പ്രതീകാത്മക ചിത്രം | Photo: gettyimages.in
കീം എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ ഒരു ചോദ്യം ഒഴിവാക്കിയാൽ അതിന്റെ നാലുമാർക്ക് എല്ലാവർക്കും നൽകുമോ? അതോ അതിന് ഉത്തരം നൽകിയവർക്കുമാത്രം നൽകുമോ?-ശ്രീലത, കാസർകോട്
കേരള എൻജിനിയറിങ്/ഫാർമസി പ്രവേശനപരീക്ഷയിൽ മൂല്യനിർണയത്തിൽനിന്ന് ചോദ്യങ്ങൾ ഒഴിവാക്കപ്പെടുന്ന പക്ഷം, അതിന്റെ/അവയുടെ മാർക്ക് എങ്ങനെ പരിഗണിക്കപ്പെടും എന്ന്, കീം 2022 പ്രോസ്പെക്ടസ് ക്ലോസ് 9.7.3-ൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാർഥികൾ നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ, സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി ഏതെങ്കിലും ചോദ്യമോ ഏതാനും ചോദ്യങ്ങളോ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കണമെന്ന് ശുപാർശചെയ്താൽ ആ ചോദ്യങ്ങളുടെ മാർക്ക്, കേരള ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച റൂളിങ് പ്രകാരം [2002 (3) കെ.എൽ.ടി. 871] മൂല്യനിർണയത്തിൽ ഉൾപ്പെട്ട ചോദ്യങ്ങൾക്കായി വിതരണം ചെയ്യുന്നതാണ്.
അതനുസരിച്ച് ഒരു വിഷയത്തിൽനിന്ന് (ഫിസിക്സ്/കെമിസ്ട്രി/ മാത്തമാറ്റിക്സ്) ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങളുടെ മൊത്തം മാർക്ക്, അതേ വിഷയത്തിൽ മൂല്യനിർണയത്തിൽ ഉൾപ്പെടുന്ന ചോദ്യങ്ങൾക്കായി വീതംവെച്ചുനൽകുന്ന രീതിയാണ് അവലംബിക്കുക.
2021-ലെ കീം പ്രവേശനപരീക്ഷയിൽ പേപ്പർ 1-ൽ (ഫിസിക്സ് ആൻഡ് കെമിസ്ട്രി), ഫിസിക്സിലെ ഒരു ചോദ്യം മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഫിസിക്സ് ഭാഗത്ത് അവശേഷിച്ചത് 71 ചോദ്യങ്ങളാണ്. 71 ചോദ്യങ്ങൾക്ക് ലഭിക്കുന്ന മൊത്തം മാർക്കിനെ 72 ചോദ്യങ്ങളുടെ മാർക്ക് ആക്കി മാറ്റി. അങ്ങനെ ലഭിക്കുന്ന പുതിയ സ്കോർ നാല് ദശാംശസ്ഥാനത്തേക്ക് ക്രമപ്പെടുത്തി. ഇതിനായി, 71 ചോദ്യങ്ങൾക്കു ലഭിച്ച മൊത്തം മാർക്കിനെ (72/71) കൊണ്ട് ഗുണിച്ചു.
രണ്ടു ചോദ്യങ്ങളാണ് ഫിസിക്സ് ഭാഗത്തുനിന്ന് ഒഴിവാക്കപ്പെടുന്നതെങ്കിൽ, 70 ചോദ്യങ്ങൾക്കു ലഭിച്ച മൊത്തം മാർക്കിനെ, (72/70) കൊണ്ട് ഗുണിച്ച് ഫിസിക്സ് ഭാഗത്തെ മാർക്ക് പുനർനിർണയിക്കും.
കെമിസ്ട്രി ഭാഗത്ത് 48 ചോദ്യങ്ങളാണുള്ളത്. ഇതിൽനിന്ന് ഒരു ചോദ്യം ഒഴിവാക്കപ്പെട്ടാൽ 47 ചോദ്യങ്ങൾക്കു ലഭിക്കുന്ന മാർക്കിനെ (48/47) കൊണ്ട് ഗുണിച്ച് പുനർനിർണയിക്കപ്പെടുന്ന മാർക്ക് കണ്ടെത്തും.
മാത്തമാറ്റിക്സിന് മൊത്തം 120 ചോദ്യങ്ങളുണ്ട്. ഇതിൽനിന്ന് ഒരു ചോദ്യം മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ 119 ചോദ്യങ്ങൾക്കു ലഭിക്കുന്ന മാർക്കിനെ, (120/119) കൊണ്ട് ഗുണിച്ച് നാല് ദശാംശസ്ഥാനത്തേക്ക് ക്രമപ്പെടുത്തി മാത്തമാറ്റിക്സിന്റെ മാർക്ക് പുനർനിർണയിക്കും. അതിനാൽ ചോദ്യങ്ങൾ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയാൽ അതിന്റെ മാർക്ക് എല്ലാവർക്കും നൽകുന്ന രീതിയോ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർക്കുമാത്രം നൽകുന്ന രീതിയോ കീം മൂല്യനിർണയത്തിൽ ഇല്ല.
english.mathrubhumi.com /education/help-desk /ask-expert
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..