പ്രതീകാത്മക ചിത്രം | Photo: gettyimages.in
ചോദ്യം: കീം എന്‍ജിനിയറിങ്ങിന് അപേക്ഷിച്ചിട്ടുണ്ട്. പ്ലസ് ടു പരീക്ഷാഫലം വന്നപ്പോള്‍ മാത്തമാറ്റിക്സ് രണ്ടാംവര്‍ഷത്തില്‍ മാര്‍ക്ക് കുറവാണ്. അത് പ്രവേശനത്തെ ബാധിക്കുമോ? ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതി കൂടുതല്‍ മാര്‍ക്ക് കിട്ടിയാല്‍ അത് പരിഗണിക്കുമോ? -ഫാത്തിമ, കോഴിക്കോട്
കേരളത്തില്‍ എന്‍ജിനിയറിങ് റാങ്ക്പട്ടിക തയ്യാറാക്കുമ്പോള്‍ എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനും പ്ലസ്ടു കോഴ്സിന്റെ രണ്ടാംവര്‍ഷ പരീക്ഷയിലെ മൂന്ന് സയന്‍സ് വിഷയങ്ങളുടെ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) മൊത്തം മാര്‍ക്കിനും (നോര്‍മലൈസ് ചെയ്ത മാര്‍ക്കാണ് പരിഗണിക്കുന്നത്) തുല്യപരിഗണനയാണ് നല്‍കുന്നത്. രണ്ടാംവര്‍ഷ പരീക്ഷയുടെ മാര്‍ക്കാണ് റാങ്ക് നിര്‍ണയത്തിന് പരിഗണിക്കുന്നത് എന്നതിനാല്‍, ആ മാര്‍ക്ക് കുറവാണെങ്കില്‍ നിങ്ങളുടെ റാങ്കിനെ അത് ബാധിക്കും. എന്‍ജിനിയറിങ് പ്രവേശനപരീക്ഷ കഴിഞ്ഞ് അതിന്റെ സ്കോര്‍ പ്രഖ്യാപിച്ചുകഴിയുമ്പോള്‍ റാങ്ക്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്ലസ് ടു രണ്ടാംവര്‍ഷ പരീക്ഷയുടെ സ്കോര്‍, കീം പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്യാന്‍/പരിശോധിച്ച് ഉറപ്പാക്കാന്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ ആവശ്യപ്പെടും. ആ സമയത്തു നല്കുന്ന മാര്‍ക്കാണ് റാങ്കിങ്ങിനായി പരിഗണിക്കുന്നത്. ആ മാര്‍ക്ക് പരിഗണിച്ച് റാങ്ക്പട്ടിക തയ്യാറാക്കിക്കഴിഞ്ഞാല്‍ അതില്‍ പിന്നീട് മാറ്റംവരുത്തുന്നതല്ല.
ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നുണ്ടെന്നു പറഞ്ഞു. അതില്‍ മാര്‍ക്ക് വര്‍ധിക്കുന്നുവെന്നു കരുതുക. മാര്‍ക്ക് അപ് ലോഡിങ്/കണ്ഫര്മേഷന് നടത്തേണ്ട വേളയില്‍ നിങ്ങളുടെ പക്കല്‍ ഇംപ്രൂവ്മെന്റ്് മാര്‍ക്ക് ഉണ്ടെങ്കില്‍, മാര്‍ക്ക് വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യുക. ആ സമയത്തിനകം ഇംപ്രൂവ്മെന്റ് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കില്‍ ഇപ്പോള്‍ കൈവശമുള്ള മാര്ക്ക്ലിസ്റ്റിലെ മാര്‍ക്ക് നല്‍കുക. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് റാങ്ക് നല്‍കും. ഇംപ്രൂവ്മെന്റ് ഫലം വരുമ്പോള്‍ മാര്‍ക്ക് കൂടിയാലും ലഭിച്ച റാങ്ക് അതേപടി നിലനിര്‍ത്തും.
റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുകയും അലോട്ട്മെന്റില്‍ ഓപ്ഷന് നല്കി പങ്കെടുക്കുകയും തുടര്‍ന്ന് സീറ്റ് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പ്രവേശനസമയത്ത് പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരമുള്ള വിദ്യാഭ്യാസയോഗ്യത തെളിയിക്കണം. ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ മാര്‍ക്ക് കൂടിയിട്ടുണ്ടെങ്കില്‍, വിദ്യാഭ്യാസ യോഗ്യത തൃപ്തിപ്പെടുത്താന്‍ അതു സഹായകരമെങ്കില്‍ അതു പ്രയോജനപ്പെടുത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..