.jpg?$p=09b91f8&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Photo-Pics4news
പ്ലസ്ടു ജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് സര്‍വകലാശാലാ പഠന വകുപ്പുകളില്‍ ഏതൊക്കെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ ഉണ്ട്? പ്രവേശനം എങ്ങനെയാണ്? -ജെയിംസ്, ഇടുക്കി
2022-ലെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ 2021-'22 ല്‍ തുടങ്ങിയ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍, അവയുടെ പ്രവേശന യോഗ്യത എന്നിവ 2021 പ്രോസ്പെക്ടസ് പ്രകാരം ഇപ്രകാരമാണ്.
• ഇന്റഗ്രേറ്റഡ് എം.എസ്സി. ബയോസയന്‍സ്: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചുള്ള പ്ലസ്ടു/തത്തുല്യ യോഗ്യത
• ഇന്റഗ്രേറ്റഡ് എം.എസ്സി. ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്സി. കെമിസ്ട്രി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചുള്ള പ്ലസ്ടു/തത്തുല്യ യോഗ്യത. പ്ലസ്ടു പരീക്ഷയില്‍ മൊത്തത്തില്‍ 70 ശതമാനം മാര്‍ക്ക് വേണം (ഒ.ബി.സി- 65 ശതമാനം. പട്ടിക/ഭിന്നശേഷിക്കാര്‍- 60 ശതമാനം)
• ഇന്റഗ്രേറ്റഡ് എം.എ.ഡെവലപ്മെന്റ് സ്റ്റഡീസ്: പ്ലസ്ടു/തത്തുല്യ പരീക്ഷ ഏതെങ്കിലും സ്ട്രീമില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്നു പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാമായിരുന്നു.
എല്ലാ പ്രോഗ്രാമിലെയും പ്രവേശനത്തിന് പ്രവേശന പരീക്ഷ ഉണ്ടായിരുന്നു. ബയോസയന്‍സ് പ്രോഗ്രാം പ്രവേശനത്തിന് ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു.
പ്രവേശന പരീക്ഷാഘടന
• ബയോസയന്‍സ്: പരീക്ഷ രണ്ടു ഭാഗങ്ങളിലായി. സെക്ഷന്‍ എ- രണ്ടു മണിക്കൂര്‍. നാല് മാര്‍ക്ക് വീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. ബോട്ടണി, സുവോളജി, കെമിസ്ട്രി (25 വീതം), ഫിസിക്സ്- 15, മാത്തമാറ്റിക്സ്- 10. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം നഷ്ടമാകും. സെക്ഷന്‍ ബി- ഒരു മണിക്കൂര്‍ പരീക്ഷ. വിവരണാത്മക രീതിയില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍. ബോട്ടണിയില്നിന്നും സുവോളജിയില്നിന്നും അഞ്ചുവീതം ചോദ്യങ്ങള്‍ ഉണ്ടാകും (അഞ്ച് മാര്‍ക്ക് വീതം). മൊത്തം അഞ്ച് എണ്ണത്തിന് ഉത്തരം നല്‍കണം. സെക്ഷന്‍ എ-യില്‍, നിശ്ചയിക്കപ്പെടുന്ന കട്ട് ഓഫ് സ്കോര്‍ നേടിയാല്‍ മാത്രമേ സെക്ഷന്‍ ബി മൂല്യനിര്‍ണയത്തിന് വിധേയമാക്കൂ.
• ഫിസിക്സ്, കെമിസ്ട്രി- നാല് മാര്‍ക്ക് വീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. കെമിസ്ട്രി, ഫിസിക്സ് (30 വീതം), മാത്തമാറ്റിക്സ് (20), ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് (10 വീതം). ഉത്തരംതെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടമാകും.
•ഡെവലപ്മെന്റ് സ്റ്റഡീസ്: 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള പ്രവേശനപരീക്ഷ.
വിശദാംശങ്ങള്‍ admission.uoc.ac.in ല്‍ ഉള്ള 2021-ലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാംസ് പ്രോസ്പെക്ടസില്‍ കിട്ടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..