Representational Image (Photo: Canva)
ചോദ്യം:പ്ലസ്ടു കഴിഞ്ഞു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഡിഗ്രി അഡ്മിഷന് അപേക്ഷിച്ചിട്ടുണ്ട്. പ്രവേശനസാധ്യതകള്‍ എങ്ങനെ അറിയാന്‍ കഴിയും?-അനുപമ, എറണാകുളം
കേരളത്തില്‍ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ 2022-'23-ലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രവേശനസാധ്യതകള്‍ വിലയിരുത്തുന്നതിന് 2021-ലെ പ്രവേശനത്തിന്റെ നില വ്യക്തമാക്കുന്ന പട്ടികകള്‍ സര്‍വകലാശാലകളുടെ അഡ്മിഷന് വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓരോ കോളേജിലും കോഴ്സിലും വിവിധ വിഭാഗങ്ങളില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഇന്‍ഡക്സ് മാര്‍ക്കാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
കേരള സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റ് admissions.keralauniversity.ac.in ആണ്. അവിടെ യു.ജി. ലിങ്ക് ക്ലിക്ക് ചെയ്യുക. തുടര്‍ന്നു ലഭിക്കുന്ന പേജില്‍ 'ലാസ്റ്റ് ഇന്‍ഡക്സ് മാര്‍ക്ക് ഓഫ് യു.ജി. ഓണ്‍ലൈന്‍ അഡ്മിഷന് 2021' എന്ന ലിങ്ക് കാണാം. അവിടെ, മൂന്നാം അലോട്ട്മെന്റിനുശേഷമുള്ള അഡ്മിഷന് നില കോഴ്സ്/കോളേജ്/കാറ്റഗറി തിരിച്ച് നല്‍കിയിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റ് cap.mgu.ac.in/ugcap ആണ്. ഇവിടെയുള്ള 'റിസോഴ്സസ്' ലിങ്കില്‍ താഴെയായി 'ലാസ്റ്റ് റാങ്ക് ഡീറ്റെയില്‍സ്' എന്ന ലിങ്കില്‍ പോകുമ്പോള്‍ കോളേജ്, പ്രോഗ്രാം എന്നിവ തിരഞ്ഞെടുത്തശേഷം 2021-ലെ പ്രവേശനത്തിന്റെ മാക്സിമം, മിനിമം ഇന്‍ഡക്സ് മാര്‍ക്കുകള്‍ കാണാവുന്നതാണ്.
കണ്ണൂര്‍ സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റായ admission.kannuruniversity.ac.in -ല്‍ 'യു.ജി.' ലിങ്കില്‍, 'അപ്ലൈ നൗ' എന്ന ലിങ്കില്‍ 'ലാസ്റ്റ് ഇന്‍ഡക്സ് മാര്‍ക്ക് ഓഫ് യു.ജി. അഡ്മിഷന് 2021 അപ് ടു ഫിഫ്ത്ത് അലോട്ട്മെന്റ്' കാണാം. അവിടെ ഏതെങ്കിലും പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോള്‍ ആ പ്രോഗ്രാം ഉള്ള സ്ഥാപനങ്ങളുടെ പട്ടിക കാണാന്‍ കഴിയും. ഓരോ സ്ഥാപനത്തിനുനേരെയും അവിടത്തെ ലാസ്റ്റ് ഇന്‍ഡക്സ് മാര്‍ക്ക് കാറ്റഗറി തിരിച്ച് നല്‍കിയിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റ് admission.uoc.ac.in ആണ്. ഈ സൈറ്റിലെ അഡ്മിഷന് > യു.ജി. ലിങ്കുകള്‍വഴി പോയാല്‍ - പ്രീവിയസ് ഇന്‍ഡക്സ് മാര്‍ക്ക്' (യു.ജി. കാപ് 2021)എന്ന ലിങ്കില്‍, കോഴ്സ് (യു.ജി.), പ്രോഗ്രാം, ഡിസ്ട്രിക്റ്റ് എന്നിവ സെലക്ട് ചെയ്ത്, 2021 പ്രവേശനത്തിന്റെ അവസാന ഇന്‍ഡക്സ് മാര്‍ക്ക് കാറ്റഗറി തിരിച്ച് കാണാം. പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനമാക്കി ഓരോ സര്‍വകലാശാലയുടെയും പ്രോസ്പെക്ട്സ് വ്യവസ്ഥ പ്രകാരമുള്ള ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കിയ ശേഷമാണ് ഈ പട്ടികകള്‍ പരിശോധിക്കേണ്ടത്. 2021 നില 2022-ല്‍ തുടരുമെന്ന് കരുതാനാവില്ല എന്ന കാര്യം ഓര്‍ത്തിരിക്കണം. മാത്രമല്ല, ഓരോ സര്‍വകലാശാലയും ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കുന്നത് അവരുടേതായ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും. അതില്‍ സര്വകലാശാലയ്ക്കനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകാം എന്ന കാര്യവും ഓര്‍ക്കുക.
ഈ വര്‍ഷത്തെ പ്രവേശന പ്രോസ്പെക്ട്സ് പരിശോധിച്ച്, ഇന്‍ഡക്സ് കണക്കാക്കുന്ന രീതി മനസ്സിലാക്കാം. കോഴിക്കോട് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ പ്രോസ്പെക്ട്സ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍, പ്രവേശന സൈറ്റില്‍ 'എലിജിബിലിറ്റി & ഇന്ഡക്സിങ്' എന്ന ലിങ്കില്‍ ചട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഇന്ഡക്സിങ് ചട്ടങ്ങളും ഈ വര്‍ഷത്തെ ഇന്ഡക്സിങ് ചട്ടങ്ങളും ഒന്നുതന്നെയാണ് എന്ന് ഉറപ്പാക്കിവേണം ഈ പട്ടികകള്‍ പരിശോധിക്കേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..