മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികളും ഒട്ടേറെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മത്സരാധിഷ്ഠിതമായ ചുറ്റുപാടുകളുമായി പടവെട്ടി അവര്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കടിപ്പെടുന്നു. കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതികളും വിദ്യാലയങ്ങളിലും ട്യൂഷന്‍ സെന്ററുകളിലും വീട്ടിലുമായി ഇടതടവില്ലാതെ ദീര്‍ഘനേരത്തെ പഠനവുമൊക്കെ പിരിമുറുക്കത്തിന് കാരണമാകുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അനാരോഗ്യകരമായ ജീവിതരീതികളും അടുക്കും ചിട്ടയുമില്ലാത്ത ഭക്ഷണക്രമവുമൊക്കെ കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും പുതിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
ചെറുപ്രായത്തില്‍ തുടങ്ങാം
ചെറുപ്രായത്തില്‍ത്തന്നെ യോഗാസനങ്ങളും പ്രാണായാമങ്ങളും ധ്യാനവുമൊക്കെ പരിശീലിച്ചുതുടങ്ങിയാല്‍ കുട്ടികള്‍ ഇന്നനുഭവിക്കുന്ന പല ശാരീരികവും മാനസികവും മനശ്ശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ക്ക് അയവുണ്ടാക്കാമെന്നും അവരില്‍ ആത്മവിശ്വാസവും ക്രിയാത്മകതയും ഇച്ഛാശക്തിയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും ബന്ധപ്പെട്ട പല പഠനങ്ങളും വ്യക്തമാക്കുന്നു.
പഠനത്തില്‍ മുന്നേറാം
തലച്ചോറിന്റെ ഇടതുഭാഗം ഭാഷ, ശാസ്ത്രം, യുക്തിചിന്ത എന്നിവയെയും വലതുഭാഗം കല, താളം, സര്‍ഗാത്മകത എന്നിവയെയും ഇത്തേജിപ്പിക്കുന്നു. ഇരുഭാഗങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ പഠനത്തില്‍ ഉത്സാഹം വര്‍ധിക്കുകയും പഠനനിലവാരം മെച്ചപ്പെടുകയും ചെയ്യും. ദിവസവും അല്പസമയം യോഗാസനങ്ങള്‍ക്കും പ്രാണായാമങ്ങള്‍ക്കും ചെലവഴിച്ചാല്‍ ഇങ്ങനെ പഠന നിലവാരം മെച്ചപ്പെടുത്താനാവും.
ഏകാഗ്രതയ്ക്ക് ധ്യാനം
നാലു ഭാഗത്തുനിന്നും വരുന്ന കാറ്റിന്റെ ഗതി തടഞ്ഞ് കത്തിക്കൊണ്ടിരിക്കുന്ന തീ നാളത്തെ നിശ്ചലമാക്കുന്ന രീതിയില്‍ മനസ്സിലേക്ക് ഒന്നിനുപിറകെ മറ്റൊന്നായി തിക്കിത്തിരക്കിവരുന്ന ചിന്തകളെ നിയന്ത്രിച്ച് മനസ്സിനെ ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് ധ്യാനം. സ്വസ്ഥമായ ഒരന്തരീക്ഷത്തില്‍ ഇരുന്നാണ് ധ്യാനം പരിശീലിക്കേണ്ടത്.
യോഗ കൊണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള പ്രയോജനങ്ങള്‍
- മനസ്സിനെ ഏകാഗ്രമാക്കുകയും പിരിമുറുക്കത്തില്‍ അയവുണ്ടാക്കി വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
- വളര്‍ന്നുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങളെയും മാംസപേശികളെയും ശക്തിപ്പെടുത്തുകയും അയവുള്ളതാക്കുകയും വഴി ശരിയായ ആസനക്രമം (Correct Posture) കൈവരുന്നു.
- രക്തചംക്രമണം വര്‍ധിക്കുന്നു.
- ശരീരത്തിലെ അഡ്രിനാലിന്‍ ഗ്രന്ഥിയെ ക്രമീകരിച്ച് മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളായ ഭയം, ദേഷ്യം, സങ്കടം എന്നിവയെ നിയന്ത്രിക്കാനും സന്തോഷം നല്‍കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നു.
- രക്തസമ്മര്‍ദവും അമിതമായ പഞ്ചസാരയുടെ അളവും ക്രമീകരിക്കുന്നു.
- സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു.
- വ്യക്തികളില്‍ സ്വയം മതിപ്പ് (Self Esteem) വര്‍ധിപ്പിക്കുന്നു.
Content Highlights: Yoga Benefits for Students, International Day of Yoga, Health Benefits of Yoga