.
സ്കോര്‍ പ്രസിദ്ധപ്പെടുത്തിയശേഷം, യോഗ്യത നേടിയവര്‍ ഓണ്‍ലൈനായി പ്ലസ്ടു മാര്‍ക്ക് നല്‍കാനുള്ള അറിയിപ്പ് വരും. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയ്ക്കൊപ്പം പൊതുവേ കെമിസ്ട്രിയുടെയും രണ്ടാംവര്‍ഷ പരീക്ഷയിലെ മാര്‍ക്കാണ് അപ്ലോഡ് ചെയ്യേണ്ടത്. ഏതെങ്കിലും ബോര്‍ഡിന്റെ പരീക്ഷാഫലം പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് ലഭ്യമാണെങ്കില്‍; ബോര്‍ഡ്, പാസായവര്‍ഷം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ നല്കുമ്പോള് ബാധകമായ മാര്‍ക്കുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. എങ്കില്‍ അത് പരിശോധിച്ച് അംഗീകരിച്ചാല്‍ മതി. ഇവര്‍ മാര്‍ക്ക് ഷീറ്റ് അപ്ലോഡ് ചെയ്യേണ്ടിവരില്ല.
സ്ക്രീനില്‍ കാണുന്ന മാര്‍ക്കും യഥാര്‍ഥ മാര്‍ക്കും വ്യത്യസ്തമെങ്കില്‍, 'ചേഞ്ച്' ബട്ടണ്‍ ഉപയോഗിച്ച് മാര്‍ക്ക് എഡിറ്റ് ചെയ്യാം. യഥാര്‍ഥ മാര്‍ക്ക് എന്റര്‍ ചെയ്യാം. മാര്‍ക്ക് വിവരം കമ്മിഷണറേറ്റില്‍ ഇല്ലെങ്കില്‍ യഥാര്‍ഥ മാര്‍ക്ക് എന്റര്‍ ചെയ്യണം. രണ്ടു സാഹചര്യങ്ങളിലും 'സബ്മിറ്റ് മാര്‍ക്ക് ഡേറ്റ' ബട്ടണ്‍ ക്ലിക്കുചെയ്ത്, കണ്‍ഫേം ചെയ്യണം. അതോടൊപ്പം ഇവര്‍ മാര്‍ക്ക്ഷീറ്റിന്റെ പി.ഡി.എഫ്. പകര്‍പ്പ് അപ്ലോഡ് ചെയ്യുകയും വേണം.
എല്ലാവരും മാര്‍ക്ക് സബ്മിഷന് കണ്ഫര്മേഷന് റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുമുമ്പ്, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി കണ്‍ഫേം ചെയ്ത/എന്റര്‍ ചെയ്ത മാര്‍ക്ക്, അന്തിമ പരിശോധനയ്ക്കായി വെബ്സൈറ്റില്‍ ലഭ്യമാക്കും. അത് പരിശോധിച്ച് ശരിയെങ്കില്‍ 'നോ ചേഞ്ച്', തിരുത്തലുകള്‍ വേണമെങ്കില്‍ 'ചേഞ്ച് റിക്യൂവേര്ഡ്' ബട്ടണ്‍ ക്ലിക്കുചെയ്ത് നിര്‍ദേശങ്ങള്‍ പാലിച്ച് വേണ്ടതുചെയ്യണം. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വിജ്ഞാപനത്തിലും സൈറ്റിലും ലഭ്യമാക്കും. മുന്‍വര്‍ഷത്തെ രീതിയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. 2022 പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം വരുമ്പോള്‍ അറിയിപ്പിലെ നിര്‍ദേശങ്ങള്‍ പാലിച്ച് മാര്‍ക്ക് നല്കാന് ശ്രദ്ധിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..