ഓരോ കുട്ടിയും ഒരു ബഹുമുഖപ്രതിഭയാണ്. കുട്ടിയുടെ അഭിരുചിയും കഴിവും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ക്ലാസ് മുറികളിൽ. നാലാംക്ലാസുമുതൽ ആരംഭിക്കുന്ന സ്കോളർഷിപ്പുകളും അവാർഡുകളും ഇതിൽ പ്രധാനമാണ്. ഇത്തരം അവസരങ്ങളും സാധ്യതകളും മനസ്സിലാക്കി കുട്ടികളെ നയിക്കുകയെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചുമതലയാണ്.
പഠനത്തിലെ മിടുക്കുമാത്രമല്ല കായികം, അഭിനയം, നൃത്തം, വര, എഴുത്ത്, കരകൗശലനിർമാണം തുടങ്ങി ഓരോ കഴിവും വളർത്തുന്നതിന് കലാ, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ ക്ലാസ്‌തലംമുതൽ സംസ്ഥാനതലംവരെ ചിട്ടയായി സംഘടിപ്പിക്കുന്നുണ്ട്.
ഭാരത് സ്കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, എൻ.സി.സി., എസ്.പി.സി. തുടങ്ങിയവയിലെ അംഗത്വം, മാതൃഭൂമി സീഡ് ഉൾപ്പെടെ പ്രകൃതിപാഠങ്ങൾ പരിചയപ്പെടുത്തുന്ന സന്നദ്ധസംഘടനകൾ, സ്കൂൾതലത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം കുട്ടികൾക്കുമുന്നിൽ ഒട്ടേറെ അവസരങ്ങൾ തുറന്നിടുന്നു.
എൽ.എസ്.എസ്.
സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ. നാലാം ക്ലാസിലെ ഒന്നാം പാദ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡുവാങ്ങുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം കിട്ടുക.
2020 ഫെബ്രുവരി മാസത്തിലായിരിക്കും പരീക്ഷ. രണ്ടുഭാഗമായാണ് പരീക്ഷ. ഒന്നാംപേപ്പറില്‍ മലയാളം, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവ ഉള്‍പ്പെടും. രണ്ടാംപേപ്പറില്‍ പരിസരപഠനവും ഗണിതവുമാണ്. ഓരോ പേപ്പറിനും 40 സ്‌കോര്‍ വീതം ആകെ 80 സ്‌കോര്‍. ഇതില്‍ 48 സ്‌കോര്‍ നേടുന്നവരാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്നത്. അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കോറില്‍ ഇളവുകിട്ടും.
ജനുവരിവരെയുള്ള പാഠഭാഗങ്ങളിലെ ആശയങ്ങള്‍ നന്നായി മനസ്സിലാക്കി പഠിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സ്‌കോര്‍ നേടാന്‍ കഴിയും. മനഃപാഠമാക്കിയുള്ള പഠനംകൊണ്ടുമാത്രം പരീക്ഷയില്‍ ജയിക്കാന്‍ കഴിയുകയില്ല. വര്‍ഷംതോറും ആയിരം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.
യു.എസ്.എസ്.
ഏഴാംക്ലാസിലെ മിടുക്കരെ കണ്ടെത്തുന്ന പരീക്ഷയാണ് യു.എസ്.എസ്. ഒന്നാംടേം പരീക്ഷയിൽ ഉയർന്ന ഗ്രേഡുകൾ നേടുന്ന കുട്ടികൾക്കാണ് പരീക്ഷയെഴുതാൻ യോഗ്യത. അധ്യയനവർഷം ജനവരി 31 വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യപ്പേപ്പർ തയ്യാറാക്കുക. യു.എസ്.എസ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണ്. ഒന്നാം പേപ്പറിൽ ഒന്നാംഭാഷ (ഭാഗം 1), ഒന്നാംഭാഷ (ഭാഗം 2), ഗണിതം എന്നിവ ഉൾപ്പെടും.
രണ്ടാംപേപ്പറിൽ ഇംഗ്ലീഷ്, അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയാണ്. ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. ഒന്നാംപാർട്ടിൽ 50-ഉം രണ്ടാംപാർട്ടിൽ 55-ഉം മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാവും. എന്നാൽ, ഉത്തരമെഴുതേണ്ടത് 90 സ്കോറിനാണ്. ഇതിൽ 70 ശതമാനം സ്കോർ കിട്ടുന്ന കുട്ടിയാണ് സ്കോളർഷിപ്പിന് അർഹത നേടുന്നത്.
ഒ.എം.ആർ. രീതിയിലാണ് ഉത്തരമെഴുതേണ്ടത്. യു.എസ്.എസ്. പരീക്ഷയിൽ ഉയർന്നസ്കോർ നേടുന്ന 20 കുട്ടികളെ പ്രതിഭാധനരായി വിദ്യാഭ്യാസ ജില്ലാതലത്തിൽ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിയുമുണ്ട്. മുൻവർഷ ചോദ്യങ്ങളും ഒ.എം.ആർ. ഉത്തരമെഴുത്തു രീതിയുമാണ് കൂട്ടുകാർ പരിചയപ്പെടേണ്ടത്.
എൻ.എം.എം.എസ്.
എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ദേശീയതലത്തിൽ നൽകുന്ന സ്കോളർഷിപ്പാണിത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് അപേക്ഷിക്കാം. ഏഴാംക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടണം. (അർഹരായ വിദ്യാർഥികൾക്ക് മാർക്ക് നിബന്ധനയിൽ ഇളവുമുണ്ട്.) വാർഷികവരുമാനം പതിനഞ്ചായിരം രൂപയിൽ കൂടരുത്. സ്കോളർഷിപ്പ് വിജയികൾക്ക് ഒമ്പതാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസുവരെ വർഷംതോറും പന്ത്രണ്ടായിരം രൂപവീതം ലഭിക്കും.
എട്ടാംക്ലാസിലെ രണ്ടാംടേം വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാവും പരീക്ഷ. ഒപ്പം ഏഴാംക്ലാസുവരെ പഠിച്ച കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും വേണം. SAT (Scholastic Aptitute Test) MAT (Mental Ability Test) എന്നിങ്ങനെ രണ്ട് ഭാഗമായാണ് പരീക്ഷ നടത്തുക. ഓരോന്നിലും ഒന്നര മണിക്കൂർ സമയംകൊണ്ട് എഴുതേണ്ട 90 ചോദ്യങ്ങൾ ഉണ്ടാവും. SAT പരീക്ഷയിൽ സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളാവും. സാദൃശ്യം കണ്ടെത്തൽ, വർഗീകരണം, സംഖ്യാശ്രേണി തുടങ്ങി യുക്തിബോധം ഉൾപ്പെടെയുള്ള മാനസികശേഷികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് MAT വിഭാഗത്തിൽ ഉണ്ടാവുക. മുൻവർഷങ്ങളിലെ ചോദ്യങ്ങളും ചോദ്യമാതൃകകളും ശേഖരിച്ച് തയ്യാറെടുത്താൽ നേടിയെടുക്കാം.
എൻ.ടി.എസ്.ഇ.
പത്താംക്ലാസിലെ പഠനത്തിൽ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്താനുള്ളതാണ് NTSE (National Talent Search Examination). രണ്ടുഘട്ടമായാണ് പരീക്ഷ. ആദ്യഘട്ടം സംസ്ഥാനതലത്തിലും. രണ്ടാംഘട്ടം ദേശീയതലത്തിലും SAT, MAT എന്നിങ്ങനെ രണ്ട് പാർട്ടുകളായാണ് പരീക്ഷ. പത്താംക്ളാസിലെ രണ്ടാംടേം വരെയുള്ള പാഠഭാഗങ്ങളും ഒമ്പതാംക്ലാസിലെ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട SAT പരീക്ഷ.
സാമൂഹികശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ 100 ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ് SAT-ൽ ഉണ്ടാവുക. MAT-ലെ 100 ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളിൽ മാനസികശേഷിയുമായി ബന്ധപ്പെട്ട സാദൃശ്യം കണ്ടെത്തൽ, വർഗീകരണം, ക്രമീകരണം തുടങ്ങിയവ ഉൾപ്പെടും. NTSEയുടെ മാതൃകാചോദ്യങ്ങൾ NCERT, SCERT സൈറ്റുകളിൽ ലഭ്യമാണ്. ചോദ്യമാതൃകകൾ പരിചയപ്പെട്ട് ചിട്ടയോടെ തയ്യാറെടുക്കുകയാണ് കൂട്ടുകാർ ചെയ്യേണ്ടത്.
ന്യൂമാറ്റ്സ്
സംസ്ഥാന വിദ്യാഭ്യാസവകുപ്പും SCERTയും ചേർന്നു നടത്തുന്ന നൂതന ഗണിതപരിശീലന പദ്ധതിയാണിത്. ആറാംക്ലാസിലെ കുട്ടികളിൽനിന്നാണ് ഗണിതത്തിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച പരിശീലനം നൽകുന്നത്. സ്കൂൾതലത്തിൽ കഴിവുതെളിയിച്ച കുട്ടികളെ സബ്‌ജില്ലാതല പരീക്ഷയിൽ പങ്കെടുപ്പിക്കുന്നു. ആറാംക്ലാസ് വരെയുള്ള ഗണിതാശയങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന മിടുക്കർക്കാണ് ന്യൂമാറ്റ്‌സിൽ കഴിവു തെളിയിക്കാൻ കഴിയുക. സംസ്ഥാനതലത്തിൽ നടക്കുന്ന അവധിക്കാല ഗണിതസഹവാസ ക്യാമ്പുകളും മറ്റും കുട്ടികൾക്ക് ഗണിത ലോകത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തും.
ഇത്തരം തുടര്‍ക്യാമ്പുകളും പരിശീലനങ്ങളും ഗണിതത്തിന്റെ ഉയരങ്ങളിലേക്കു കുതിക്കാന്‍ അവസരം ഒരുങ്ങും. ചോദ്യങ്ങളുടെ രീതിശാസ്ത്രം പരിചയപ്പെട്ട് തയ്യാറെടുത്താല്‍ കണക്കിലെ മിടുക്കര്‍ക്ക് തിളങ്ങാനുള്ള അവസരമാണ് ന്യൂമാറ്റ്‌സ്.
ഇൻസ്‌പയർ
കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പ് സ്കൂൾ വിദ്യാർഥികളിൽനിന്നും ശാസ്ത്രപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് Inspire (Innovation in Science pursuit for inspirational research). ആറാംക്ലാസു മുതൽ 10-ാം ക്ലാസുവരെ പഠിക്കുന്ന ശാസ്ത്രവിഷയങ്ങളിൽ താത്‌പര്യവും കഴിവുമുള്ളവർക്ക് അപേക്ഷിക്കാം. ശാസ്ത്രതത്ത്വങ്ങളിലൂന്നിയുള്ള കണ്ടെത്തലുകളാണ് നടത്തേണ്ടത്.
അധ്വാനഭാരം ലഘൂകരിക്കൽ, മാലിന്യസംസ്കരണം, വായു, വെള്ളം, മണ്ണ് തുടങ്ങിയവയുടെ സംരക്ഷണം, ഇന്ധന ഉപയോഗം കുറയ്ക്കൽ തുടങ്ങി ഏതെങ്കിലും കാര്യങ്ങളിൽ സ്വന്തമായ പദ്ധതി ആവിഷ്കരിക്കുന്നതിലാണ് മിടുക്ക്. ദേശീയതലത്തിൽ കുട്ടികൾ നടത്തിയ പ്രോജക്ടുകൾ inspireawards-dst.gov.in ൽ കാണാം. 10,000 രൂപയാണ് ആദ്യഘട്ട അവാർഡ് തുക.
ക്ലബ്ബ് അംഗത്വം
ആശയവിനിമശേഷി, നേതൃപാടവം, പ്രശ്നപരിഹാരം, സംഘാടനം, സമയപാലനം തുടങ്ങി വ്യത്യസ്തശേഷികളെ വികസിപ്പിച്ചെടുക്കുന്നതിന് ക്ളബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. അഭിരുചിയും കഴിവും സ്വയം തിരിച്ചറിയാനും മെച്ചപ്പെടാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങുന്നു. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനമേഖലയും സാധ്യതയും വ്യത്യസ്തമായിരിക്കും. അതിനാൽത്തന്നെ ഇഷ്ടപ്പെട്ട ക്ലബ്ബിൽ അംഗത്വം നേടാനാണ് ശ്രദ്ധിക്കേണ്ടത്.
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്‌സ്. ഐ.സി.ടി.യിൽ താത്‌പര്യമുള്ള കുട്ടികൾക്ക് സോഫ്‌റ്റ്‌വേർ, ഹാർഡ്‌വേർ, ആനിമേഷൻ, സൈബർസുരക്ഷ, ഭാഷാകപ്യൂട്ടിങ് തുടങ്ങിയവയിൽ പരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സിലേക്കുള്ള തിരഞ്ഞെടുപ്പ്.
ഊർജസംരക്ഷണത്തിന്റെ ഭാഗമായി കേരള എനർജി മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സ്മാർട്ട് എനർജി പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഊർജ ക്ലബ്ബുകളിലൂടെ തത്‌പരരായ കുട്ടികൾക്ക് വിവിധ പ്രവർത്തനമേഖലകൾ ഒരുക്കിയിട്ടുണ്ട്.
Content Highlights: Govt Scholarships for School Students, LSS, USS, NMMS, NTSE