കത്തുന്ന മീനച്ചൂടിനൊപ്പമാണ് കൂട്ടുകാർക്ക് പരീക്ഷയും. പുറത്തെ ചൂട് മനസ്സിനെ ഒട്ടുംബാധിക്കരുത്. ‘ബി കൂൾ’ എന്നു പറയാറില്ലേ. ഓരോ കുട്ടിയുടെയും പഠനരീതിയും പഠനവേഗവും പഠനപുരോഗതിയുമെല്ലാം വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ മറ്റൊരാളോടും മത്സരംവേണ്ട. സ്വയം മെച്ചപ്പെടാൻ മാത്രം മത്സരം മതി.
പത്തുവർഷത്തെ പഠനത്തിനുശേഷം ആദ്യമെഴുതുന്ന പൊതുപരീക്ഷയാണ് എസ്.എസ്.എൽ.സി. പത്ത് വ്യത്യസ്ത വിഷയങ്ങൾ പഠിച്ച് എഴുതുന്ന പരീക്ഷ. ഓരോ വിഷയത്തിലും ‘സി.ഇ’ സ്കോർ (10, 20 വീതം) നേടിയ ആത്മവിശ്വാസത്തിലാണ് പരീക്ഷാഹാളിലെത്തുന്നത്. ഒപ്പം, ഐ.ടി.യുടെ പ്രാക്ടിക്കൽ, തിയറി പരീക്ഷകളും പൂർത്തിയാക്കി. ഇനി ഒമ്പത് വിഷയങ്ങളിൽമാത്രമാണ് പരീക്ഷ. വീഡിയോ ക്ലാസ് ഉൾപ്പെടെ ഒട്ടേറെ പഠനസഹായികൾ കൂട്ടായുണ്ട്. ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്ക് പോകാം. ഓരോവിഷയത്തിലും നിങ്ങൾക്ക് കഴിയാവുന്ന ഉയർന്ന സ്കോർ നേടുക എന്നതാവണം ലക്ഷ്യം. പരീക്ഷാഹാളിലെ പ്രകടനവും ഇതിൽ പ്രധാനമാണ്. നാളെമുതൽ നടക്കുന്ന പരീക്ഷയിൽ ശ്രദ്ധിക്കേണ്ട കൊച്ചുകൊച്ചു കാര്യങ്ങൾ കൂട്ടുകാരെ ഓർമപ്പെടുത്തുകയാണ്. ഇത് ഉയർന്ന സ്കോറിലേക്ക് കൂട്ടുകാർക്ക് സഹായകമാവും. ‘വിദ്യ’യുടെ മാതൃകാ ചോദ്യപ്പേപ്പറും പരീക്ഷാ കുറിപ്പുകളും കൂട്ടുകാർക്ക് സഹായമായിട്ടുണ്ടാവും. എല്ലാവർക്കും വിജയാശംസകൾ.
ഇടവേളകളിലെ പഠനം
13-ന് തുടങ്ങുന്ന പരീക്ഷ അവസാനിക്കുന്നത് 28-നാണ്. ഒമ്പത് വിഷയങ്ങൾക്ക് 16 ദിവസം. അതായത് ഇടയിൽ പരീക്ഷയില്ലാത്ത ഏഴുദിനങ്ങൾ. ഈ ദിവസങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. പരീക്ഷയ്ക്കുശേഷം അതിന്റെ ഉത്തരങ്ങൾ പരിശോധിച്ച് സമയം കളയേണ്ടതില്ല. തൊട്ടടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ് പ്രധാനം. ആദ്യ രണ്ട് പരീക്ഷ കഴിഞ്ഞാൽ മൂന്നുദിവസം അവധിയാണ്. തുടർന്നുള്ള നാലുവിഷയങ്ങൾക്ക് ഇത് ധാരാളം. 80 സ്കോറിനുള്ള ഇംഗ്ലീഷ് പരീക്ഷയും ഇതിനിടയിലാണ്. അതുകൂടി ശ്രദ്ധിച്ചുവേണം ഒരുങ്ങേണ്ടത്. 21-ന് ഹിന്ദി പരീക്ഷയ്ക്കുശേഷം മൂന്നുദിവസം കഴിഞ്ഞാണ് സോഷ്യൽ സയൻസ് പരീക്ഷ. പിന്നീട് ഒരുദിവസത്തെ അവധിയിൽ കണക്ക് പരീക്ഷയും. ഇത്തരം ഇടവേളകളിൽ ചിട്ടയായി ക്രമീകരിച്ച് പഠിച്ചാൽ ഉയർന്ന സ്കോർ നേടാൻ കഴിയും.
ഇനിയുള്ള ദിവസങ്ങളിൽ
- എളുപ്പം ദഹിക്കുന്ന ഭക്ഷണംമാത്രം കഴിക്കുക. ഭക്ഷണത്തിൽ ഇലക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.
- വസ്‌ത്രധാരണത്തിൽ ശ്രദ്ധിക്കുക. ചൂടുകൂടുന്ന പോളിസ്റ്റർ ഷർട്ടും മറ്റും കഴിയുന്നതും ഒഴിവാക്കുക.
- ആവശ്യത്തിന് വിശ്രമിക്കുക. ഏറെനേരം ഉറക്കമൊഴിഞ്ഞുള്ള പഠനം വേണ്ട.
- വ്യക്തിശുചിത്വം പാലിക്കുക.
- ചിക്കൻപോക്സ്, ചെങ്കണ്ണ് തുടങ്ങിയ പകർച്ചവ്യാധികളെ കരുതുക.
- ഐസ്‌ക്രീംപോലുള്ള ഇഷ്ടഭക്ഷണങ്ങൾ താത്‌കാലികമായി ഒഴിവാക്കുക.
- കൂട്ടുകാരൊന്നിച്ച് സ്കൂളിൽ പോവാൻ സൗകര്യമുണ്ടെങ്കിൽ ഉപയോഗപ്പെടുത്തുക.
- ഹാൾടിക്കറ്റ്, പേന, പെൻസിൽ, റബ്ബർ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ എല്ലാദിവസവും കരുതണം
പരീക്ഷാഹാളിൽ
ആദ്യ പതിനഞ്ച് മിനിറ്റ് കൂൾ ഓഫ് ടൈം ആണ്. ഉയർന്ന സ്കോർനേടുന്നതിനുമാത്രമല്ല കിട്ടേണ്ട സ്കോർ നഷ്ടപ്പെടാതിരിക്കാനും ഈ സമയം സഹായിക്കും. 40 സ്കോറുള്ള വിഷയങ്ങൾക്കും 80 സ്കോറുള്ള വിഷയങ്ങൾക്കും 15 മിനിറ്റുവീതം മാത്രമേ സമാശ്വാസസമയം അനുവദിച്ചിട്ടുള്ളൂ. അതിനാൽത്തന്നെ നന്നായി ശ്രദ്ധിച്ച് ഈ സമയം ഉപയോഗപ്പെടുത്തണം. എല്ലാ ചോദ്യങ്ങളും വെറുതേ വായിച്ചുപോവുന്നതുകൊണ്ട് കാര്യമില്ല. ഒന്നുമുതൽ ആറുവരെ, ഏഴുമുതൽ 10 വരെ തുടങ്ങി ചോദ്യങ്ങൾ പല ഭാഗങ്ങളായണല്ലോ തയ്യാറാക്കുന്നത്. ഇതിൽ മിക്കതിനും അധികചോദ്യങ്ങൾ നല്കി ഓപ്ഷൻ സൗകര്യമുണ്ടാവും. പരീക്ഷയുടെ ഒരുക്കത്തിനിടയിൽ ഏതെങ്കിലും ഭാഗം നന്നായി ശ്രദ്ധിക്കാതെ പോകും. ഇവിടെയാണ് ഓപ്ഷനുകൾ സഹായമാവുന്നത്. സമാശ്വാസ സമയത്ത് ഓരോ പാർട്ടിലെയും ചോദ്യങ്ങൾ നന്നായി വായിച്ചുപോയാൽ ഓപ്ഷൻ തിരഞ്ഞെടുപ്പും സാധിക്കും. ഉത്തരമെഴുത്ത് എളുപ്പമാക്കുന്ന രീതിയിൽ ഓരോ പാർട്ടുകളും ശ്രദ്ധിച്ചുവായിക്കുന്നതായിരിക്കും നല്ലത്. മുഴുവൻ ചോദ്യങ്ങളും കൂൾ ഓഫ് ടൈമിൽ വായിക്കാൻ പറ്റിയില്ലെങ്കിലും സമയ ലാഭം ഉണ്ടാവും.
ചോദ്യവായനയിൽ ശ്രദ്ധിക്കുക
തെറ്റായ ജോടി ഏത്? ശരിയായ ജോടി ഏത്? ബന്ധപ്പെട്ടത് ഏത് ബന്ധപ്പെടാത്തത് ഏത് തുടങ്ങിയ ചോദ്യങ്ങൾ കുട്ടികളെയെങ്കിലും വഴിതെറ്റിക്കാറുണ്ട്. തെറ്റായ ജോടി കണ്ടെത്താനുള്ള ചോദ്യത്തിന് ചോദ്യം വായിക്കാതെ ശരിയായ ജോടി എഴുതിപ്പോകുന്നവർ ജാഗ്രതൈ.
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തി അതിനുള്ള കാരണം എഴുതുക? ഒറ്റപ്പെട്ടത് കണ്ടെത്തി, മറ്റുള്ളവയുടെ പൊതു സവിശേഷതകൾ വിശദമാക്കുക തുടങ്ങി ചോദ്യങ്ങൾക്ക് ഒന്നിലധികം ഭാഗങ്ങളുണ്ട്. ഇതിൽ ഏതെങ്കിലും ഒരുഭാഗം മാത്രമെഴുതിയാൽ സ്കോർ കുറഞ്ഞുപോവും. വാർത്തകൾ, പ്രസ്താവനകൾ തുടങ്ങിയ വായിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളിലും ആഴത്തിലുള്ള ചോദ്യവായന വേണം.
In Case You Missed It: എസ്.എസ്.എല്‍.സി. പരീക്ഷാ പരിശീലനം: രസതന്ത്രം അറിയാന്‍, ഓര്‍ക്കാന്‍
നിരീക്ഷണംപ്രധാനം
ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പട്ടിക, ചിത്രം, ചിത്രീകരണം തുടങ്ങിയ തന്നിരിക്കും. ഇവ നിരീക്ഷിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങൾക്ക് വെറുതേ നോട്ടം പോരാ. സൂക്ഷ്മമായി വിശകലനംചെയ്യാൻ കഴിയണം. ജീവശാസ്ത്രത്തിൽ കർണവും കണ്ണും തെറ്റായി വായിച്ച് സ്കോർ നഷ്ടപ്പെടുത്തിയ ഹതഭാഗ്യരുണ്ടായിരുന്നു.
ഉപചോദ്യങ്ങൾ തെറ്റരുത്
ഉയർന്ന സ്കോറുള്ള ചോദ്യത്തിന് രണ്ടോ മൂന്നോ ഉപചോദ്യങ്ങൾ ഉണ്ടാവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കും. ഒന്നിലധികം തവണ വായിച്ച് ചോദ്യമുനകൾ മനസ്സിലാക്കിവേണം ഉത്തരമെഴുതാൻ
ചോദ്യം പകർത്തേണ്ടതില്ല
വിട്ടഭാഗം പൂരിപ്പിക്കുകപോലുള്ള ചോദ്യങ്ങളിൽ ഉത്തരഭാഗംമാത്രം എഴുതിയാൽ സമയം ലാഭിക്കാം. ഇംഗ്ലീഷ് പരീക്ഷയിലെ ഫ്രേസൽ വെർബ്, പ്രിപ്പോസിഷൻ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരംമാത്രം എഴുതിയാൽ മതിയാവും. ഇവിടെ a, b, c, d തുടങ്ങിയ ലെറ്ററുകൾ ശരിയായി എഴുതാൻ ശ്രദ്ധിക്കണം.
അർഥമറിഞ്ഞ് വായന
ശാസ്ത്രവിഷയങ്ങളിൽ പ്രയാസംനേരിടുന്ന കുട്ടികൾ പഠിക്കുന്നഭാഗം ആശയം മനസ്സിലാക്കി മുന്നേറണം. രസതന്ത്രത്തിലെ താപാഗിരണം, താപമോചകം, ഓക്സീകരണം, നിരോക്സീകരണം, കാൽസിനേഷൻ റോസ്റ്റിങ് തുടങ്ങിയ ആശയം മനസ്സിലാക്കി ഉദാഹരണങ്ങൾകൂടി പരിചയപ്പെട്ടാൽ എളുപ്പമാകും. രസതന്ത്രത്തിലെ ആൽക്കേയൻ, ആൽക്കീൻ, ആൽക്കൈൻ തുടങ്ങിയവ ശ്രദ്ധിച്ച് പഠിച്ചവരും പരീക്ഷാ ഹാളിൽ ശ്രദ്ധിച്ചില്ലെങ്കിൽ വഴിതെറ്റിയേക്കും. ഗണിതത്തിലെ മധ്യമവും മാധ്യവും മറ്റൊരുദാഹരണമാണ്. ഇങ്ങനെ സൂക്ഷ്മവായന ആവശ്യപ്പെടുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്. പ്രതീക്ഷിച്ച ഗ്രേഡിൽനിന്ന് പല കൂട്ടുകാരും പിന്നാക്കം പോവുന്നതിൽ പരീക്ഷാഹാളിലെ ശ്രദ്ധക്കുറവും കാരണമാകാറുണ്ട്.
മോഡൽ തരുന്ന പാഠങ്ങൾ
പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന പടിയാണ് മോഡൽ പരീക്ഷ. മോഡൽ പരീക്ഷയിലെ പ്രകടനംകൂടി വിലയിരുത്തിയാവണം പരീക്ഷാഹാളിലെത്തേണ്ടത്. ഓരോ വിഷയവും നിശ്ചിത സമയത്തിനുള്ളിൽത്തന്നെ എഴുതാൻ സാധിച്ചോ എന്നതാണ് പ്രധാനം. ഇല്ലെങ്കിൽ കാരണം മനസ്സിലാക്കി സ്വയംതിരുത്താൻ തയ്യാറാവണം. ചോദ്യം തെറ്റായി വായിക്കൽ, ചോദ്യനമ്പർ തെറ്റായി രേഖപ്പെടുത്തൽ, ആവശ്യപ്പെട്ട ഉത്തരം മുഴുവൻ എഴുതാതിരിക്കൽ തുടങ്ങിയ ഏതെങ്കിലും കാരണത്താൽ സ്കോർ നഷ്ടപ്പെട്ടോ എന്നു നോക്കണം. വാക്കുകൾ തമ്മിലുള്ള അകലം പാലിക്കൽ, ഉചിതമായ ചിഹ്നങ്ങൾ ചേർക്കൽ, ഖണ്ഡികതിരിച്ച് എഴുതൽ, ചിത്രം, ചിത്രീകരണം, പട്ടിക തുടങ്ങിയവയിൽ ശരിയായി രേഖപ്പെടുത്തൽ, എന്നിവയും ശ്രദ്ധിക്കണം. പഠിക്കാതെവിട്ട ഏതെങ്കിലും പാഠഭാഗത്തുനിന്നു ചോദ്യം വന്നിട്ടുണ്ടെങ്കിൽ അവ പ്രത്യേകം ശ്രദ്ധിക്കണം.
വേനൽ ചൂടിനെ കരുതണം
ഉച്ചയ്ക്കുശേഷമാണ് പരീക്ഷയെങ്കിലും പ്രത്യേക സാഹചര്യത്തിൽ വേനൽച്ചൂട് കനക്കുന്നതിനുമുമ്പുതന്നെ സ്കൂളിൽ എത്തുന്നത് നന്നാവും. നേരിട്ട് വെയിൽ കൊള്ളുന്നത് കഴിയുന്നത്ര ഒഴിവാക്കി, തണലത്തിരുന്ന് പഠിക്കുക. നന്നായി വെള്ളംകുടിക്കുകയും ആവശ്യത്തിന് കുടിവെള്ളം കരുതുകയും വേണം. ലാബലില്ലാത്ത കുപ്പിയിൽ പരീക്ഷാ ഹാളിൽ വെള്ളം കൊണ്ടുപോകാം
Content Highlights: SSLC Exams 2019, Exam Orientation, Exam Fear