ലയാളം ഒന്നാംപേപ്പറിൽ അഞ്ചു യൂണിറ്റുകളിലായി പതിന്നാലു പാഠങ്ങൾ-പട്ടിക നോക്കി പാഠഭാഗങ്ങൾ-ശീർഷകം-എഴുത്തുകാരൻ-കേന്ദ്രാശയം-കഥാപാത്രങ്ങൾ തുടങ്ങിയവ ഓർത്തെടുക്കാൻ കഴിയുമല്ലോ. ആസ്വദിച്ച്‌ പഠിക്കാൻ കഴിയുന്നവയാണ്‌ എല്ലാ പാഠങ്ങളും. സ്നേഹബന്ധങ്ങളുടെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തുന്നവയാണ്‌ മിക്ക രചനകളും.

 • കവിതകള്‍ - 4
 • കഥകള്‍ - 3
 • നോവല്‍ ഭാഗങ്ങള്‍ - 2
 • നാടക ഭാഗം - 1
 • ആട്ടക്കഥാ ഭാഗം - 1
 • ആത്മകഥ/ കുറിപ്പ് - 2
 • നിരൂപണം - 1

ഒരു പട്ടികയിലൂടെ ഇതും വിലയിരുത്താം.
ലക്ഷ്മണസാന്ത്വനം -> ശ്രീരാമൻ-ലക്ഷ്മണൻ
ഋതുയോഗം -> ശകുന്തള, ദുഷ്യന്തൻ, സർവദമനൻ, താപസി തുടങ്ങിയവർ
പാവങ്ങൾ -> ഴാൽവാൽഴാങ്‌-മെത്രാൻ
വിശ്വരൂപം -> സുധീർ-മിസ്സിസ്‌ തലത്ത്‌
പ്രിയദർശനം -> നളിനി-ദിവാകരൻ
കടൽത്തീരത്ത്‌ -> വെള്ളായിയപ്പൻ, മകൻ, കോടച്ചി, നാട്ടുകാർ
യുദ്ധത്തിന്റെ പരിണാമം -> ദുര്യോധനൻ, ദ്രൗണി, മുതലായവർ പാഞ്ചാലി-ഭർത്താക്കന്മാർ
ആത്മാവിന്റെ വെളിപാടുകൾ -> ദസ്തയേവ്‌സ്കി. അന്ന അക്കർമാശിലിംബാളെ, ശാന്താ ആന്യ തുടങ്ങിയവർ
ഞാൻ കഥാകാരനായ കഥ -> ഹൈസ്കൂൾ വിദ്യാർഥി, വൃദ്ധമാതാവ്‌
ഉരുളക്കിഴങ്ങ്‌ തിന്നുന്നവർ -> ജൂലിയാന, ഭർത്താവ്‌, മകൾ, ഭർത്തൃപിതാവ്‌ തുടങ്ങിയവർ
ഈ കഥാപാത്രങ്ങളെല്ലാം പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വിവിധ തലങ്ങളിലാണ്‌. ഇവരെ പരിചയപ്പെടുന്നതിലൂടെ മുഴുവൻ പാഠസന്ദർഭങ്ങളിലേക്കും വഴിതുറക്കാൻ എളുപ്പമായി.

ആത്മകഥയും നിരൂപണവും

ശാന്താആത്യയുടെകൂടെ കടലാസ്‌ പെറുക്കാൻ പോയപ്പോഴുള്ള അനുഭവങ്ങൾ. ചവറുകൾക്കുപകരം തൂക്കിനോക്കേണ്ടത്‌ ഞങ്ങളുടെ വിശപ്പാണെന്ന തോന്നൽ. വാറുപൊട്ടിയ ചെരിപ്പുനന്നാക്കാൻ കഴിയാതെ പോയത്‌. വീണുകിട്ടിയ പണം ഹെഡ്‌മാസ്റ്ററെ ഏല്പിച്ചത്‌-ശരൺകുമാർ ലിംബാളെയുടെ ബാല്യകാലജീവിതം ഹൃദയസ്പർശിയായി ആഖ്യാനം ചെയ്യുന്ന ആത്മകഥയാണ്‌ അക്കർമാശി. അരികുകളിലേക്ക്‌ മാറ്റപ്പെട്ട ജനതയുടെ പ്രശ്നങ്ങളാണ്‌ ഈ കൃതിയിൽ വായിക്കാൻ കഴിയുന്നത്‌. പാഠസന്ദർഭങ്ങളെ സമകാലിക ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്താനും ശ്രദ്ധിക്കണം.

‘ഞാൻ കഥാകാരനായ കഥ’ എസ്‌.കെ.യുടെ അനുഭവക്കുറിപ്പാണ്‌. മഹാഭാരതകൃതിയെ സൂക്ഷ്മമായി വിലയിരുത്തുന്ന കൃതിയാണ്‌ കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’. യുദ്ധം തുടങ്ങുന്നതിനുമുമ്പ്‌ തയ്യാറാക്കിയ കരാറും യുദ്ധത്തിന്റെ പരിസമാപ്തിയും താരതമ്യംചെയ്യുന്ന സന്ദർഭങ്ങൾ. ദുര്യോധനനിലെ സ്ഥിരസത്വത, ഏകസഹോദരി ദുശ്ശളയെച്ചൊല്ലിയുള്ള വ്യസനം. പാണ്ഡവർചെയ്ത അനീതിയോടുള്ള അമർഷം. ദ്രൗണി ദുര്യോധനനുവേണ്ടി ചെയ്ത അറ്റകൈ പ്രയോഗങ്ങൾ, അശ്വത്ഥാമാവിന്റെ പ്രകടനം, അശ്വത്ഥാമാവ്‌ പകയുടെ പ്രതീകമാവുന്നത്‌, എല്ലാം ആശയസമ്പുഷ്ടമാണ്‌. പദച്ചേർച്ചയിലും വാദ്യഘടനയിലുമെല്ലാം ഏറെ ശ്രദ്ധിക്കേണ്ട പാഠഭാഗംകൂടിയാണിത്‌.

ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കുമ്പോൾ

പാഠപുസ്തകത്തിന്‌ പുറത്തുള്ള കവിതയോ കവിതാഭാഗമോ ആണ്‌ ആസ്വാദനക്കുറിപ്പ്‌ ചോദിക്കുക. ആറു സ്കോറിന്റെ ചോദ്യം. അല്പമൊന്നുശ്രദ്ധിച്ചാൽ മുഴുവൻ സ്കോറും നേടാം. തന്നിരിക്കുന്ന കവിത ശ്രദ്ധയോടെ മുഴുവനായും വായിക്കണം. കവിതാസന്ദർഭം, കഥാപാത്രങ്ങൾ, ആഖ്യാനംചെയ്യുന്ന രീതി, പശ്ചാത്തലം തുടങ്ങിയവ മനസ്സിലാക്കിയാവണം വായിക്കുന്നത്‌.

ലക്ഷ്മണസാന്ത്വനം, പ്രിയദർശനം, അശ്വമേധം, മൈക്കലാഞ്ജലോ മാപ്പ്‌ എന്നീ കവിതകൾ ഇതിനായി പഠിച്ചിട്ടുമുണ്ട്‌. ഈ കവിതകളിൽനിന്ന്‌ കാവ്യഭാഷയുടെ സവിശേഷതകൾ പരിചയപ്പെട്ടല്ലോ. ലോകജീവിതത്തിന്റെ നശ്വരതയും മറ്റ്‌ ജീവിതപാഠങ്ങളും എഴുത്തച്ഛൻ ശ്രീരാമനിലൂടെ അവതരിപ്പിക്കുകയാണ്‌. ചുട്ടുപഴുത്ത ലോഹത്തിൽ പതിക്കുന്ന ജലബിന്ദു, പാമ്പിൻവായിലകപ്പെട്ട തവളയുടെ ആഹാരം തേടൽ, നദിയിലൂടെ ഒഴുകുന്ന മരക്കഷണങ്ങൾ തുടങ്ങി നിത്യപരിചയമുള്ള കല്പനകൾ കവി അവതരിപ്പിക്കുന്നു. ഇരയാവുന്ന തവള ഇരതേടുന്നതും സ്വയം നിയന്ത്രണമില്ലാതെ, നദിയുടെ ഒഴുക്കിനും കാലാവസ്ഥയ്ക്കുമൊപ്പിച്ച്‌ ഒഴുകുന്ന തടിക്കഷണവുമെല്ലാം പകരുന്ന ആശയങ്ങളാണ്‌ പ്രധാനം.
‘വത്സ സൗമിത്രേ, കുമാര’ തുടങ്ങി സംബോധനയിലെ വാത്സല്യഭാവവും ശ്രദ്ധേയമാണ്‌.

പ്രിയദർശനത്തിൽ നളിനി ദീർഘകാലത്തിനുശേഷം ദിവാകരയോഗിയെ കണ്ടുമുട്ടുന്നതാണല്ലോ സന്ദർഭം.

‘പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ-
ധാരയാർന്ന പനിനീർസുമോപമം’ എന്ന വർണന
എത്ര മനോഹരമാണ്‌. നളിനിയുടെ മുഖത്തെ, പ്രഭാതത്തിൽ മഞ്ഞുതുള്ളികൾ വീണുകുതിർന്ന പനിനീർപ്പൂവിനോട്‌ സാദൃശ്യപ്പെടുത്തുന്നു. കണ്ണുനീർനിറഞ്ഞ്‌ ചെമന്നുതുടുത്ത നളിനിയുടെ മുഖം ആസ്വാദകമനസ്സിൽ തെളിയുന്നു. കഷ്ടം, ദിഷ്ടം, ദൃഷ്ടം, ഇഷ്ടം എന്നിങ്ങനെ ഓരോവരിയിലും രണ്ടാമത്തെ അക്ഷരത്തിന്റെ (ഷ്ട) ആവർത്തനം പകരുന്ന ശബ്ദഭംഗിയും ശ്രദ്ധിക്കണം. ഇതേപോലെ മറ്റുവരികളും അക്ഷരങ്ങൾ ആവർത്തിക്കുന്ന ശബ്ദസൗന്ദര്യംകാണാം.

‘പച്ചമണ്ണിൻ മനുഷ്യത്വമാണ്‌ ഞാൻ’ എന്നാണ്‌ ‘അശ്വമേധ’ത്തിൽ വയലാർ പ്രഖ്യാപിക്കുന്നത്‌. മനുഷ്യത്വത്തിന്റെ സ്നേഹം, കരുണ, കരുതൽ തുടങ്ങിയ മാനവികമൂല്യങ്ങൾക്കൊപ്പം പച്ചപ്രയോഗം പകരുന്ന തനിമയും വിശ്വാസ്യതയും സുതാര്യതയും  ഓർക്കണം.

‘ദുഃഖത്തിൻ സൂര്യശിലയായി തീർന്നോരമ്മ’
‘അഴലിൻ ചുമടുമായിരിക്കുമൊരമ്മ’

‘പാഴ്‌ചിപ്പിയുടെ മൂകസങ്കടം പോലമ്മ’-ഈ പ്രയോഗങ്ങളെല്ലാം ഒ.എൻ.വി.യുടെ ‘മൈക്കലാഞ്‌ജലോ
മാപ്പ്‌’ എന്ന കവിതയിൽ പരിചയപ്പെട്ടതാണ്‌. ദുഃഖത്തിന്റെ തീവ്രത, (ക്രിസ്തു) തണുത്തുറഞ്ഞ ശിലയിലും ദുഃഖത്തിന്റെ ചുമടിലുമെല്ലാം ആസ്വാദകന്‌ ഒപ്പിയെടുക്കാം.

ശില്പിയുടെ ചുറ്റിക കരിവണ്ടുപോൽ ചുറ്റിപ്പറന്ന്‌ ഉളിയുടെ നിറുകയിൽ ചുംബിക്കുന്ന കാഴ്ച. കവിയൊരുക്കിയ ഹൃദ്യമായ വാങ്‌മയചിത്രമാണ്‌. ഇങ്ങനെ ഓരോകവിതയും പകരുന്ന അർഥഭംഗി, ശബ്ദഭംഗി, പ്രയോഗഭംഗി, ആശയഭംഗി തുടങ്ങിയവ കണ്ടെത്തി എഴുതുമ്പോഴാണ്‌ നല്ല ആസ്വാദനക്കുറിപ്പാവുക. കവിതയുടെ ഈണം, താളം, കവിയുടെ കാഴ്ചപ്പാടുകൾ, തുടങ്ങിയവയും ചേർത്തെഴുതണം.

ലക്ഷണസാന്ത്വനം(അധ്യാത്മരാമായണം), പ്രിയദർശനം (നളിനി) എന്നീ  ശീർഷകങ്ങൾ കവി നൽകിയതല്ല. കാവ്യസന്ദർഭവുമായി ചേർത്തുവായിക്കുമ്പോഴാണ്‌ ഇത്‌ എത്രമാത്രം ഉചിതമാണെന്ന്‌ മനസ്സിലാവുക. ഔചിത്യഭംഗിയാണിവിടെ, വിശദീകരിക്കാൻ കഴിയുക.
ഖണ്ഡിക തിരിച്ചെഴുതുക, ആസ്വാദനാംശങ്ങൾ കവിതയിൽനിന്ന്‌ എടുത്തെഴുതുക, ഉചിതമായ തലക്കെട്ട്‌ നൽകുക എന്നിവയും ആസ്വാദനക്കുറിപ്പിൽ പ്രധാനമാണ്‌.

കഥാപാത്ര നിരൂപണം

പത്താംക്ലാസ്‌ പരീക്ഷയ്ക്കുശേഷവും ജീവിതയാത്രയിൽ ഒപ്പം ചേർക്കേണ്ട കഥാപാത്രങ്ങളെക്കൂടി നിങ്ങൾ ഈ വർഷം പരിചയപ്പെട്ടല്ലോ. മുഴുപ്പട്ടിണിയിലായ സഹോദരിക്കും കുട്ടികൾക്കുംവേണ്ടി  ബേക്കറിയിൽനിന്ന്‌  റൊട്ടിമോഷ്ടിച്ച ഴാങ്‌വാൽഴാങ്‌. ജയിൽ ചാടൽ ഉൾപ്പെടെയുള്ള കുറ്റത്തിന്‌ നീണ്ട 19 വർഷത്തെ ജയിൽശിക്ഷ. ജയിൽമോചിതനായി അഭയംതേടിയലഞ്ഞപ്പോൾ ആതിഥ്യമരുളിയ മെത്രാൻ. അതേ മെത്രാന്റെ വീട്ടിൽനിന്ന്‌ രാത്രിയിൽ വെള്ളിസാധനങ്ങൾ മോഷ്ടിക്കുന്നു. ‘നരിയെപ്പോലെ മതിൽ ചാടിക്കടന്ന്‌ ഒരു പാച്ചിൽ കൊടുത്തു’ എന്ന വാക്യത്തിൽ അയാളുടെ മിടുക്ക്‌ ബോധ്യപ്പെടും. എന്നാൽ ഴാങ്‌വാൽഴാങ്‌ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളാണ്‌ കഥാഭാഗത്തിലുടനീളം വായിക്കാൻ കഴിയുന്നത്‌. ഴാങ്‌ വാൽഴാങ്ങിന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന മെത്രാന്റെ നന്മ വെളിച്ചം. മദാം മഗ്ല്വാറുടെ ആശങ്ക. പോലീസ്‌ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിെല കാര്യക്ഷമത എല്ലാം ചേർത്ത്‌ വായിക്കാനും ആസ്വദിക്കാനും കൂട്ടുകാർക്ക്‌ കഴിഞ്ഞിട്ടുണ്ടാവും.

ചോദ്യസന്ദർഭങ്ങൾകൂടി ചേർത്തുവേണം കഥാപാത്രനിരൂപണം തയ്യാറാക്കേണ്ടതാണ്‌. വിക്ടർ ഹ്യൂഗോയുടെ വിശ്വപ്രസിദ്ധമായ നോവലാണ്‌ പാവങ്ങൾ.

വെള്ളായിയപ്പൻ (കടൽത്തീരത്ത്‌) യാത്രപുറപ്പെട്ടപ്പോൾ വീട്ടിൽനിന്ന്‌ ഉയരുന്ന നിലവിളി വീടും നാടും പടരുകയാണ്‌.
വധശിക്ഷയ്ക്കുവിധിക്കപ്പെട്ട മകനെ കാണാൻ കണ്ണൂരിലേക്ക്‌ അപരിചിതമായ തീവണ്ടിയാത്ര. ജയിൽ... തടവറയിൽ മകനെ കാണുന്നത്‌. ‘മകനേ’ ‘അപ്പാ!’ രണ്ടു വിളികൾക്കിടയിൽ അവർ പറഞ്ഞുതീർത്തത്‌. കോടച്ചി കൊടുത്ത ചോറുപൊതിയുടെ ദാരുണാന്ത്യം. പൊതിച്ചോറ്‌ ബലിച്ചോറായി മാറുന്നു. ജയിലധികൃതരുടെ പെരുമാറ്റരീതികൾ. വെള്ളായിയപ്പന്റെ ജീവിതാനുഭവങ്ങൾ... നിസ്സഹായത. ആത്മസംഘർഷം, ദുഃഖസാന്ദ്രമായ കൊടുക്കൽവാങ്ങലുകൾ. എല്ലാം ഓർത്തും ചേർത്തും വേണം കഥാപാത്രനിരൂപണം നടത്തേണ്ടത്‌. ഒ.വി. വിജയന്റെ ആഖ്യാനമിടുക്കും ശ്രദ്ധിക്കുമല്ലോ.

ഒരു നോവൽഭാഗമാണ്‌ (ഒരു സങ്കീർത്തനംപോലെ) ആത്മാവിന്റെ വെളിപാടുകൾ. വിഖ്യാത റഷ്യൻ നോവലിസ്റ്റ്‌ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലൂടെ കടന്നുപോവുന്നു. ‘ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനാണ്‌ എന്നെ പഠിപ്പിച്ചത്‌’ എന്ന ദസ്തയേവ്‌സ്കിയുടെ വാക്കുകളാണ്‌ നോവൽ ഭാഗത്ത്‌ ഏറെ ശ്രദ്ധേയം. തോൽവികളും ഒറ്റപ്പെടലുകളും അപമാനങ്ങളും സഹിച്ച ജീവിതത്തിൽനിന്ന്‌ സ്നേഹത്തിന്റെയും കടമകളുടെയും പ്രകാശം പരക്കുന്നു. ദുരന്തങ്ങൾക്കിടയിലും അയാളുടെ മനസ്സിലേക്ക്‌ കടന്നുവരുന്ന ഹൃദ്യമായ ഓർമകൾ. അന്ന, എമിലി, പാഷ തുടങ്ങി പാഠസന്ദർഭത്തിൽ കടന്നുവരുന്ന ഇതരകഥാപാത്രങ്ങളെക്കൂടി ശ്രദ്ധിക്കണം. പെരുമ്പടവം ശ്രീധരന്റെ ഹൃദ്യമായ ആഖ്യാനരീതിയും പ്രധാനമാണ്‌.

‘ഇടംവലം ഉലഞ്ഞ്‌ വീട്‌ അടുത്തുവന്നു’ എന്നൊക്കെയുള്ള വാക്യരീതി കഥാവായനയിൽ മനസ്സിൽ തറഞ്ഞിട്ടുണ്ടാവണം. സുഭാഷ്‌ ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങു തിന്നുന്നവർ’ എന്ന കഥയിലെ കഥാപാത്രങ്ങളും മനസ്സിൽ മായാതെ കിടക്കും.

‘കണ്ടോ അച്ഛാ’ എന്ന ജൂലിയാനയുടെ ചോദ്യം, മിറലിന്റെ പ്രതികരണം, മകൾ അന്ന- ‘പൊട്ടറ്റോ ഈറ്റേഴ്‌സ്‌’ എന്ന ലോകപ്രശസ്ത ചിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കഥയുടെ പരിസരം ഖനികളും മഞ്ഞും നിറഞ്ഞ പ്രദേശംതന്നെ. ഖനിത്തൊഴിലാളികളുടെ അപകടകരമായ തൊഴിൽ സാഹചര്യം ‘മണ്ണിനടിയിൽപ്പെട്ട്‌ ചതഞ്ഞ്‌, മുഖംപൊട്ടി വികൃതമായി, ഒന്നിനെയും തിരിച്ചറിയാനാവാത്തവിധത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപറിഞ്ഞ്‌’ പുഴുങ്ങിയ ഉരുളക്കിഴങ്ങുകളുടെ ഈ ചിത്രത്തിൽനിന്ന്‌ വായിക്കാവുന്നതാണ്‌.

മാഡം തലത്ത്‌ എന്ന മിസിസ്‌ തലത്ത്‌, അമ്മയായി, താഴത്ത്‌ കുഞ്ഞിക്കുട്ടിയമ്മയായി പരിണമിക്കുന്ന കഥയാണ്‌ ‘വിശ്വരൂപം’. വൃദ്ധയുടെ ജീവിതത്തിലെ വഴിത്തിരിവുകളാണ്‌ കഥയിൽ. വർഷങ്ങൾക്കുശേഷം വൃദ്ധയും സുധീറും കണ്ടുമുട്ടുന്നു. വൃദ്ധയുടെ വൈകാരികാവസ്ഥ-മാതൃസ്നേഹത്തിന്റെ  വ്യത്യസ്തഭാവങ്ങൾ-കുട്ടികളെ വളർത്താത്ത അമ്മ-മാതൃഭാവത്തിലേക്ക്‌ തിരിച്ചുപോക്ക്‌-മാതൃത്വത്തിന്റെ ‘വിശ്വരൂപം’-സുധീറിനു നൽകുന്ന ജീവിതപാഠങ്ങൾ. എല്ലാം ചേർത്ത്‌ വായിക്കുമല്ലോ. ലളിതാംബിക അന്തർജനത്തിന്റെ കഥയാണ്‌ ‘വിശ്വരൂപം’.

നാടകവും കഥകളിയും

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ പരിഭാഷയാണ് മലയാള ശാകുന്തളം എ.ആര്‍. രാജരാജവര്‍മ) ഏഴങ്കങ്ങളുള്ള നാടകത്തിലെ ഏഴാമങ്കത്തിലെ ഒരു ഭാഗമാണ് പഠിക്കാനുള്ളത്. ദേവലോകത്തുനിന്ന് തിരിച്ചുവരുന്ന ദുഷ്യന്തന്‍ ഇന്ദ്ര പിതാവിനെ കാണാനായി കാശ്യപാശ്രമത്തില്‍... ''അരുത് ഉണ്ണീ. ചാപല്യം കാണിക്കരുത്. ജാതി സ്വഭാവം വന്നുപോകുന്നുവല്ലോ' ആദ്യവാക്യം മുതല്‍ തുടരുന്ന നാടകീയത. താപസിമാരെ വകവെക്കാത്ത ബാലന്‍. സിംഹക്കുട്ടിയുമായുള്ള കളി-കുട്ടിയിലെ ചക്രവര്‍ത്തി ലക്ഷണം-ആകൃതിക്കുചേര്‍ന്ന പ്രകൃതി. താപസിയുടെ തോന്നല്‍ ദുഷ്യന്തന്റെ ഛായ)-ശകുന്തലാസ്യം എന്ന പദം കുട്ടി തെറ്റിദ്ധ രിക്കുന്നത്-അപരാജിത- ശകുന്തള-സമാഗമം. ഋതുയോഗം നാടകത്തിലെ ക്രമാനുഗതമായ സംഭവവികാസങ്ങള്‍ പ്രേക്ഷകരില്‍ ജിജ്ഞാസയുണര്‍ത്തും. ദുഷ്യന്തന്‍, ബാലന്‍, ശകുന്തള തുടങ്ങിയ കഥാപാത്രങ്ങളെ സംഭാഷണങ്ങളിലൂടെ നന്നായി പരിചയപ്പെട്ടാല്‍ കഥാപാത്ര നിരൂപണവും വിശകലന സ്വഭാവവമുള്ള ചോദ്യങ്ങളും എളുപ്പമാവും.

കേരളശാകുന്തളം എന്നു വിശേഷിപ്പിക്കപ്പെട്ട ആട്ടക്കഥയാണ് 'നളചരിതം'. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. നാല് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ ആട്ടക്കഥയുടെ രണ്ടാംദിവസമാണ് പാഠസന്ദര്‍ഭം. കലിയും പുഷ്‌കരനുമാണ് കഥാപാത്രങ്ങള്‍. - പുഷ്‌ക്കരന്‍ അപകര്‍ഷബോധം (നമ്മെക്കൊണ്ടുപകാരം നിങ്ങള്‍ക്കെന്തോന്ന് നമു ക്കില്ലാ നാടും നഗരവും) ആ വാക്കുകളില്‍ പ്രകടമാണ്. ഇവിടെയാണ് കലി പ്രലോഭന വുമായെത്തുന്നത്. കലിയുടെ അഹംഭാവം, പുഷ്‌കരനെ പ്രലോഭിപ്പിക്കുന്ന വാക്കുകള്‍ - വിശ്വാസം ജനിപ്പിക്കാനുള്ള തന്ത്രങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. പുഷ്‌ക്കരന്റ മനസ്സില്‍ അധികാരമോഹമുണര്‍ത്താനും ബന്ധുവായിനിന്ന് ആത്മധൈര്യം പകരാനും കലി ശ്രമിക്കുന്നു.

കഥകളിയിലെ വേഷങ്ങള്‍ കഥാപാത്ര സ്വഭാവമനുസരിച്ചാണല്ലോ. തിന്മമാത്രമുള്ള കലിയുടെ വേഷം കറുത്ത താടിയാണ്. കഥകളി വാദ്യങ്ങള്‍, അവതരണരീതി തുടങ്ങിയവയും ശ്രദ്ധിക്കണം. കേളികൊട്ട്, തിരനോട്ടം, ശ്ലോകത്തില്‍ കഴിക്കുക, ധനാശിപാടുക, കലാശം ചവിട്ടുക തുടങ്ങി കഥകളിയുമായി ബന്ധപ്പെട്ട ശൈലികളും ഓര്‍മയിലുണ്ടാവണം. സംഭാഷണപ്രധാനമാണ് നാടകം. എന്നാല്‍, കഥകളിയില്‍ വാചികാഭിനയമില്ല. നൃത്തം, നൃത്യം, നാട്യം, ശില്പം, ചിത്രം, വാദ്യം തുടങ്ങി വിവിധ കലകള്‍ ചേര്‍ന്നതിനാല്‍ കഥകളിയെ കലകളുടെ കൂട്ടായ്മയെന്നും പറയാറുണ്ട്.

വ്യാകരണചോദ്യങ്ങൾ

ഭാഷാപ്രയോഗവ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പദച്ചേർച്ച, വിഗ്രഹാർഥം, വാദ്യഘടന, സമാനരൂപങ്ങൾ, നിഷ്പന്നരൂപങ്ങൾ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു.

പദച്ചേർച്ച
ഒരു അടി    - ഒരടി
ഹൃദയ ഉന്നതി    - ഹൃദയോന്നതി
കോപ അശ്രു    - കോപാശ്രു
അങ്ങും ഇങ്ങും - അങ്ങുമിങ്ങും
ഹർഷ ഉന്മാദം     - ഹർഷോന്മാദം
ദിക്‌വിജയം     - ദിഗ്വിജയം
ഉച്ചാരണത്തിൽക്കൂടി ശ്രദ്ധിച്ചാൽ പദം പിരിച്ചെഴുതൽ എളുപ്പമാവും.

വിഗ്രഹാർഥം
ശ്രദ്ധാഞ്ജലി-ശ്രദ്ധയോടെയുള്ള അഞ്ജലി
സ്വപ്നസമാനം-സ്വപ്നത്തിന്‌ സമാനം
ഇഷ്ടാനിഷ്ടങ്ങൾ-ഇഷ്ടങ്ങളും അനിഷ്ടങ്ങളും
ജന്മസിദ്ധി-ജന്മനാലുള്ള സിദ്ധി
ദീർഘായുസ്സ്‌-ദീർഘമായ ആയുസ്സ്‌
സംഭാഷണപരമ്പരകൾ-സംഭാഷണങ്ങളുടെ പരമ്പരകൾ.
അർഥബോധത്തോടെ വേണം വിഗ്രഹാർഥം കണ്ടെത്തേണ്ടത്‌.

സമാനരൂപങ്ങൾ
 സഗൗരവം (ഗൗരവത്തോടെ എന്ന അർഥം ‘സ’ ചേർന്നതോടെ കിട്ടുന്നു). സവിനയം, സധൈര്യം, സസന്തോഷം, സസ്നേഹം
 അനാദരം (‘ആ’ ചേർന്നപ്പോൾ ആദരത്തിന്റെ വിപരീതാർഥം കിട്ടുകയാണ്‌)
 അവിരാമം, അസമയം, അവിശ്വാസം, അചഞ്ചലം.
 നിരർഥകം (‘നി’ വിപരീതാർഥം നൽകുന്നു)
 നിസ്സഹായം, നിസ്സഹകരണം, നിസ്സംശയം, നിസ്സന്ദേഹം

നിഷ്പന്നരൂപങ്ങൾ
വിവിധം    -വൈവിധ്യം
കർഷകൻ    -കാർഷികം
ഉദാരം    -ഔദാര്യം
വികലം    -വൈകല്യം
ചഞ്ചലം    -ചാഞ്ചല്യം
വികൃതം    -വൈകൃതം

ഒറ്റപ്പദങ്ങൾ
ദ്രോണന്റെ പുത്രൻ    -ദ്രൗണി
ദ്രുപദന്റെ പുത്രി    -ദ്രൗപദി
വീരസേനന്റെ പുത്രൻ    -വൈരസേനി
സുമിത്രയുടെ പുത്രൻ    -സൗമിത്രി
ഭീമന്റെ പുത്രി    -ഭൈമി
ഭഗീരഥനെ സംബന്ധിച്ചവൾ    -ഭാഗീരഥി

പ്രയോഗഭംഗി/വാക്യഘടന

 •  പെരുവിരൽ ഉൗന്നിയമർത്തി കഥ കഴിച്ചു (ശൈലി-കൊന്നു എന്നർഥം)
 •  അധർമംകൊണ്ട്‌ ജയിച്ചിട്ട്‌ ആർക്കു സന്തോഷിക്കാൻ കഴിയും? (ചോദ്യചിഹ്നമുണ്ടെങ്കിലും ഉത്തരം പ്രതീക്ഷിക്കുന്നില്ല. ആർക്കും സന്തോഷിക്കാൻകഴിയില്ല എന്നർഥം)
 •  നിത്യസുഹൃത്തായ വിശപ്പ്‌ (അർക്കമാശി-വിശപ്പിന്റെ സൗഹൃദം-ചിരപരിചയം)  അവിടെ അടയാളം വെച്ചിരുന്നു. അവിടംതൊട്ട്‌ വീണ്ടും വായിച്ചു (ഒറ്റവാക്യം)
 • അവിടെ അടയാളം വെച്ചിരുന്ന ഇടംതൊട്ട്‌ വീണ്ടും വായിച്ചു.
 •  ദ്രൗണിയുടെ ഭാവം ആദ്യമേ കണ്ടറിഞ്ഞ കൃഷ്ണൻ അർജുനനോട്‌ ദ്രോണരുപദേശിച്ച അതേ അസ്ത്രം പ്രയോഗിപ്പാൻ സമയമായെന്ന്‌ പറഞ്ഞു (രണ്ടുവാക്യമാക്കി മാറ്റിയെഴുതുക). ദ്രൗണിയുടെ ഭാവം ആദ്യമേ കൃഷ്ണൻ കണ്ടറിഞ്ഞു.
  അർജുനനോട്‌ ദ്രോണരുപദേശിച്ച അതേ അസ്ത്രം പ്രയോഗിപ്പാൻ സമയമായെന്നു കൃഷ്ണൻ പറഞ്ഞു.

Content Highlights: SSLC Exam Orientation, SSLC 2010, SSLC Exam Orientation for Malayalam Paper