ഐക്യരാഷ്ട്രസഭ ഈ വർഷം മൂന്ന് വിഷയമാണ് അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പീരിയോഡിക്കൽ ടേബിളിന്റെ 150-ാം വർഷവും തദ്ദേശീയ ഭാഷാവർഷവും പിന്നെ മിതത്വവർഷവും. ഇതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജനങ്ങളെ മിതത്വബോധം ശീലിപ്പിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തിക്കൊണ്ടുള്ള മിതത്വവർഷാചരണം. മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. വസ്തുക്കൾ വാരിക്കൂട്ടുന്ന പ്രവണതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ച ശേഷം എ.ഡി. 1800 വരെ ഉപയോഗിച്ച വിഭവങ്ങളുടെ അത്രയും ഇരട്ടിയാണ് കഴിഞ്ഞ 200 വർഷത്തിനകം ഉപയോഗിച്ചത്.
പാഴാക്കുന്ന ശുദ്ധജലവും രോഗങ്ങളും
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ലോക ജനസംഖ്യയിൽ 100 കോടി പേർക്ക് ശുദ്ധജലം ഇന്ന് അപ്രാപ്യമാണ്. മലിനജലവുമായി ബന്ധപ്പെട്ട രോഗങ്ങൾമൂലം ഓരോ സെക്കൻഡിലും ലോകത്ത് ഒരാൾവീതം മരിക്കുന്നു. ഇത് കൂടുതലും ആഫ്രിക്കൻ വൻകരയിലുള്ള രാജ്യങ്ങളിലാണ്. ഇവിടങ്ങളിൽ ഒരു കുടുംബത്തിന് 23 ലിറ്റർ വെള്ളമാണ് ഉപയോഗിക്കാനായി കിട്ടുന്നത്. എന്നാൽ, അതേസ്ഥാനത്ത് ഒരു അമേരിക്കൻ കുടുംബം 946 ലിറ്റർ വെള്ളമാണ് ഒരുദിവസം ഉപയോഗിക്കുന്നത്. വെള്ളം കൂടുതലും ദുരുപയോഗിക്കപ്പെടുന്നു.
പാഴാക്കുന്ന ധാന്യങ്ങൾ
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഒ.) അഭിപ്രായപ്രകാരം ലോകത്ത് ആകെ ഉത്‌പാദിപ്പിക്കപ്പെട്ട ഭക്ഷ്യധാന്യങ്ങൾ 230 കോടി ടണ്ണാണ്. എന്നാൽ, പാഴാകുന്നത് 130 കോടി ടണ്ണും. അതായത് ഉത്‌പാദിപ്പിക്കുന്നതിന്റെ പകുതിയിൽ കൂടുതൽ പാഴായിപ്പോകുന്നു. ലോകത്ത് ഏകദേശം 85 കോടി ജനങ്ങൾ പട്ടിണികിടക്കുകയാണ്. ഓരോ 3.6 സെക്കൻഡിൽ ഒരാൾവീതം വിശപ്പുകൊണ്ട് മരിക്കുന്നു. അതായത് എച്ച്.ഐ.വി. ബാധ, അർബുദം, മലമ്പനി, ക്ഷയം എന്നീ രോഗങ്ങൾമൂലം മരിക്കുന്നതിനെക്കാൾ കൂടുതൽപേർ പ്രതിവർഷം വിശപ്പുകൊണ്ട് മരിക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ പാഴാക്കുന്ന പ്രഭാതഭക്ഷണംമാത്രംമതി ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണിമാറ്റാൻ. സമ്പന്നരാജ്യങ്ങളിൽമാത്രം 1000 കോടി ഡോളർ വിലയുള്ള ഭക്ഷണം ജനങ്ങൾ പാഴാക്കുന്നു. ഈ ഭക്ഷണംകൊണ്ടുമാത്രം ലോകത്താകെയുള്ള രണ്ടരക്കോടി ആളുകളുടെ വിശപ്പകറ്റാൻ കഴിയുമെന്നാണ് യു.എൻ. കണക്കാക്കുന്നത്.
ആഗോളതാപനം
ആഗോളതാപനം വർധിക്കുന്നത് കടലിനെയാണ് ആദ്യം ബാധിക്കുക. ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നതോടെ ദ്വീപുകൾ മുങ്ങിത്താഴും. ഇങ്ങനെ മുങ്ങിത്താഴാൻ പോകുന്ന കേരളത്തിലെ ജനവാസ ഇടങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്. ലോകത്താകെ 70 കോടിയോളം ജനങ്ങൾ ദ്വീപ് നിവാസികളാണ്. ഇവരെല്ലാം അഭയാർഥികളായി മാറുകയായിരിക്കും ഫലം.
ഉപഭോഗതീക്ഷ്ണത ഉച്ചകോടിയിൽ നിൽക്കുന്ന വൻവികസിത രാജ്യങ്ങളുടെ വർധിച്ച കാർബൺ ഫുട്ട് പ്രിന്റിന്റെ(വിവിധ പ്രവർത്തനങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് വിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്) പരിണതഫലമായി ഭൂമിക്കുണ്ടാകുന്ന കെടുതികളുടെ ദുരിതം അനുഭവിക്കേണ്ടിവരിക ഇതിന് കാരണക്കാരല്ലാത്ത പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾ കൂടിയാണെന്നതാണ് യാഥാർഥ്യം.
കേരളവും ശുദ്ധജല വരൾച്ചയിൽ
മലയാളി ഒരുദിവസം ഗ്രാമപ്രദേശത്ത് 80 ലിറ്റർ വെള്ളം ഉപയോഗിക്കുമ്പോൾ നഗരത്തിൽ ഇത് 120 ലിറ്ററാണ്. ഇത് കുടിക്കാനും കുളിക്കാനും മാത്രമാണ്.
കൃഷിക്കും വ്യവസായത്തിനും വിനോദത്തിനും ഗതാഗതത്തിനും എല്ലാംകൂടി കണക്കാക്കുമ്പോൾ ഒരുദിവസം ഗ്രാമ-നഗര വ്യത്യാസമില്ലാതെ 200 ലിറ്റർ വെള്ളം വേണം.
നാം എത്രത്തോളം ജലം പാഴാക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം.
ചൂടുപിടിക്കുന്ന ഭൂമി
- കാർബൺ ഡൈ ഓക്സൈഡ്(CO2) അന്തരീക്ഷത്തിലേക്ക് അമിതമായി എത്തുന്നു
- ആഗോളതാപനംകാരണം വരൾച്ച, വെള്ളപ്പൊക്കം, കൃഷിനാശം, രോഗങ്ങൾ എന്നിവ വർധിക്കും.
- ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് CO2-വിന്റെ ആധിക്യത്തിന് കാരണം. അശാസ്ത്രീയമായ വ്യവസായവത്‌കരണവും വാഹനങ്ങളുടെ ബാഹുല്യവും ഇതിന് കാരണങ്ങളാണ്.
- വ്യവസായവിപ്ലവത്തിന് തൊട്ടുമുമ്പുള്ള അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് ഒരു ദശലക്ഷത്തിൽ 278 (ppm) ആയിരുന്നെങ്കിൽ ഇന്നത് 400-ൽ എത്തിനിൽക്കുന്നു. ഏകദേശം 50 ശതമാനത്തിലും അധികമായി വർധിച്ചു. ഇത് ഭൂമിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
ചാർജും തീരാറായോ?
സാമൂഹികവികാസചരിത്രത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഫോസിൽ ഇന്ധനങ്ങളെയാണ്(കോടിക്കണക്കിനുവർഷംമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന സസ്യങ്ങളുടെയും ജീവികളുടെയും മൃതദേഹാവശിഷ്ടങ്ങൾ ഭൂമിക്കടിയിലെ അതിസമ്മർദവും അത്യുഷ്ണവുംമൂലം പരിണമിച്ചുണ്ടായതാണ് ഫോസിൽ ഇന്ധനങ്ങൾ). പ്രകൃതി അതിന്റെ ആരംഭകാലംമുതൽ സൂക്ഷിച്ചുവെച്ചിരുന്ന ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം ഉൾപ്പെടെയുള്ള ഊർജസ്രോതസ്സുകൾ പകുതിയും കഴിഞ്ഞ 100 വർഷംകൊണ്ട് നാം ഉപയോഗിച്ചു. അടുത്ത എത്രയോ തലമുറകൾക്ക് ഉപയോഗിക്കേണ്ട ഫോസിൽ ഇന്ധനമാണ് നാം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ രീതി തുടർന്നാൽ അടുത്ത 50 വർഷംകൊണ്ട് ഭൂമിയിലെ ഇന്ധനം മുഴുവൻ തീർന്നുപോകും. ഫോസിൽ ഇന്ധനം അമിതമായി ഉപയോഗിക്കുന്നതുമൂലം പുറന്തള്ളപ്പെടുന്ന അധികമായ CO2 ആഗോളതാപനത്തിന് കാരണമാവുകയും ഇത് കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാക്കുകയും ചെയ്യും. ഭൂമിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്ന രീതിയിലേക്കാണ് ഇത് പോകുന്നത്.
ഒന്നരഭൂമി വേണ്ടിവരും!
ഭൂമിയിലെ പ്രകൃതിസന്പത്തിനെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പഠിക്കുന്ന സംഘടനയായ ഗ്ലോബൽ ഫൂട്ട്‌പ്രിന്റ് നെറ്റ്‌വർക്കിന്റെ നിരീക്ഷണപ്രകാരം ശരാശരി ലോകജനതയുടെ ഇന്നത്തെ ഉപഭോഗരീതി അനുസരിച്ച് ഒരു ഭൂമി തികയില്ല. ഒന്നരഭൂമി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2030 ആകുമ്പോൾ രണ്ട് ഭൂമിയാകും. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ അത് മൂന്ന് ഭൂമിയായി മാറും.
എല്ലാ മനുഷ്യരും അമേരിക്കൻ ഉപയോഗരീതി പിന്തുടർന്നാൽ 4.8 ഭൂമി വേണ്ടിവരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യൻ രീതി പിന്തുടരുകയാണെങ്കിൽ 3.3 ഭൂമിയും ജർമൻ മാതൃകയാണെങ്കിൽ 3.1 ഭൂമിയും വേണം. ബ്രിട്ടൺ (3.4), ഫ്രാൻസ് (3), ജപ്പാൻ (2.9), ഇറ്റലി (2.7), സ്പെയിൻ (2.1) എന്നിവയാണ് തൊട്ടുപിറകിൽ.
എർത്ത് ഓവർ ഷൂട്ട്ഡേ
കടലും പുഴയും കൃഷിഭൂമിയുൾപ്പെടെ പ്രകൃതി വിഭവശേഷിയുടെ പരിധിയിൽ കൂടുതൽ ഉപയോഗിച്ചാൽ നാം കടക്കാരനാകും. പ്രകൃതിയുടെ വിഭവശേഷി കണക്കാക്കുമ്പോൾ ഭൂമിയുടെ വാർഷികബജറ്റ് മൊത്തം ഉപയോഗിച്ച് തീർക്കാൻ എട്ടുമാസംപോലും വേണ്ടിവരുന്നില്ല. ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട്ഡേ.
2018-ൽ ഓഗസ്റ്റ് ഒന്നിനായിരുന്നു നാം ഭൂമിക്ക് കടക്കാരനായത്. 2017-ൽ ഓഗസ്റ്റ് രണ്ടിനായിരുന്നു. 2016-ൽ ഇത് ഓഗസ്റ്റ് എട്ടിനായിരുന്നു. 1970-ലാണ് മനുഷ്യൻ ആദ്യമായി ഭൂമിക്ക് കടക്കാരനായത്. ആ വർഷം ഡിസംബർ 29-നായിരുന്നു.
Content Highlights: United Nations observes 2019 as International Year of Moderation