.jpg?$p=1bf731d&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്
പ്ലസ് വണ്‍ സയന്‍സ് പഠിക്കുന്നു. നിഫ്റ്റില്‍ പഠിക്കാന്‍ ആഗ്രഹം ഉണ്ട്. പ്ലസ്ടു കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത്? -ഗൗരി, പാലക്കാട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ. എഫ്.ടി.) 17 കേന്ദ്രങ്ങളിലായി പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഫാഷന്‍ ഡിസൈനിങ്, ഫാഷന്‍ ടെക്‌നോളജി മേഖലകളിലെ ബിരുദപ്രോഗ്രാമുകള്‍ നടത്തുന്നു.
ബംഗളൂരു, ഭോപാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പട്‌ന, പഞ്ച്കുളാ, റായ്ബറേലി, ഷില്ലോങ്, കംഗ്‌റ, ജോധ്പുര്‍, ഭുവനേശ്വര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്), ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടെക്) എന്നീ രണ്ടു പ്രോഗ്രാമുകളുണ്ട്.
ഫാഷന്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ആക്‌സസറി ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ സവിശേഷ മേഖലകളിലാണ്, ബി.ഡിസ് പ്രോഗ്രാം ഉള്ളത്. പ്ലസ്ടു/തത്തുല്യ യോഗ്യത (ഏതു സ്ട്രീമില്‍നിന്നും ആകാം) നേടിയവര്‍ക്ക് അപേക്ഷിക്കാം. അപ്പാരല്‍ പ്രൊഡക്ഷന്‍ ബി.എഫ്.ടെകിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായവ്യവസ്ഥ ഉണ്ടാകും.
രണ്ടു കോഴ്‌സുകള്‍ക്കും പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷ) ഉണ്ടാകും. പരീക്ഷയുടെ ഘടനയും വിശദാംശങ്ങളും niftadmissions.in ഉള്ള 2022 പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസില്‍ ഉണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സിറ്റുവേഷന്‍ ടെസ്റ്റ് ഉണ്ടാകും. ബി.എഫ്.ടെക്. പ്രവേശനത്തിന് ജനറല്‍ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. കണ്ണൂര്‍ കേന്ദ്രത്തില്‍ ബി. ഡിസ്- ഫാഷന്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍; ബി.എഫ്.ടെക്. എന്നീ പ്രോഗ്രാമുകള്‍ ഉണ്ട്.
കണ്ണൂരില്‍ ഉള്‍പ്പെടെ ഒന്‍പതു കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ഡൊമിസൈല്‍ വിഭാഗത്തില്‍ സൂപ്പര്‍ ന്യൂമററി സീറ്റുകള്‍ ഉണ്ട്. പ്ലസ്ടു കോഴ്‌സ്/പരീക്ഷ കേരളത്തില്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് കണ്ണൂരിലെ ഡൊമിസൈല്‍ വിഭാഗസീറ്റിന് അര്‍ഹത. അപേക്ഷാ രജിസ്‌ട്രേഷന്‍സമയത്ത് ഇതിലേക്ക് താത്പര്യം അറിയിക്കണം. സാധാരണ പ്രവേശനത്തിനും ഇവരെ പരിഗണിക്കും.
പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഈ പ്രവേശനത്തിന്റെ വിജ്ഞാപനം വരാറുണ്ടെന്നുള്ള കാര്യം ഓര്‍ക്കുക. ഒരു അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിനുള്ള നിഫ്റ്റ് വിജ്ഞാപനം തലേ അക്കാദമിക് വര്‍ഷം ഡിസംബര്‍ ആദ്യവാരം വരാറുണ്ട്.
അതായത്, നിങ്ങള്‍ ക്ലാസ് 12 അവസാനഘട്ടത്തില്‍ പഠിക്കുമ്പോള്‍ 2022 പ്രവേശനത്തിന് 2021 ഡിസംബര്‍ മൂന്നുമുതല്‍ 2022 ജനുവരി 17 വരെ അപേക്ഷിക്കാമായിരുന്നു. 2023 പ്രവേശന വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..