
Representative image
ജെ.ഇ.ഇ. മെയിന്‍ റാങ്ക് നിര്‍ണയിക്കുന്നതിന് പെര്‍സന്റൈല്‍ സ്കോര്‍ തത്ത്വമാണ് ഉപയോഗിക്കുന്നത് എന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ പറയുന്നു. വിശദീകരിക്കാമോ?
സബിത, കൊല്ലം
ഒന്നില്‍ക്കൂടുതല്‍ സെഷനില്‍ ഒരു പരീക്ഷ നടത്തുമ്പോള്‍ വിവിധ സെഷനുകളിലെ ചോദ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. എങ്കിലും ചോദ്യങ്ങളുടെ കാഠിന്യനിലവാരം ഒരേപോലെ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും വിവിധ സെഷനുകളില്‍ പരീക്ഷ എഴുതുന്നവരുടെ, യഥാര്‍ഥ സ്കോര്‍/മാര്‍ക്ക് അതേപടി പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ ഉണ്ടാകാവുന്ന അപാകം പരിഹരിക്കാനാണ് പെര്‍സന്റൈല്‍ തത്ത്വം ഉപയോഗിച്ച് റാങ്ക് നിര്‍ണയിക്കുന്നത്.
ഒരു പരീക്ഷ അഭിമുഖീകരിക്കുന്നവരുടെ ആപേക്ഷികമികവ് കണക്കിലെടുക്കുന്ന റാങ്കിങ് രീതിയാണ് പെര്‍സന്റൈല്‍ തത്ത്വം. ഇതിന്റെ ഭാഗമായി, ലഭിച്ച യഥാര്‍ഥ സ്കോര്‍ പരിഗണിച്ചുകൊണ്ട്, ഓരോ സെഷനിലെയും പരീക്ഷാര്‍ഥികളുടെ മാര്‍ക്ക് 0 മുതല്‍ 100 വരെയുള്ള ഒരു സ്കെയിലിലേക്ക് മാറ്റുന്നു. ഒരു സ്കോറിനു തുല്യമോ അതിനുതാഴെയോ സ്കോര്‍ നേടിയ പരീക്ഷാര്‍ഥികളുടെ ശതമാനമാണ് പെര്‍സന്റൈല്‍ സ്കോര്‍ സൂചിപ്പിക്കുന്നത്. ഓരോ സെഷനിലും ആ സെഷനിലെ പരമാവധി മാര്‍ക്ക് ലഭിക്കുന്ന പരീക്ഷാര്‍ഥിയുടെ/പരീക്ഷാര്‍ഥികളുടെ പെര്‍സന്റൈല്‍ സ്കോര്‍ 100 ആയിരിക്കും. ഏറ്റവും ഉയര്‍ന്ന മാര്ക്കിനുതാഴെ, ഏറ്റവും കുറഞ്ഞ സ്കോര്വരെയുള്ള സ്കോറുകളും പെര്‍സന്റൈല്‍ സ്കോറുകളാക്കി മാറ്റും.
നിങ്ങള്‍ പരീക്ഷ അഭിമുഖീകരിച്ച സെഷനില്‍, നിങ്ങള്‍ക്കൊപ്പം പരീക്ഷ അഭിമുഖീകരിച്ച മൊത്തം കുട്ടികളുടെ എണ്ണം (N), ആ സെഷനില്‍ നിങ്ങള്‍ക്കു ലഭിച്ച മാര്‍ക്കോ അതില്‍ കുറവോ മാര്‍ക്ക് ലഭിച്ച കുട്ടികളുടെ എണ്ണം (N1) എന്നിവയാണ് നിങ്ങളുടെ പെര്‍സന്റൈല്‍ സ്കോര്‍ നിര്‍ണയിക്കുന്ന രണ്ടുമൂല്യങ്ങള്‍. നിങ്ങള്‍ക്കു ലഭിച്ച മാര്‍ക്കോ അതില്‍ കുറവോ മാര്‍ക്ക് ലഭിച്ച കുട്ടികളുടെ എണ്ണത്തെ, സെഷനില്‍ പരീക്ഷ അഭിമുഖീകരിച്ച മൊത്തം കുട്ടികളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന മൂല്യത്തെ, 100 കൊണ്ട് ഗുണിച്ച്, കിട്ടുന്ന സംഖ്യയാണ് ആ സെഷനിലെ നിങ്ങളുടെ പെര്‍സന്റൈല്‍ സ്കോര്‍
[(NI/N) x 100]. ഇത് 7 ദശാംശസ്ഥാനംവരെ കണക്കാക്കും. ഉദാഹരണത്തിന് നിങ്ങളുടെ സ്ലോട്ടില്‍ 75,000 പേര് പരീക്ഷ എഴുതിയെന്നു കരുതുക.
അതില്‍ നിങ്ങള്‍ക്കുകിട്ടിയ മാര്‍ക്ക് A ആകട്ടെ. അത് എത്രയായാലും പ്രശ്നമില്ല. ഈ മാര്‍ക്കോ അതിലും താഴ്ന്നമാര്ക്കോ കിട്ടിയ കുട്ടികളുടെ എണ്ണം 70,000 ആണെന്നും കരുതുക. അപ്പോള്‍ നിങ്ങളുടെ യഥാര്‍ഥ സ്കോറിനെക്കാള്‍ കൂടുതല്‍ സ്കോര്‍ നേടിയവര്‍ 5000 മാത്രം. ഈ സെഷനിലെ നിങ്ങളുടെ പെര്‍സന്റൈല്‍ സ്കോര്‍, 93.3333333 ആയിരിക്കും [(70000/75000) X 100]. ഇതിന്റെയര്‍ഥം, പരീക്ഷയെഴുതിയവരില്‍ 93.3333333 ശതമാനം പേര്‍ക്ക്, നിങ്ങളുടെ മാര്‍ക്കിനു തുല്യമോ അതില്‍താഴെയോ ഉള്ള സ്കോറാണ് പരീക്ഷയില്‍ ലഭിച്ചിരിക്കുന്നത് എന്നാണ്. മറ്റൊരു പരീക്ഷാര്‍ഥിയുടെ പെര്‍സന്റൈല്‍ സ്കോര്‍ 80 ആണെങ്കില്‍ പരീക്ഷയെഴുതിയവരില്‍ 80 ശതമാനംപേര്‍ക്ക് ഈ കുട്ടിക്ക് ലഭിച്ച മാര്‍ക്കോ അതില്‍താഴെയോ മാര്‍ക്ക് ലഭിച്ചു എന്നാണ് അര്‍ഥം. പരീക്ഷയെഴുതിയ മറ്റു വിദ്യാര്‍ഥികളുടെ യഥാര്‍ഥ സ്കോര്‍, നിങ്ങളുടെ പെര്‍സന്റൈല്‍ സ്കോറിനെ ബാധിക്കും എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. രണ്ടു സെഷനുകളും നിങ്ങള്‍ അഭിമുഖീകരിച്ചാല്‍ ഭേദപ്പെട്ട പെര്‍സന്റൈല്‍ സ്കോര്‍, റാങ്കിങ്ങിനായി പരിഗണിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..