ആശയ അവതരണം മൻ കീ ബാത്തിലൂടെ, ആശയ ശേഖരണം യൂത്ത് പാർലമെന്റിലൂടെ. 2022-ലെ ഭാരതത്തെ രൂപപ്പെടുത്താനായി ഒരു മത്സരം. സംഘടിപ്പിക്കുന്നത് ഭാരതസർക്കാരിന്റെ യുവജനകാര്യ കായികമന്ത്രാലയം.
ലക്ഷ്യം
ജില്ലാതലംമുതൽ ദേശീയതലംവരെ യുവാക്കളെ കേൾക്കുക, പൊതുപ്രശ്നങ്ങളിൽ ഇടപെട്ട് സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയെക്കുറിച്ചുള്ള യുവാക്കളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുക, തീരുമാനമെടുക്കാനുള്ള യുവാക്കളുടെ ശേഷി മെച്ചപ്പെടുത്തുക, മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ് അവരിൽ രൂപപ്പെടുത്തുക, ഫലപ്രദമായും ചിട്ടയോടെയും നടത്തേണ്ട ചർച്ചകൾക്ക് ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, 2022-ലെ അവരുടെ സങ്കല്പത്തിലെ ഭാരതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് രേഖപ്പെടുത്തുക, നയരൂപവത്‌കരണ നിർവഹണമേഖലയിൽ യുവാക്കളുടെ വീക്ഷണം ലഭ്യമാക്കുക തുടങ്ങിയവ.
ആർക്കൊക്കെ പങ്കെടുക്കാം
2018 ജൂൺ 30-ന് 18 വയസ്സിൽ കൂടുതലും 25 വയസ്സിൽ താഴെയും പ്രായമുള്ളവർക്കാണ് മത്സരം. വിദ്യാർഥിയായിരിക്കണമെന്ന് നിർബന്ധമില്ല.
മൂന്നുതലത്തിൽ
മത്സരം മൂന്നുതലത്തിൽ നടത്തും- ജില്ല, സംസ്ഥാന, ദേശീയതലങ്ങളിൽ. ഓരോതലത്തിൽനിന്നാണ് അടുത്തതിലേക്കുള്ള തിരഞ്ഞെടുപ്പ്. ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളവരെ കണ്ടെത്താനുള്ള പ്രാഥമികമത്സരത്തിൽ ഡിജിറ്റൽ/വാക്ക്-ഇൻ രീതികൾ ഉണ്ട്.
ഡിജിറ്റൽ രീതിയിൽ നൽകിയിരിക്കുന്ന ഒരുവിഷയത്തിന്മേൽ 90 മുതൽ 120 സെക്കൻഡുകൾവരെ ദൈർഘ്യമുള്ള ഒരു ചെറുപ്രഭാഷണം വ്യക്തി വീഡിയോയായി റെക്കോഡുചെയ്യണം. അത് യുട്യൂബിൽ അപ് ലോഡുചെയ്യണം. തുടർന്ന് വ്യക്തി http://innovate.mygov.in വഴി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി മത്സരത്തിന് രജിസ്റ്റർ ചെയ്യണം. ഒപ്പം പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കും നൽകണം. ജനവരി 18-നകം ഇത് പൂർത്തിയാക്കണം.
വാക്ക്-ഇൻ രീതിയിൽ നിശ്ചിതകേന്ദ്രത്തിൽ (പട്ടിക, സൈറ്റിൽ) ജനുവരി 17-നും 19-നും ഇടയ്ക്ക് രാവിലെ 10-നും വൈകീട്ട് അഞ്ചിനും മധ്യേ ഹാജരായി സ്‌ക്രീനിങ്ങിന് വിധേയമാകാം. പ്രാഥമിക സ്‌ക്രീനിങ്ങിന്റെ അടിസ്ഥാനത്തിൽ 50 പേരെ ജില്ലാതലമത്സരത്തിന് തിരഞ്ഞെടുക്കും. ജില്ലയിൽനിന്ന് മൂന്നുപേരെ വീതം സംസ്ഥാന മത്സരത്തിനും സംസ്ഥാനങ്ങളിൽനിന്ന് രണ്ടുപേരെവീതം ദേശീയതല മത്സരത്തിലേക്കും തിരഞ്ഞെടുക്കും. ഇവർക്കെല്ലാം മെറിറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കും.
മത്സരം എന്ന്
ജില്ലാതല യൂത്ത് പാർലമെന്റ് ജനുവരി 24-നും 28-നും ഇടയ്ക്കും സംസ്ഥാന യൂത്ത് പാർലമെന്റ് ഫെബ്രുവരി അഞ്ചിനും ഏഴിനും ഇടയ്ക്കും ദേശീയ യൂത്ത് പാർലമെന്റ് ഫെബ്രുവരി 23, 24 തീയതികളിലുമായിരിക്കും. ഹിന്ദി/ഇംഗ്ലീഷ്/പ്രാദേശിക ഭാഷയിലാകാം പ്രഭാഷണം. ഓരോഘട്ടത്തിലെയും പ്രഭാഷണവിഷയം സൈറ്റിൽ ലഭ്യമാക്കും.
സമ്മാനം
ദേശീയതലത്തിലെ ആദ്യ മൂന്നുസ്ഥാനക്കാർക്ക് രണ്ടുലക്ഷം, ഒന്നരലക്ഷം, ഒരുലക്ഷം രൂപ വീതമുള്ള സമ്മാനങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://innovate.mygov.in/youth-parliament/ കാണാം.
Content Highlights: Youth Parliament, Leadership Skill Development, Ministry of Youth Affairs and Sports