ലോകത്ത് പതിനായിരക്കണക്കിന് വിഷസസ്യങ്ങളുണ്ട്. വിഷമുള്ളൊരു ചെടി തൊടുകയോ തിന്നുകയോ ചെയ്താല്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കില്‍ ആ ചെടിയില്‍ വിഷകരമായ ചില വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കാം.  വീട്ടുമുറ്റത്തും മുറിയ്ക്കകത്തും വളര്‍ത്താറുള്ള അലങ്കാരച്ചെടികളില്‍ സൂക്ഷിക്കാന്‍ പലതുണ്ട്. നമ്മുടെ വളര്‍ത്തുമൃഗങ്ങളെ ദോഷകരമായി ബാധിക്കുന്ന പത്തുചെടികളെ പരിചയപ്പെട്ടോളൂ...

ലില്ലി

ലില്ലി ഓഫ് ദി വാലിയും (Lily -of-the-valley) ലാമേ ലില്ലിയും (Gloriosa or Flame lily) പൂച്ചകള്‍ക്കും പട്ടികള്‍ക്കും വിഷകരമാണ്. പൂമ്പൊടി, പുഷ്പദളങ്ങള്‍, ഇലകള്‍ എന്നിവയുള്‍പ്പെടെ ചെടിയുടെ എല്ലാ ഭാഗങ്ങളും വളര്‍ത്തുമൃഗങ്ങളുടെ ദഹനനാളത്തിലെ അസ്വസ്ഥത, വിറയല്‍ എന്നിവയ്ക്ക് കാരണമാകും.

ഡംബ് കെയ്ന്‍

ഡംബ് കെയ്ന്‍ വിഷകരമാകാനുള്ള പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റ് പരലുകളാണ്.ഈ ചെടിയുടെ ഇലകളോ ഭാഗങ്ങളോ ഭക്ഷിച്ചാല്‍ വിഷത്തിന്റെ ലക്ഷണങ്ങള്‍ ഉടനെ പ്രകടമാകും. തൊണ്ടവേദന, വിശപ്പില്ലായ്മ, ശ്വാസകോശപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

കറ്റാര്‍ വാഴ

ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട കറ്റാര്‍ വാഴ, സൂര്യതാപംമുതല്‍ ചര്‍മരോഗങ്ങള്‍വരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. മാംസളമായ ഇതിന്റെ ഇലകള്‍ പൂച്ചകള്‍ക്കും നായകള്‍ക്കും നേരിയ വിഷബാധ ഉണ്ടാക്കുന്നു. ഇതിനുകാരണം കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന anthraquinone glycocides ആണ്. ഇത് കുടലിലെ ബാക്ടീരിയയെ ഉത്തേജിപ്പിച്ചു മ്യൂക്കസ് (mucus) ഉത്പാദനം കൂട്ടും. ഇത് വയറിളക്കം ഉണ്ടാക്കും.

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റിന്റെ ഭാഗങ്ങള്‍ കഴിച്ചാല്‍ നേരിയ വിഷബാധയുണ്ടാകും. പ്രത്യേകിച്ചും പൂച്ചകള്‍ക്ക് വിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓക്കാനം, ഛര്‍ദി, നാവും തൊണ്ടയും വീര്‍ക്കുക, ശ്വാസതടസ്സം എന്നിവയ്ക്ക് വിഷബാധ കാരണമാകുന്നു.

മണി പ്ലാന്റ്

മലയാളികളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലാത്ത ചെടിയാണ് മണി പ്ലാന്റ്. എന്നാല്‍ ഈ ചെടി ചെറിയതോതില്‍ മൃഗങ്ങള്‍ക്ക് ദോഷകരമാണ്. ശ്വാസംമുട്ടല്‍, വായുടെയും നാവിന്റെയും വീക്കം, ശ്വാസതടസ്സം, വയറുവേദന എന്നിവ ഉണ്ടാക്കും.

ലക്കി ബാംബൂ

ലക്കി ബാംബൂ യഥാര്‍ഥ മുളയല്ല. തണ്ടുകള്‍ക്ക് സമാനമായ രൂപമുണ്ട്. ഈ ചെടി അധിക പരിചരണമില്ലാതെ ലിവിങ് റൂമില്‍ നന്നായി വളരും. ലക്കി ബാംബൂ പൂച്ചകള്‍ക്കും നായകള്‍ക്കും ദോഷകരമാണ്. ഇത് കഴിച്ചാല്‍ വയറുവേദന, അമിതമായ നീര്‍വീക്കം, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ എന്നിവയുണ്ടാകും.

ഫിലോഡെന്‍ഡ്രോണ്‍

കാല്‍സ്യം ഓക്‌സലേറ്റ് പരല്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണ് ഈ ചെടി. ഫിലോഡെന്‍ഡ്രോണ്‍ ഇലകള്‍ കുട്ടികള്‍ കഴിച്ചാല്‍ ദഹനനാളത്തിലും വായിലും വീക്കമുണ്ടാകും.  പൂച്ചകളില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാണപ്പെടുന്നു. ശരീരവേദന, മലബന്ധം, നീര്‍ക്കെട്ട് എന്നിവ ഉണ്ടാകും.

കലേഡിയം

ആനച്ചെവിയെന്നും (Elephant's ear) മാലാഖച്ചിറകുകള്‍ (Angels wings) എന്നും കലേഡിയം അറിയപ്പെടുന്നു. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരുപോലെ വിഷകരമാണ്. വായിലും തൊണ്ടയിലും നാക്കിലും വീക്കം, ശ്വാസതടസ്സം, എന്നിവയാണ് മനുഷ്യരിലെ ലക്ഷണങ്ങള്‍. ഓക്കാനം, ഛര്‍ദി, ശ്വാസതടസ്സം തുടങ്ങിയവ പൂച്ചയിലും നായകളിലും കാണപ്പെടുന്നു.

പീസ് ലില്ലി

പീസ് ലില്ലി അല്ലെങ്കില്‍ സ്പാത്തിഫൈലത്തിന് ലില്ലി എന്നു പേരുണ്ടെങ്കിലും ലില്ലിയെസിയെ (Liliaceae) കുടുംബത്തിലെ അംഗമല്ല. പലതരത്തിലുള്ള പീസ് ലില്ലിയുണ്ടെങ്കിലും മോന ലോയ ലില്ലി (Mauna Loa lili) വായുശുദ്ധീകരണത്തിന് നല്ലതാണ്. ഇതിന്റെ ഇലകള്‍ ഭക്ഷിച്ചാല്‍ പാര്‍ശ്വഫലം ഉണ്ടാകും. പൂച്ചകളുടെയും പട്ടികളുടെയും ഉള്ളില്‍ ഈ ചെടിയുടെ ഇലചെന്നാല്‍ ചുണ്ട്, വായ, നാക്ക് എന്നിവ വീര്‍ക്കും.

അരളി

അരളി നോര്‍ത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഒരു കുറ്റിച്ചെടിയാണ്. പൂവില്‍ നിന്നുണ്ടാക്കുന്ന തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിവയെ ബാധിക്കും.

Content Highlights: side effects of eating some particular plants