Vishwanathan Anand, TM Krishna
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കാനൊരുങ്ങി തമിഴ്‌നാട്. ഇതിനായി ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.മുരുകേശന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയമിച്ചു. വിദ്യാഭ്യാസ വിദഗ്ധരും സംസ്ഥാന ആസൂത്രണ കമ്മീഷനും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നായി 13 അംഗങ്ങളാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്. മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയും അംഗങ്ങളാണ്.
തമിഴ് പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പുതിയ കാലത്തിന്റെ പ്രത്യേകതകളും ആവശ്യങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നയം രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു. ത്രിഭാഷ പാഠ്യപദ്ധതി അടക്കമുള്ള കാര്യങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ തമിഴ്‌നാട് നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.
ബിരുദ കോഴ്സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ, മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ക്ക് പൊതുപരീക്ഷ, നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദം തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷ ബിരുദം നടപ്പാക്കുമ്പോള്‍ രണ്ട് തരം ബിരുദധാരികള്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും തമിഴ്‌നാടിനുണ്ട്. ത്രിഭാഷ പാഠ്യപദ്ധതിയ്ക്ക് പകരം മാതൃഭാഷയുമായി ബന്ധിപ്പിക്കുന്ന (ലിങ്ക്) ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് അടങ്ങിയ ദ്വിഭാഷാ പാഠ്യപദ്ധതി തുടരണമെന്നാണ് ആവശ്യം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ആര്‍ രാമാനുജം, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗങ്ങളായ സുല്‍ത്താന്‍ ഇസ്മായില്‍, ആര്‍ ശ്രീനിവാസന്‍, സവീതി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എല്‍ ജവഹര്‍നേശന്‍, യുണിസെഫിലെ മുന്‍ വിദ്യാഭ്യാസ വിദഗ്ധരായ അരുണ രത്‌നം, എസ് മാടസാമി അധ്യാപകനായ ആര്‍ ബാലു, തുളസീദാസ്, ജയശ്രീ ദാമോദരന്‍, തമിഴ് എഴുത്തുകാരന്‍ എസ് രാമകൃഷ്ണന്‍ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്.
Content Highlights: Tamilnadu government constituted13-member panel for state education policy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..