Representational Image (Photo: Canva)
കീം വഴി ബി.ആര്‍ക്ക് പ്രവേശനം ലഭിക്കാന്‍ 'നാറ്റ'യില്‍ എത്ര സ്‌കോര്‍ വേണം? കേരളത്തില്‍ ഏതൊക്കെ സര്‍ക്കാര്‍ കോളേജില്‍ കോഴ്സുണ്ട്? ഗവ. കോളേജില്‍ കിട്ടാന്‍ എത്ര റാങ്ക് വേണം? -ശ്രീകുമാര്‍, മലപ്പുറം
കേരളത്തില്‍ പ്രവേശനപരീക്ഷാകമ്മിഷണറാണ് ബാച്ച്ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) പ്രോഗ്രാമിലെ സര്‍ക്കാര്‍ സീറ്റുകള്‍ നികത്തുന്നത്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) സ്‌കോര്‍ മാത്രം അടിസ്ഥാനമാക്കിയല്ല ബി.ആര്‍ക്ക് പ്രവേശനം. മറിച്ച് പ്ലസ്ടു മൊത്തം മാര്‍ക്കിനും നാറ്റ സ്‌കോറിനും തുല്യപരിഗണന നല്‍കി തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് പ്രവേശനം. നാറ്റയില്‍ 200-ല്‍ ലഭിക്കുന്ന മാര്‍ക്കിനോട്, യോഗ്യതാപരീക്ഷയില്‍ അപേക്ഷാര്‍ഥിക്ക് ലഭിക്കുന്ന മൊത്തം മാര്‍ക്ക്, 200-ല്‍ കണക്കാക്കിയത് കൂട്ടും. ഇപ്രകാരം 400-ല്‍ ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ബി.ആര്‍ക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
ഓരോ പരീക്ഷാര്‍ഥിക്കും ലഭിക്കുന്ന നാറ്റ സ്‌കോറും യോഗ്യതാ പരീക്ഷാമാര്‍ക്കും (200-ല്‍ ആക്കിയത്), 400-ല്‍ ലഭിച്ച മൊത്തം മാര്‍ക്കും അതത് പരീക്ഷാര്‍ഥിക്കുമാത്രമേ തന്റെ ഹോം പേജില്‍ കാണാന്‍ കഴിയൂ. ഇത് പബ്ലിക് ഡൊമെയ്നില്‍ ലഭിക്കില്ല. അതിനാല്‍ ഇതിലെ മാറ്റങ്ങള്‍ റാങ്കിനെ എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ല. നാറ്റ സ്‌കോര്‍/യോഗ്യതാപരീക്ഷാ മാര്‍ക്ക് (ഓരോന്നും 200-ല്‍) എന്നിവ രണ്ടും മൊത്തം സ്‌കോറിനെ സ്വാധീനിക്കുമെന്നതിനാല്‍, മെച്ചപ്പെട്ട റാങ്ക് കിട്ടാന്‍ വേണ്ട നാറ്റ സ്‌കോര്‍ എത്രയെന്നുപറയാന്‍ കഴിയില്ല. അതുകൊണ്ട്, രണ്ടുഘടകങ്ങള്‍ക്കും പരമാവധി സ്‌കോര്‍ നേടാന്‍ ശ്രമിക്കുക.
കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ കോളേജുകളിലും (കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ്, കോളേജ് ഓഫ് എന്‍ജിനിയറിങ് ശ്രീകാര്യം തിരുവനന്തപുരം), ഒരു എയ്ഡഡ് കോളേജിലുമാണ് (ടി.കെ.എം. എന്‍ജിനിയറിങ് കോളേജ്, കൊല്ലം) 2021 പ്രവേശനത്തില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ ബി.ആര്‍ക്ക് കോഴ്‌സ് ഉണ്ടായിരുന്നത്. സ്വകാര്യ സ്വാശ്രയവിഭാഗത്തില്‍ 30 കോളേജുകളില്‍ 2021-ല്‍ കോഴ്‌സുണ്ടായിരുന്നു.
മൂന്നു റഗുലര്‍ റൗണ്ട് അലോട്ട്‌മെന്റ്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ അവസാനമായി അലോട്ട്‌മെന്റ് ലഭിച്ച ബി.ആര്‍ക്ക് റാങ്കുകള്‍ കാറ്റഗറിപ്രകാരം ഇപ്രകാരമായിരുന്നു. സ്റ്റേറ്റ് മെറിറ്റ് -179, ഈഴവ -340, മുസ്ലിം -301, പിന്നാക്ക ഹിന്ദു -806, ലാറ്റിന്‍ കാത്തലിക് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍ -1039, ധീവര -2415, വിശ്വകര്‍മ -590, പിന്നാക്ക ക്രിസ്ത്യന്‍ -1915, കുഡുംബി -2454, കുശവന്‍ -1371, പട്ടിക ജാതി -2752, പട്ടിക വര്‍ഗം -1283, സാമ്പത്തിക പിന്നാക്കം -923.
Content Highlights: the minimum score required in NATA for admission in B.Arch through KEAM; Ask Expert
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..