പ്രതീകാത്മകചിത്രം| Photo: ANI
ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിക്കുന്ന ജോസ വഴി അല്ലാതെയുള്ള പ്രധാന പ്രവേശനങ്ങള്‍ ഏതൊക്കെയുണ്ട്? - സൂസന് പോള്‍, കോട്ടയം
ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനമാക്കി ജോയന്റ് സീറ്റ് അലോക്കേഷന് അതോറിറ്റി (ജോസ) വഴി പ്രവേശനം നല്‍കുന്നത് 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) യിലേക്കാണ്. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച് മറ്റുചില സ്ഥാപനങ്ങള്‍ അവരുടെ നിശ്ചിത പ്രോഗ്രാമുകളിലെ (മുഖ്യമായും എന്‍ജിനിയറിങ്/സയന്‍സ് പ്രോഗ്രാമുകള്‍) പ്രവേശനം സ്വന്തമായി നടത്തിവരുന്നുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു: ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാം. മുഖ്യ വിഷയങ്ങള്‍: ബയോളജി, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, ഫിസിക്സ്.
ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരെ (ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.- 54 ശതമാനം, എസ്.സി./എസ്.ടി./പി. ഡബ്ല്യു.ഡി. - 30 ശതമാനം), ജെ.ഇ. ഇ. (അഡ്വാന്‍സ്ഡ്) ചാനലില്‍ പ്രവേശനത്തിന് പരിഗണിക്കും. വിവരങ്ങള്‍ക്ക്: iisc.ac.in/admissions
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ. എസ്.ടി.) ബാച്ചിലര്‍/ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന്, ജെ.ഇ. ഇ. അഡ്വാന്‍സ് റാങ്ക്/സ്കോര്‍ ആണ് പരിഗണിക്കുന്നത്. ഏറോസ്പേസ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഏവിയോണിക്സ്) നാല് വര്‍ഷ ബി.ടെക്., ബി. ടെക്. + മാസ്റ്റര്‍ ഓഫ് സയന്‍സ്/മാസ്റ്റര്‍ ഓഫ് ടെക്നോളജി അഞ്ചുവര്‍ഷ ഡ്യുവല്‍ ഡിഗ്രി എന്നിവയാണ് പ്രോഗ്രാമുകള്‍. വിവരങ്ങള്‍ക്ക്: www.iist.ac.in
തിരുവനന്തപുരം, ഭോപാല്‍, കൊല്‍ക്കത്ത , പുണെ, മൊഹാലി, തിരുപ്പതി, ബര്‍ഹാംപുര്‍ എന്നീ കേന്ദ്രങ്ങളിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന അഞ്ചുവര്‍ഷ ബി.എസ്. - എം.എസ്. ഡ്യുവല്‍ ഡിഗ്രി, നാല് വര്‍ഷ ബി.എസ്. പ്രോഗ്രാമുകള്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ചാനല്‍ വഴിയും പ്രവേശനം നല്‍കുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ കോമണ്‍ റാങ്ക് പട്ടികയിലോ കാറ്റഗറി പട്ടികയിലോ 15,000-ത്തിനുള്ളില്‍ റാങ്ക് നേടുന്നവരെ ഈ ചാനലില്‍ പരിഗണിക്കുന്നു. വിവരങ്ങള്‍ക്ക്: www.iiseradmission.in/
ആന്ധ്രാപ്രദേശ് വിശാഖപട്ടണം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി (ഐ.ഐ. പി.ഇ.), പെട്രോളിയം എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിക്കുന്നു. വിവരങ്ങള്‍ക്ക്: iipe.ac.in
ഉത്തര്‍പ്രദേശ് അമേഠി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, ബി.ടെക്., ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിക്കാറുണ്ട്. വിവരങ്ങള്‍ക്ക്: www.rgipt.ac.in/
ഒരു സ്കോളര്‍ഷിപ്പിനും റാങ്ക് പരിഗണിക്കുന്നുണ്ട്.
ബേസിക്/നാച്വറല്‍ സയന്‍സസ് ബിരുദ/ഇന്റഗ്രേറ്റഡ് പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (ഷീ)- ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ 10,000- നുള്ളില്‍ റാങ്കുള്ളവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.online-inspire.gov.in
ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. മുകളില്‍ സൂചിപ്പിച്ച പ്രക്രിയകളില്‍ താത്പര്യമുള്ളവര്‍ ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 (ബി.ഇ./ബി.ടെക്.) ആദ്യം അഭിമുഖീകരിക്കണം. അതില്‍ മുന്നിലെത്തി ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ യോഗ്യത നേടി, പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത്, അഭിമുഖീകരിച്ച് കട്ട് ഓഫ് മാര്‍ക്ക് വാങ്ങി ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പട്ടികയില്‍ സ്ഥാനം നേടണം. അതോടൊപ്പം സൂചിപ്പിച്ച പ്രക്രിയയില്‍ അവര്‍ അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷിക്കുകയും വേണം.
Content Highlights: other entries that can be made by JEE other than JosAA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..