വീടിന്റെ മൂലയില്‍ ചെറിയൊരു പെട്ടിവയ്ക്കാനുള്ള ഇടംമതി ഒരു മാസത്തേക്കാവശ്യമായ പോഷകസമൃദ്ധമായ കീടഭക്ഷണം ഉണ്ടാക്കുന്നതിന്. അമേരിക്കയിലും യൂറോപ്പിലും ഇത്തരം കീടക്കൃഷി വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. ഇനി പാറ്റകളെയും ചീവീടുകളെയുമൊന്നും അറപ്പോടെ നോക്കേണ്ട. നാളെ ഇവകൊണ്ടുള്ള വിഭവങ്ങള്‍ നമ്മുടെ ഭക്ഷണമേശയിലും ഇടംനേടും. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പലതരം ആഹാരത്തെക്കുറിച്ച് പഠിക്കാനുണ്ടല്ലോ. ഇതാ പ്രാണിഭോജനത്തെക്കുറിച്ച് അറിഞ്ഞോളൂ...
കീടങ്ങളാണ് നാളത്തെ ഭക്ഷണം. പോഷകസമ്പുഷ്ടവും രുചികരവുമാണ് കീടങ്ങള്‍. അവയെ ഉത്പാദിപ്പിക്കാനും എളുപ്പം കഴിയും. മാംസത്തിനായി കന്നുകാലികളെയും കോഴികളെയും വളര്‍ത്താന്‍വേണ്ട സ്ഥലത്തിന്റെ നൂറിലൊരു ഭാഗം സ്ഥലംകൊണ്ട് അത്രയും പോഷണം ലഭിക്കുന്ന കീടഭക്ഷണം കൃഷിചെയ്യാന്‍ കഴിയും. കന്നുകാലികളുടെ ദഹനപ്രക്രിയയില്‍ ഉത്പാദിപ്പിക്കുന്ന മീഥേയ്ന്‍ വാതകം അന്തരീക്ഷതാപനില വര്‍ധിപ്പിക്കുന്നതിന് കാരണമാകുമ്പോള്‍ കീടങ്ങള്‍ നാമമാത്രമായി മാത്രമേ ഈ വാതകം ഉത്പാദിപ്പിക്കുന്നുള്ളൂ. അത് പരിസ്ഥിതിയെ തീരെ ബാധിക്കുകയുമില്ല. ഇപ്പോള്‍തന്നെ അമേരിക്കയിലും യൂറോപ്പിലുമെല്ലാം കീടവിഭവങ്ങള്‍ ലഭ്യമാണ്. ചോക്ലേറ്റില്‍ പൊതിഞ്ഞ തേളും പച്ചത്തുള്ളനും ചീവീടുമെല്ലാം മാര്‍ക്കറ്റിലുണ്ട്. വിട്ടിലിനെ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പാസ്തയും മില്‍ക്ക് ഷേക്കുമെല്ലാം ഉത്പാദിപ്പിക്കുന്ന കമ്പനികളും അവിടെയുണ്ട്. കീടാഹാരം പ്രോത്സാഹിപ്പിക്കണമെന്നാണ് ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന ആഹ്വാനം ചെയ്യുന്നത്. രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം എന്നീ ഗുണങ്ങളാണ് പ്രാണിഭോജനത്തിന്റെ മേന്‍മയായി സംഘടന ചൂണ്ടിക്കാണിക്കുന്നത്.
എന്റമോഫജി അഥവാ പ്രാണിഭോജനം
മനുഷ്യര്‍ പ്രാണികളെ ഭക്ഷണമാക്കുന്നതാണ് എന്റമോഫജി (Entomophagy). ചരിത്രാതീത കാലംമുതലേ മനുഷ്യരില്‍ പ്രാണിഭോജനം പ്രചാരത്തിലുണ്ട്. മൂട്ട, ലാര്‍വ, പ്യൂപ്പ, വിട്ടില്‍, ചീവീട്, ചിലതരം പുഴുക്കള്‍ എന്നിവയെ മനുഷ്യര്‍ ചരിത്രാതീത കാലംമുതല്‍തന്നെ ഭക്ഷിച്ചുവരുന്നുണ്ട്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് അടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജനങ്ങള്‍ പ്രാണികളെ ഭക്ഷണമാക്കുന്നുണ്ട്. ലോകമെമ്പാടും 200 കോടി ആളുകള്‍ ആയിരത്തിലധികം ഇനം പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നു. കൂടാതെ മൂവായിരത്തോളം ആദിവാസി ജനവിഭാഗങ്ങള്‍ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. 80 ശതമാനം ലോകരാജ്യങ്ങളിലും ഏതെങ്കിലും ഇനത്തിലുള്ള പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ പ്രാണിഭോജനത്തിന് സാമുദായിക വിലക്കുണ്ടെങ്കിലും എന്റമോഫജി ഭാവിയിലെ ഭക്ഷണരീതിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഭക്ഷിക്കാം ഇവരെ
ലോക ഭക്ഷ്യകാര്‍ഷിക സംഘടന 1900 സ്പീഷീസുകളിലുള്ള പ്രാണികളെ ഭക്ഷ്യയോഗ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ചിലന്തി, തേള്‍ വര്‍ഗത്തില്‍പെട്ട പ്രാണികള്‍, ചിതല്‍, പഴുതാര വര്‍ഗത്തിലുള്ള ജീവികള്‍, ചീവീടുകള്‍, വിട്ടിലുകള്‍, പച്ചത്തുള്ളന്‍, വിവിധതരം വണ്ടുകള്‍, അവയുടെ ലാര്‍വകള്‍, ശലഭപ്പുഴുക്കള്‍, പട്ടുനൂല്‍ പുഴുവിന്റെ ലാര്‍വ, തുടങ്ങിയവയാണ് സാധാരണയായി ഭക്ഷണത്തിനുപയോഗിക്കുന്നത്. കൃഷിയും വേട്ടയും ശീലമാകുന്നതിനുമുമ്പ് പ്രാചീനമനുഷ്യരുടെ മുഖ്യാഹാരം പ്രാണികളായിരുന്നു. മെക്‌സിക്കോയിലെ ഗുഹാചിത്രങ്ങളില്‍നിന്ന് ലഭിച്ച ഉറുമ്പുകള്‍, വണ്ടുകളുടെ ലാര്‍വ, പേന്‍, നായ്ച്ചെള്ള്, ചിതലുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇതിന്റെ തെളിവാണ്. ഹോമോസാപിയന്‍സ് എന്ന ആധുനിക മനുഷ്യന്റെ പൂര്‍വികര്‍ പ്രാണിഭോജികളായിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
സ്‌പെയിനിലെ അല്‍ത്താമിറയില്‍നിന്നു ലഭിച്ച ബി.സി. 30,000-നും 9000-നും ഇടയിലുള്ള ഗുഹാലിഖിതങ്ങള്‍ പ്രാണിഭോജനത്തിന്റെ തെളിവ് നല്‍കുന്നുണ്ട്. ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍നിന്ന് കണ്ടെടുത്ത ബി.സി. 2500-നോടടുത്ത കാലഘട്ടത്തിലുള്ള പട്ടുനൂല്‍പ്പുഴുക്കളുടെ കൊക്കൂണുകളുടെ അവശിഷ്ടങ്ങളും പ്രാണിഭോജനത്തിന്റെ തെളിവാണ് നല്‍കുന്നത്. തുമ്പികള്‍, നിശാശലഭങ്ങള്‍, ചിത്രശലഭങ്ങള്‍, വണ്ടുകള്‍, തേനീച്ച, കടന്നല്‍, ചീവീട്, വിട്ടില്‍, പച്ചത്തുള്ളന്‍, പാറ്റ, ചിതല്‍ എന്നിവയെല്ലാം പ്രാചീനമനുഷ്യരുടെ ഭക്ഷ്യവസ്തുക്കളായിരുന്നു.
ചീവീട് പിസ, ചോക്ലേറ്റ് തേള്‍
ആധുനികലോകത്ത് പാശ്ചാത്യരാജ്യങ്ങളാണ് പ്രാണിഭോജനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. രുചികരവും പോഷകസമൃദ്ധവും ചെലവുകുറഞ്ഞതുമാണ് പ്രാണിഭോജനം. പല സ്റ്റാര്‍ട്ടപ് സംരംഭകരും പ്രാണിവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധതരം സ്‌നാക്‌സുകള്‍, വീട്ടില്‍ പൗഡറുകള്‍, ചീവീടുകള്‍ ചേര്‍ത്തുള്ള പിസ, ചോക്‌ളേറ്റ് പൊതിഞ്ഞ തേള്‍ തുടങ്ങിയവ രുചികരവും പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ഫ്രാന്‍സ്, യു. എസ്., മെക്‌സിക്കോ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് പ്രാണിവിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വിട്ടിലുകളും ചീവീടുകളുമാണ് പ്രാണിവിഭവങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. അമേരിക്കയില്‍ നിരവധി വിട്ടില്‍ ഫാമുകളുമുണ്ട്. വിട്ടില്‍പ്പൊടി ഉണ്ടാക്കുന്നതിനായി കാനഡയിലും വ്യാവസായികാടിസ്ഥാനത്തില്‍ വലിയ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 80 ശതമാനം ഗോതമ്പുപൊടിയും 20 ശതമാനം വിട്ടില്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന പാസ്തയ്ക്ക് അമേരിക്കയിലും യൂറോപ്പിലും ആരാധകരേറെയാണ്.
കീടപ്രിയത്തിനു പിന്നില്‍
മാംസാഹാരത്തിന്റെ ചെലവ്, സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനപ്പെരുപ്പം എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം സാധാരണക്കാര്‍ക്ക് അന്യമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകമെങ്ങും കാണുന്നത്. ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ അന്താരാഷ്ട്ര ഉച്ചകോടിയില്‍(2013)വെച്ച് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കീടങ്ങള്‍ ഭാവിയിലെ ഭക്ഷണമായി ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാണ് കീടക്കൃഷി. ഒരു കിലോഗ്രാം മാട്ടിറച്ചി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ സസ്യസമ്പത്തിന്റെ പത്തിലൊന്നുമതി ഒരു കിലോഗ്രാം കീടമാംസം ഉണ്ടാക്കുന്നതിന്. കീടങ്ങള്‍ അവ ഭക്ഷിക്കുന്ന ആഹാരവും ഉത്പാദിപ്പിക്കുന്ന മാംസവും തമ്മിലുള്ള അനുപാതം 4:1 ആണ്. കന്നുകാലികളില്‍ ഇത് 54:1 ആണ്. ഉഷ്ണരക്തജീവികളായ കന്നുകാലികള്‍ അവയുടെ വളര്‍ച്ചയ്ക്കും രക്തത്തിന്റെ ചൂട് നിലനിര്‍ത്തുന്നതിനും ആവശ്യമായ ഊര്‍ജം ഭക്ഷണത്തില്‍നിന്ന് സ്വീകരിക്കുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സാമ്പത്തികമായും കീടക്കൃഷിയാണ് ലാഭകരം.
കന്നുകാലികള്‍ അവ കഴിക്കുന്ന ഭക്ഷണത്തിന്റെ 10 ശതമാനം ശരീരവളര്‍ച്ചയ്ക്കുപയോഗിക്കുമ്പോള്‍ പട്ടുനൂല്‍പ്പുഴു അത് കഴിക്കുന്ന ഭക്ഷണത്തിന്റെ 31 ശതമാനം ശരീരവളര്‍ച്ചയ്ക്കുപയോഗിക്കുന്നു. പാറ്റകളില്‍ ഇത് 44 ശതമാനമാണ്. ചീവീടുകളില്‍ ഈ കഴിവ് പന്നികളുടെയും ബ്രോയ്ലര്‍ കോഴികളുടെയും രണ്ടുമടങ്ങും ആടുകളുടെ നാലുമടങ്ങും കന്നുകാലികളുടെ ആറുമടങ്ങും അധികമാണ്. കീടങ്ങള്‍ പെരുകുന്നതും കന്നുകാലികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഒരു പെണ്‍ചീവീട് നാല് ആഴ്ചകള്‍കൊണ്ട് 1500 മുട്ടകള്‍വരെ ഉത്പാദിപ്പിക്കും.
രുചികരം, ആരോഗ്യപ്രദം
പ്രോട്ടീന്‍ സമ്പുഷ്ടമാണ് കീടങ്ങളുടെ മാംസം. കൊഴുപ്പിന്റെ അളവ് വളരെ കുറവും മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്‌ളങ്ങളുടെ തോത് കൂടുതലുമാണ്. 2050 ആകുമ്പോഴേക്കും മാംസോത്പാദനം ഇന്നുള്ളതിന്റെ ഇരട്ടിയായിട്ടുണ്ടാകും. അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വളരെ വലുതായിരിക്കും. ഇതിന് പ്രതിവിധിയായാണ് പ്രാണിഭോജനം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എന്നാല്‍, കീടക്കൃഷി ശാസ്ത്രീയമായി നടത്തിയില്ലെങ്കില്‍ അത് ഭക്ഷ്യവിഷബാധയ്ക്കും സൂക്ഷ്മജീവികളുടെ വര്‍ധനയ്ക്കും കാരണമാകും.