വേനൽച്ചൂടിന്റെ കാഠിന്യത്തിനിടയിൽ ദിവസങ്ങൾ തീർന്നത് അറിഞ്ഞതേയില്ല അല്ലേ. ഇനി നേരംവൈകുവോളം ചുരുണ്ടുകൂടി ഉറങ്ങിയാൽ ശരിയാവില്ല. രാവിലെ നേരത്തേ എണീക്കണം, സ്‌കൂളിൽ പോകണം, പഠിക്കണം, കളിക്കണം, പിന്നെ ജീവിതത്തിൽ ഒപ്പംകൂട്ടാവുന്ന ഒത്തിരി പാഠങ്ങളും ചേർത്തുവെക്കണം.

ആദ്യമായി സ്‌കൂളിൽ പോകുന്നതിന്റെ ചിണുങ്ങലൊന്നും കുട്ടികളിൽ ഇപ്പോ കാണാനേയില്ല. കാരണം, അങ്കണവാടിയും എൽ.കെ.ജിയും യു.കെ.ജി.യുമൊക്കെ കഴിഞ്ഞ് ‘വലിയ കുട്ടികളാ’യല്ലേ സ്‌കൂളിലേക്ക് പോകുന്നത്. പിന്നെ ഒരുപാട് പുതിയ കൂട്ടുകാരെയാണ് കിട്ടാൻ പോവുന്നത്. യു.പി.യിലും ഹൈസ്‌കൂളിലുമൊക്കെ പഠിക്കുന്നവർക്കാകട്ടെ ഇതൊരു തുടർച്ചമാത്രമാണ്. 

സ്വപ്‌നങ്ങളിലേക്കുള്ളൊരു യാത്ര

ഇത്തവണ നേരത്തേതന്നെ വിദ്യാഭ്യാസവകുപ്പ് ‘വരവേൽപ്പ്’ ഒരുക്കി. സ്‌കൂളുകളിലെത്തുന്നവരെ സ്വീകരിക്കുകയായിരുന്നു വരവേൽപ്പിലൂടെ. അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് ഒരാഘോഷം. സ്‌കൂൾതുറക്കൽ എന്തായാലും ഒരാഘോഷം തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സ്‌കൂളിലേക്ക് പോകുമ്പോൾ കുറച്ചേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പുസ്തകങ്ങൾ അടുക്കുംചിട്ടയുമായി സൂക്ഷിക്കുന്ന ആ ശ്രദ്ധ പുസ്തകത്തിന്റെ പുറംചട്ടയിൽ ഒതുങ്ങാതെ ജീവിതത്തിലേക്ക് കൂടി എടുത്തുനോക്കൂ. എത്ര സുന്ദരമായിരിക്കും അത്.

അറിയില്ലെന്ന് പറയാൻ മടിക്കേണ്ട

സി.ബി.എസ്.ഇ. സ്‌കൂളിൽപഠിച്ച് മലയാളം മീഡിയത്തിലേക്കും തിരിച്ചുമൊക്കെ മാറുമ്പോൾ ചില കുട്ടികൾക്കെങ്കിലും പ്രശ്‌നമുണ്ടാകാറുണ്ട്. അതുവരെ പഠിച്ചരീതി മാറുമ്പോൾ വിഷയങ്ങൾ കൃത്യമായരീതിയിൽ പിന്തുടരാൻ പറ്റണമെന്നില്ല. പരീക്ഷയ്ക്കൊക്കെ കഷ്ടപ്പെട്ട് പഠിച്ച് പാസാകും. തട്ടിമുട്ടി പത്തുവരെയെത്തും. കുട്ടികൾ അതോടെ ആകെ ഉൾവലിയും. ഈസ്ഥിതി മാറണം. അറിയാത്തത്, മനസ്സിലാകാത്തത് എല്ലാം തുറന്നുപറയണം. അധ്യാപകർ കുറ്റപ്പെടുത്തില്ല. മറ്റുകുട്ടികൾ എന്തുപറയുമെന്ന് കരുതി മിണ്ടാതിരിക്കുമ്പോൾ നഷ്ടമാകുന്നത് കുട്ടികളുടെ തന്നെ ഭാവിയാണ്. ആർക്കുമുന്നിലും മോശക്കാരല്ല നമ്മളെന്ന് സ്വയം ഓർമിപ്പിക്കുക. അധ്യാപകരെ ഭയപ്പെടാതെ കാര്യങ്ങൾ തുറന്നുപറയുകയാണ് വേണ്ടത്.

കളിക്കാം, ലഹരിക്ക് പിറകേ പോകല്ലേ

സ്‌കൂൾവിട്ട് വന്നാൽ കളിക്കാനുള്ള സമയം അതിനായിത്തന്നെ മാറ്റിവെക്കണം. വീട്, സ്‌കൂൾ, പഠനം എന്നരീതിയിൽമാത്രം കറങ്ങിയാൽ കുഞ്ഞിലേ യന്ത്രമനുഷ്യനാകും. അതിനുപകരം ആരോഗ്യമുള്ള മനസ്സും ശരീരവും നല്ല ചിന്തകളുമാണ് വേണ്ടത്. കളിക്കാൻ ദിവസവും കുറച്ചുസമയം മാറ്റിവെച്ചാൽ പഠനം അവതാളത്തിലാകില്ല. 

ഇപ്പോൾ കുട്ടികളുടെ കളി ഏറെയും മൊബൈലിലേക്ക് മാറുന്നുണ്ട്. മറ്റൊന്നിലും ശ്രദ്ധിക്കാതെ ഗെയിംകളിച്ചും സാമൂഹികമാധ്യമങ്ങളിൽ മുഖം ഒളിപ്പിച്ചും കുട്ടികൾ സമയം ചെലവിടുകയാണ്. പിച്ചവെക്കാൻ തുടങ്ങുംമുമ്പേ കുട്ടികൾ ഫോണിനെ അറിയുന്നു. ആദ്യം കാർട്ടൂണുകളും ആനിമേഷനുമെല്ലാം അവരെ കീഴടക്കാം. പിന്നെ ഇന്റർനെറ്റിന്റെ വിശാല ലോകത്തേക്കെത്തും. പഠനത്തിലുൾപ്പെടെ അലസനാകും. 
അച്ഛനമ്മമാരും തങ്ങളുടെ സമയം ഓൺലൈനുകളിൽ ചെലവിടുകയാണെങ്കിൽ കുട്ടികളുടെ സ്വഭാവം മാറുകയില്ല. അവരുടെ ഒറ്റപ്പെടലുകൾ, കൗമാരത്തിലേക്ക് കടക്കുമ്പോഴുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങൾ എല്ലാം ചെന്നെത്തിക്കുന്നത് ലഹരിയുടെ ചതിക്കുഴിയിലേക്കാവും. പ്രശ്‌നങ്ങളിൽ നിന്നൊളിച്ചോടാനുള്ള പോംവഴിയായി ചിലരെങ്കിലും അതിലേക്കെത്തും. 

രക്ഷിതാക്കൾ മനസ്സുവെച്ചാൽ കുട്ടികളെ വഴിതെറ്റാതെ ചേർത്തുപിടിക്കാം. ഓരോകുട്ടിയിലേക്കും അധ്യാപകരുടെ കണ്ണ് പതിഞ്ഞാൽ അവരുടെ മാറ്റം തിരിച്ചറിയാം. കുട്ടികൾ സ്‌കൂളിൽ നിന്നുവന്നാൽ തിരക്കുകൾ മാറ്റിവെച്ച് സമയം നീക്കിവെക്കണം. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും പ്രശ്‌നങ്ങളുമെല്ലാം തുറന്നുപറയാനുള്ള ഇടം മക്കൾക്ക് നൽകണമെന്ന് കൗൺസലറായ ശ്രുതി പറയുന്നു. 

ശിക്ഷയല്ല, കരുതലാണ് വേണ്ടത്

കുട്ടികൾ ചെറിയ തെറ്റുചെയ്താൽ പോലും വലിയശിക്ഷ നൽകുന്നവരുണ്ട്. അതു കണ്ടില്ലെന്ന് നടിക്കുന്നവരുമുണ്ട്. ഇതുരണ്ടും ശരിയല്ല. കൃത്യമായ എന്നാൽ അമിതമല്ലാത്ത രീതിയിലുള്ള ഇടപെടലുകളാണ് വേണ്ടത്. എന്താണ് കുട്ടി ചെയ്ത തെറ്റെന്ന് ബോധ്യപ്പെടുത്തുക. അവരോട് സംസാരിച്ച് ആത്മബന്ധം ഉണ്ടാക്കിയെടുത്താൽ മാത്രമേ കുട്ടികൾ സംസാരിക്കാൻ തയ്യാറാകൂ. അതിനാണ് ശ്രമിക്കേണ്ടത്.
കുട്ടികൾ ചീത്തകൂട്ടുകെട്ടിൽ പെട്ടുപോകുമോയെന്ന ആശങ്കയുണ്ട് ചില അച്ഛനമ്മമാർക്ക്. ‘‘കൂട്ടുകാരികളെ കണ്ട് അതുപോലെ മാറണമെന്ന് മകൾ പറയാറുണ്ട്. അത് സമ്മതിച്ചില്ലെങ്കിൽ അവൾക്ക് വിഷമമാകുമെന്ന് കരുതി സമ്മതിച്ചുകൊടുക്കും. ഇല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടായാലോ’’ ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകളെപ്പറ്റിയുള്ള ഒരമ്മയുടെ ആധിയാണിത്. കുട്ടികളുടെ വാശിയെ പാടേ അവഗണിക്കുകയോ അത് പൂർണമായി ഉൾക്കൊള്ളുകയോ ചെയ്യേണ്ടതില്ലെന്നാണ് സൈക്കോളജിസ്റ്റുമാർ പറയുന്നത്. മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തമായ പാത തുറക്കാൻ ശ്രമിക്കാം. 

പ്രഷർകുക്കറല്ല...​

സ്‌കൂൾ തുറന്നാൽപ്പിന്നെ കുട്ടികൾക്കാകെ തിരക്കായിരിക്കും. പഠനം, ഹോംവർക്ക്, ഒത്തിരിപ്പേർക്ക് ട്യൂഷൻ. ഒന്നിനും സമയം തികയാത്ത സ്ഥിതി. കളിക്കാൻപോലും കൊതിയോടെ കാത്തിരിക്കേണ്ടി വരുന്നവരുണ്ട്. അപ്പോഴൊക്കെ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. കുട്ടികളാണ്, അമിതമായി സമ്മർദം അടിച്ചേൽപ്പിച്ചാൽ ദോഷംമാത്രമേ ഉണ്ടാകൂ എന്നത്.

പഠനം പ്രധാനമാണ്. എന്നാൽ അമിതപ്രാധാന്യം വേണ്ട. മാർക്ക് കുറയുമ്പോൾ കൂട്ടുകാരുമായും ബന്ധുക്കളുമായും താരതമ്യംചെയ്ത് കുറ്റപ്പെടുത്തുന്നത് തുടരുന്ന ഒരു ശീലമാണ്. അതുവേണ്ട. കുട്ടികളുടെ ശേഷി അറിഞ്ഞുള്ള പഠനമാണ് ഏറ്റവും നല്ലതെന്ന് സൈക്കോളജിസ്റ്റായ പി. വിനിഷ പറയുന്നു. കുട്ടികൾക്ക് ഇല്ലാത്ത കഴിവ് ഉണ്ടാക്കേണ്ട. അവരുടെ ഇഷ്ടങ്ങൾ കണ്ടെത്താൻ രക്ഷിതാക്കളെപ്പോലെ അധ്യാപകർക്കും കഴിയും. 

പഠനത്തെക്കാൾ ചിലർക്ക് കഴിവുകളാണുണ്ടാവുക കലയിലും കായികരംഗത്തുമാവാം. അത് പ്രോത്സാഹിപ്പിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം കുട്ടികളിൽ നിറയും. സ്വാഭാവികമായും അവർക്ക്‌ പഠിക്കാനും ഉത്സാഹം കൂടും. നിർബന്ധിച്ച് പഠിപ്പിക്കുന്നതിനെക്കാൾ നല്ലതല്ലേ താത്‌പര്യത്തോടെ പഠിക്കുന്നത്.

ഞങ്ങൾക്കും പറയാനുണ്ട്

പ്രായത്തിൽ ചെറുതായതുകൊണ്ട് കുട്ടികളുടെ വാക്കുകൾക്ക് വിലകൊടുക്കാതിരിക്കരുത്. സ്‌കൂളിലെ ചെറിയകാര്യങ്ങൾ വീട്ടിൽ വന്നുപറയുമ്പോൾ അതിലെന്താ ഉള്ളത്, ഒന്നു മിണ്ടാതിരി എന്നുപറഞ്ഞ് ചെവികൊടുക്കാതിരിക്കുന്ന അച്ഛനമ്മമാരുണ്ട്. അതുപാടില്ല, അവരുടെ ചെറിയ വിശേഷങ്ങൾ കുട്ടികൾക്ക് വലുത് തന്നെയാണ്. അവർ പറയുന്ന, ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ പിശുക്ക് കാണിക്കേണ്ട. ഓരോ നല്ലവാക്കും നിറയ്ക്കുന്നത് കുട്ടികളുടെ ഹൃദയത്തെയാണ്. 

‘‘സ്‌കൂളിൽ പോകാൻ ഒരുപാടിഷ്ടമാണ്. ടീച്ചറായാലും കൂട്ടുകാരായാലുമെല്ലാം നല്ല സ്‌നേഹമാണ്. എല്ലാവിശേഷവും അമ്മയോട് പറയും. അമ്മ എല്ലാം കേൾക്കും’’ അഞ്ചാം ക്ലാസുകാരി ആൻലിയയുടെ വാക്കുകളിൽ സന്തോഷമുണ്ട്. 

സ്‌കൂളുകൾ ഒരുങ്ങി 

കുട്ടികൾക്ക് ആരോഗ്യകരമായ പഠനസൗകര്യം ഒരുക്കി സ്‌കൂളുകളെല്ലാം ഒരുങ്ങി. പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഒട്ടുമിക്കതും ഹൈട്ടെക്കായി. കംപ്യൂട്ടറും സാങ്കേതിക സൗകര്യങ്ങളുമെല്ലാം ക്ലാസ് മുറിയിലുണ്ട്. പാഠപുസ്തകങ്ങളെല്ലാം നേരത്തേ എത്തി. സ്‌കൂൾ ബസുകൾ പരിശോധിച്ച് കുട്ടികളെ കൊണ്ടുപോകാൻ റെഡിയായി. സ്‌കൂളിലെത്തുന്ന ചെറിയ കുട്ടികളെ കാത്ത് ഭംഗിയുള്ള ചിത്രച്ചുമരുകളും ഒരുക്കിയിട്ടുണ്ടെന്ന് മാനാഞ്ചിറ ഗവ. ടി.ടി.ഐ. മോഡൽ സ്‌കൂളിലെ അധ്യാപകനായ സി. രാജൻ പറഞ്ഞു. 

ചൈൽഡ് ലൈൻ - 1098

കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ ചൈൽഡ് ലൈനിൽ അറിയിക്കാം. കൃത്യമായ ഇടപെടലുണ്ടാകും. നിയമസഹായവും വൈദ്യസഹായവും കൗൺസലിങ്ങുമെല്ലാം ഇവർ ഉറപ്പാക്കുന്നു.

ശ്രദ്ധിക്കാം 

  • കുട്ടികളെ വെറുതേ പറഞ്ഞ് ഭയപ്പെടുത്തരുത്  
  • അധ്യാപകർ കുട്ടികളുമായി അടുത്തബന്ധം ഉണ്ടാക്കണം
  • ഓരോ കുട്ടിയെയും പരിഗണിക്കുന്നുവെന്ന തോന്നൽ വളർത്തിയെടുക്കണം
  • കഴിവുകളെ അഭിനന്ദിക്കാം
  • നിർബന്ധിച്ച് ഒന്നും ചെയ്യിക്കേണ്ട
  • മൊബൈലുകളും ടാബും സ്ഥിരമായി ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിക്കൊടുക്കുക. 
  • കുട്ടികളെ ചെറിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാം
  • മാതാപിതാക്കൾ കുട്ടികളുമായി എല്ലാദിവസവും സംസാരിക്കുക 

Content Highlights: School Reopening, Parenting and Guidance, Support for Children, Child Helpline