ർഭിണിയായ കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ സംഭവം ഈയിടെ പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. വംശനാശഭീഷണി  നേരിടുന്നതും ഇന്ത്യൻ  വന്യജീവി സംരക്ഷണത്തിലെ ഏറ്റവും മുന്തിയപട്ടികയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ളതുമായ ഒരു  ജന്തുവിനെ കൊന്നതല്ല അന്ന് പ്രാധാന്യം നേടിയത്. പോത്തെന്ന 'ആൺവർഗം' എങ്ങനെ ഗർഭിണിയായി  എന്നതായിരുന്നു  സമൂഹികമാധ്യമങ്ങളിൽ ചർച്ച.

പശു-കാള, എരുമ- പോത്ത്, കൊമ്പനാന- പിടിയാന.. ആൺ- പെൺ പേരുകളുള്ള ജന്തുവിഭാഗങ്ങൾ ഏറെയാണ്. അതുകൊണ്ടുതന്നെ പോത്ത് നമുക്ക് ആൺവർഗത്തിൽ പെടുന്ന മൃഗവുമാണ്. അപ്പോൾ 'കാട്ടുപോത്ത് ഗർഭിണിയായി' എന്നു കേൾക്കുമ്പോൾ കൗതുകം തോന്നുന്നത് സ്വാഭാവികം. എന്നാൽ, എന്തുകൊണ്ടാണ് ഈ കാട്ടുപോത്ത് പ്രസവിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതുമുണ്ട്. മലയാളത്തിൽ ലിംഗ വിവേചനം ചെയ്യാത്ത ചില ജന്തുക്കൾ ഉണ്ട് എന്നുള്ളതാണ് അതിനുള്ള ഉത്തരം. 

മലയാളത്തിൽ പേരില്ലാത്തവർ

കേരളത്തിലെ സസ്തനികളിൽ (പ്രസവിച്ച് മുലയൂട്ടി വളർത്തുന്നവ) ജന്തു വൈവിധ്യത്തിൽത്തന്നെ 130-ഓളം വർഗങ്ങൾ (സ്പീഷിസ്) ഉണ്ട്. എന്നാൽ, ഇവയിൽ പകുതിയിലേറെ ഇനങ്ങൾക്കും മലയാളത്തിൽ സ്വന്തമായി പേരില്ലെന്നതാണ് വാസ്തവം.

ബോവിഡെ (Bovidae) കുടുംബത്തിൽപ്പെട്ട (Family) കാട്ടുപോത്തുകൾ Gaur എന്ന്‌ ഇംഗ്ളീഷിൽ അറിയപ്പെടുന്നു. ബോസ് ഗോർ (Bos Gaurs) എന്ന വർഗത്തിൽ (Genus)പ്പെടുന്നതാണിത്‌. ആദിവാസികൾ ഇവയെ ‘കാട്ടി’ എന്നാണ്‌ വിളിക്കുന്നത്‌.  കർണാടകക്കാർക്ക്‌ ഇത് ‘കാർട്ടി’ യും തമിഴ്‌നാട്ടുകാർക്ക്‌ ‘കാട്ടെരുമ’യുമാണ്‌. എന്നാൽ, നമ്മുടെ നാട്ടിൽ പോത്തിനെ (Asian Water Buffalo, Bubalus Bubalis) പോലെയുള്ളതിനാൽ ആൾക്കാർ കാട്ടുപോത്തെന്ന്‌ വിളിക്കുകയായിരുന്നു. ഈ പേരാണ്‌ യഥാർഥത്തിൽ വളരെയധികം പ്രചാരത്തിലുള്ളതും. 

പക്ഷികൾ ഉൾപ്പെടെ പലജീവികൾക്കും പേരിൽ ആൺപെൺ വ്യത്യാസമില്ല. കാക്കയും തത്തയുമെല്ലാം നമുക്ക് പേരിൽ ഒരുപോലെയാണ്. മനുഷ്യനുമായി അടുത്തിടപഴകുന്ന പശു (കാള), പോത്ത് (എരുമ), കൊമ്പനാന (പിടിയാന), മുട്ടനാട് (പെണ്ണാട്) എന്നീ കുറച്ചിനങ്ങൾക്കുമാത്രമാണ് ആൺപെൺ ലിംഗ വേർതിരിവിലുള്ള പേരുകൾ ഉള്ളത്.

ഇംഗ്ലീഷിൽ പേരുള്ള വമ്പൻമാർ

ഇംഗ്ലീഷിൽ പല ജന്തുക്കൾക്കും പക്ഷികൾക്കും ആൺലിംഗവും പെൺലിംഗവും വേറെവേറെ പേരുകളിൽ അറിയപ്പെടുന്നുണ്ട്‌.  അത്തരത്തിലുള്ള സാധാരണ മൃഗങ്ങളുടെ പേരുകൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

മൃഗം ആൺ പെൺ
കുതിര Stallion Mare
കന്നുകാലികൾ Bull Cow
മുയൽ Buck Doe
കുറുക്കന്‍  Fox  Vixen
കടുവ Tiger Tigress
സിംഹം Lion Lioness
പുള്ളിപ്പുലി Leopard Leopardess
കഴുത Jack Jenny
പൂച്ച Tom Cat Pussy Cat
മാൻ Stag Doe
ആന Bull(Tusker) Cow
കങ്കാരു Jack Jill
പന്നി Boar Sow
ആട് ‌  Billy Goat Nanny Goat
ചെമ്മരിയാട് ‌Ram Ewe

 

  കാട്ടുപോത്തിന്‌ ഗർഭകാലം പത്തുമാസം

     
   
wild buffalo
ഫയല്‍ ചിത്രം: മാതൃഭൂമി ആര്‍ക്കൈവ്‌സ്/ പി.പി.ബിനോജ്‌


ഇന്ത്യൻ കാട്ടുപോത്തുകളെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. ഇന്ത്യ, മലയ, ഫിലിപ്പീൻസ്, ചില ഈസ്റ്റ് ഇന്ത്യൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഇവയെ ഇണക്കി വളർത്താറുമുണ്ട്. ശാസ്ത്രനാമം ബ്യൂബാലസ് ബ്യൂബാലിസ്. (Bubalus bubalis).
 
തോൾ ഭാഗത്ത് 2 മീറ്റർ ഉയരമുള്ള ഇന്ത്യൻ കാട്ടുപോത്തുകളുടെ ദേഹത്തിന് മൂന്ന് മീറ്റർ നീളവും 0.75 മീറ്റർ നീളമുള്ള വാലുമുണ്ടായിരിക്കും. വാലിന്റെ അറ്റത്ത് കുഞ്ചലം പോലെ മുടിയും കാണാം. 900 കിലോഗ്രാം ആണ് ഭാരം. തലയുടെ മുകളറ്റത്ത് ഏതാണ്ട് നടുക്കുനിന്നുതന്നെ തുടങ്ങുന്ന കൊമ്പുകൾ  മുകളിലേക്ക് വളഞ്ഞ് പിന്നിലേക്ക് തിരിയുന്നു. ഉദ്ദേശം 1.75 മീറ്റർ നീളം വരുന്ന കൊമ്പുകളുടെ ആധാരഭാഗം വളരെ കട്ടിയേറിയതാണ്. 
പുല്ലുകളും ചെറു ധാന്യച്ചെടികളുമാണ് പ്രധാന ആഹാരം. 
 
വർഷത്തിൽ എല്ലാക്കാലത്തും ഇണചേരുന്ന ഈ ഇനത്തിന്റെ ഗർഭകാലം 10 മാസമാണ്. ഒരു പ്രസവത്തിൽ ഒരു കുട്ടിയേ ഉണ്ടാകൂ. ഇതിന്റെ പാൽ പോഷക സമൃദ്ധമാണ്. കാളയോട് അടുത്ത ബന്ധമുള്ളതും ബോവിനേ ഉപകുടുംബത്തിൽ (sub family) പെടുന്നതുമായ അയവിറക്കുന്ന മൃഗങ്ങളാണ് കാട്ടുപോത്തുകൾ. മൂന്ന് പ്രത്യേകയിനം മൃഗങ്ങൾ ഈ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും ഇന്ത്യൻ കാട്ടുപോത്തിനാണ് വലുപ്പത്തിൽ പ്രഥമസ്ഥാനം. കേപ്പ് അഥവാ ആഫ്രിക്കൻ കാട്ടുപോത്ത് രണ്ടാംസ്ഥാനം കൈയടക്കിയിരിക്കുന്നു. യൂറോപ്യൻ കാട്ടുപോത്ത്, അമേരിക്കൻ കാട്ടുപോത്ത് എന്നിവയാണ് മൂന്നാംസ്ഥാനത്ത്. ഇവയെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രം അറിയപ്പെടുന്ന മറ്റു ചില സ്പീഷീസുകളാണ് പടിഞ്ഞാറൻ പസഫിക്കിലെ സെലബീസ്, മിൻഡോറോ എന്നീ ദ്വീപുകളിൽ കഴിയുന്ന ഇനങ്ങൾ. ഇവയ്ക്ക് വലുപ്പം നന്നേ കുറവായിരിക്കും. 
 
കാളയുടെയും കാട്ടുപോത്തിന്റെയും അസ്ഥികൂടങ്ങൾക്കുതമ്മിൽ ഒരേയൊരു വ്യത്യാസമേ ഉള്ളൂ. കാളയുടെ 13 ജോഡി വാരിയെല്ലുകളുടെ സ്ഥാനത്ത് കാട്ടുപോത്തിന് 14 ജോഡി എല്ലുകളുണ്ട്. 
(കടപ്പാട്: എൻസൈക്ലോപീഡിയ) 
 
(സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞനാണ് ലേഖകൻ )
 
 
Content Highlights: Wild Buffalo Usage in Malayalam, Usage of Common Names in Malayalam